ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, August 31, 2011

ജീവിതത്തെ സ്പർശിച്ചു പോകുന്നവ


ജീവിതത്തെ സ്പർശിച്ചു പോകുന്നവ
Link

എന്റെതന്നെ വിശ്വമാനവികം 1 എന്ന ബ്ലോഗിലെ ഒരു പോസ്റ്റിൽ ഞാൻ ഇട്ട കമന്റ് . ആ പോസ്റ്റും കമന്റുകളും കാണാൻ ഈ ലിങ്കിൽ ഞെക്കുക.

കമന്റുകൾക്ക് നന്ദി!

സുഖം, ദു:ഖം, സന്തോഷം, സന്താപം, ആശ നിരാശ, വിരക്തി ഇതെല്ലാം ഏറിയും കുറഞ്ഞും ഏതൊരാളുടെയും ജീവിതത്തിലൂടെ കടന്നുവരികയും പോകുകയും ചെയ്യുന്നുണ്ട്. ഭൂമിയ്ക്കടിയിൽ സദാ സാധാരണ നിലയ്ക്കുള്ള ചലനങ്ങളും അതിന്റെ ചെറു പ്രത്യാഘാതങ്ങളും സംഭവിച്ചു പോരുന്നുണ്ട്. അവയുടെ പരിണിത ഫലങ്ങൾ ചെറുതാകയാൽ ഭൂമിയുടെ മുകളിൽ വസിക്കുന്ന നമ്മളെ ബാധിക്കുന്നില്ല. എന്നാൽ വലിയ ഭൂചലന്നങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മെ സാരമായി ബാധിക്കുന്നു. അതുപോലെയാണ് നമ്മുടെ ജീവിതവും. ചിലതൊക്കെ പതിവുപോലെ നമ്മെ സ്പർശിച്ചു പോകും. ചിലതൊക്കെ നമ്മെ വല്ലാതെ പിടിച്ചുകുലുക്കും. ചിലത് ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ ഇല്ലാതാക്കും. ഇവിടെ എന്നെ സ്പർശിച്ചുപോയ ചെറിയ ഒരു അനുഭവം ഞൻ പങ്ക് വച്ചെന്നേയുള്ളൂ. കമന്റുകൾക്ക് ഒരിക്കല്‍ കൂടി നന്ദി!

Sunday, August 28, 2011

ഒന്നാന്തിയിരിക്കലും മറ്റും !


ഒന്നാന്തിയിരിക്കലും മറ്റും !


(ഡോ.ജയൻ ദാമോദരന്റെ എഴുത്തിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റ് കാണാൻ ഇവിടെ ഞെക്കുക)

ഇവിടെ മിസ്ലിം വീടുകളിലും ഉണ്ടായിരുന്നു, ഈ ഒന്നാന്തി ഇരിക്കലും കൈനീട്ടവും കണികാണലും എല്ലാം. ഞാനും കുറെ ഒന്നാംതി ഇരുന്നിട്ട്.പലരും എന്റെ ഒന്നാം തീയതി ഇരിക്കലിനായി തലേന്ന് വീട്ടിൽ ശുപാർശയ്ക്കെത്തിയിരുന്നു. നമ്മ ഒന്നാംതീ കയറിയാൽ കൊള്ളാമെന്ന് നാലാൾ പറഞ്ഞുതുടങ്ങിയപ്പോൾ നമ്മുടെ ഉമ്മുമ്മ വീട്ടിൽ പറഞ്ഞു. അവൻ ഇനി വേറെ വീടുകളിൽ പോയി ഒന്നംതീ ഇരിക്കേണ്ട. നമ്മുടെ വീട്ടിൽ തന്നെ കയറട്ടെ.(വീട്ടിലെ ഐശ്വര്യം നാട്ടുകാർക്ക് കൊണ്ടുകൊടുക്കുന്നതെന്തിന്? നമുക്ക് കയ്ക്കുമോ എന്നായി ഉമ്മുമ്മയുടെ പക്ഷം). അതിനായി തലേദിവസം അടുത്തുള്ള ബന്ധുവീട്ടിൽ പറഞ്ഞു വിടും. അവിടെ കിടന്നിട്ട് രാവിലെ എഴുന്നേറ്റ് വന്ന് നമ്മുടെ വീട്ടിൽത്തന്നെ ഒന്നാംതീ ഇരിക്കണം. ദക്ഷിണയും കിട്ടും. നമ്മൾ ആരാ പുള്ളികൾ? വരുന്ന വഴിയിൽ മറ്റു പല വീട്ടിലും രഹസ്യമായി അങ്ങ് ഒന്നാംതീ കയറും. പലരും പറഞ്ഞു വച്ചിരിക്കും.ഇത് പിന്നിട് മണത്തറിഞ്ഞ ഉമ്മുമ്മ ഒരാൾ ഒരു ദിവസം ഒന്നിലധികം വീടുകളിൽ കയറിയാൽ ആർക്കും ഐശ്വര്യമുണ്ടാകില്ലെന്ന ഒരു പുതിയ നിയമം ആവിഷ്കരിച്ച് നടപ്പിലാക്കിക്കലഞ്ഞു. അതോടെ നമ്മുടെ ആ അഡീഷണൽ വരുമാനം കുറഞ്ഞും ഭവിച്ചു!

കൂട്ടത്തില്‍ മറ്റൊന്നു കൂടി. മറ്റൊരു വിചിത്രമായ വിശ്വാസം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസം ആരെങ്കിലും മറ്റൊരു വീട്ടിൽ ചെന്ന് കിടന്നു പോയാൽ ആ ചെല്ലുന്നവരുടെ വീട്ടിലെ ഐശ്വര്യമൊക്കെ ഒന്നോടെ ഇല്ലാതാകും.അവ മൊത്തമായും അഥിതികലായി ആ ചെന്ന് കിടന്ന വീട്ടിലേയ്ക്ക് മൊത്തമായും ട്രാൻസ്ഫർ ആകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് അഥവാ അങ്ങനെ കിടന്നുപോയാൽ പിന്നെ അടുത്തൊരു വ്യാഴാഴ്ച ആ വീട്ടിൽ പോയി കിടന്നിട്ട് പിറ്റേന്നത്തെ വെള്ളിയാഴ്ചയും എടുത്തുകൊണ്ട് സ്വന്തം വീട്ടിൽ തിരിച്ച് എത്തണം. (മുമ്പ് കൊണ്ടു വച്ച സ്വന്തം വെള്ളിയാഴ്ച തിരിച്ചെടുക്കുന്നുവെന്നു സാരം). അതുകൊണ്ട് വെള്ളിയാഴ്ചകളിൽ ആരും ഒരു വീട്ടിലും പോയി സ്റ്റേ ചെയ്യാറില്ല. ഇപ്പോ പിന്നെ ആരും എങ്ങും പോയി സ്റ്റേകൾ ചെയ്യാറില്ലാത്തതുകൊണ്ട് ആ വിശ്വാസങ്ങളുടെയൊക്കെ തീവ്രതയും കുറഞ്ഞു!

ഗൾഫിൽ പോകാൻ ഇറങ്ങുന്നവർക്ക് നീർത്തം വരാൻ “കൊള്ളാവുന്ന“ ചില നീർത്തശ്രീമാന്മാരും, നീർത്തശ്രീമതികളുംകൂടി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.ഇവരുടെ നീർത്തത്തിൽ ഗൽഫിൽ പോയി രക്ഷപ്പെട്ടവരുടെ കഥകൾ മാത്രം എന്നും ചർച്ചയായി. ഗൾഫിൽ പോയി തെണ്ടിത്തിരിഞ്ഞ് മൊട്ടയുമടിച്ചു വന്ന നിർഭാഗ്യവാന്മാർക്കും അതേ പുള്ളീകൾ തന്നെ നീർത്തം വന്നത് എന്നത് ആരും ഒരിക്കലും ചർച്ചയ്ക്കെടുത്തതുമില്ല. ഇപ്പോൾ ഗൾഫുകാർ വരുന്നതും പോകുന്നതും ഒന്നും ആരും അറിയാറുതന്നെ ഇല്ല.

ഇന്ന് ഒക്കെ ഓർക്കുമ്പോൾ അറിയാതെ ചിരിച്ചുപോകും. എന്തെല്ലാം വിചിത്രമായ വിശ്വാസങ്ങൾ!

Tuesday, August 23, 2011

വാക്കുകൾക്കപ്പുറത്തെ ഭാഷ

വാക്കുകൾക്കപ്പുറത്തെ ഭാഷ

(മാണിക്യത്തിൽ ഇട്ട കമന്റ്)

വാക്കുകൾക്കപ്പുറത്തെ ഭാഷയെക്കുറിച്ച് ഇതിലും നന്നായി എങ്ങനെ പറയാൻ? ഭാഷകൾ നിലവിൽ വരുന്നതിനു മുമ്പ് മനുഷ്യൻ ആംഗ്യങ്ങളും പിന്നെ ചില ശബ്ദങ്ങളും ആ ശബ്ദങ്ങൾ പിന്നെ പിന്നെ ഭാഷയും ഭാഷയ്ക്ക് പിന്നെ ലിപികളും....അങ്ങനെ നാം ഇവിടം വരെയെത്തി. പക്ഷെ ഇന്നും ആംഗ്യത്തിന്റെയും മൌനത്തിന്റെയും നോട്ടത്തിന്റെയും ചിലപ്പോൾ നടത്തത്തിന്റെ പോലും ഭാഷ ശക്തമായി ഇന്നും നാം ഉപയോഗിക്കുന്നു. അതുപോലെ ഉടുപ്പിനും നടപ്പിനും ഒക്കെയുണ്ട് ഒരു ഭാഷ; എല്ലാവർക്കും മനസിലാകുന്ന ഭാഷ. വാക്കുകൾക്കപ്പുറത്തെ ഈ ഭാഷകൾക്കും ചില സ്ഥല-കാല-ദേശഭേദങ്ങൾ ഉണ്ടെങ്കിലും അവയിൽ മിക്കതും കാലാതിവർത്തിയും ദേശാതിവർത്തിയും ആണ്!Sunday, August 21, 2011

മഹദ് വചനങ്ങളെക്കുറിച്ച്


ഷെരീഫ് കൊട്ടാരക്കരയുടെ ബ്ലോഗ്പോസ്റ്റിലിട്ട കമന്റ്


ആചാരങ്ങളെക്കാൾ നാം പിൻപറ്റേണ്ടത് മഹദ് വചനങ്ങനേയാണ്. കാരണം ആചാരങ്ങൾ എന്നു നാം പറയുന്നതിൽ പലതും അനാചാരങ്ങളും അവ അനുചിതങ്ങളും അനാവശ്യവും ആയേക്കാം. എന്നാൽ വചനങ്ങളെ സംബന്ധിച്ച് തിന്മയുടെ വചനങ്ങൾ ലോകത്തൊരു മഹാത്മാവും ഇന്നു വരെ അരുളി ചെയ്തിട്ടില്ല. തിന്മയുടെ വചനങ്ങൾ അരുളി ചെയ്ത ആരെയെങ്കിലും മഹാത്മാവെന്നു വിളിക്കുന്നുണ്ടെങ്കിൽ അവരെ നാം ശ്രദ്ധിച്ചു കൊള്ളണം. അതുപോലെ മഹദ് വചനങ്ങളുടെ പേർ പറഞ്ഞ് ആരെങ്കിലും അശാന്തരായും അക്രമാസക്തരായും കാണപ്പെടുന്നുവെങ്കിൽ അവരെയും നാം സൂക്ഷിച്ചുകൊള്ളുക. ആസ്തികർക്കും നാസ്തികർക്കും ഒരു പോലെ സ്വീകാര്യവും തള്ളിപ്പറയാനാകാത്തവയുമത്രേ മഹദ് വചനങ്ങൾ. മാതാപിതാക്കളെ ആദരിക്കണമെന്നു പറഞ്ഞാൽ ഹിന്ദുവിനോ മുസൽമാനോ ക്രിസ്ത്യാനിക്കോ യുക്തിവദിയ്ക്കോ അതിനെ അംഗീകരിക്കാതിരിക്കാനാവില്ലല്ലോ. അയൽക്കാരുടെ കാര്യവും അങ്ങനെ തന്നെ.തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ക്രിസ്തുവചനം ക്രിസ്ത്യാനികൾക്കു മാത്രമുള്ളതല്ല. വിയർപ്പുതുള്ളി ഉണങ്ങുന്നതിനു മുമ്പ് തൊഴിലാളിയ്ക്ക് കൂലി നൽകണമെന്ന് പറഞ്ഞ നബി വചനം മുസ്ലിങ്ങൾക്ക് മാത്രമുള്ളതല്ല;അത് എല്ലാവരുടെയും , കമ്മ്യൂണിസ്റ്റുകാരുടെയും തിരുവചനമാകുന്നു. എല്ലാവരും മഹദ് വചനങ്ങളെ പിൻ പറ്റി ജീവിക്കുന്ന പക്ഷം ഒരു ഭരണകൂടം തന്നെ വേണ്ടി വരില്ല! അതുകൊണ്ട് നാം മഹദ്വചനങ്ങളെ സ്വീകരിച്ച് നന്മകളെ സ്വാംശീകരിച്ച് ജീവിക്കുവാൻ ശ്രമിക്കുക! നന്മ മനസിനു ശാന്തിയും സമാധാനവും നൽകും. തിന്മകൽ മറിച്ചും!

ബന്ധപ്പെട്ട പോസ്റ്റ് വായിക്കാൻ ഈ ലിങ്കിൽ ഞെക്കുക

Saturday, August 13, 2011

ശാന്ത കാവുമ്പായിയുടെ ബ്ലോഗിലിട്ട കമന്റ്

ശാന്ത കാവുമ്പായിയുടെ ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്ക് ലിങ്കിൽ ഞെക്കി വരാം

സംഭവബഹുലമായ സമൂഹത്തെ നന്നായി നോക്കിക്കാണുന്നുണ്ട് കഥാകൃത്ത്. കഥയെഴുതുന്നവർക്കും വായിക്കുന്നവർക്കും സമാനമായ സമൂഹക്കാഴ്ചകളുടെ അനുഭവങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ വായന അവാച്യമായ ഒരു അനുഭവമായി മാറും. ഇക്കഥ ഈ വായനക്കാരനിൽ അത്തരമൊരു വായനാനുഭവമായി മാറി. അധികം പൊടിപ്പും തൊങ്ങലുമില്ലാതെ പറഞ്ഞങ്ങു പോയെങ്കിലും കണ്മുന്നിൽ എല്ലാം കാണുന്നതുപോലെതന്നെ തോന്നി. ചുരുക്കത്തിൽ വാക്കുകളുടെ മാസ്മരികതയൊന്നും സൃഷ്ടിക്കാതെ തന്നെ കഥാകാരി ഒരു നല്ല കഥ പറഞ്ഞു. സമൂഹത്തിൽ അടർത്തിയെടുത്ത സംഭവബഹുലമായ ജീവിതത്തിന്റെ ഒരു ചിന്ത്. ഒരു നേർക്കാഴ്ച. അത് ഈ വായനക്കാരന് ഇഷ്ടമായത് ഇവ്വിധം അടയാളപ്പെടുത്തുന്നു.

Thursday, August 11, 2011

കെ.പി.എസിന്റെ ബ്ലോഗിലിട്ട കമന്റ്


കെ.പി.
എസിന്റെ ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റ്‌ കാണാന്‍ ഈ ലിങ്ക് വഴി പോകുക

ഈ പോസ്റ്റ് ഇന്നാണ് വായിക്കാൻ പറ്റിയത്. ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതിനു സമയവും കാലവും ഒന്നുമില്ലല്ലോ. പ്രത്യേകിച്ചും കാലാതിവർത്തിയായ എഴുത്തുകുത്തുകൾക്ക്. ഈ പോസ്റ്റ് എനിക്കിഷ്ടമായി. പക്ഷെ എന്റെ പ്രതികരണം അല്പം നിഷേധാത്മകമാണ്. ആൾ ദൈവങ്ങളെ കല്ലെറിഞ്ഞിട്ട് കാര്യമില്ല. അവരുടെ അടുത്തേയ്ക്ക് പോകുന്നവരെയാണ് നന്നാക്കേണ്ടത്. ഭക്തരുണ്ടെങ്കിൽ ദൈവങ്ങളുണ്ടാകും. ആൾ ദൈവങ്ങളുണ്ടാകും. കുടിയന്മാർ ഉള്ളിടത്തോളം ചാരായക്കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ടോ ചാരായ നിരോധനം നടത്തിയിട്ടോ കാര്യമില്ല. വാങ്ങാൻ കിട്ടിയില്ലെങ്കിൽ വാറ്റിക്കുടിയ്ക്കും. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഹിതവും അവിഹിതവുമായ കാര്യങ്ങൾക്ക് കൈക്കൂലി കൊണ്ടു കൊടുക്കുന്ന ജനത്തെയാണ് തിരുത്തേണ്ടത്. കൊടുക്കാൻ ആളുണ്ടെങ്കിൽ വാങ്ങാൻ അവർ എങ്ങനെ മടിക്കും? സമൂഹത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. ആൾ ദൈവങ്ങളുടെ കാര്യവും അതു തന്നെ. അവർ ബുദ്ധിയുള്ളവരാണ്. ബുദ്ധിശൂന്യരെ അവർ ഉപയോഗിക്കുന്നു. താങ്കൾ സൂചിപ്പിച്ചതുപോലെ ആരാധകരുടെ വിഢിത്തമോർത്ത് അവർ ഉള്ളിൽ ചിരിക്കും. ശാസ്ത്രജ്ഞന്മാർ തന്നെ തേങ്ങാ‍ അടിച്ചിട്ട് റോക്കറ്റ് വിക്ഷേപിക്കുന്ന നാട്ടിൽ പാവപ്പെട്ട ജനങ്ങളെ എന്തിനു കുറ്റം പറയുന്നു. ഹൈ ക്വാളിഫൈഡ് ആളുകളാണ് അക്ഷരാഭ്യാസമില്ലാത്ത ആൾ ദൈവങ്ങൾക്ക് പുറകെ പോകുന്നത്. ഭക്തി പലർക്കും ഇന്ന് ഒരു അലങ്കാരമായി മാരിയിരിക്കുന്നു. ഒപ്പം ചിലർ ഭക്തിയെ ഒരു വില്പന ചരക്കും ആക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളെ ആൾ ദൈവങ്ങളോട് ഉപമിച്ചത് താങ്കളുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടായതിനാലും അങ്ങനത്തെ വിരോധം വച്ചുപുലർത്താനുള്ള അവകാശം താങ്കൾക്കുള്ളതുകൊണ്ടും അത് ഞാൻ ഗൌനിക്കുന്നില്ല.

Saturday, August 6, 2011

മാണിക്യത്തിനു നൽകിയ മറുപടി കമന്റ്


ബ്ലോഗ്ഗർ മാണിക്യത്തിനു നൽകിയ മറുപടി കമന്റ്


മാണിക്യം ചേച്ചീ,

ചേച്ചീ എന്താ ഈ പറയുന്നത് “എന്നെക്കാള്‍ നന്നായി എഴുതുന്ന താങ്കളെ പോലുള്ളവരുടെ പോസ്റ്റുകള്‍ വായിച്ചു തീരുമ്പോള്‍ എന്റെ എഴുത്ത് പിന്നത്തേയ്ക്ക് മാറ്റി വയ്ക്കപ്പെടുന്നു.“ എന്നോ?

ഞാൻ ചേച്ചിയേക്കാൾ നന്നായി എഴുതുമെന്നോ? ചേച്ചിയെ പോലെ ഒരാൾക്ക് ഇത്രയും വിനയം വേണോ? ചേച്ചിയുടെ മഹത്വം എന്നല്ലാതെ എന്തുപറയാൻ! മാണിക്യം ചേച്ചിയെ പോലുള്ളവർ നമുക്ക് ഗുരുതുല്യരാണ്. നമ്മുടെ പോസ്റ്റൊന്നും കണക്കാക്കേണ്ട. ചേച്ചി എഴുതണം. നല്ല എഴുത്തുകാർ ബസിലും ഫെയിസ് ബൂക്കിലും മാത്രം പോയി കുടുങ്ങിക്കിടക്കുന്നതിൽ ഈയുള്ളവന് നിരാശയുണ്ട്. ബ്ലോഗെഴുത്തും ബ്ലോഗ് വായനയും ബ്ലോഗിലെ കമന്റെഴുത്തും പോലെയുള്ള ഒരു സുഖം എനിക്കെന്തോ മറ്റൊരിടത്തും ലഭിക്കുന്നില്ല. ഞാൻ ഒരു അരസികൻ ആയതുകൊണ്ടാണോ എന്നറിയില്ല. എന്തായാലും ഇടയ്ക്കെങ്കിലും ചേച്ചിയെ പോലുള്ളവർ ബ്ലോഗിൽ എഴുതുന്നത് ബ്ലോഗിൽ മാത്രം കുടുങ്ങിക്കിടക്കാൻ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഒരു പ്രചോദനമായിരിക്കും. എന്റെ പോസ്റ്റിൽ വന്ന് കമന്റെഴുതിയതിനു നന്ദി!

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് : തൊടുപുഴ ബ്ലോഗ് മീറ്റ് പോസ്റ്റ് (വിശ്വമാനവികം 1)