ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, September 20, 2011

പത്രക്കാരന്റെ പോസ്റ്റിലിട്ട കമന്റ്


പത്രക്കാരന്റെ പോസ്റ്റിലിട്ട കമന്റ് .


ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമാദ്യം ശബ്ദമുയർത്തിയവരോട് അന്നത്തെ ചില മൂരാച്ചികളും ബ്രിട്ടീഷുകാരുടെ കാവൽ നായ്ക്കളും പറഞ്ഞിരുന്നു; നിനക്കൊന്നും ഒരു ചൊരപ്പുമില്ലേടാ, ഇതുകൊണ്ടൊക്കെ നീയൊക്കെ എന്തു നേടാൻ പോകുന്നുവെന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവനവന്റെ കാര്യം നോക്കി നടക്കിനെടാ എന്ന്!  അതുപോലെ ഇന്നിന്റെ മൂരാച്ചികൾ, മുതലാളിത്തത്തിന്റെ കുഴലൂത്തുകാർ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢികൾ, അരാഷ്ട്രീയ വാദികൾ ഒക്കെ പറയും; സമരങ്ങൾ ആഭാസമാണെന്നും ഹർത്താലിലും വലിയ അപരാധമില്ലെന്നുമൊക്കെ. (ഹർത്താലിൽ ചെയ്യേണ്ട വിട്ടുവീഴ്ചകൾ സംബന്ധിച്ച് ഞാൻ വ്യത്യസ്താഭിപ്രായം മുമ്പേ രേഖപെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്കായി!) എലിയെ പേടിച്ച് ഇല്ലം ചുടുമ്പോലെ അക്രമമുണ്ടകുമെന്നു കരുതി സമരങ്ങളേ ഉപേക്ഷിച്ച്, രാജ്യത്ത് എന്തു നടന്നാലും ഒരു പ്രതികരണവുമില്ലാതെയിരിക്കാൻ മാത്രം ഷണ്ഡത്തരം  കമ്മ്യൂണിസ്റ്റുകാർക്കില്ല.കാരണം അത് ഒരു പ്രതിരോധപ്രസ്ഥാനമാണ്.  ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും  ഹർത്താലും സമരങ്ങളും നടത്തുമ്പോൾ   ഇത്രയും നീറ്റൽ ആർക്കുമില്ലല്ലോ! രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾക്ക് ഭരണാധികാരികൾ തന്നെ ആഹ്വാനം നടത്തുമ്പോൽ ഇവരുടെ നാവുകൾ താഴ്ന്നു പോകുന്നതെന്തുകൊണ്ടാണ്? ആറു ലക്ഷം കോടി രൂപ വെട്ടിച്ച് ജയിലിൽ കിടക്കുന്നവരെ മിടുക്കന്മാരെന്നാകും ഇവറ്റകൾ വിശേഷിപ്പിക്കുക. മാർക്സിസ്റ്റുകാരൻ അണ്ടർവേർഡ് ഇട്ടിട്ടുണ്ടോ എന്നു പൊക്കി നോക്കാൻ ഒരുപാട് പേരുണ്ട്.  നിക്കർ അല്പം കീറിയിരുന്നാൽ പിന്നെ അതിനെ പൊടിപ്പും തൊങ്ങലും ചേർത്ത്  ആക്ഷേപങ്ങളും കലിപ്പുകളും. മാർക്സിറ്റുകാരല്ലാത്തവർ മുണ്ടില്ലാതെ അഴിഞ്ഞാടിയാലും ബലേ ഭേഷ്, ബലേ ഭേഷ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാർക്സിസ്റ്റുകാർ ആർക്കെങ്കിലും കുടിയ്ക്കാൻ അല്പം ദാഹജലം നൽകിയാൽ  മൂത്രം കുടിപ്പിച്ചെന്നു പറയും. കമ്മ്യൂ‍ണിസ്റ്റ്  വിരുദ്ധർ  ആരെയെങ്കിലും മൂത്രം കുടിപ്പിച്ചാലോ പുണ്യവെള്ളം കൊടുത്തുവെന്നാകും പറയുക.  മുതലാളിത്ത സമൂഹങ്ങളിൽ  ഇടതുപക്ഷങ്ങൾക്കിടയിൽ സ്വാഭാവികമായ  ചില വലതുപക്ഷവ്യതിയാനങ്ങൾ സംഭവിക്കാം. അത് ഇവിടെയുമുണ്ട്. ഏതാനും വ്യക്തികളുമായി ബന്ധപ്പെട്ടാണ് അത്തരം പാളിച്ചകൾ ഉണ്ടാകുക. എന്ന് വച്ച് കമ്മ്യൂണിസ്റ്റുകളേ വെറുക്കപ്പെടേണ്ടവരാണ് എന്ന നിലയിൽ ചർച്ച സംഘടിപ്പിക്കുന്നവർ ഇരിക്കുന്ന കമ്പ് മുറിക്കുന്നവരാണ്.കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്ന് അവിടുത്തെ ദളിതരുടെയും, മതന്യൂന പക്ഷങ്ങളുടെയും, തൊഴിലാളികലുടെയും, നിരക്ഷരരുടെയും  ജീവിതങ്ങൾ കണ്ടു നോക്കൂ.  കമ്മ്യൂണിസം അവിടങ്ങളിൽ ഇല്ലാത്തതിന്റെ ദോഷം മനസിലാകും. ഹിന്ദുവിന്റെ ചായക്കടയിൽ നിന്ന് ചായ കുടിക്കാത്ത മുസ്ലിമും, മുസ്ലിം ഇരിക്കുന്ന ആട്ടൊറിക്ഷയിൽ കയറാത്ത ഹിന്ദുവിനെയും ഒക്കെ നിങ്ങൾക്ക് കാണാം. തമിഴ്നാട്ടിൽ വേലി കെട്ടി അയിത്തം കല്പിച്ചിരുന്ന ദളിതർക്കു വേണ്ടി ശബ്ദിക്കാൻ അവിടെ ഇത്തിരിയോളം മാത്രമുള്ള മാർക്സിസ്റ്റുകാരേ  ഉള്ളൂ ഇപ്പോഴും.ചാനലുകളീൽ നിങ്ങൾ കണ്ടിട്ടില്ലേ? ചിലർക്ക് കടിക്കുമ്പോൾ ചൊറിഞ്ഞ് ആശ്വസിക്കും. ചിലർക്ക് കടിക്കുമ്പോൾ പത്ത് മാർക്സിസ്റ്റ് വിരോധം പറയും. അപ്പോൾ കടിമാറും. ക്രിയാത്മകമായ വിമർശനങ്ങൾ വഴി ഇടതുപക്ഷത്തെ ശക്തിഉപ്പെടുത്തി സമൂഹത്തിന്റെ പ്രതിരോധശക്തി നിലനിർത്താൻ നോക്കൂ സുഹൃത്തുക്കളേ. അല്ലാതെ സദാ അന്ധമായ മാർക്സിസ്റ്റ് വിരോധവും കൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. ഇപ്പോൾ ബംഗാളിലും കേരളത്തിലും ഭരണമില്ല. കാരണം എന്തെങ്കിലുമാകട്ടെ. അത് നമുക്ക് വേറെതന്നെ ചർച്ച ചെയ്യാം. പക്ഷെ ഈ തിരിച്ചടികൾ ഒക്കെ താൽക്കാലികങ്ങൾ ആണ്. ഇനി സി.പി.എം കേരളത്തിൽ അധികാരത്തിലേ വരില്ലെന്ന് എത്രവട്ടം പലരും സ്വപ്നം കണ്ടതാണ്. എന്നിട്ടിപ്പോൾ നോക്കൂ രണ്ട് സീറ്റിന്റെ ബലത്തിൽ ആടിഉലാവുകയാണൊരു ഭരണ “ഭാരം”. ഉമ്മൻ ചാണ്ടിസാറിന് തലയിൽ കൊള്ളുന്നില്ല. മാർക്സിസ്റ്റുകാർ ചെയ്യുന്നതൊക്കെ മോശം. അതേ കാര്യങ്ങൾ മറ്റുള്ളവർ ചെയ്താലോ? അത് കേമം!  ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം!

Thursday, September 15, 2011

കെ.പി.എസിന്റെ ബ്ലോഗിലിട്ട കമന്റ്

ശ്രീ.കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ബ്ലോഗിലിട്ട കമന്റ്

കെ.പി.എസിന്റെ ദാ ഈ ലിങ്കിലുള്ള പോസ്റ്റിൽ കമന്റിട്ടിട്ട് എന്തുകൊണ്ടൊ അത് പബ്ലിഷ് ആയില്ല. ആ കമന്റ് ഇവിടെ ഇടുന്നു.

അപ്പോൾ പുകയില്ലാത്ത അടുപ്പും പുകയും അല്ലേ? ഇവിടെ നമ്മുടെ വീടുകളിലൊന്നും പുകയില്ലാത്ത അടുപ്പുകളൊന്നും പണ്ടും സ്ഥാപിച്ചിരുന്നില്ല. മുമ്പ് ചിലരൊക്കെ പരിഷത്തടുപ്പുകൾ വച്ചിരുന്നു. ഇപ്പോൾ പിന്നെ ഗ്യാസ് വന്നതോടെ മറ്റെല്ലാത്തരം അടുപ്പുകളും ഉറക്കമായി. കല്ലടുപ്പ് കത്തിക്കാൻ പണ്ടത്തെ പോലെ വിറകും കിട്ടാനില്ലല്ലോ!

പിന്നെ നമ്മുടെ പരിഷത്തിന്റെ കാര്യം. അത് ജനങ്ങളിൽനിന്നകലാൻ പല കാരണങ്ങൾ ഉണ്ട്. അത് കൊണ്ടു നടക്കുന്ന മിഡിൽ ക്ലാസ്സ്- ബുദ്ധിജീവി ജാഡക്കാർ അവർക്ക് ഷൈൻ ചെയ്യാനുള്ള ഒരു ഉപാധിയാക്കി അതിനെ മാറ്റി. ഒരു വൈറ്റ് കോളേഴ്സ് കൂട്ടായ്മ! അവരിൽ ചിലർക്ക് “ബുദ്ധിജീവിപരമായ” ചില ദൌദ്യോഗിക അധികാരങ്ങൾ കൂടി ലഭിച്ചുതുടങ്ങിയതോടെ അവർ ജനങ്ങളുടെ വെട്ടത്ത് വരാതായി. മുഖത്താകട്ടെ “ബുദ്ധിഭാരം“ കൊണ്ട് വല്ലാത്ത മസിലും!

ആദ്യകാലത്ത് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പരിഷത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും പരിരക്ഷയും നൽകി.പരിഷത്തിന്റെ പല പ്രവർത്തനങ്ങൾക്കും കോൺഗ്രസ്സുകാരുൾപ്പെടെ ഇടതുപക്ഷക്കാരല്ലാത്തവരും സഹായസഹകരണങ്ങൾ നൽകി.എന്നാൽ പിന്നെപ്പിന്നെ പരിഷത്തിനെ കൊണ്ടു നടക്കുന്നവർക്ക് എല്ലാ രാഷ്ട്രീയക്കാരോടും പുച്ഛമായി.

പുറമേയ്ക്ക് ഇടതുചായ്‌വും ഉള്ളിൽ അരാഷ്ട്രീയതയും പേറുന്ന ചില എൻ.ജി.ഓ മാരാണ് മിക്കയിടത്തും പരിഷത്ത് കൊണ്ടു നടക്കുന്നത്. അവർക്കകട്ടെ സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. പരിഷത്ത് ഇപ്പോഴും ചില നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടാകുമെങ്കിലും മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെയൊക്കെ നിരാകരിച്ചും അവയെ അവമതിച്ചും കൊണ്ട് ഇത്തരം സംഘടനകൾക്കൊന്നും ദീർഘകാലം നിലനിൽക്കാനാകില്ല. പല പ്രധാനപ്പെട്ട സാമൂഹ്യപ്രശ്നങ്ങളോടും നിസംഗഭാവം പുലർത്തുന്നത് പരിഷത്തിനെ നിഷ്പ്രഭമാക്കുകയായിരുന്നു.

സംശയിക്കേണ്ട. ഞാനും മുമ്പ് നല്ലൊരു പരിഷത്ത് പ്രവർത്തകനായിരുന്നു. പരിഷത്തിന്റെ ശക്തിദുർഗ്ഗമായിരുന്ന നമ്മുടെ തട്ടത്തുമലയിൽ ഇപ്പോൾ എത്രയോ കാലമായി ഒരു യൂണിറ്റുപോലുമില്ല. ഇപ്പോഴും ചില എൻ.ജി.ഓമാരും മറ്റും പരിഷത്തിന്റെ നാമമാത്ര പ്രവർത്തനങ്ങളുമായി നടക്കുന്നുണ്ട്. വർഷം തോറും ഓരോ തെരുവ് നാടകവും, സ്കൂളുകളിൽ ഓരോ വിജ്ഞാനോത്സവവും നടത്തി ചില ശാസ്ത്രപ്രസിദ്ധീകരണങ്ങളുടെ ചില്ലറ കോപ്പികളുടിച്ചിറക്കി സാന്നിദ്ധ്യമറിയിക്കുന്നുവെന്നുമാത്രം!

പിന്നെ ഇതിന്റെ ബുദ്ധിഭാരം പേറുന്ന ചില നേതാക്കന്മാർ ഇടതുപക്ഷം ഭരിക്കുമ്പോൾ ഭരണതലപ്പത്ത് പാത്തും പതുങ്ങിയും ചെന്ന് ചില ദുരുപദേശങ്ങൾ നൽകി ഒരു വഴിക്കാക്കുകയും ചെയ്യും. പരിഷത്തുകാരെ കൊണ്ടു നടന്നാണല്ലോ അല്പം അറിവും നിറവുമൊക്കെയുള്ള നല്ലൊരു രാഷ്ട്രീയ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന നമ്മുടെ എം.എ.ബേബി സഖാവിന് ഇക്കണ്ട പേരുദോഷമൊക്കെ അദ്ദേഹത്തിന്റെ മന്ത്രികാല ജീവിതത്തിൽ കേൾക്കേണ്ടിവന്നത്!

Wednesday, September 7, 2011

രാഷ്ട്രീയവും അരാഷ്ട്രീയവും (കമന്റ്)

കെ.പി. സുകുമാരന്റെ ബ്ലോഗിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റും കമന്റുകളും ഈ ലിങ്കിൽ: “രാഷ്ട്രീയവും അരാഷ്ട്രീയവും”

രാഷ്ട്രീയത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അരാഷ്ട്രീയതയെ എതിർക്കുന്ന ഒരാളാണ് ഞാൻ. അരാഷ്ട്രീയത എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയിൽ വിശ്വസിക്കാതിരിക്കുക എന്നതല്ല. രാഷ്ട്രീയമേ മോശമെന്നും രാഷ്ട്രീയമേ വേണ്ടെന്നും ഉള്ള വിശ്വാസം, വച്ചു പുലർത്തുന്നവരാണ് അരാഷ്ട്രീയ വാദികൾ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗമല്ലെന്നോ അനുഭാവി അല്ലെന്നോ കരുതി ആങ്ങനെയുള്ളവരെ എല്ലാം അരാഷ്ട്രീയ വാദികൾ എന്നു പറയാനാകില്ല. അവർ ഒരു പാർട്ടിയിലും ചേരുന്നില്ല. എന്നാൽ രാഷ്ട്രീയത്തോടും ജനാധിപത്യത്തോടും നിഷേധാത്മക സമീപനവും ഇല്ല. ഇവരെ നമുക്ക് അരാഷ്ട്രീയവാദികൾ എന്നല്ല സ്വതന്ത്ര ചിന്തകർ എന്നു വേണമെങ്കിൽ വിളീക്കാം. നിഷ്പക്ഷർ എന്നു പറയാനൊക്കില്ല. കാരണം നിഷ്പക്ഷത എന്നത് ഒരു സങ്കല്പം മാത്രമാണ്. ഓരോ അവസരത്തിലും ഓരോന്നു പറയുന്നവരാണ് യാഥാർത്ഥത്തിൽ നിഷ്പക്ഷർ. അവസരവാദികൾ എന്നും ഇവരെ വിളിക്കാൻ പറ്റില്ല. കാരണം അവസരവാദികൾ നിഷ്പക്ഷരിലും അല്ലാത്തവരിലും കാണും. ഞാൻ സൂചിപ്പിച്ച സ്വതന്ത്ര ചിന്തകർ അരാഷ്ട്രീയ വാദികൾ ആയിരിക്കില്ല. കാരണം അവർക്ക് രാഷ്ട്രീയത്തോട് വെറുപ്പൊന്നുമുണ്ടാകില്ല. രാഷ്ട്രീയത്തെ വെറുക്കുന്നവരെയാണ് അരാഷ്ട്രീയ വാദികൾ എന്നു പറയാവുന്നത്. ഈ വെറുപ്പ് ജനാധിപത്യത്തിനു ഭൂഷണമല്ല. പ്രോത്സാഹനജനകവുമല്ല. രാഷ്ട്രീയം വേണം. അതിനെ സദാ തിരുത്താനുള്ള നിരന്തരമായ പ്രക്രിയകളും നടന്നുകൊണ്ടിരിക്കണം. അത് ഇപ്പോഴും നടക്കുന്നുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു പാർട്ടി മറ്റേ പാർട്ടിയെ ആശയപരമായി എതിർക്കുന്നതു പോലും ഈ തിരുത്തൽ പ്രക്രിയകളുടെ ഭാഗമാണ്. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെ രാഷ്ട്രീയമേ ഇല്ലാതാവണമെന്ന നിലപാടുകൾ ഗുണകരമല്ല.

ഇനി ഒരു പാർട്ടിയിൽ ചേരുമ്പോൾ അയാൾ സ്വയം പാർട്ടിക്കും നേതാക്കൾക്കും തന്റെ ചിന്തകളെ അടിയറവയ്ക്കുന്നു എന്ന വാദത്തെ പറ്റി പറയാം. ഇത് ഒരു പരിധിവരെ ശരിയാണ്. എന്നാൽ അത് അനിവാര്യവുമാണ്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുവാൻ കഴിയുന്നവർക്ക് സ്വന്തം പാർട്ടികളിൽ തന്നെ അതിനുള്ള അവസരങ്ങളുണ്ട് താനും. എന്നാൽ സ്വന്തമായി ഒന്നും ആവിഷ്കരിക്കാനില്ലാത്തവർ പാർട്ടിയുടെ ആശയങ്ങളെ അതേപടി അംഗീകരിച്ച് കഴിയുന്നുവെന്നുമാത്രം. പാർട്ടിയിലെന്നല്ല, ഏതെങ്കിലും ഒരു സംഘടനയിൽ ഒരാൾ അംഗമാകുന്നതോടെ അയാളുടെ സ്വാതന്ത്ര്യത്തിന്റെ ഒരു ഭാഗം ആ സംഘടനയുടെ മുന്നിൽ അടിയറവച്ചേ മതിയാകൂ. ഒരു വായനശാലയിലോ ആർട്സ് ക്ലബ്ബിലോ അംഗമാകുമ്പോൾ പോലും അതിന്റെ നിയമാവലി അംഗീകരിക്കാൻ ഓരോ അംഗങ്ങളും ബാദ്ധ്യസ്ഥരാകുന്നു. കുറച്ച് സ്വാതന്ത്ര്യം അവിടെയും അടിയറ വയ്ക്കേണ്ടി വരും. എന്തിനു സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തിനു പോലുമുണ്ട് ചില അലിഖിത നിയമങ്ങളും നിയന്ത്രണങ്ങളും. അതുപോലെ ഒരു പാർട്ടിയിൽ ചേരുമ്പോൾ ആ പാർട്ടിയുടെ പൊതുവായ ലക്ഷ്യങ്ങൾക്കു വേണ്ടിയും കുറെ സ്വാതന്ത്ര്യം പണയപ്പെടുത്തേണ്ടി വരും. എന്തിന് ഒരു രാഷ്ട്രം തന്നെ ഒരു സംഘടനയാണ്. ഒരു രാജ്യത്ത് ജനിച്ചു വീഴുമ്പോൾ മുതലോ ഒരു രാജ്യത്തിൽ പൌരത്വം എടുക്കുമ്പോഴോ മുതൽ ആ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കാൻ ഓരോ പൌരനും ബാദ്ധ്യസ്ഥനാകുന്നു. അപ്പോൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യത്തിനു മുന്നിലും ഓരോ വ്യക്തിയും തന്റെ സ്വാതന്ത്ര്യുഅത്തിന്റെ ഒരു പങ്ക് അടിയറവയ്ക്കേണ്ടി വരുന്നു.അങ്ങനെ പല വിധത്തിൽ നിയന്ത്രിക്കപ്പെടുന്ന സ്വാതന്ത്ര്യം മാത്രമാണ് ഒരു ജനാധിപത്യ രാജ്യത്തുപോലും ഒരു പൌറന് അനുഭവിക്കുവാൻ കഴിയുക. അതെ, സ്വാതന്ത്ര്യം എന്നാൽ അനിയന്ത്രിത സ്വാതന്ത്ര്യം അല്ല. നിയന്ത്രിത സ്വാതന്ത്ര്യം ആണ്. അനിയന്ത്രിത സ്വാതന്ത്ര്യം അരാജകത്വത്തിലേയ്ക്കായിരിക്കും സമൂഹത്തെ നയിക്കുക. സ്വാതന്ത്ര്യത്തിന്റെ അർത്ഥവും അർത്ഥാന്തരങ്ങളും ഒക്കെ നാം വേറെ തന്നെ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.

സുശീലിന്റെ കമന്റിനു നൽകിയ മറുപടി

എന്റെ ബ്ലോഗിൽ സുശീലിന്റെ കമന്റിനു നൽകിയ മറുപടി. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ് . “അണ്ണാഹസാരെമാർ ഉണ്ടാകുന്നത്............”

സുശീൽ,
 

വരട്ട് തത്വവാദമൊക്കെ എല്ല്ലാവരിലും ഏറിയും കുറഞ്ഞും കാണും. കള്ളക്കേസും കള്ളം അല്ലാത്ത കേസും ഒക്കെ രാഷ്ട്രീയക്കാർ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കും.രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമാണ്.ഒരുതരം പരസ്പരപ്രതിരോധം! വരട്ടുതത്വവാദവും, കള്ളക്കേസ് കൊടുക്കലും ഒക്കെ തൽക്കാലം അവിടെ നിൽക്കട്ടെ. എസ്.എസ്.എൽ.സി ബൂക്കിൽ ജനനതീയതി തിരുത്തുന്നതിലെ സർങ്കീർണ്ണതകൾ ഒഴിവാക്കി നിയമം പരിഷ്കരിക്കപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. ഞാൻ ആ വാർത്ത കണ്ടിരുന്നില്ല.മാലപ്പടക്കം പൊട്ടിച്ച് അത് അഘോഷിക്കാനുള്ള മനസ് എനിക്കുണ്ട്.

ജങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട നിയാങ്ങളുടെ നൂലാമാലകളെ പറ്റി ഞാൻ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്. അതിലൊക്കെ ഈ എസ്.എസ്.എൽ.സി ബൂക്കിലെ ജനനതീയതി തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണ്ണതകളെക്കുറിച്ച് ഉദാഹരിക്കുമായിരുന്നു. കാരണം ഇതിനുള്ള അപേക്ഷകളുമായി അതു പൂരിപ്പിക്കാനും അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പരീക്ഷാ ഭവനിൽ കൂടെ പോകാനും ഒക്കെ ധാരളം പേർ വർഷം തോറും എന്റെ അടുക്കൽ വരാറുള്ളതാണ്.എന്റെ കുടുംബത്തിലെ ചില കുട്ടികളുടെ കാര്യത്തിനു ഞാൻ നേരിട്ട് ഇറങ്ങിയപ്പോൾ അതിന്റെ തൊന്തറവ് നേരിട്ട് തന്നെ ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.

ലോക്കൽ അതോറിറ്റി നൽകുന്ന ഒറിജിനൽ ജനന സർട്ടിഫികറ്റ് ഒന്നുകൊണ്ടുമാത്രം പരിഹരിച്ചു കൊടുക്കുവാനുള്ള ഒരു കാര്യമാണിതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. ഇനി അഥവാ ചിലർക്കെങ്കിലും ജനന സർട്ടിഫിക്കറ്റ് ലോക്കൽ അതോറിട്ടികളിൽ ലഭിക്കാതെ വന്നാൽ (അങ്ങനെ വന്ന അനുഭവങ്ങൾ ഉണ്ട്) ഒന്നോരണ്ടോ സർക്കാർ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റു കൊണ്ടും ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൊവെന്നും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.

പരീക്ഷാഭവനിലേയ്ക്ക് കത്ത് അയക്കുകയും പത്രങ്ങളിൽ എഡിഉറ്റർക്കുള്ള കത്തുകളിൽ കത്തയക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.എനിക്ക അറിയാവുന്ന പല ജനപ്രതിനിധികളോടും (മന്ത്രിമാരോടല്ല), ഉദ്യോഗസ്ഥപ്രമുഖരോടും അദ്ധ്യാപക- എൻ.ജി.ഒ സർവീസ് സംഘടനാ നേതാക്കളൊടും ഒക്കെ പലതവണ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല ബധിരകർണ്ണങ്ങളിലാണ് ചെന്നു പതിച്ചത്. ഒരു സാധാരണകാരന്റെ അഭിപ്രായവും പരാതിയും ആരു കേൾക്കാൻ!

എന്തായാലും ഈ സർക്കാരിന്റെ കാലത്ത് ഈ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടായതിൽ പെരുത്ത സന്തോഷം തന്നെ. അതിനു ഉമ്മൻ ചാണ്ടി സർക്കാരിനെ അഭിനന്ദിക്കാൻ പാമോയിൽ കേസൊന്നും (ഹഹഹ) എനിക്കൊരു തടസമല്ല സുശീൽ . ബർത്ത് സർട്ടിഫികറ്റ് തിരുത്തുന്നതിനുള്ള നിയമത്തിലെ സങ്കീർണ്ണതകൾ എടുത്തു മാറ്റിയതിന് സർക്കാരിനെ അഭിനന്ദിക്കുന്നു.

അതോടൊപ്പം ഈ കാര്യം ബന്ധപ്പെട്ട അധികൃതരുടെ മുന്നിൽ എത്തിച്ച ആരോ ഉണ്ട്. അത് ഭരണ-ഉദ്യോഗ തലത്തിൽ പിടിയുള്ള ഏതെങ്കിലും രാഷ്ട്രീയക്കാരോ, ഉദ്യോഗസ്ഥരോ, അനുഭവസ്ഥനായ ഒരു സാധാരണ പൌരനോ ആരും ആകാം അത്. അത് ആരായാലും അവരും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു.

അല്ലാതെ മുകളിലിരിക്കുന്ന എല്ലാവരുടെയും ശ്രദ്ധയിൽ ഇതൊന്നും അത്രപെട്ടെന്ന് വരികയോ വന്നാൽ തന്നെ അത് വേണ്ട വിധം പരിഹരിക്കുകയോ ഉണ്ടാകാറില്ല. അത് ആരു ഭരിക്കുമ്പോൾ ആയാലും. എന്തായാലും ഈ ഒരു നിയമ പരിഷ്കാരം കൊണ്ടുവന്ന അധികാരികൾക്കും, അതിനു പിന്നിൽ ഏതെങ്കിലും അജ്ഞാതരുടെ സ്വാധീനം ഉണ്ടെങ്കിൽ അവർക്കും അഭിനന്ദനങ്ങൾ. ഇനിയൊരു പക്ഷെ സുശീൽ എന്റെ പോസ്റ്റെങ്ങാനും വായിച്ച് വല്ല ശ്രമവും........ അല്ല, സുശീൽ ആളുവല്ല പുലിയോ അണൊന്ന് നമുക്കറിയില്ലല്ലോ!

എന്തായാലും ഇതു സംബന്ധിച്ച് എന്റെ വിശദമായ അഭിനന്ദനപോസ്റ്റ് വരും, സുശീൽ ! ബ്ലോഗിൽ മാത്രമല്ല, ഫെയിസ്ബൂക്കിലും കുന്തത്തിലും കുടച്ചക്രത്തിലും ഒക്കെ. മാത്രവുമല്ല, ഇനിയും ഇതു പോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല മൊണഞ്ഞ നിയമങ്ങളും ഉണ്ട് മാറിമറിയാൻ!