ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, May 29, 2010

കിളിത്തൂവല്‍ ബ്ലോഗിലിട്ട കമന്റ്

കിളിത്തൂവല്‍ ബ്ലോഗിലെ അസ്തിത്വം എന്ന കവിതയ്ക്ക് എഴുതിയ കമന്റ്

ബന്ധപ്പെട്ട പോസ്റ്റ് ഇവിടെ

ദുർഗ്രാഹ്യത കവിതകളുടെ സവിശേഷതയാണ്. കവിതയെ ഗദ്യത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് ദുർഗ്രാഹ്യതയും കൂടിയാണ്.എന്നാൽ അതി ദുർഗ്രാഹ്യത വായനക്കാരെ കവിതയിൽ നിന്ന് അകറ്റും. എല്ലാവരും മലയാളം ബിരുദധാരികളല്ല. ബിംബങ്ങൾ കവിതയ്ക്ക് സൌന്ദര്യവും ഗൌരവവും നൽകും. പക്ഷെ ബിംബങ്ങൾ ഒരു വീർപ്പുമുട്ടലാകരുത്. അല്ല കവിത ഒരു ബൌദ്ധിക വ്യായാമമായാണ് കാണുന്നതെങ്കിൽ ഇത് ഉത്തമ കവിതയാണ്.

ഇങ്ങനെ വിമർശിച്ചുവെന്നു കരുതി ഈ കവിത ഈയുള്ളവന് ഇഷ്ടമായില്ലെന്നു കരുതേണ്ട. വസന്തം പ്രണയമായും പ്രണയം വസന്തമായും ഒക്കെ വന്നു ഭവിക്കട്ടെ.അടഞ്ഞുപോയ ജാലകം തുറക്കപ്പെടട്ടെ.വറ്റിപ്പോയ നദിയിൽ വീണ്ടും നീരൊഴുക്കുണ്ടാകട്ടെ. ഉപാധിയില്ലാതെ പ്രണയിച്ചു കിട്ടുന്ന ഉമിത്തീയിലും ഒരു സുഖമുണ്ടെന്നു കരുതുക.

ഇവിടെ പ്രണയത്തിൽ പരോപകാരത്തെ, ദീനാനുകമ്പയെ ആരോപിച്ചുകൊണ്ട് പറയട്ടെ; അതു പുണ്യമണ്. ജീവിതത്തെ പുണ്യങ്ങളുടെ പൂക്കാലമാക്കുക. നിരാശയല്ല പ്രതീക്ഷയാണ് ജീവിതത്തെ നയിക്കേണ്ടത്. എങ്കിലും യഥാർത്ഥമായ വ്യാകുലതകൾ മറച്ചുവയ്ക്കാത്ത വരികളിലൂടെ പുരോഗമിക്കുന്ന ഈ കവിതയ്ക്ക് ഒരു നല്ല അഭിനന്ദനം!

Friday, May 14, 2010

ഡോ. ജയന്‍ ദാമോദരന്റെ ബ്ലോഗില്‍ ഇട്ട കമന്റ്

ജയന്‍ ദാമോദരന്റെ ബ്ലോഗില്‍ ഇട്ട കമന്റ്

(കൂട്ടം സോഷ്യൽ നെറ്റ്വർക്ക് ബ്ലോഗിൽ ഡോ. ജയൻ ദാമോദരൻ എഴുതിയ കഥയിൽ ഇട്ട കമന്റ്)

നമ്മുടെ നാട്ടിൽ പണ്ട് സി.എൽ ജോസിന്റെ അഗ്നിവലയം കളിച്ചു. സ്ഥലത്തെ പ്രധാന മർമ്മാണിയും കമ്മ്യൂണിസ്റ്റും തടിയാപ്പീള്ളയുമായ തങ്കപ്പനാശാനും ഒരു റോൾ യുവനടന്മാരെ വിരട്ടി വാങ്ങി. നാടക സംഘത്തിന്റെ അച്ചടക്കം നോക്കി നടത്തുന്നതിന്റെ ചുമതല സ്വയം ഏറ്റെടുക്കുന്ന ആളും കൂടിയാണ് ആശാൻ.

ആരെങ്കിലും നടിമാരെ വാക്കല്ലാതെ നോക്കിയാൽ മതി നടൻ റിഹേഴ്സൽ സമയത്തേ ആശാൻ പുറത്താക്കി വായനശാല അടച്ചു കളയും! എന്തായാലും ആശാനെ പേടിയുള്ള നടന്മാർ നിവൃത്തിയില്ലാതെ അദ്ദേഹത്തിനും ഒരു റോൽ കൊടുത്തു. പക്ഷെ അദ്ദേഹത്തിനു ഡയലോഗൊന്നുമില്ല.

കൊലകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന നായികയെ ഒരു പത്ര പ്രവർത്തകൻ ഇന്റർവ്യൂ ചെയ്യുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. അവിടെ തോക്കും പിടിച്ച് കാവൽ നിൽക്കുന്ന പോലീസിന്റെ റോളാണ് തങ്കപ്പനാശാന്. കണ്ടാൽ തന്നെ ആരും പേടിക്കും. പക്ഷെ ഈ ജയിൽ രംഗം കുറച്ചു നേരമേ ഉള്ളു. നടി കഥ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഫ്ലാഷ് ബാക്കാണ്. ജയിലിന്റെ സെറ്റൊക്കെ മാറും.

പിന്നെ ഫ്ലാഷ് ബാക്ക് തുടങ്ങി ജയിലിൽനിന്നും രംഗം ആശുപത്രിയായി മാറുകയാണ്. പിന്നെ ആശാന് റോളില്ല. പക്ഷെ തങ്കപ്പനാശാൻ പിന്നെയും തോക്കും പിടിച്ചു നില്പാണ്. നല്ല പിടുത്തവും. സ്റ്റേജിലുള്ള മറ്റു നടന്മാർ കേണു പറഞ്ഞിട്ടും അവരെ കണ്ണു ചുമപ്പിച്ച് നോക്കി വിരട്ടുന്നതല്ലാതെ മാറുന്നില്ല. ഒടുവിൽ സ്റ്റേജിന്റെ ബാക്കിൽ തന്നെ ഉണ്ടായിരുന്ന പ്രായത്തിൽ ആശാന്റെ പ്രായത്തിലുള്ള ഒരാൾ ഇടപെട്ടു. ആശാനെ അനുനയത്തിൽ രംഗത്തുനിന്നി മാറ്റാൻ നോക്കി.

അപ്പോഴാണ് ഉത്തരവാദിത്വ ബോധമുള്ള ആശാൻ ചോദിന്നത്, ഈ പ്രായമായ രണ്ട് പെൺപിള്ളേരുടെ അടുത്ത് ഇവനെയൊക്കെ (മറ്റു നടന്മാരെ) നിറുത്തിയിട്ട് ഞാനിറങ്ങി പോയാൽ......! ഒരു സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുള്ള ഒരു നടിയാണ്. റിഹേഴ്സൽ തുടങ്ങിയ അന്നുമുതൽ തുടങ്ങിയതാണ് ഈ ഉത്തരവാദിത്വ ബോധം.

പിടിത്തം മൂത്തു നിൽക്കുന്ന ആശാൻ നാടക സ്റ്റേജാണെന്നതൊക്കെ മറന്നു. കുറഞ്ഞ പക്ഷം നായക നടനെയും പ്രധാന വില്ലനെയുമെങ്കിലും ഇറക്കി വിടാതെ രംഗം വിടുന്ന പ്രശ്നമില്ല. അവരെ യാണ് ആശാന് തീരെ വിശ്വാസമില്ലാത്തത്. ഒടുവിൽ നിവൃത്തിയില്ലാതെ തുറ്റർന്നുള്ള രംഗങ്ങളിലും ആശാൻ നിൽക്കട്ടെയെന്നു വിചാരിച്ച് നാടകം തുടരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. കാരണം തിങ്ങി നിറഞ്ഞ സദസ്സിൽ അടുത്തരംഗം തുടങ്ങാൻ താമസിച്ചാൽ പ്രശ്നമാകും.

അങ്ങനെ വീണ്ടും കർട്ടൻ പൊങ്ങി. രംഗം ഫ്ലാഷ്ബാക്കിലെ ആശുപത്രി! ജയിലിൽ കണ്ട വാർഡൻപോലീസ് ഇവിടെയും! കാണികൾ കരുതിയത് ജയിൽ പുള്ളിയായതുകൊണ്ട് പ്രൊട്ടക്ഷന് പുള്ളി ആശുപത്രിയിലും നിയമിക്കപ്പെട്ടതാണെന്നാണ്.

പക്ഷെ നാടകത്തിൽ തുടർ രംഗങ്ങളിൽ ആ‍വശ്യമില്ലാത്ത ആ മഹാനടന്റെ സാന്നിദ്ധ്യം കണ്ട് സദസ്സിൽ മുൻ നിരയിൽ ഒരു സ്കൂൾ മാ‍ഷ് അന്തം വിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല നാടകത്തിനെ സംവിധായകനും വായനശാലയുടെ ആജീവനാന്ത രക്ഷാധികരിയുമായ എന്റെ സ്വന്തം പിതാശ്രീ അവർകളായിരുന്നു.

ഇങ്ങനെ ഒരുപാട് നാടകാനുഭവങ്ങൾ നമ്മുടെ നാട്ടിലുണ്ട്.

Tuesday, May 4, 2010

മുന്നൂറാന്റെ ബ്ലോഗിലിട്ട കമന്റ്

മുന്നൂറാന്റെ (പി.റ്റി.മുഹമ്മദ് സദിക്ക്) ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റ് ഇവിടെ

ബ്ലോഗനയിൽ ഈ പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. ആട്ടിൻ കുട്ടികളെ കുറിച്ചുള്ള എഴുത്ത് എന്നെയും കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ആട്ടിൻ കുട്ടികളെ മത്രമല്ല വീട്ടിൽ വളർത്തുന്ന ഒരു കോഴിയെ പോലും കശാപ്പുന്നത് എനിക്കിഷ്ടമല്ല.അത് പൂവൻ കോഴിയായാലും.

പണ്ട് വിറ്റതും കണ്ടിച്ചതുമായ ആടുകളും കോഴികളും എല്ലാം ഇന്നും മനസ്സിന്റെ വിങ്ങലുകളാണ്. എന്റെ കോഴികളെയും കോഴി കുഞ്ഞുങ്ങളെയും തിന്ന കിള്ളിറാന്മാ‍ർ, പരുന്തുകൾ,കാക്കകൾ, കുറുക്കന്മാർ, കീരികൾ ഇത്യാദികളോടുള്ള വൈരാ‍ഗ്യം ഇന്നും എനിക്ക് തീർന്നിട്ടില്ല. ഈ ദുഖങ്ങൾ ഒഴിവാക്കാൻ കൂടിത്തന്നെ ഇപ്പോൾ ഒരു ജീവിയെയും വീട്ടിൽ നമ്മൾ വളർത്തുന്നില്ല.എന്തായാലും ആടുകളും കോഴികളുമയി സന്തോഷിച്ചു കഴിഞ്ഞിരുന്ന ആ കാലം ഓർമ്മിപ്പിച്ചതിനു നന്ദി!

ഞാനും നല്ല പ്രായത്തിൽ കണ്ട സിനിമകൾക്ക് കണക്കില്ല. ഒരു കാലത്ത് സിനിമ തന്നെയായിരുന്നു ജീവിതം.എല്ലാത്തരം സിനിമകളും കണ്ടിരുന്നു. എ പടങ്ങളടക്കം.ആർട്ട് പടങ്ങളോട് അന്നും താല്പര്യമുണ്ടായിരുന്നു.

പക്ഷെ ഇപ്പോൾ തിയേറ്ററുകളിൽ പോയി സിനിമ കാണാറില്ല. സി.ഡി ഇറങ്ങുമ്പോൾ കാണുന്നെങ്കിലേ ഉള്ളൂ. തിയേറ്ററിൽ പോയി വൻ ടിക്കറ്റ് ചാർജു മുടക്കി സൂപ്പർ താരങ്ങളെയും ഫാൻസ് അസോസിയേഷനുകളെയും വളർത്താൻ വലിയ താല്പര്യവുമില്ല. നല്ല സിനിമകൾ കുറവാണു താ‍നും. മാത്രവുമല്ല നല്ല സിനിമ കാണാൻ പോയാൽ ബുദ്ധിജീവി ജാഡയെന്ന് ചിലർ കളിയാക്കും. ടി.ഡി. ദാസൻ (പരാമർശിച്ച ചിത്രം) കാണണമെന്നുണ്ട്. അത്തരം സിനിമകളാണ് ഇഷ്ടം.

ഞാൻ അന്യ ഭാ‍ഷാ ചിത്രങ്ങൾ കാണാറില്ല. പക്ഷെ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൽ ഇഷ്ട ചിത്രങ്ങളെ കുറിച്ച് ചോദിച്ചാൽ ആദ്യം പറയുന്നത് പഥേർ പാഞ്ചാലി എന്നായിരുന്നു. ബുദ്ധിജീവി നടിച്ച് അങ്ങനെ പറയുന്ന സമയത്തൊന്നും സത്യത്തിൽ ഞാൻ ആ പടം കണ്ടിരുന്നില്ല. പക്ഷെ പിന്നീട് റ്റി.വിയിൽ പഥേർ പാ‍ഞ്ചാലി കണ്ടു. സത്യം പറയട്ടെ. ഞാൻ ആദ്യാവസാനം കണ്ടിരുന്ന ഒരു അന്യഭാഷാ ചിത്രം പഥേർ പാഞ്ചാലിയാണ്. അതു പോലെ എനിക്കിഷ്ടപ്പെട്ട മറ്റൊരു ചിത്രവും ഇന്നുവരെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടാകുമോ എന്നറിയില്ല.

മലയാളത്തിലെ ഡാനി, പൊന്തൻ മാട ഇതൊക്കെ എന്റെ ഇഷ്ട ചിത്രങ്ങളാണ്. ആർട്ട് പടങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ്. തമാശ പടങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു. ഇഷ്ടമില്ലാത്തത് സൂപ്പർ താരങ്ങൾ വീര ശൂര പരാകരമികളായി ജയിച്ചു കയറുന്ന, വിവരമുള്ളവരുടെ സാമാന്യ ബുദ്ധിയെ തന്നെ പരിഹസിക്കുന്ന ചിത്രങ്ങളാണ്. അതേ സൂപ്പർ സ്റ്റാറുകൾ തന്നെ ആർട്ട് (അങ്ങനെ തരം തിരിക്കാമോ എന്നത് വേറെ കാര്യം) പടങ്ങളിൽ നല്ല അഭിനയം കാഴ്ച വച്ചിട്ടുമുണ്ട്.

ഡാനിയിലെ മമ്മൂട്ടിയും വാസ്തുഹാരയിലെ മോഹൻ ലാലിനെയും ഞാൻ മറക്കില്ല. ആർട്ട് പടങ്ങളൊന്നും അല്ലെങ്കിലും, മരംചുറ്റി പ്രേമവും മറ്റും ഉണ്ടായിരുന്നെങ്കിലും പഴയകാല ചിത്രങ്ങളും നല്ലൊരു പങ്കും ജീവിത സ്പർശിയയിരുന്നു. എല്ലാം ജീവിത സ്പർശിയാകണം എന്ന വശിയല്ല. മനുഷ്യ ജീവിതം അവതരിപ്പിക്കുമ്പോൾ അല്പമൊക്കെ സംഭവിക്കാനുള്ള സാധ്യതകൾ ഉള്ള കാര്യങ്ങൾ വേണം കാണിക്കാൻ.അല്ലാതെ ആളുകളെ വിഡ്ഢികളാക്കരുത്.

മലയാളത്തിൽ തിയേറ്ററുകളിൽ പൊട്ടിപ്പോയ എത്രയോ നല്ല സിനിമകൾ ഉണ്ട്. തിയേറ്ററുകളിലെ തലയെണ്ണി സിനിമകളുടെ മേന്മ നിർണ്ണയിക്കുന്ന പ്രവണത ശരിയല്ല. അതിനൊക്കെ ഒരു മാ‍റ്റം വരണം. പ്രേക്ഷകരുടെ ഒരു ഗുണകരമായ ഒരു കാഴ്ചസംസ്കാരം നാം വളർത്തിയെടുക്കേണ്ടതാണ്.

എന്തായാലും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം എഴുതക്കങ്ങൾക്ക് ആശംസകൾ! ഇനിയും കാണാം.