ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, August 28, 2011

ഒന്നാന്തിയിരിക്കലും മറ്റും !


ഒന്നാന്തിയിരിക്കലും മറ്റും !


(ഡോ.ജയൻ ദാമോദരന്റെ എഴുത്തിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റ് കാണാൻ ഇവിടെ ഞെക്കുക)

ഇവിടെ മിസ്ലിം വീടുകളിലും ഉണ്ടായിരുന്നു, ഈ ഒന്നാന്തി ഇരിക്കലും കൈനീട്ടവും കണികാണലും എല്ലാം. ഞാനും കുറെ ഒന്നാംതി ഇരുന്നിട്ട്.പലരും എന്റെ ഒന്നാം തീയതി ഇരിക്കലിനായി തലേന്ന് വീട്ടിൽ ശുപാർശയ്ക്കെത്തിയിരുന്നു. നമ്മ ഒന്നാംതീ കയറിയാൽ കൊള്ളാമെന്ന് നാലാൾ പറഞ്ഞുതുടങ്ങിയപ്പോൾ നമ്മുടെ ഉമ്മുമ്മ വീട്ടിൽ പറഞ്ഞു. അവൻ ഇനി വേറെ വീടുകളിൽ പോയി ഒന്നംതീ ഇരിക്കേണ്ട. നമ്മുടെ വീട്ടിൽ തന്നെ കയറട്ടെ.(വീട്ടിലെ ഐശ്വര്യം നാട്ടുകാർക്ക് കൊണ്ടുകൊടുക്കുന്നതെന്തിന്? നമുക്ക് കയ്ക്കുമോ എന്നായി ഉമ്മുമ്മയുടെ പക്ഷം). അതിനായി തലേദിവസം അടുത്തുള്ള ബന്ധുവീട്ടിൽ പറഞ്ഞു വിടും. അവിടെ കിടന്നിട്ട് രാവിലെ എഴുന്നേറ്റ് വന്ന് നമ്മുടെ വീട്ടിൽത്തന്നെ ഒന്നാംതീ ഇരിക്കണം. ദക്ഷിണയും കിട്ടും. നമ്മൾ ആരാ പുള്ളികൾ? വരുന്ന വഴിയിൽ മറ്റു പല വീട്ടിലും രഹസ്യമായി അങ്ങ് ഒന്നാംതീ കയറും. പലരും പറഞ്ഞു വച്ചിരിക്കും.ഇത് പിന്നിട് മണത്തറിഞ്ഞ ഉമ്മുമ്മ ഒരാൾ ഒരു ദിവസം ഒന്നിലധികം വീടുകളിൽ കയറിയാൽ ആർക്കും ഐശ്വര്യമുണ്ടാകില്ലെന്ന ഒരു പുതിയ നിയമം ആവിഷ്കരിച്ച് നടപ്പിലാക്കിക്കലഞ്ഞു. അതോടെ നമ്മുടെ ആ അഡീഷണൽ വരുമാനം കുറഞ്ഞും ഭവിച്ചു!

കൂട്ടത്തില്‍ മറ്റൊന്നു കൂടി. മറ്റൊരു വിചിത്രമായ വിശ്വാസം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസം ആരെങ്കിലും മറ്റൊരു വീട്ടിൽ ചെന്ന് കിടന്നു പോയാൽ ആ ചെല്ലുന്നവരുടെ വീട്ടിലെ ഐശ്വര്യമൊക്കെ ഒന്നോടെ ഇല്ലാതാകും.അവ മൊത്തമായും അഥിതികലായി ആ ചെന്ന് കിടന്ന വീട്ടിലേയ്ക്ക് മൊത്തമായും ട്രാൻസ്ഫർ ആകാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് അഥവാ അങ്ങനെ കിടന്നുപോയാൽ പിന്നെ അടുത്തൊരു വ്യാഴാഴ്ച ആ വീട്ടിൽ പോയി കിടന്നിട്ട് പിറ്റേന്നത്തെ വെള്ളിയാഴ്ചയും എടുത്തുകൊണ്ട് സ്വന്തം വീട്ടിൽ തിരിച്ച് എത്തണം. (മുമ്പ് കൊണ്ടു വച്ച സ്വന്തം വെള്ളിയാഴ്ച തിരിച്ചെടുക്കുന്നുവെന്നു സാരം). അതുകൊണ്ട് വെള്ളിയാഴ്ചകളിൽ ആരും ഒരു വീട്ടിലും പോയി സ്റ്റേ ചെയ്യാറില്ല. ഇപ്പോ പിന്നെ ആരും എങ്ങും പോയി സ്റ്റേകൾ ചെയ്യാറില്ലാത്തതുകൊണ്ട് ആ വിശ്വാസങ്ങളുടെയൊക്കെ തീവ്രതയും കുറഞ്ഞു!

ഗൾഫിൽ പോകാൻ ഇറങ്ങുന്നവർക്ക് നീർത്തം വരാൻ “കൊള്ളാവുന്ന“ ചില നീർത്തശ്രീമാന്മാരും, നീർത്തശ്രീമതികളുംകൂടി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.ഇവരുടെ നീർത്തത്തിൽ ഗൽഫിൽ പോയി രക്ഷപ്പെട്ടവരുടെ കഥകൾ മാത്രം എന്നും ചർച്ചയായി. ഗൾഫിൽ പോയി തെണ്ടിത്തിരിഞ്ഞ് മൊട്ടയുമടിച്ചു വന്ന നിർഭാഗ്യവാന്മാർക്കും അതേ പുള്ളീകൾ തന്നെ നീർത്തം വന്നത് എന്നത് ആരും ഒരിക്കലും ചർച്ചയ്ക്കെടുത്തതുമില്ല. ഇപ്പോൾ ഗൾഫുകാർ വരുന്നതും പോകുന്നതും ഒന്നും ആരും അറിയാറുതന്നെ ഇല്ല.

ഇന്ന് ഒക്കെ ഓർക്കുമ്പോൾ അറിയാതെ ചിരിച്ചുപോകും. എന്തെല്ലാം വിചിത്രമായ വിശ്വാസങ്ങൾ!

1 comment:

jayanEvoor said...

ഹ!!
കൊള്ളാം!
എങ്കിലും ആ കാലം ഒരു നൊസ്റ്റാൽജിയ ആണ്!