ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, March 18, 2012

കമന്റ്: സ്ത്രീകൾക്കിനിയെന്ത് സ്വാതന്ത്ര്യം?

ദാണ്ടെ ഈ പോസ്റ്റിൽ ഞാൻ തന്നെയിട്ട ഒരു കമന്റ് :സ്ത്രീകൾക്കിനിയെന്ത് സ്വാതന്ത്ര്യം?

സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?

മനോജ്, താങ്കളുടെ കമന്റ് എന്റെ പോസ്റ്റിനെ അർത്ഥപൂർണ്ണമാക്കി. സ്ത്രീകളാരെങ്കിലും വന്ന് ഇടേണ്ട കമന്റാണത്. പക്ഷെ നിർഭാഗ്യവശാൽ പീഡനം ഭയന്നാണോന്നറിയില്ല നമ്മുടെ ബ്ലോഗിലൊന്നും പെണ്ണുങ്ങൾ വാരാറില്ല. അവർക്ക് ഇത്തരം ഗൌരവമുള്ള ചർച്ചകളിലൊന്നും താല്പര്യവുമില്ല. വല്ല അടുക്കള വിശേഷമോ പാചകമോ ഒക്കെ എഴുതി പത്ത് ആണുങ്ങളുടെ കമന്റ് പിടിക്കാനാണ് അതുങ്ങൾക്ക് നേരം. അതൊക്കെത്തന്നെ ഞാനിങ്ങനത്തെ പോസ്റ്റ് എഴുതാനും കാരണം. ആദ്യം സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പഠിക്കട്ടെ.

ഇനി മറ്റ് ചിലതിലേയ്ക്ക്. താങ്കൾ വലിയൊരു തെറ്റിദ്ധാരണ വച്ചുപുലർത്തുന്നു. എന്റെ പോസ്റ്റുകളിൽ ഞാൻ എഴുതുന്നതെല്ലാം എന്റെയോ ഞാൻ ഉൾക്കൊള്ളുന്ന പാർട്ടിയുടെയോ നിലപാടുകൾ ആകണമെന്നില്ല. അത് എന്റെ മുൻ പോസ്റ്റുകൾ പലതും വായിച്ചാൽ മനസിലാകും. തികച്ചും പാർട്ടിവിരുദ്ധമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന പോസ്റ്റുകളും ചിലവൈകാരിക നിമിഷങ്ങളിൽ ഞാൻ എഴുതിയിട്ടുണ്ട്. ആതമാർത്ഥതകൊണ്ടുമാത്രം. കൂടാതെ കേവലം ചർച്ചയ്ക്കായും  തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ വരികൾ പോലും എന്റെ ചില പോസ്റ്റുകളിൽ കാ‍ണാം.ചർച്ചകളിലൂടെയാണ് ഓരോ പോസ്റ്റും പൂർണ്ണതയിലാകുന്നത് എന്നാണെന്റെ വിശ്വാസം.കാരണം എന്റെ ബ്ലോഗ് എന്റെയോ എന്റെ പാർട്ടിയുടേയോ ജിഹ്വ അല്ല. അതൊരു ചർച്ചാവേദിയാണ്. കൂടുതലും സ്വന്തം നിലപാടൂകൾക്കായിരിക്കും അവിടെ ഒരു സ്വാഭാവികമുൻ‌തൂക്കം ലഭിക്കുക എന്നത് ഒഴിവാക്കാനുമാകില്ല. 

മാത്രവുമല്ല കണ്മുന്നിൽ കാണുന്ന ചില യാഥാർത്ഥ്യങ്ങൾ എഴുതുമ്പോഴും പലപ്പോഴും നമ്മുടെ നിലപാടുകൾ മറക്കും. സ്ത്രീ വിഷയത്തിൽ നമുക്കുചുറ്റും കാണാൻ കഴിയുന്ന യാഥാർത്ഥ്യങ്ങൾ മറച്ചുവച്ച് ഈ വിഷയം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നതും കാണണം. സംവരണം കൊണ്ട് മാത്രം സ്ത്രീകളുടെ പ്രശ്നങ്ങൾ തീരുമെന്ന് ഞാൻ കരുതുന്നില്ല. സംവരണവും നിയമപരിരക്ഷകളുമെല്ലാം സ്ത്രീവിമോചനത്തിലുള്ള സർക്കാർ വിലാസം സപ്പോർട്ടുകളാണ്. എന്നാൽ അതുകൊണ്ടൊന്നും സ്ത്രീ സമൂഹത്തിനു മുന്നിൽ ഉയർന്നുനിൽക്കുന്ന പലവെല്ലുവിളികൾക്കും പരിഹാരം കാണുവാൻ ഇനിയും സാധിച്ചിട്ടില്ല. എന്റെ പോസ്റ്റിലെ ചില പ്രതിലോമമെന്ന് തോന്നിയ  ആശയങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് താങ്കൾ അതിനെ വിലയിരുത്തിയത്. പക്ഷെ അതിൽ ചിൽ യാഥാർത്ഥ്യങ്ങൾ തുറന്നു സൂചിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കണ്ണടച്ച് നാം ഇരുട്ടാക്കേണ്ട കാര്യമില്ല.

ഒരുത്തന്റെ മുന്നിൽ ഒരിക്കൽ തല വച്ചുപോയെന്നും അവനിൽനിന്ന് സന്താനങ്ങളുണ്ടായിപോയി എന്നും കരുതി ആയുഷ്കാലം അവന്റെ ചവിട്ടും തൊഴിയുമേറ്റ് ജീവിതം തുലയ്ക്കുന്നതിനോട് ഒട്ടും യോജിപ്പുള്ള ആളല്ല ഞാൻ. ജീവിതം ഒരിക്കലേയുള്ളൂ. പക്ഷെ അതിനുള്ള ധൈര്യം ഇവിടുത്തെ സ്ത്രീകൾക്കില്ല. മദ്ധ്യസ്ഥന്മാർ പലപ്പോഴും  ഭർത്താവിനാൽ പീഡിതയായ കുടുംബിനിയോട് പറയാറുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് പൊക്കൂടേയെന്ന്! എപ്പോഴും സ്ത്രീയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്. സ്ത്രീസ്വാതന്ത്ര്യവാദികളായ ജഡ്ജിമാർ പോലും അങ്ങനെയൊക്കെത്തന്നെ പറയുന്നത്. ആകെ മൊത്തം ഞാൻ പറഞ്ഞു സമർത്ഥിക്കാൻ ശ്രമിച്ചത് സ്ത്രീകൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും ഇവിടെയൂണ്ട്, പക്ഷെ അവർക്ക് അത് പൂർണ്ണമായി ആസ്വദിയ്ക്കാനാകുന്നില്ല എന്നാണ്. മറ്റൊന്ന് സ്ത്രീയും പുരുഷനും തമ്മിൽ നിഷേധിക്കാനാകാത്ത ചില വ്യത്യാസങ്ങൾ ശാരിരികമായും മാനസികമായും ഉണ്ട് എന്നത് കണക്കിലെടുക്കാതിരിക്കേണ്ട കാര്യമില്ല.

യാഥാർത്ഥ്യബോധത്തിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഏതൊരു ലക്ഷ്യവും പൂർത്തീകരിക്കാൻ കഴിയൂ. സ്ത്രീ വിഷയത്തിൽ എന്റെ എഴുത്തും പ്രസംഗവുമൊക്കെ ഈ പോസ്റ്റ് പോലെ പ്രകോപനപരമാണ്. പക്ഷെ സ്ത്രീകളോടുള്ള എന്റെ വ്യക്തിപരമായ സമീപനം തികച്ചും കമ്മ്യുണിസ്റ്റ് ബോധം ഉൾക്കൊണ്ടുള്ളതുതന്നെയാണ്. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നടത്തുന്ന പ്രതികരണങ്ങളിൽ മുൻ നിരയിൽ തന്നെ നിൽക്കുന്ന ആളാണു ഞാൻ. തിരുവനന്തപുരത്ത് അടുത്തകാലത്ത് നടന്ന  ഫ്രീഡം വാ‍ക്കു പോലുള്ള പരിപാടിയുടെ സംഘാടകരിൽ ഒരാ‍ളാണു ഈ വിനീതനും എന്നതും താങ്കൾ അറിയുക.സ്ത്രീകൾ നടത്തുന്ന പലപ പരിപാടികളും ഏറ്റെടുത്ത് വിജയിപ്പിച്ചു കൊടുക്കുന്ന പാരമ്പര്യവും ഇപ്പോഴും തുടരുന്നുണ്ട്. ഒരു പക്ഷെ പാർട്ടിയ്ക്ക് സ്ത്രീ വിഷയത്തിൽ ഉള്ളതിനേക്കാൾ കടുത്ത പുരോഗമന നിലപാടുകളാണ് സ്ത്രീ  വിഷയത്തിൽ ഈയുള്ളവന് ഉള്ളത് എന്നതാണ് സത്യം.പക്ഷെ സമൂഹമൊന്നായി എന്നെ പോലെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്ന സങ്കല്പത്തിൽ ഊന്നി നിന്ന് ഒരു വിഷയവും കൈകാര്യം ചെയ്യാനാകില്ല.  വിവാഹിതരായാൽ ഭാര്യയും ഭർത്താവും രണ്ടല്ല ഒന്നാണ് എന്ന നിലപാട് എനിക്കുണ്ട് എന്നു കൂടി അറിയിക്കട്ടെ.

മറ്റൊന്ന് ചിലർ ചോദിക്കും പോലെ ഭർത്താവിന് അടുക്കളയി കയറിയാലെന്താ എന്നൊന്നും ചോദിക്കുന്നതല്ല സ്ത്രീ സ്വാതന്ത്ര്യവാദം. ആണുങ്ങൾ അടുക്കളയിൽ കയറരുതെന്ന് ആരും പറയുന്നുമില്ല. ജീവിതം ഇരുമെയ്യും മനമൊന്നുമായി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നത് സ്ത്രീവിരുദ്ധ ആശയമല്ല. എന്ന് മനോജ് പറഞ്ഞെന്നല്ല. എനിക്കിപ്പോൾ തോന്നുന്നതും കൂടിയൊക്കെ എഴുതുന്നുവെന്നുമാത്രം. പിന്നെ താങ്കൾ പറഞ്ഞ ദാ ഈ കാര്യം എന്റെ പോസ്റ്റിനെ കൂടുതൽ പ്രസക്തമാക്കുന്നതേയുള്ളൂ കേട്ടോ!

മനോജ് പറഞ്ഞു: “സ്ത്രീകൾക്ക് ഭരണതലത്തിൽ സംവരണം കിട്ടി പോലും!!! ഏത് സ്ത്രീയെയാണു രാഷ്ട്രീയ പുരുഷന്മാർ സ്വതന്ത്രമായി ഭരിക്കുവാൻ വിടുന്നത്??? ഒരു കളിപാവയെ പോലെ മുന്നിൽ നിറുത്തി പുരുഷൻ ഭരിക്കും എന്നതിന്റെ നല്ല ഉദാഹരണമല്ലേ റാബറി. സ്ത്രീ സംവരണം വന്നപ്പോൾ തങ്ങളുടെ അധികാരം പോകുമെന്ന് കണ്ട് സ്വന്തം വീട്ടിലുള്ള സ്ത്രീകളെ ഇലക്ഷനു നിറുത്തുന്ന രാഷ്ട്രീയപുരുഷ വർഗ്ഗമല്ലേ നമുക്ക് ചുറ്റുമുള്ളത്!!! ഇടത് പാർട്ടികളിൽ പോലും ഈ പ്രവണത കടന്നു പിടിച്ചു!!!“

അതൊക്കെത്തന്നെ ഞാനും പറയുന്നത്.

പിന്നെ സുശീലൻ പറഞ്ഞകാര്യങ്ങൾ സംബന്ധിച്ച് ഞാൻ ഒരു പോസ്റ്റ് ഭാവിയിൽ എഴുതുന്നുണ്ട്. മതവേഷങ്ങൾ ഇന്ന് പലർക്കും ഒരു ഫാഷൻ ആണ്. ചിലർക്ക് അത് ഒരു പ്രഖ്യാപനവും. (പ്രഖ്യാപിക്കുനതെന്താണെന്ന് എടുത്ത് പറയേണ്ടല്ലോ) ചില ഫെമിനിസ്റ്റുകൾ പോലും ഈ വേഷങ്ങൾ ധരിക്കുന്നുണ്ട്. എന്തുപറയാൻ! ആരും നിർബന്ധിച്ചിട്ടൊന്നുമല്ല അവർ ഈ വേഷം ധരിക്കുന്നത്. ഭർത്താക്കന്മാരും പറയാറില്ല. (പറയുന്നവരുമുണ്ട്) .ഭർത്താക്കന്മാർ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നേയുള്ളൂ. ആണുങ്ങൾ സാധാരണ വേഷത്തിൽ നടക്കും. അവരുടെ ഭാര്യമാർ മതവേഷം ധരിക്കും. ഭൂരിപക്ഷവും അങ്ങനെ തന്നെ. ആളുകൾ അവരുടെ മതസ്വാതന്ത്ര്യം പ്രഖ്യാപിച്ച് നടക്കുന്നിടത്ത് കമ്മ്യൂണിസ്റ്റുകാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

കുറച്ചുകൂടി എഴുതാനുണ്ട്. ഇപ്പോൾ വേറെ ചില ജോലികൾ ഉണ്ട്. കൈയ്ക്കൊരു വിശ്രമവും ആവശ്യമാണല്ലോ!

Sunday, March 11, 2012

വി.എസിന്റെ ഉപമപ്പിഴ

എന്റെതന്നെ ഒരു ബ്ലോഗ്പോസ്റ്റിൽ ഇട്ട കമന്റ്. ആ പോസ്റ്റിലേയ്ക്ക് ഈ ലിങ്കിൽ ഞെക്കിവരാം

വി.എസിന്റെ ഉപമപ്പിഴ

ഉപമ അല്പം കടന്നുപോയി എന്നു വേണമെങ്കിൽ പറയാം. പക്ഷെ സിന്ധു ജോയിയെ വി.എസ്.അങ്ങനെ മോശമായി എന്തെങ്കിലും ഉദ്ദേശിച്ചിട്ടില്ലെന്ന് അത് കണ്ടുകേട്ട എല്ലാവർക്കും മനസിലാകും. എല്ലാ സെൽ‌വൻ‌മാരെയും സിന്ധു ജോയിമാരെയും ഒക്കെക്കൂടി   കൂട്ടിപ്പിടിച്ച് ഒരു ഉപമ പറഞ്ഞു പോയി. അതിന് ഇങ്ങനെയൊക്കെ വ്യാഖ്യാനം വരുമെന്ന് അന്നേരം ഓർക്കില്ല. ഇതൊന്നും  നേരത്തേ കാണാതെ പഠിച്ച്  പറയുന്നതല്ലല്ലോ. പിന്നെ സഖാവ് പിണറായിയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ  കാര്യങ്ങൾ അളന്നു തൂക്കി പറയാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീയും കുടുംബിനിയുമായ  എതിർ സ്ഥാനാർത്ഥിയെക്കുറിച്ച്   വി.എസ് ഒരു പ്രസ്താവന നടത്തിയപ്പോൾ അതിൽ അറിഞ്ഞോ അറിയാതെയോ ഒരു ദ്വയാർത്ഥം വന്നു പോയിരുന്നു. അന്ന് ഈയുള്ളവനും അതിൽ പ്രതിഷേധം തോന്നിയിരുന്നു. അത് ഞാൻ പ്രകടിപ്പിക്കുകയും ചെയ്തു. അവരെക്കുറിച്ചല്ല ആരെക്കുറിച്ചും അങ്ങനെ ആരും പറയാൻ പാടില്ലതന്നെ. പക്ഷെ ഇതിപ്പോൾ  വി.എസിന്റെ ഇപ്പോഴത്തെ ഉപമപ്രയോഗം അത്ര ഗൌരവമുള്ളതല്ല. പിന്നെ മറ്റുള്ളവർക്ക് ചുമ്മാ ഇത് കുത്തിപ്പൊക്കി മുതലെടുക്കാൻ ഒരു അവസരമുണ്ടായി എന്നു മാത്രം. നമ്മുടെ പി.സി.ജോർജ്ജ് സാറ് വനിതാ വാച്ച് ആൻഡ് വാർഡിനെക്കുറിച്ച് പറഞ്ഞതിലും വലുതൊന്നുമല്ലല്ലോ ഇത്. ആകെ ഇതുകൊണ്ട് നേട്ടം യു.ഡി.എഫിനും സിന്ധു ജോയിക്കും തന്നെ. ഒരു ഉപതെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫുകാർക്ക് കൊണ്ടാടാൻ ഒരു വിഷയം കൂടി ഇട്ടുകൊടുത്തു.

ഇതിപ്പോൾ  ആരോരുമറിയാതെ ഏതോ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന നമ്മുടെ എക്സ് സഖാവ് സിന്ധു ജോയിയെ വീണ്ടും കുത്തിയിളക്കി പൊക്കിക്കൊണ്ടു വന്നതുപോലെയായി. സിന്ധു ജോയിക്ക് വീണ്ടും മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒരു കൈ സഹായിച്ചതുപോലെയായി. ഇനി ഒരു പക്ഷെ വി.എസ് കാരണം സിന്ധു ജോയിക്ക് അസംബ്ലിയിലോ പാർളമെന്റിലോ ഒക്കെ സീറ്റ് കിട്ടിയെന്നുമിരിക്കും.നല്ലത്. എന്നാലും  അങ്ങനെയൊക്കെ  നോക്കുമ്പോൾ സഖാവ് വി.എസ്. തന്റെ നാക്ക് അല്പം സൂക്ഷിക്കേണ്ടതായിരുന്നു എന്നു തോന്നുന്നു. സിന്ധു ജോയിയെ ബാധിക്കാത്ത ഒരു ഉപമയാണ് നടത്തിയതെങ്കിലും. മറ്റു ദുരുദ്ദേശമൊന്നുമില്ലാതെ പറഞ്ഞുപോയ ഒരു നാവു പിഴ. അത്രേ ഉള്ളൂ. അത് ആഘോഷമാക്കി ആ പെൺകൊച്ചിനെ അവഹേളിക്കാതിരിക്കുക എന്നേ പറയാനുള്ളൂ.