ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, February 15, 2010

ദൃഷ്ടി ദോഷം ബ്ലോഗിലിട്ട കമന്റ്

ഡി.പ്രദീപ്കുമാറിന്റെ ബന്ധപ്പെട്ട ആ ബ്ലോഗ്പോസ്റ്റ് ദാ ഇതാണ് :

ആ വേരുകളില്‍ മൂന്നാറിന്റെ ജീവജലം


"ഈ മഞ്ഞുകാലത്ത്, മഞ്ഞും കുളിരും മോഹിപ്പിച്ച കഴിഞ്ഞകാലം സ്വപ്നം കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു-മൂന്നാര്‍ മാറുകയാണു. ശീതകാലത്ത് പോലും ഇവിടെ മഞ്ഞില്ലെകില്‍ ,ശീതക്കാറ്റില്ലെങ്കില്‍,മാനും കാട്ടുപോത്തും കാട്ടാനകളുമില്ലെങ്കില്‍ ഈ വഴിയത്രയും താണ്ടി സഞ്ചാരികള്‍ എന്തിനു വരണം?"

ഇതിനകം തന്നെ മൂന്നാറിന്റെ ഇമേജ് നഷ്ടപ്പെട്ടു കഴിഞ്ഞുവല്ലോ. ഇനി കാഴ്ചകളും മഞ്ഞും കുളിരുംമറ്റും തേടി അധികകാലം ആരും അങ്ങൊട്ടൊന്നും പോകില്ല.

അല്ലെങ്കിൽ തന്നെ മൂന്നാറിനു മാത്രം എങ്ങനെ മാറിനിൽക്കാനാകും? നാടാകെ ജെ.സി.ബി കൊണ്ടു നടന്ന് തോണ്ടി മറിക്കുകയല്ലെ? മരുഭൂമികൾ കൃഷിയോഗ്യവും പച്ചപ്പുള്ളതുമായ പ്രദേശമാക്കി മാറ്റുകയെന്നതാണ് ഏതൊരു മരുഭൂമിവാസികളൂടെയും സ്വപ്നം. ഇവിടെ നമ്മൾ പച്ചപ്പുനിറഞ്ഞ സ്വപ്നസുന്ദരമായ ഒരു പ്രദേശം മുഴുവൻ മരുഭൂമിയാക്കാൻ മത്സരിക്കുകയാണ്! സത്യത്തിൽ മൂന്നാറിനു പുറത്ത് മൂന്നാറിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ രോഷം കൊള്ളുന്ന പലരും സ്വന്തം ഭൂമികളൊക്കെ ജെ.സി.ബിക്ക് ഇടിച്ചു നിരത്തി പണമുണ്ടാക്കാനുള്ള വിവിധമാർഗ്ഗങ്ങൾ നോക്കുന്നവരാണ്. മൂന്നാറിലെ റിസോർട്ടുകാരും, വൻകിട കമ്പനികളുമൊക്കെ അവിടെ മൂന്നാറിന്റെ സാദ്ധ്യതകൾ ചൂഷണം ചെയ്യാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ എന്താണ് നടക്കുന്നത്? ഇടിച്ചു നിരത്തൽ തന്നെ. വീടു വച്ചാൽ പൊതുവഴിയിൽ നിന്ന് നാലോ അഞ്ചോ പടിക്കെട്ട് കെട്ടേണ്ട ഉയരമുണ്ടെങ്കിലും തറ ഇടിച്ചു നിരത്തി റോഡിനൊപ്പമാക്കും. എന്നിട്ടേ വീടുണ്ടാക്കൂ.കാരണം കാറ് ബെ ഡ്റൂമിനകത്തുതന്നെ കൊണ്ടിടാനുള്ളതാണ്!

റോഡരികിൽ നിലമുണ്ടെങ്കിൽ അതു നികത്തി ഷോപ്പിംഗ് കോമ്പ്ലെക്സ് പണിയും. നീരൊഴുക്കുകളെല്ലാം ജെ.സി.ബിക്ക് മാന്തിയെടുക്കുന്ന മണ്ണുകൊണ്ടിട്ട് നികത്തും. മണ്ണിനോടും വെള്ളത്തോടും എന്തിനു വായുവിനോട് പോലും ഇത്ര വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന മനുഷ്യന്റെ ക്രൌര്യം ഇനി ആരാലും തടയാനാകില്ല. കാരണം ഓരോരുത്തരും തങ്ങൾക്കാവശ്യം വരുമ്പോൾ പ്രകൃതിയെ തങ്ങളുടെ യുക്തം പോലെ മാറ്റിയെടുക്കുകയാണ്. എന്നിട്ട് മറ്റാരെങ്കിലും അതേ പ്രവൃത്തി ചെയ്യുമ്പോൾ വിമർശിക്കുകയും ചെയ്യും. ഈയിടെ ഇവിടെ നമ്മുടെ നാട്ടിൽ ഒരാൾ മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച് രോഷാകുലനായി സംസാരിക്കുന്നതു കേട്ടു. ഏക്കറുകണക്കിനുള്ള സ്വന്തം നിലമ്പുരയിടങ്ങളെല്ലാം ഇടിച്ചു നിരത്തി നിലമ്പരിശാക്കിയിട്ട് അതിനുവേണ്ടി കൊണ്ടുവന്ന ജെ.സി.ബികലെല്ലാം തിരിച്ചു തമിഴ്നാട്ടിൽ കൊണ്ടു പോകാതെ ടിയാൻ തന്നെ ഇവിടെ വാടകയ്ക്ക് കൊടുത്ത് നാടിടിച്ച് കാശുവാരുകയാണ്. ഒന്നുരണ്ടെണ്ണം അയാൾ സ്വന്തമായും വാങ്ങി. എന്നിട്ട് ഈ നേതാവ് മൂന്നറിനെക്കുറിച്ച് വിലപിക്കുന്നു!കേരളത്തിന്റെ ഭൂപ്രകൃതി ആകെ തകിടം മറിച്ചു കഴിഞ്ഞു. ഇനിയും അതു തുടരും. അതിനെ ആർക്കും ഏതൊരു സർക്കാരിനു പോലും അതു തടയാനാകില്ല. മരുഭൂമിയും സമതലങ്ങളുമായ രാജ്യങ്ങളുടെ മാതൃക നോക്കിയാണ് നമ്മളുമിവിടെ റോഡും മറ്റു വികസനപ്രവർത്തനങ്ങലും ഒക്കെ നടത്തുന്നത്. അല്ലാതെ നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങും വിധമല്ല. മലനിരകൾ നിറഞ്ഞ നേപ്പാളിൽ വളവും തിരിവുമില്ലാത്ത ഹൈവേകൾ നിർമ്മിക്കുന്നുണ്ടോ എന്ന് ഈയുള്ളവനറിയില്ല. ഇനി നാളെ നമ്മൾ ഹെയർപിൻ വളവുകളും തേരികളുമില്ലാ‍ത്ത റോഡുകളുണ്ടാക്കി മൂന്നാറിലേയ്ക്കും മറ്റു ഹൈറേഞ്ചുകളിലേക്കും പോകണമെന്നു കരുതുന്ന കാലം വിദൂരമല്ല. ഇനിയിപ്പോൾ കേരളത്തിന്റെ മധ്യത്തുകൂടി ഒരു ഹൈവേയും കൂടി സ്വപ്നം കാണുകയാണല്ലോ നമ്മൾ. അപ്പോൾ കേരളം മൊത്തത്തിൽ നിരന്നു കിട്ടും! ലോകത്തെ എല്ലാരാജ്യങ്ങളും എല്ലാം നിരപ്പാക്കാ‍ൻ ശ്രമിക്കുന്നതോടെ ഭൂമിതന്നെ നിരന്നു കിട്ടും! അതിനായി അണ്ണാൻ കുഞ്ഞും തന്നാലായത് എന്നതു പോലെ നമ്മൾ കേരളീയരും ശ്രമിക്കുന്നു.

നമുക്കു റിസോർട്ടുകളും മണിമന്ദിരങ്ങളും, നിരന്നു നീളുന്ന നിരത്തുകളും മറ്റും പോരേ? കണ്ട കാടും പടലുമൊക്കെ എന്തിനാണ്? പാമ്പുകൾ കൂടുവയ്ക്കാനായിട്ട്! എന്നൊക്കെ നമുക്ക് ചോദിക്കാം.ഒടുവിൽ തിന്നാനും കുടിക്കാനും കൂടി ഈ കോൺക്രീറ്റുകളും തോണ്ടി മാറ്റിയതിന്റെ ബാക്കി അടിമണ്ണും മാത്രമേ കാണൂ എന്നൊന്നും ചിന്തിക്കാൻ മാത്രം ദൂരക്കാഴ്ചയൊന്നും പാടില്ല. അപ്പപ്പോഴൂള്ള കാര്യം നോക്കുക. വരും തലമുറകളെപറ്റി ചിന്തിക്കരുത്. ഇതാണല്ലോ ആധുനിക സുഖഭോഗസംസ്കാരവും അതിന്റെ മൊത്ത വില്പനക്കാരും നമുക്കു നൽകുന്ന സന്ദേശം! പൊരുത്തപ്പെടുകതന്നെ!

Friday, February 12, 2010

ദൃഷ്ടിദോഷം എന്ന ബ്ലോഗിൽ ഇട്ട കമന്റ്

ഡി. പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം എന്ന ബ്ലോഗിൽ ഇട്ട കമന്റ്

എന്തുകൊണ്ടാണ് അവർ മാദ്ധ്യമ പ്രവർത്തകർ ആകാത്തത്?


“അക്ഷരമറിയാത്തവർ കൂലിക്കെഴുതിച്ച മുഖപ്രസംഗത്തിനു പുരസ്കാരങ്ങൾ വാങ്ങിച്ച് പത്രാധിപകേസരികളായി ഞെളിഞ്ഞിരിക്കുമ്പോൾ,ആയിരക്കണക്കിനാളുകളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊടുത്ത് ചാനലിന്റെ തലപ്പത്ത്കയറിപ്പറ്റി ധർമ്മികപ്രഭാഷണം നടത്തുന്നവരും,കളങ്കിതപണം കൊണ്ട് പത്രം തുടങ്ങിയവരുമൊക്കെ മാന്യന്മാരായി വിലസുമ്പോൾ ഇതെല്ലാം അറിയുന്നവർ എങ്ങനെ തങ്ങളുടെ മക്കളെ ഈ ചെളിക്കുഴിയിലേക്ക് തള്ളിവിടും?“ സംഗതി ശരിയാ!

പക്ഷെ മക്കളെ ആ വഴിയ്ക്കു വിടാത്തത് അതുകൊണ്ടൊന്നുമല്ല. രാഷ്ട്രീയനേതാക്കൾ തങ്ങളുടെ മക്കളെ രാഷ്ട്രീയത്തിലിറക്കാൻ
ഇഷടപ്പെടാത്തതു പോലൊരു മന:ശാസ്ത്രം അതിനു പിന്നിലുണ്ട്

“നല്ല പണം ഉണ്ടാക്കാൻ കഴിയുന്ന,ഗ്ലാമറസായ ജോലിയൊന്നും കിട്ടാത്തതിലുള്ള അപകർഷതാബോധവും ആത്മനിന്ദയുമായാണു അവർ മാദ്ധ്യമരംഗത്തേക്ക് വരുന്നത്.“

അത്തരക്കാർക്ക് പത്രപ്രവർത്തന രംഗത്ത് ഒന്നും ചെയ്യാൻ കഴിയില്ല.ഒന്നാമത് ആ രംഗത്ത് വരാൻ വേണ്ടത് താല്പര്യമാണ്. പിന്നെ പത്രപ്രവർത്തനമെന്നു പറയുന്നത് ഒരു തരത്തിൽ സാഹിത്യപ്രവർത്തനം കൂടിയാണ്. അപ്പോൾ അല്പം സർഗ്ഗവാസനകളുടെ പ്രചോദനവും പിൻബലവും വേണമെന്നുവരുന്നു. ശാസ്ത്രീയമായ പരിശീലനത്തിലൂടെ ഒരു പ്രൊഫെഷണൽ ജേർണലിസ്റ്റിനെ സൃഷ്ടിയ്ക്കാനാകുമെങ്കിലും അതിന് ഉള്ളിൽ എവിടെയെങ്കിലും ഒളിഞ്ഞുകിടക്കുന്ന ഒരല്പം സർഗ്ഗവാസനകൾ ആവശ്യമാ‍ണ്. പ്രത്യേകിച്ചും സർഗ്ഗാത്മകപത്രപ്രവർത്തനത്തിന്.താല്പര്യം എന്നൊരു ഘടകമുണ്ടെങ്കിൽ എല്ലാവരുടെയും ഉള്ളിൽ അനല്പമായെങ്കിലും കിടക്കുന്ന സർഗ്ഗവാസനകളെ അത്യാവശ്യത്തിനു പുറത്തുകൊണ്ടുവരാനും അതിൽ വിജയിക്കുവാനും സാധിക്കും.

ജേർണലിസം ഇന്നത്തെ പോലെ ഒരു ശാസ്ത്രീയ പഠനശാഖയാ‍യൊന്നും ആവിർഭവിച്ചിട്ടില്ലാത്ത കാലത്തും പത്രവും പത്ര പ്രവർത്തനവും ഉണ്ട്. അവരെ ആരും ഇതു ശാസ്ത്രീയമായി പഠിപ്പിച്ചിരുന്നില്ല. അവരോട് കിടപിടിക്കാൻ ഇന്നത്തെ ഭൂരിപക്ഷം യാന്ത്രിക ജേർണലിസ്റ്റ് ക്രിയേച്ചറുകൾക്കും സാധിക്കില്ല.

എല്ലാത്തിനുമുപരി അല്പം ചില സാമൂഹ്യ ബോധവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരേ ഈ രംഗത്തേയ്ക്ക് കടന്നുവരൂ. ഈ സാമൂഹ്യബോധവും സമൂഹ്യ പ്രതിബദ്ധതയുമാകട്ടെ രക്ഷകർത്താക്കൾക്കും ഉണ്ടാകണം. ഔപചാരികമായും യാന്ത്രികമായും ജേർണലിസം പഠിച്ചു എന്നതുകോണ്ട് എല്ലാവർക്കും ഈ സാമൂഹ്യബോധവും സാമൂഹ്യപ്രതിബദ്ധതയും ഉണ്ടാകണമെന്നില്ലല്ലോ!

Thursday, February 11, 2010

നന്ദനയുടെ ബ്ലോഗിലിട്ട കമന്റുകൾ

നന്ദനയുടെ ബ്ലോഗിലിട്ട കമന്റുകൾ

നന്ദനയുടെ ബ്ലോഗിൽ ഇതുവഴി എത്താം

വെളിച്ചത്തോട് ഒരു യുക്തിവാദിക്കും വെറുപ്പില്ല. അവർക്ക് വെളിച്ചം മത്രമാണിഷ്ടം.അന്ധതമസ്സിനെ കീറിമുറിച്ച് പ്രകാശം പരത്താൻ ശ്രമിക്കുന്നവരാണ് അവർ.പക്ഷെ ദൈവത്തിനു വേണ്ടി വൃഥാവിളക്കു വിളക്കു വയ്ക്കണോ എന്നതാണു തർക്കവിഷയം. യുക്തിവാദിയായ ഒരു അമ്മ മരുമകളോട് വിളക്കു കത്തിക്കരുതെന്ന് പറഞ്ഞാ‍ൽ ഇതുപോലൊരു വാപ്പ ചോദിക്കുമോ ഇപ്പോ വിളക്കുവച്ചില്ലെങ്കിൽ എന്താ കുഴപ്പമെന്ന്? അപ്പോൾ വിട്ടുവീഴ്ചകൾ എല്ലാം യുക്തിവാദികൾ ചെയ്തുകൊള്ളണം. വിശ്വാസികൾ യുക്തിവാദികളോട് സന്ധി ചെയ്യുകയുമില്ല. ഇതിൽ ജനാധിപത്യമുണ്ടോ? വീശ്വാസമില്ലാത്തവർ മനസാക്ഷിയെ പണയപ്പെടുത്തി മറ്റുള്ളവർക്കുവേണ്ടി ആചാരങ്ങൾ അനുഷ്ഠിക്കുന്ന കാപട്യം കാണിക്കണമെന്ന വാദം അംഗീകരിക്കനാകില്ല. വിശ്വാസികളെ അവരുടെ വഴിക്കു വിടുക. യുക്തിവാദികളുടെ അവരുടെ വഴിക്കും വിടുക. അതാ‍ണ് ജനാധിപത്യം!
*************************************

വിശ്വസിക്കുന്നവർക്ക് വിശ്വാസങ്ങൾ വച്ചു പുലർത്താൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസങ്ങൾ ഊഹിക്കാവുന്നല്ലേ? അതുപോലെ തന്നെ തിരിച്ചും വിശ്വാസമില്ലാത്തവർക്ക് ഏതെങ്കിലും വിശ്വാസത്തെ പിൻപറ്റേണ്ടിവരുന്നത് അവരിലും മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും. വിശ്വാസികൾക്കാണ് സമൂഹത്തിൽ ഭൂരിപക്ഷം എന്നു വച്ച് ന്യൂനപക്ഷം വരുന്ന യുക്തിവാദികളെ അങ്ങു വിരട്ടി വിടാമെന്നു കരുതുന്നത് ജനാധിപത്യപരമല്ല. ഒരു നിസാരപ്രശ്നത്തെ ധൈര്യപൂർവ്വം നേരിടാതെ മാതാപിതാക്കളെ ഉപേക്ഷിച്ച് പൂനയ്ക്കു പോകുന്നവരിലൂടെ യുക്തിവാദത്തെ നോക്കി കാണുന്നതും കടന്ന കയ്യാണ്. ഇവിടെ യുക്തിവാദികളിൽ ബഹുഭൂരിപക്ഷത്തിന്റെയും മാതാപിതാക്കൾ വിശ്വാസികളാണ്. ആ യുക്തിവാദികളെല്ലാം സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ച് പൂനയ്ക്കു പോകുന്നവരല്ല. അന്തസായി മാതാപിതാക്കളെ നോക്കുന്നവർ തന്നെ. വിശ്വാസികളായ മക്കൾ തന്നെയാണ് മാതാപിതാക്കളെ കൊണ്ട് വൃദ്ധസദനത്തിലിടുന്നത്.മരണമാകുമ്പോൾ വിശ്വാസപരമായ കർമ്മം ചെയ്യാൻ എത്തും.അത്രയും ഭാഗ്യം. യുക്തിവാദികൾ വൃദ്ധസദനത്തിനൊക്കെ എതിനെതിരാണ്.സമൂഹത്തെ എക്കാലത്തും മുന്നോട്ട് നയിച്ചിട്ടുള്ളത് ഒരു ചെറുന്യൂനപക്ഷമാണ്. അതു കൊണ്ട് ആളെണ്ണത്തിൽ ദുർബലരാണെന്നു കരുതി യുക്തിവാദികളെ അധിക്ഷേപിക്കല്ലേ! അവരും ജീവിക്കട്ടെന്നേ!
***************************************

ഏതെങ്കിലും വരട്ടു തത്വവാദികളെയും മുരട്ടു സ്വഭാവക്കാരെയും ഹൈലൈറ്റ് ചെയ്തിട്ട് ഇതാണു യുക്തിവാദികൾ എന്നു പ്രചരിപ്പിക്കുന്നത് വിശ്വാസികളുടെ ഒരു രീതിയാണ്. വിക്തികളുടെ സ്വഭാവങ്ങളെ ചൂണ്ടിയല്ല, ആശയത്തെ ആശയം കൊണ്ട് നേരിടുക!

നന്ദന എന്റെ ബ്ലോഗിൽ വന്നു കമന്റിട്ടതുകൊണ്ട് ഇവിടെ വരാനും താങ്കളുടെ ബ്ലോഗ് കാണുവാനും ഇടയായതിൽ സന്തോഷം. ഇത്രയും പറയാൻ കഴിഞ്ഞതിൽ അതിലും സന്തോഷം. ആശംസകൾ!
******************************************

നന്ദന, ഈ പോസ്റ്റിനു ഞാൻ എഴുതിയ കമന്റ് എന്റെ ലേഖനരൂപത്തിലുള്ള ബ്ലോഗ്പോസ്റ്റുകൾ ഒതുക്കിവയ്ക്കുന്ന എന്റെ ഒരു ഉപബ്ലോഗിൽ ഞാൻ ഇട്ടുവച്ചിട്ടുണ്ട്.അവിടെ നന്ദനയുടെ കമന്റു കണ്ടു.

താങ്കൾ ചോദിച്ചതുപോലെ പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല.

എനിക്ക് താല്പര്യം തോന്നുന്ന തോന്നുന്ന വിഷയങ്ങളുമായി ബന്ധമുള്ള പോസ്റ്റുകളിൽ ഇടുന്ന കമന്റുകൾ എല്ലാവരും കാണുവാനും ഒപ്പം ശേഖരിച്ചു വയ്ക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.പല സീരിയസ് ബ്ലോഗുകളും ശ്രദ്ധിച്ചാൽ പോസ്റ്റുകളെക്കാൾ വലുതാണ് കമന്റുകൾ.പോസ്റ്റുകളെ പോലെ തന്നെ ശ്രദ്ധാർഹമായ ധാരാളം കമന്റുകൾ ചില ബ്ലോഗുകളിൽ കാണാം.

പലരും പല ബ്ലോഗുകളിലും എഴുതുന്ന കമന്റുകൾ പോലും ഞാൻ എന്റെ സ്വകാര്യബ്ലോഗിൽ സൂക്ഷിച്ചു വയ്ക്കാറുണ്ട്. മാത്രവുമല്ല നമ്മൾ പറയുന്നതിലെ കുറ്റങ്ങളും കുറവുകളും മേന്മകളും മറ്റുള്ളവർക്ക് ചൂണ്ടി കാണിക്കാൻ പാകത്തിൽ പോസ്റ്റുകളായി പബ്ലിഷ് ചെയ്യുന്നത് നല്ലതാണെന്നു കരുതുന്നു.എല്ലാമല്ല. ചിലതൊക്കെ. അതുവഴി നാം കമന്റെഴുതിയ ബ്ലോഗിൽ അളുകൾക്ക് വരാനും കഴിയും. അഗ്രഗേറ്റു വഴിമാത്രമല്ലല്ല്ലോ പലരും പല ബ്ലോഗുകളിലും എത്തുന്നത്!

എൻ.എം മുഹമ്മദാലിയുടെ ബ്ലോഗിൽ ഇട്ട കമന്റ്

എൻ.എം മുഹമ്മദാലിയുടെ ബ്ലോഗിൽ ഇട്ട കമന്റ്

(പർദ്ദയുമായി ബന്ധപ്പെട്ട പോസ്റ്റിൽ)

മാതൃഭൂമി ബ്ലോഗനവഴിയാണ് താങ്കൾക്ക് ബ്ലൊഗ് ഉണ്ടെന്നു തന്നെ അറിയാൻ ഇടയായത്. ഇവിടെ എത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇതിലെ അഭിപ്രായങ്ങളോട് മിക്കവാറും യോജിപ്പുണ്ട്. കെ.ഇ.എൻ പറഞ്ഞത് അന്നു ചാനലിൽ കേട്ടിരുന്നു. ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പിന്നെ ചിന്തിച്ചപ്പോൾ അതിലും കാര്യമുണ്ടെന്നു തോന്നി.

പിന്നെ പർദ്ദ ധരിക്കാഞ്ഞാൽ പുരുഷനു കാമം ഉണരും എന്നു സമ്മതിച്ചാൽതന്നെ കാമം പുരുഷനു മാത്രമുള്ള വികാരമാണോ? സ്ത്രീക്കുമില്ലേ കാമം? പർദ്ദയ്ക്കുള്ളിലാണെങ്കിലും കണ്ണിന്റെ ഭാഗത്തുള്ള സുഷിരത്തിലൂടെ സ്ത്രീക്ക് പുരുഷന്മാരെ നന്നായി കാണാം. പുരുഷനെ കണ്ടാൽ അവരിലും കാമം ഉണരില്ലേ? സ്ത്രീകൾക്കും പുരുഷന്മാരെ കാണുമ്പോൾ കാമമുണ്ടാകുമെന്നാണ് ഞാൻ രഹസ്യമായി ചോദിച്ചപ്പോൾ സ്ത്രീകൾ പറയുന്നത്.(അല്ലാതെ സ്ത്രീവിഷയത്തിൽ നമ്മൾ അജ്ഞനും അവിവാഹിതനും കന്യകനുമാണേ!)

അതൊക്കെ പോട്ടെ എന്തുകിട്ടിയാലും മുസ്ലിങ്ങളെ അടിയ്ക്കാനുള്ള വടിയായി കണ്ട് ഉപയോഗിക്കുന്നവർ ഒരുപാടുള്ളപ്പോൾ ബഹുമാനപ്പെട്ട കോടതികൾ പോലും സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്നു തോന്നുന്നു.വിശ്വാസങ്ങലുടേ പേരിൽ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം പ്രോത്സാഹനജനകമല്ല.