എന്റെതന്നെ ഒരു പോസ്റ്റിൽ ഞാൻ ഇട്ട ഒരു മറുപടി കമന്റ്. പോസ്റ്റിലേയ്ക്കൊരു ലിങ്ക്
സുശീലൻ,
എന്റെ അഭിപ്രായത്തിൽ ട്രഷറി മാത്രമല്ല, സകല സർക്കാർ ഓഫീസിലും ഇരിക്കുന്ന സർവ്വ യൂണിയനിൽ പെട്ടവരും നല്ലൊരു പങ്ക് ജനങ്ങളെ എടുക്കാത്ത പൈസയെ പോലെ നോക്കുന്നവരും നിസാര കാര്യത്തിനുപോലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരും ആണ്. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമൊന്നുമില്ല. നമ്മുടെ നിയമങ്ങളുടെ അനാവശ്യമായ സങ്കീർണ്ണതകളും സാങ്കേതികതകളും കൂടിയാണ് അതിന്റെ കാരണം. ഏതെങ്കിലും സർക്കാർ ഓഫീസിൽ ഏതെങ്കിലും ഉദ്യോഗസ്ഥനിൽ നിന്ന് ജനത്തിനു നല്ല പെരുമാറ്റം കിട്ടുന്നുവെങ്കിൽ ആ ഉദ്യോഗസ്ഥൻ ജോലികിട്ടുന്നതിനു മുമ്പും പിമ്പും കോൺഗ്രസ്സിലോ സി.പി.എമ്മിലോ ഒക്കെ പ്രവർത്തിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കിയിട്ടുള്ളവരായിരിക്കും. രാഷ്ട്രീയ ബന്ധമില്ലാത്ത അരാഷ്ട്രീയക്കാരായാലും ഏതെങ്കിലും സർവീസ് സംഘടനകളിൽ പ്രവർത്തിക്കുന്നവരായിരിക്കും. എന്നാൽ അതുകൊണ്ടു മാത്രം അവർ ജനകീയരാകില്ല. എന്നാൽ അവർ രാഷ്ട്രീയ പ്രവർത്തകർ കൂടിയാണെങ്കിൽ അവരിൽ നിന്ന് കുറച്ചെങ്കിലും മാന്യമായ പെരുമാറ്റം ലഭിക്കും. പിന്നെ ഈട്രഷറിയിൽ ഞാനും മാസാമാസം പോയി ക്യൂ ഒക്കെ നിൽക്കുന്നതാണ്. അതിന്റെ പൊല്ലാപ്പുകൾ ഒക്കെ അറിയാം. എങ്കിലും ചെക്ക്നൽകി പെൻഷൻ വാങ്ങൽ ഏർപ്പെടുത്തിയതോടെ തിരക്കില്ലാത്ത സമയം നോക്കി ചെന്നാൽ തള്ളില്ലാതെ പൈസ ഒക്കെ വാങ്ങി പോകാം. പക്ഷെ സർക്കാർ ഓഫീസുകളുടെ പോരായ്മകൾ പരിഹരിക്കുന്നതിനു പകരം എല്ലാം സ്വകാര്യവൽകരിക്കുന്നതിനെ ന്യായീകരിക്കാനാകില്ല.വില്ലേജ് ഓഫീസിലും പഞ്ചായത്താഫീസിലും ഒക്കെ അഴിമതിയും ഉദ്യോഗസ്ഥരുടെ ജനവിരുദ്ധസമീപനങ്ങളും ഉള്ളതുകൊണ്ട് അവയെഒക്കെക്കൂടി അങ്ങ് സ്വകാര്യവൽകരിച്ചാലോ? എന്തിന്, ബീറൊക്രസിയുടെ ആകെമൊത്തംടോട്ടൽ കുഴപ്പങ്ങൾ എല്ലാം കണക്കിലെടുത്ത് ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റുതന്നെ നമുക്കങ്ങ് സ്വകാര്യവൽക്കരിക്കാം. സുശീലനെ പോലെയുള്ളവരുടെ താൽക്കാലിക സൌകര്യങ്ങൾക്ക് വേണ്ടി ചന്തലേലം മാതിരി രാജ്യം തന്നെ സ്വകാര്യ വ്യക്തികൾക്ക് ലേലം ചെയ്ത് കൊടുക്കുകയോ കൊട്ടേഷൻ കൊടുക്കുകയോ ചെയ്യണമെന്നു ഇടതുപക്ഷ വിരുദ്ധവികാരത്തള്ളലിൽ പറഞ്ഞുകളയാതിരുന്നാൽ ഭാഗ്യം!
No comments:
Post a Comment