ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, April 30, 2010

അധികാരവും വിദ്യാഭ്യാസവും: വള്ളിക്കുന്ന് ബ്ലോഗിലിട്ട കമന്റ്

‌വള്ളിക്കുന്ന് ബ്ലോഗിലിട്ട കമന്റ്

ബന്ധപെട്ട പോസ്റ്റ് ഇവിടെ

“നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞു ഡല്‍ഹിയിലേക്കു വണ്ടി കയറുന്നവരെക്കള്‍ ഭേദമല്ലേ തരൂര്‍?“

അധികാരം വരേണ്യവർഗ്ഗത്തിനും ബ്യൂറോക്രാറ്റുകൾക്കും മാത്രം അവകാശപ്പെട്ടതാണോ? രാജ്യത്തിനു വേണ്ടി അദ്ധ്വാനിക്കാൻ നിരക്ഷരർ വേണം. മണിൽ കൃഷിചെയ്ത് മേലാന്മാർക്ക് ഞണ്ണാൻ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കാൻ പാവങ്ങൾ വേണം. പക്ഷെ ജനാധിപത്യ വേദികളിൽ നിന്നും അധികാരത്തിൽനിന്നും അവർ അകന്നു കഴിഞ്ഞുകൊള്ളണം അല്ലേ? അവർ കാറ്റിൽ ക്ലാസ്സുകൾ ആണല്ലോ. അല്ലേ?

പണ്ട് ഇവിടെ രാജഭരണം നിലനിന്നിരുന്നു. മിക്ക രാജാക്കൻ മാരും നിരക്ഷരരായിരുന്നു. എന്നിട്ടും അവരിൽ പലരും നന്നായി നാടു ഭരിച്ചവരുണ്ട്. ജനാധിപത്യത്തിൽ ആയാലും വിദ്യാഭ്യാസവും അധികാരവും തമ്മിൽ ബന്ധമില്ല. വിദ്യാഭ്യാസം ഇല്ലാത്തവർ അധികാരത്തിൽ വന്നാൽ അവരെ സഹായിക്കാൻ വിദ്യാഭാസമുള്ളവർ ഉണ്ടാകും. ബിരുദങ്ങളല്ല ഭരണമികവിനുള്ള ഉപാധി. അനുഭവജ്ഞാനമാണ്. ജനങ്ങൾക്കിടയിലെ പ്രവർത്തനങ്ങളാണ്.

മിനിലോകം ബ്ലോഗില്‍ എഴുതിയ കമന്റ്

മിനിലോകം ബ്ലോഗില്‍ എഴുതിയ കമന്റ്

ബന്ധപ്പെട്ട പോസ്റ്റ് ഇവിടെ

സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജീകരിച്ചു തുടങ്ങിയിരിക്കുന്ന ഇക്കാലത്തും നമ്മുടെ സ്കൂളുകളിലെ വനിതാ അദ്ധ്യാപകർക്ക് മാത്രമല്ല പുരുഷ അദ്ധ്യാപകർക്കും ഇന്നും കമ്പ്യൂട്ടറുകൾ വെറും കൌതുക വസ്തുക്കളാണ്. മൌസു പിടിയ്ക്കാൻ പോലും അറിയില്ല. കഷ്ടം എന്നല്ലാതെ എന്തു പറയാ‍ൻ.

അദ്ധ്യാപകരായാൽ പിന്നെ എല്ലാം തികഞ്ഞു വെന്നും ഇനി ഒന്നും പഠിക്കേണ്ടതില്ലെന്നുമാണ് മിക്കവരുടെയും ധാരണ. സത്യത്തിൽ ജീവിത കാലം മുഴുവൻ വിദ്യാർത്ഥികളേക്കാൾ കൂടുതൽ നിരന്തരം പഠിച്ചുകൊണ്ടിരിക്കേണ്ടവരാണ് അദ്ധ്യാപകർ എന്ന വസ്തുത അവർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ആ‍ർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്നത്തെ പുതിയ പാഠ്യ പദ്ധതികൾക്ക് അനുസൃതമായി അദ്ധ്യാപനം നടത്താൻ കഴിവും യോഗ്യതയും ഉള്ള അദ്ധ്യാപകർ വളരെ വിരളമാണെന്നു പറയേണ്ടിയിരിക്കുന്നു. ഒരു പൊതു യോഗത്തിൽ നേരെ ചൊവ്വേ ഒരു സ്വാഗതപ്രസംഗം നടത്താൻ പോലും കഴിയാത്തവരാണ് ഹയർ സെക്കണ്ടറിയിൽ അടക്കമുള്ള പ്രധാന അദ്ധ്യാപകർ (പ്രിൻസിപ്പാൾമാർ/ ഹെഡ്മാസ്റ്റർമാർ) പോലും. അവരാണ് കുട്ടികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പരിഭോഷിപ്പിക്കേണ്ടവർ.

പത്രം പോലും കൈകൊണ്ടു തൊടാത്ത നിരവധി അദ്ധ്യാപകരെ ഈയുള്ളവന് അറിയാം. പത്രപാരായണത്തിൽ പ്രത്യേകിച്ച് വനിതാ അദ്ധ്യാപകർക്കാണ് തീരെ താല്പര്യമില്ലാത്തതായി കാണുന്നത്. ലോകത്ത് നടക്കുന്ന പല സംഭവങ്ങളും അവർ അറിയുന്നതേയില്ല. പിന്നല്ലേ മറ്റു പുസ്തകങ്ങൾ ഒക്കെ വായിക്കുന്നത്. വനിതാ അദ്ധ്യാപകർ ഇന്നും സീരിയലുകൾക്ക് മുന്നിൽ തന്നെ!

ഈ ബി.എഡും, റ്റി.റ്റി.സിയുമൊക്കെ ഒരു തരം ഉഡായിപ്പ് ഏർപ്പാടുകൾ മാത്രമാ‍ണ്. അവയിലെ മിക്ക വർക്കുകളും കൂലി കൊടുത്ത് ചെയ്യിക്കുന്നതാണ്. ബി.എഡിനും, റ്റി.റ്റി സിയ്ക്കും ഒക്കെ സമർപ്പിക്കേണ്ട സംഗതികൾ തയ്യാറാക്കിക്കൊടുക്കുന്നത് ഒരു തൊഴിലായി സ്വീകരിച്ചിട്ടുള്ളവർ തന്നെഉണ്ട് നമ്മുടെ നാട്ടിൽ. അവരിൽ പലരും പത്താം ക്ലാസ്സ് പാസ്സായിട്ടുമുണ്ടാകില്ല.

ഈയുളളവനും എഴുതിക്കൊടുത്തിണ്ടുണ്ട് പലർക്കും അസൈന്മെന്റും മറ്റും. ഇത്തരത്തിൽ ബിരുദമെടുത്തുവരുന്നവരിൽ നിന്ന് കൂടുതൽ ഒന്നും നാം പ്രതീക്ഷിച്ചുകൂട. വിഷയം കാടു കയറുന്നതിനാൽ ഞാൻ ഈ കമന്റ് ചുരുക്കുന്നു.

Tuesday, April 20, 2010

കുഴൂർ വിത്സന്റെ ബ്ലോഗിലിട്ട കമന്റ്

കുഴൂർ വിത്സന്റെ ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റ് ഇതാണ്

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഈ കവിതകൾ വായിച്ചു.

പ്രിയ കൂ‍ഴൂ‍ർ വിത്സൻ,

താ‍ങ്കൾ ഈ ചെയ്യുന്നതു ശരിയല്ല. താങ്കൾ കവിയാണെന്നും പറഞ്ഞ് ഞങ്ങളുടെ മനസ്സിലിരുന്നു വിങ്ങൂന്ന കാര്യങ്ങൾ നമുക്കു മുന്നേ ഇങ്ങനെ എഴുതി ഓവെർസ്മാർട്ട് കാ‍ണിച്ചാൽ പിന്നെ നമ്മളൊക്കെ എന്തെഴുതി കവിയാകും? ഏതായാലും അകക്കാമ്പും പുറക്കാമ്പുമുള്ള ഉള്ളിൽ തട്ടുന്ന ആ വരികൾക്ക് കൈ പിടിച്ച് ഒരു കുലുക്കൽ. അഭിനന്ദനങ്ങൾ ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൈക്കിളിൽ വന്ന അടികൾ എന്ന ആ കവിതയാണ്. സൈക്കിൾ കുട്ടിക്കാലത്ത് ഒരാകർഷണം തന്നെയായിരുന്നു. ആ പച്ചയും,ചുവപ്പും, കറുപ്പും സീറ്റുകളും പെറ്റിലിലെ അതേനിറങ്ങളിലുള്ള ഉറകളും ഒക്കെ എത്ര നയനാനന്തകരമായിരുന്നു; ആരാന്റെ സൈക്കിളുകളായിരുന്നെങ്കിലും.ആദ്യത്തെ കവിതയുടെ ആന്തരാർത്ഥം ഒട്ടൊക്കെ ദഹിച്ചു. പക്ഷെ രണ്ടാമത്തേതിൽ അവസാനം എന്തോ ഒരു ദുർഗ്രാഹ്യത തോന്നി. ജനനത്തിനും മരണത്തിനും ഇടയിൽ കിടന്നു ഞെളിപിരി കൊള്ളുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളും ദുർഗ്രാഹ്യതയും ഓർമ്മപ്പെടുത്തിയ മൂന്നാമത്തെ കവിതയും എനിക്ക് ഏറെ ഇഷ്ടമായി. പ്രവാസത്തിന്റെ ആകുലതകൾക്കിടയിലും ഗൃഹാതുരതയോടെ താങ്കൾ കോർത്തിടുന്ന ചിന്തോദ്ദീപകമായ അക്ഷരങ്ങളുടെ ഇഴ ചേർന്ന പുതിയ പുതിയ വരികൾക്കായി ഇനിയും കാത്തിരിക്കുന്നു.

Thursday, April 15, 2010

പ്രേമൻ മാഷിന്റെ ബ്ലോഗിലിട്ട കമന്റ്

പ്രേമൻ മാഷിന്റെ ബ്ലോഗിലിട്ട കമന്റ്

പ്രസ്തുത പോസ്റ്റിലേയ്ക്കുള്ള ലിങ്ക്

വാഗണ്‍ ട്രാജഡിക്ക് സാധ്യതയുള്ള ക്ലാസ്സുമുറികള്‍



താങ്കളുടെ ഈ പോസ്റ്റ് മാതൃഭൂമി ബ്ലോഗനയിൽ വായിച്ചു.

മാഷ് പറയുന്നതിൽ കാര്യമൊക്കെയുണ്ട്. എന്നാലും പത്താം ക്ലാസ്സ് ജയിക്കുന്ന എല്ലാ കുട്ടികൾക്കും സ്കൂളിൽ പഠിക്കാൻ ആ‍ാഗ്രഹമുണ്ടാകും. അവരെ സംബന്ധിച്ച് അഡ്മിഷൻ കിട്ടുക എന്നതാണ് പ്രധാനം. രക്ഷകർത്താക്കളും അതെ! പിന്നെ അനാവശ്യമായ ദൌർലഭ്യവും അതുവഴി വിവേചനവും സൃഷ്ടിക്കുന്നത് എന്തിന്?

സ്കൂളിൽ കിട്ടിയില്ലെങ്കിൽ കുട്ടികൾ ഓപ്പൺ സ്കൂളിൽ പോകും. അതിന്റെ നിലവാരവും ഉത്തരവാദിത്വവും അറിയാമല്ലോ. പാരലൽ കോളേജുകളെ ആശ്രയിച്ചാണ് അവ മുന്നോട്ട് പോകുന്നത്.

പിന്നെ മെരിറ്റിന്റെ കാര്യം പറയുകയാണെങ്കിൽ ചില മേഖലകളിൽ വളരെ മെരിറ്റ് കുറഞ്ഞവർക്കു പോലും സ്കൂൾ പ്രവേശനം ലഭിക്കുന്നു. എന്നാൽ ചില മേഖലകളിൽ സീറ്റുകളുടെ കുറവ് കാരണം അതേനിലവാരത്തിലും അല്പം ഉയർന്നവർക്ക് പോലും സ്കൂൾ പ്രവേശനം ലഭിക്കുന്നില്ല.

മാനേജ്മെന്റ് സ്കൂളുകളിലാകട്ടെ കാശുവാങ്ങിയും അല്ലാതെ വേണ്ടപ്പെട്ടവർക്കൊക്കെ പ്രവേശനം ലഭിക്കുന്നു. പണവും സ്വാധീനവും ഒന്നുമില്ലാത്ത കുറെ പാവം കുട്ടികൾ മാത്രം ഗ്രേഡ് കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നു. അവർ ഓപ്പൺ സ്കൂളിൽ അഥവാ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് പാരലൽ കോളേജുകളിൽ പഠിക്കുന്നു.

പരീക്ഷക്ക് പേപ്പർ നോക്കുമ്പോൾ മന:പൂർവ്വം പാരലൽ കുട്ടികൾക്ക് മാർക്ക് കുറച്ച് അവരെ തോല്പിക്കുന്നു. സ്കൂൾ കുട്ടികളുടെ പരീക്ഷാപ്പേപ്പറുകൾ ലിബറലായി നോക്കി പരമാവധി ജയിപ്പിക്കുന്നു. കാരണം സ്കൂളിൽ തോൽവി വന്നാൽ സ്കൂൾ അദ്ധ്യാപകർക്കും നാണക്കേടല്ലേ?

ആത്മാർത്ഥമായി തന്നെയാണ് പാരലൽ കോളേജുകളിലും കുട്ടികളെ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. പക്ഷെ പാരലൽകാരോട് എന്നും വിവേചനവും. പിന്നെ പല മാനേജ് സ്കൂളുകളിലും ഇന്നും പരീക്ഷാ ക്രമക്കേടുകൾ അഭങ്കുരം തുടരുന്നുണ്ട്. അവിടെ എത്ര മോശപ്പെട്ട കുട്ടികളും ജയിച്ചു കയറും.

ചോദ്യ പേപ്പറുകൾ പുറത്തെത്തിച്ച് ആൻസർ എഴുതി വാങ്ങി കുട്ടികൾക്ക് നൽകുന്ന സമ്പ്രദായം ഇന്നും എയിഡഡ്, അൺ എയിഡഡ് സ്കൂളുകളിൽ ഇല്ലെന്ന് പറയാമോ? അപ്പോൾ ഇവിടെ സർക്കാർ സ്കൂളുകളിലെ കുട്ടികളും വിഡ്ഡികളാക്കപ്പെടുന്നു. അവിടെ ഈ കൃത്രിമം നടക്കില്ലല്ലോ. പിന്നെ എന്തിനീ പ്രഹസനങ്ങൾ?

എസ്.എസ്.എൽ.സി പരീക്ഷ തന്നെ നിർത്തി എല്ലാ കുട്ടികളെയും പ്രമോട്ട് ചെയ്ത് പ്ലസ്- ടുവിൽ പ്രവേശിപ്പിക്കണമെന്നും എല്ലാസ്കൂളുകളിലും പത്താം ക്ലാസ്സിലെ ഡിവിഷനുകൾക്കനുസരിച്ച് പ്ലസ് ടൂ അനുവദിക്കണമെന്നുമാണ് ഈയുള്ളവന്റെ പക്ഷം.

അതു പോലെ ഡി-പ്ലസിനും താഴെ ഒരു ഗ്രേഡു തന്നെ ആവശ്യമില്ല. പത്തു പന്ത്രണ്ട് വർഷം സ്കൂളിൽ വന്നു പോകുന്ന കുട്ടികൾ ഒരു പക്ഷെ അക്ഷരം പഠിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചിരിക്കും; അറിവായും അനുഭവമായും. അവരെ തോല്പിച്ച് മനോവീര്യപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. പ്രമോട്ട് ചെയ്ത് അർഹിക്കുന്ന ഗ്രേഡും നൽകി വിടണം.

അതു പോലെ പ്ലസ്-ടൂവിന് വ്യത്യസ്ഥ കോംബിനേഷൻ തന്നെ ആവശ്യമില്ല. അതൊക്കെ ഡിഗ്രി മുതൽ മതി. പ്ലസ് ടു വരെ ഇപ്പോഴത്തെ പത്താം ക്ലാസ്സ് പോലെ സിലബസ് നൽകി പഠീപ്പിക്കണം. അപ്പോൾ ചോദിക്കും പിന്നെ എൻട്രൻസും മറ്റും എങ്ങനെയെന്ന്! അതിന് പിന്നീട് ഒരു വർഷത്തെ പ്രത്യേക കോഴ്സും പ്രവേശന പരീക്ഷയും വയ്ക്കണം.

മാഷേ ഇങ്ങനെ പോകുന്നു ഈയുള്ളവന്റെ ചിന്തകൾ!

Tuesday, April 6, 2010

ഒരു കമന്റിനുള്ള മറുപടി

വിശ്വമാനവികം ബ്ലോഗിൽ വന്ന ഒരു കമന്റിനുള്ള മറുപടി

ബന്ധപ്പെട്ട പോസ്റ്റ് ഇവിടെ

പ്രിയ നൌഷാദ് വടക്കേൽ,

മുസ്ലിം എന്ന വാക്ക് പാർട്ടിയുടെ പേരിന്റെ ഭാഗമായിരിക്കുന്നു എന്നതു തന്നെയാണ് മുസ്ലിം ലീഗിന്റെ ഒരു പോരായ്മ. മുസ്ലിങ്ങളുടെ താല്പര്യത്തിനു മാത്രമുള്ള ഒരു പാർട്ടിയായി അത് വിവക്ഷിക്കപ്പെടുന്നു.മുസ്ലിം ലീഗ് മാത്രമല്ല, ബി.ജെ.പി യും, ആർ.എസ്.എസും, എൻ.ഡി.എഫും,(പഴയസ്വഭാവം തുടർന്നാൽ പി. ഡി.പിയും) ഒന്നും ഇല്ലാത്ത ഒരു കേരളവും ഇന്ത്യയും ഒക്കെ മാർക്സിസ്റ്റുകാരുടെ മാത്രമല്ല, ഏതൊരു മതേതര വാദികളുടെയും മതരഹിതരുടെയും സ്വപ്നമാകുന്നത് സ്വാഭാവികം മാത്രമാണ്. മറ്റു നിവൃത്തികൾ ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസ്സ് പോലും മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നത് എന്ന് ആർക്കാണറിയാത്തത്? ഒരു മതേതര രാജ്യത്ത് ഏതെങ്കിലും ജാതി-മത വർഗ്ഗീയതകൾ ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് മതേതരർ ആഗ്രഹിക്കും. മതങ്ങളെയും അവയുടെ സംസ്കാരങ്ങളെയും സംരക്ഷിക്കാനും നിലനിർത്താനും രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കേണ്ട ആവശ്യമില്ല. അതിന് മത- സാംസ്കാരിക പ്രസ്ഥാനങ്ങൾ രൂപീകരിച്ച് മതത്തിന്റെ നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് വേണ്ടത്. എല്ലാ മതങ്ങളെയും മതേതര പ്രസ്ഥാനങ്ങൾ കാത്തുകൊള്ളും.മതം ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച് അതിനോട് സന്ധി ചെയ്തുകൊണ്ടു തന്നെയാണ് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പോലും പ്രവർത്തിക്കുന്നത്. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടെ എല്ലാവരുടെയും ക്ഷേമമാണ് കമ്മ്യൂണിസ്റ്റുകളുടെയും മറ്റ് മതേതരപ്രസ്ഥാനങ്ങളുടെയും ലക്ഷ്യം. എന്നാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസികളുടെ ക്ഷേമം മാത്രമാണ് ലക്ഷ്യം. അവിശ്വാസികളെ അവർ മുഖവിലയ്ക്കു പോലുമെടുക്കില്ല. ഏതൊരു മതാധിഷ്ഠിത രാജ്യങ്ങളിലും ഇതാണ് സ്ഥിതി. അതായത് അസഹിഷ്ണുത എന്നത് മതങ്ങളുടെ മുഖമുദ്രതന്നെയാണ്. അല്ലെങ്കിൽ എം.എഫ്. ഹുസൈനു് ഈ ഗതി വരില്ലല്ലോ. തൊടുപുഴയിൽ മുസ്ലീങ്ങളെ ആക്ഷേപിക്കുന്ന ചോദ്യ പേപ്പർ ഉണ്ടാകില്ലല്ലോ. അന്യ മതസ്ഥരെയും കമ്മ്യൂണിസ്റ്റുകളെയും കൊന്നാൽ പുണ്യം കിട്ടുമെന്നു കരുതുന്ന മത-തീവ്രവാദ സംഘടനകൾ ഉണ്ടാകില്ലല്ലോ.അത് മുസ്ലിങ്ങൾക്കിടയിലായാലും ഹിന്ദുക്കൾക്കിടയിലായാലും ക്രിസ്ത്യാനികൾക്കിടയിലായാലും. പിന്നെ ഒരു മതം തീവ്രവാദി സംഘടനയുണ്ടാക്കി അന്യമതസ്ഥരെ നാടുകടത്താൻ നോക്കുമ്പോൾ മറ്റു മതസ്ഥർ അതിനെ പ്രതിരോധിക്കാൻ അവരുടേതായ തീവ്രവാദ സംഘങ്ങൾ ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രം. അപ്പോൾ മൊത്തത്തിൽ മതമൌലികവാദികൾ പ്രശ്നം തന്നെയാണ്. ഇവിടെ വിഷമിക്കുന്നത് എല്ലാ മനുഷ്യരെയും (കമ്മ്യൂണിസ്റ്റുകാരെ അടക്കം; അവരെ ചിലരെങ്കിലും മനുഷ്യരായി കാണാനുള്ള സഹിഷ്ണുത കാണിക്കുന്നുല്ലല്ലോ)ഒരു പോലെ കാണാൻ ശ്രമിക്കുന്ന യഥാർത്ഥ മത വിശ്വാസികളാണ്.

*******************************************************************************

എഡിറ്റ് ചെയ്തതിനുശേഷം

ഇതിൽ നൌഷാദ് വടക്കേൽ ഇട്ട കമനിറ്റിനുള്ള മറുപടികൂടി ചേർക്കുന്നു

കമന്റ് അവിടെ ഉണ്ടെന്നുള്ളതിൽ സന്തോഷം. എന്റെ ബ്ലോഗിൽ താങ്കളിട്ട ആദ്യ കമന്റും അതിനു ഞാൻ നൽകിയ മറുപടിയും എങ്ങനെയോ അപ്രത്യക്ഷമായതായി കാണുന്നുണ്ട്. അതു പോട്ടെ;

“ദൈവമില്ല എന്ന് പറയുന്നത് എന്തോ വലിയ അപരാധമല്ല ഏറ്റവും വലിയ അപരാധമാണ് വീശ്വാസികൾക്ക്“

അത് താങ്കൾ സമ്മതിച്ചല്ലോ. എന്നാൽ യുക്തിവാദികളെ സംബന്ധിച്ച് ഇല്ലാത്ത ശക്തിയിൽ ഉള്ള വിശ്വാസം അപരാ‍ധമല്ല. അറിവില്ലായ്മ കൊണ്ടുള്ളതാണ് വിശ്വാസങ്ങൾ. അതിൽ സഹതാപമാണുള്ളത്. ദൈവത്തിൽ വിശ്വസിക്കാതിരിക്കാൻ ഇവർക്കു കഴിയുന്നില്ലല്ലോ എന്നതിലുള്ള സഹതാപം. യുക്തിവാദികൾ തലങ്ങും വിലങ്ങും ചിന്തിച്ചാലും ദൈവം ഉണ്ടെന്നു കണ്ടെത്താനാകില്ല. വിശ്വാസികൾ തലങ്ങും വിലങ്ങും സഞ്ചരിച്ചാലും ദൈവമില്ലെന്ന് ചിതിക്കാൻ അവർക്കു കഴിയുകയുമില്ല. അപ്പോൾപിന്നെ അവരവരെ അവരവരുടെ വഴിക്കു വിടാനുള്ള സഹിഷ്ണിതയാണ് ഇരു കൂട്ടർക്കും വേണ്ടത്. പക്ഷെ ആ സഹിഷ്ണുത വിശ്വാസി സമൂഹത്തിനില്ലെന്ന് കരുതാൻ അനുഭവങ്ങൾ നിർബന്ധിക്കുന്നു.

പിന്നെ മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാർട്ടിയല്ലെന്നു കരുതാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും കാണുന്നില്ല. കമ്മ്യൂണിസം എന്തായാലും മാനവികതയെ ഉൾക്കൊള്ളുന്ന ഒരു പ്രത്യയ ശാസ്ത്രമാണ്. അത് കൈകാര്യം ചെയ്യുമ്പോൾ തെറ്റുകുറ്റങ്ങൾ സംഭവിക്കില്ലെന്ന് കമ്മ്യൂണിസ്റ്റുകാർ അവകാശപ്പെടില്ല. കമ്മ്യൂനിസമേ പാപമായി കരുതുന്ന താങ്കളെ പോലുള്ളവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് വിശ്വസിക്കേണ്ടി വരുന്നതിൽ ഖേദിക്കുന്നു