ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, February 26, 2012

പുസ്തകപ്രസാധനവും എഴുത്തുകാരും

പുസ്തകപ്രസാധനവും എഴുത്തുകാരും

ബൂലോകം ഡോട്ട് കോമിൽ ഇട്ട കമന്റ് ! ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്.

" എന്തായാലും സ്വന്തം കൈയ്യിലെ പണം മുടക്കി ഞാനായിട്ട് അതൊന്നും പുസ്തകം ആക്കില്ല. അതിനായുള്ള പണം കയ്യില്‍ ഇല്ലാത്തതുകൊണ്ടോ പിശുക്കനായതുകൊണ്ടോ അല്ല. ഞാന്‍ എഴുതിയതില്‍ കാമ്പുള്ളത് എന്തെങ്കിലുംഉണ്ടെന്നും, അത് പുസ്തകമാക്കിയാല്‍ വിറ്റുപോകുമെന്നും എനിക്കല്ല തോന്നേണ്ടത്, ഒരു പ്രസാധകന് ആണ്."

ഇവിടെ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മുമ്പ് പ്രസാധകർ പ്രശസ്തരും പ്രാമാണികരുമായ എഴുത്തുകാരുടെ സൃഷ്ടികൾ അങ്ങോട്ടുപോയി ആവശ്യപ്പെട്ട് വാങ്ങി പ്രസിദ്ധീകരിക്കുമായിരുന്നു. ഇപ്പോഴും കുറച്ചൊക്കെ അങ്ങനെതന്നെ നടക്കുന്നുണ്ടാകും. അതുപോലെ പലരുടെയും രചനകൾ വൻകിട പ്രസാധകരുടെ എഡിറ്റർ എന്ന അക്ഷരപ്രമാണിയുടെ പരിശോധനയിൽ ചവറ്റുകുട്ടയിലേയ്ക്ക് എറിയപ്പെടുകവഴി സർഗ്ഗശേഷികളിൽ ആത്മ വിശ്വാസം നഷ്ടപ്പെട്ട് എഴുത്തേ നിർത്തിയവർ എത്രയെങ്കിലുമുണ്ടാകും. പിന്നെ മറ്റുചിലർ അങ്ങോട്ടു പോയി പ്രസാധകപ്രമാണിമാരെ മണിയടിച്ച് വല്ല വിധവും പ്രസാധകരുടെ ചെലവിൽത്തന്നെ അവരുടെ പുസ്തകമടിക്കുന്ന രീതിയാണ്. നിലവാരമൊന്നും വേണമെന്നില്ല. അല്ലെങ്കിൽ പ്രൂഫ് നോക്കൽ പ്രമാണി ഒക്കെ ശരിയാക്കിക്കൊള്ളും. മണിയടിച്ചുപോയതുകൊണ്ട് ഗ്രന്ഥകർത്താക്കൾക്ക് പ്രതിഫലം കിട്ടാനിടയില്ല. ഏതാനും കോപ്പികൾ കൊടുക്കും. അത്രമാത്രം.

എന്നാൽ ഇപ്പോൾ സാധാരണമായിരിക്കുന്നത് മറ്റൊരു രീതിയാണ്. ഇപ്പോൾ പ്രസാധകരുടെ എണ്ണം ഒരുപാട് കൂടി. ഇപ്പോൾ വൻകിട പ്രസാധകരും ചെറുകിട പ്രസാധകരുമായി ധാരാളം പേർ ഉണ്ട്. പുസ്തക പ്രസാധക രംഗത്തെ ഇപ്പോഴത്തെ സാധാരണ രീതി പ്രസാധകർക്ക് എഴുത്തുകാർ അങ്ങോട്ട് കാശുകൊടുത്ത് പുസ്തകം ഇറക്കിക്കുക എന്നതാണ്. വല്ല അവതാരികയോ മറ്റോ വേണമെങ്കിൽ അതും എഴുത്തുകാരൻ ആരെക്കൊണ്ടെങ്കിലും എഴുതിച്ചു നൽകണം. പ്രസാധകർ പുസ്തകമച്ചടിച്ചു വിൽക്കും. എഴുത്തുകാരൻ അങ്ങോട്ട് പൈസ കൊടുത്തെന്നു കരുതി പ്രതിഫലമോ ലാഭ വിഹിതമോ ഒന്നും പ്രതീക്ഷിക്കരുത്. ചെറുകിട പ്രസാധകരാണെങ്കിൽ അവർക്ക് വലിയ വില്പനയും ലാഭവുമൊന്നും കിട്ടാറുമില്ല. ഗ്രന്ധകേത്താവിന് പുസ്തകത്തിന്റെ ഏതാനും കോപ്പികൾ പ്രതിഫലമായി നൽകും. സർക്കാർ നിയന്ത്രണങ്ങളിൽ ഉള്ള ചില പ്രസാധകർക്കു പോലും ഇപ്പോൾ ഗ്രന്ഥകർത്താക്കൾ അങ്ങോട്ടു പണം നൽകണം. ചില പ്രസാധകർക്ക് അച്ചടിച്ചെലവ് മൊത്തമായും നൽകണം. ചിലർക്ക് പകുതിയോ ഇത്രശതമാനമോ എന്ന നിലയിൽ മുടക്കണം.

ചെറുകിട പ്രസാധകർക്ക് ഇങ്ങനെ എഴുത്തുകാരനിൽ നിന്ന് പണം സ്വീകരിച്ചൊക്കെത്തന്നെയേ പുസ്തകമിറക്കാൻ നിവൃത്തിയുള്ളൂ എന്നതും നാം കാണണം.കാരണം അവർക്ക് വേണ്ടത്ര വില്പനയോ ലാഭമോ ഒന്നും ലഭിക്കാറില്ല. മുമ്പൊക്കെ വായനശാലകൾ ഗ്രാൻഡു കിട്ടുമ്പോൾ വൻ‌കിടപ്രസാധകരുടെ വിതരണശാലകളിൽ പോയേ പുസ്തകമെടുക്കുമായിരുന്നുള്ളൂ. എന്നാൽ സംസ്ഥാന ലൈബ്രറി കൌൺസിൽ ഏതാനും വർഷങ്ങളായി ചെറുകിട പ്രസാധകരെ സഹായിക്കാനുള്ള ഒരു നടപടി സ്വീകരിച്ചു. വർഷാവർഷം ലൈബ്രറികൾക്ക് ഗ്രാൻഡ് നൽകുന്നസമയത്ത് എല്ലാ ജില്ലകളിലും പുസ്തകമേളകൾ സംഘടിപ്പിക്കുകയും വായനശാലകൾ മേളയിൽ പോയിത്തന്നെ പുസ്തകം വാങ്ങണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. പുസ്തകപ്രസാധക രംഗത്തെ വൻ‌കിടകൾ ഇതിനെതിരെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ പുസ്തകമേളകൾ പ്രസാധകരംഗത്തെ ഏതാനും പേരുടെ കുത്തകതകർക്കാൻ സഹായകരമായിട്ടുമുണ്ട് എന്നു കരുതാൻ ന്യായമുണ്ട്.

ഇപ്പോഴും സംസ്ഥാന ലൈബ്രറി കൌൺസിലുകളുടെ നിർദ്ദേശാനുസരണം ജില്ലാ ലൈബ്രറി കൌൺസിലുകൾ എല്ലാ ജില്ലകളിലും വർഷാവർഷം പുസ്തകമേളകൾ നടത്തുന്നുണ്ട്. അത് വായനാ കുതുകികൾക്കും വായനശാലാ പ്രവർത്തകർക്കും ചെറുകിട പ്രസാധകരെക്കൂടി പരിചയപ്പെടാൻ സഹായിക്കുകയും ചെറുകിടക്കാരുടെ പുസ്തകങ്ങൾക്കും കുറച്ചൊക്കെ നല്ല വില്പന ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തുവരുന്നുണ്ട്. ഈയൊരവസ്ഥയിൽ സ്വന്തം രചനകൾ പുസ്തകമായി കാണാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി പണം മുടക്കിയാണെങ്കിലും പുസ്തകമിറക്കുന്നതിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മാത്രവുമല്ല, എല്ലാവരും മനോജ് രവീന്ദ്രനോ എല്ലാവർക്കും സജിം തട്ടത്തുമലയോ എല്ലാവർക്കും കുഞ്ഞൂസോ അകാൻ കഴിയില്ലല്ലോ. അതുകൊണ്ട് എഴുതാൻ കഴിയുന്ന എല്ലാവരും മനോജ് രവീന്ദ്രനെ പോലെ പ്രസാധകരുടെ വരവും കാത്തിരുന്നാൽ നല്ല കുറെ പുസ്തകങ്ങൾ വയാനാ കുതുകികൾക്ക് നഷ്ടപ്പെടും . എങ്കിലും നിരക്ഷരന്റെ യാത്രാക്ഷരങ്ങളെ തേടി എപ്പോഴെങ്കിലും പ്രസാധകർ അറിഞ്ഞുകേട്ട് വരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

സഞ്ചാരസാഹിത്യത്തിന് നല്ല സാദ്ധ്യതകളാണുള്ളത്. എസ്.കെ.പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിന് ഇന്നും നല്ല ഡിമാൻഡ് ഉണ്ട് എന്ന് എന്റെ വയനശാലാ പ്രവർത്തനാനുഭവങ്ങളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ബ്ലോഗുകളിൽ നല്ല വൈജ്ഞാനികവും സാഹിത്യമൂല്യമുള്ളതും വില്പനസാധ്യതയുള്ളതുമായ വിലപ്പെട്ട സൃഷ്ടികൾ ഉണ്ട് എന്ന് ഇനിയും അറിയാതെ പോകുന്നവർ ഒരുപാട് പേർ ഉണ്ട്. ബ്ലോഗുകൾ എന്നൊരു മാധ്യമുണ്ടെന്നും അവിടെ ഇങ്ങനെ ചിലത് നടക്കുന്നെന്നും കൂടി അറിയാത്തവരുണ്ട്. ബ്ലോഗുകളിൽ നല്ല സൃഷ്ടികൾ ലഭ്യമാണ് എന്ന് അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്നവരുടെ കാര്യം പോട്ടെ. ബ്ലോഗിൽനിന്നുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ അളുകൾ വരാനിരിക്കുന്നതേ ഉള്ളൂ.ആർക്കും അവഗണിച്ച് ദുർബലപ്പെടുത്താവുന്നതോ ഇപ്പോഴത്തെ പോലെ എന്നും പരിമിതമായ ഒരു സമൂഹത്തിൽമാത്രം ഒതുങ്ങി നിൽക്കുന്നതോ അല്ല ബ്ലോഗ് എന്ന മാധ്യമം എന്നാണ് ഞാൻ കരുതുന്നത്.

പിന്നെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ചോദിക്കുമ്പോൾ ഈ ഞാൻ അത്രയ്ക്കൊന്നും ചെയ്തിട്ടില്ല, ചെയ്തിട്ടില്ലാ എന്ന ഒരു അതിവിനയമുണ്ടല്ലോ. അത്രയൊന്നും വേണ്ട. ഹഹഹ! ഓരോരുത്തരും അവരവരുടെ അഭിരുചികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ഓരോ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാവർക്കും ഒരേയളവിൽ ഒരു കർമ്മരംഗത്തും പ്രവർത്തിക്കനാകില്ല. ഏറ്റക്കുറച്ചിലുകളുണ്ടാകും. ആനിലയിൽ പരിശോധിക്കുമ്പോൾ നിരക്ഷരൻ എന്ന മനോജ് രവീന്ദ്രനും നല്ലത് ചിലതൊക്കെ ചെയ്തിട്ടുണ്ട്. ചെയ്തുകൊണ്ടുമിരിക്കുന്നു. അത് ഇദ്ദേഹം വിനയം കൊണ്ട് നിഷേധിച്ചാലും ബൂലോകവാസികൾക്കെല്ലാം അറിയാം. ഇദ്ദേഹത്തിന്റെ മേച്ചില്പുറം ബ്ലോഗും ഫെയ്സ്ബൂക്കുമൊക്കെ ആയതുകൊണ്ട് ആ ഒരു മേഖലയിൽ നിന്നുകൊണ്ടാണ് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നത് എന്നുമാത്രം. ഒരുവിധം നല്ല ജീവിതോപാധിയും വരുമാനവുമൊക്കെയുള്ള ആളുകൾക്ക് അവരവരുടെ സ്വാർത്ഥത്തിൽ മാത്രം ഒതുങ്ങി ജീവിക്കാമെന്നിരിക്കേ മനോജിനെ പോലുള്ളവർ ഇത്രയെങ്കിലുമൊക്കെ സാമൂഹ്യബോധമുള്ളവരായി കാണപ്പെടുന്നതിനെ ആരും കുറച്ചുകാണില്ല. വിനയം കൊണ്ട് ഇദ്ദേഹവും വേണ്ടപ്പെട്ടവരുമൊക്കെ ചത്തുപോകുമെന്നു കരുതിയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ പങ്കെടുത്തത് എന്ന് പറയുന്നതൊക്കെ ചുമ്മാ! മനോജ് രവീന്ദ്രൻ ഉൾപ്പെടെ ഒരുമാതിരി എല്ലാവരും ഉള്ളിൽത്തട്ടിത്തന്നെയാണ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളതും ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്നതും. ഫലം കാണാൻ ഇനിയെത്ര കാലം എടുത്താലും!

Saturday, February 25, 2012

ശശികല ടീച്ചറും മദനിയും മറ്റും.........

ബൂലോകം ഡോട്ട് കോമിലെ ഒരു പോസ്റ്റിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്.

ശശികല ടീച്ചറും മദനിയും മറ്റും.........

ഹിന്ദു വർഗ്ഗീയതയും മുസ്ലിം വർഗ്ഗീയതയും മദനിയിലൂടെയോ ശശികല ടീച്ചറിലൂടെയോ സംഭവിച്ച ഒന്നല്ല. അതിനു ചരിത്രപരമായ വേരുകളുണ്ട്. തങ്ങളുടെ കാലത്ത് തങ്ങളെക്കൊണ്ടാകും വിധം ആ വർഗ്ഗീയതകളെ ഒന്ന് കൊഴുപ്പിക്കാൻ ശ്രമിക്കുകയാണ് ടീച്ചറും ഉസ്താദും ചെയ്തിട്ടുള്ളത്. ആർ.എസ്.എസിനു പകരം വയ്ക്കാൻ ഒരു ഐ.എസ്.എസ്.ഉണ്ടാക്കി ഹുന്ദുവർഗ്ഗീയവാദികളെ ഇന്നു ഞെട്ടിക്കാൻ മദനിയ്ക്കു കഴിഞ്ഞു. ജനം വെറുക്കാനിഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കാനും മുളവടിയേന്താനും കക്കിനിക്കറിടാനും മടിച്ചു തുടങ്ങിയ പുതുതലമുറയിൽ ചിലരെയെങ്കിലും ഉത്തേജിപ്പിച്ച് ആർ.എസ്.എസ് ശാഖകളിലേയ്ക്കയക്കാൻ ടീച്ചർക്കും കഴിഞ്ഞിട്ടുണ്ടാകാം. മദനി തീവ്രവാദം ഉപേക്ഷിച്ചെങ്കിലും അതിന്റെ ചുവടുപിടിച്ച് പിന്നീട് എൻ.ഡി.ഫ് വന്ന് പിന്നെയും ആർ.എസ്.എസ് കാരെ ഞെട്ടിച്ചു. തങ്ങൾ മാത്രമാണ് ഭീകരന്മാരെന്നും എല്ലാവരും തങ്ങളെ മാത്രം ഭയന്നോളണം എന്നുമുള്ള ഒരു അഹങ്കാരം ആർ.എസ്.എസ് കാർക്ക് പൊതുവേ ഉണ്ടായിരുന്നു.അതെല്ലാം ഐ.എസ്.എസിന്റെയും എൻ.ഡി.എഫിന്റെയും വരവോടെ ഒന്നു ശമിച്ചു. തങ്ങളെപ്പോലെ തിളയ്ക്കുന്ന ചോര മറുഭാഗത്തും ഉണ്ടെന്നറിഞ്ഞതോടെ ശാഖകളിലേയ്ക്കുള്ള ഒഴുക്ക് പൊർതുവേ ഒന്നു കുറഞ്ഞു. പക്ഷെ ഇപ്പോൾ ഈ രണ്ടുകൂട്ടരും (എൻ.ഡി.എഫും ആർ.എസ്,എസും) പരസ്പരം തങ്ങളുടെ ഭീകരതകാട്ടി അങ്ങോട്ടുമിങ്ങോട്ടും ഭയപ്പെടുത്തുവാൻ ചെന്നു കയരുന്നത് മാസ്ക്സിസ്റ്റുകാരുടെ തലയിൽ. എം.ഡി.എഫുകാരെ ഭയപ്പെടുത്താൻ ആർ.എസ്.എസ് കാരും ആർ.എസ്.എസിനെ ഭയപ്പെടുത്താൻ എൻ.ഡി.എഫുകാരും മാർക്സിസ്റ്റ്കാരെ ആക്രമിച്ചും കൊന്നും കാണിക്കുകയാണ്. ഫലത്തിൽ സി.പി.ഐ.എമ്മിനു പണികൂടി. മുമ്പ് ആർ.എസ്.എസ് കാരെ മാത്രം നേരിട്ടാൽ മാത്രം മതിയായിരുന്നു. ഇപ്പോൾ എൻഡി.എഫുകാരെ കൂടി നേരിടണം എന്നായി. ( ഈ എൻ.ഡി.എഫ് ഇപ്പോൾ എസ്.ഡി.പി.ഐ എന്നോ മറ്റോ പേരുമാറിയിട്ടുണ്ട്.രാഷ്ട്രീയ രൂപാന്തരീകരണം. പക്ഷെ എഫെക്റ്റ് ഒന്നുതന്നെ). എന്തായാലും എല്ലാ വർഗ്ഗീയ-പ്രതിലോമ-അക്രമ സംഘങ്ങൾക്കും വേണ്ടത് മാർക്സിസ്റ്റുകാരുടെ ചോരതന്നെ. മനുഷ്യർ എല്ലാവരും ഒന്നാണെന്നും എല്ലാവരുടെയും സിരകളിൽ ഓടുന്നത് ഒരേ നീറമുള്ള രക്തമാണെന്നും എല്ലാവരും പരസ്പരസ്നേഹത്തോടെയും സമാധാനത്താടെയും ജീവിക്കണമെന്നുമൊക്കെയുള്ള മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് മാർക്സിസ്റ്റുകാർ ചെയ്യുന്ന കുറ്റം. തങ്ങളുടെ വർഗ്ഗീയ രാഷ്ട്രം സ്ഥാപിക്കാൻ എല്ലാവർക്കും ഒഴിവായിക്കിടേണ്ട പ്രതിബന്ധം മാർക്സിസ്റ്റുകാരാണ്. സി.പി.ഐ.എം പോലെയൊരു പ്രസ്ഥാനം തകരുന്നത് എല്ലാവിഭാഗം വിശ്വാസികൾക്കും ദോഷകരമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേയ്ക്കും ആർക്കും സ്വയമ്പോലും തിരിച്ചറിയാനാകാത്ത വിധത്തിലാകും കാര്യങ്ങൾ ഇങ്ങനെ പോയാൽ! അതിനു ആരെങ്കിലുമൊക്കെ ജിവിച്ചിരുന്നിട്ടു വേണ്ടേ, ഓരോരുത്തർക്കും മതരാഷ്ട്രം സ്ഥാപിക്കാൻ! തമ്മിലടിച്ച് ചത്തിട്ട് പിന്നെ എന്തെരു രാഷ്ട്രം?

മദനിയെ മോചിപ്പിക്കാന്‍ ഇനിയുമെത്ര നാള്‍?

ഒലീവ് എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപെട്ട പോസ്റ്റിലേയ്ക്കൂള്ള ലിങ്ക് ഇതാണ്!

മദനിയെ മോചിപ്പിക്കാന്‍ ഇനിയുമെത്ര നാള്‍?


തമിഴ്നാട് ജയിൽവാസം കഴിഞ്ഞുവന്ന മദനി തീവ്രദാദം നന്നല്ലെന്ന് തന്റെ അനുഭവങ്ങളിലൂടെ പഠിച്ചുവെന്നും ഇനി അത്തരം ചിന്തകളിലേയ്ക്കോ പ്രവൃത്തികളിലേയ്ക്കോ തിരിച്ചുപോകില്ലെന്നും എല്ലാവരും സമാധാനത്തോടെ വർത്തിക്കണമെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തിരുവനന്തപുരം ജില്ലയിൽ ഒരിടത്ത് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മുൻ കാലത്ത് ആശയപരവും വിശ്വാസപരവുമായി താൻ ചെയ്തുവെന്നു സ്വയം കരുതുന്ന തെറ്റുകൾക്കൊരു പ്രായച്ഛിത്തം എന്ന നിലയിൽ കുറച്ചുകാലം തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു നടക്കാനെങ്കിലുമുള്ള അവസരം ഇവിടുത്തെ നീതിപീഠങ്ങൾ നിരന്തരം മദനിയ്ക്ക് നിഷേധിക്കുകയാണ്. അഥവാ താൻ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷകൾ മാനസികമായും ശാരീരികമായും മദനിയും കുടുംബവും അനുഭവിച്ചുകഴിഞ്ഞു. എന്നിട്ടും മദനിയ്ക്ക് നീതി നിഷേഷിക്കുന്നതിനെതിരെ ശബ്ദിക്കാൻ അത്ര ആൾബലമൊന്നുമില്ലാത്ത ചില മനിഷ്യവകാശ കൂട്ടയ്മകൾ മാത്രമേ ഇപ്പോൾ തയാറാകുന്നുള്ളൂ. മുസ്ലിങ്ങളുടെ മൊത്തംൻ സംരക്ഷകരെന്നു സ്വയം അവകാശപ്പെട്ടു നടക്കുന്ന മുസ്ലിം സംഘടനകളോന്നും മദനിയുടെ മോചനത്തിനായി ഇന്ന് ഒരു തുള്ളി വിയർപ്പും ഒഴുക്കുന്നുമില്ല, ഒരു വാക്കുപോലും മിണ്ടുന്നുമില്ല. ഇവിടെ നിരീശ്വരവാദികളടകമുള്ള ഏതാനും മനുഷ്യാവകാശപ്രവർത്തകർ മാത്രം മദനിയ്ക്കെതിരെയുള്ള നിതി നിഷേധത്തിനെതിരെ ദുർബലമായ ശബ്ദമെങ്കിലും മുഴക്കുന്നുള്ളൂ. എല്ലാ മതസ്ഥരും അംഗങ്ങളും നേതാക്കളുമായുള്ള മദനിയുടെ പാർട്ടിയായ പി.ഡി.പി ഇന്നു ദിർബലമെങ്കിലും മദനിയെ സ്നേഹിക്കുന്ന സധാരണക്കാരായ മുസ്ലിങ്ങളുടെ സംഖ്യ അത്ര ചെറുതല്ലെന്ന് യാഥാർത്ഥ്യം ആരും കാണാതെ പോകരുത്. ഇത് ഈയുള്ളവൻ കേവലമൊരു മദനി വിഷയമായി മാത്രം കാണുന്നില്ല. ഇന്നു മദനി, നാളെ മറ്റൊരാൾ! കേരളത്തിലെ പ്രബല രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാര്യത്തിൽ ചില പരിമിതികൾ ഉണ്ടെന്ന് മനസിലാക്കി ഈ വിഷയം ഏറ്റെടുത്ത് സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ മദനിയുടെ മോചനത്തിനായുള്ള പരിശ്രമം ആരിൽ നിന്നെങ്കിലുമൊക്കെ ഉണ്ടാകണം. മദനിയിലെ തെറ്റും ശരിയുമൊക്കെ അദ്ദേഹം ജയിൽമോചിതനാക്കിയ ശേഷവും ചർച്ച ചെയ്യാവുന്നതാണ്. ഇത്രയും മദനിയെ അനുകൂലിച്ചെഴുതിയ ഞാൻ ഒരു പി.ഡി.പിക്കരനോ മതഭക്തനോ മദനിഭക്തനോ ഒന്നുമാണെന്ന് ഒരു തെറ്റിദ്ധാരണയും ആർക്കും വേണ്ട. അസ്ഥിയിൽ പിടിച്ച മാർക്സിസ്റ്റ് എന്നൊക്കെ പറയില്ലേ? അതുതന്നെ ഞാൻ. തനി മാർക്സിസ്റ്റുകാരൻ! (ഇതിനുമുമ്പും മദനി വിഷയത്തിൽ ഈയുള്ളവന്റെ അഭിപ്രയം പലയിടത്തും രേഖപ്പെടുത്തിയിട്ടുള്ളതാണ്)

Friday, February 24, 2012

മത ചിഹ്നങ്ങള്‍

മത ചിഹ്നങ്ങള്‍

ബൂലോകം ഡോട്ട് കോമിൽ വന്ന
ബി.ആർ.പി ഭാസ്കറിന്റെ ലേഖനത്തോടുള്ള പ്രതികരണം.

ചിലതൊക്കെ മതചിഹ്നങ്ങളെന്ന് സ്വയം സൈലന്റായി വിളംബരം ചെയ്ത് അവ ബോധപൂർവ്വം ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കുറേക്കാലമായി നമ്മുടെ നാട്ടിൽ വ്യാപകമായിട്ടുണ്ട്. ചില വസ്തുക്കൾ മറ്റുമതങ്ങളുടേതെന്ന് ബോധപൂർവ്വം വകവച്ചുകുടുത്ത് സ്വമതക്കാരെ അവ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുമുണ്ട്. മതം തിരിച്ചറിയപ്പെടാനുള്ള അടയാളങ്ങൾ ഇന്ന് അഭിമാനപൂർവ്വം ഉപയോഗിക്കുന്ന പ്രവണത വ്യാപകമായിരിക്കുന്നു. സ്വാഭിമാനമെന്നാൽ ഇന്ന് മതാഭിമാനമായി കരുതുന്നുവെന്നും കരുതേണ്ടിയിരിക്കുന്നു. പണ്ടൊന്നും മതചിഹ്നങ്ങൾ ധരിച്ചിരുന്നത് ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല. സാധാരണസമ്പ്രദായങ്ങളുടെ അനുകരണം മാത്രമായിരുന്നു. എന്നാലിന്ന് ഇന്നത് കേവലം പ്രകടമാക്കലല്ല പ്രഖ്യാപനങ്ങളായി മാറിയിരിക്കുന്നു. ഇതുപക്ഷെ അധികമാരും ചർച്ചയാക്കുന്നില്ലെന്നുമാത്രം. കുട്ടികളുടെ പേരിടുന്നതിൽ ഇടയ്ക്കൊരുകാലത്ത് മതേതരരീതി അനുകരണീയ മാതൃകയായി വന്നതായിരുന്നു. അതിനാൽ പേരുകൊണ്ട്മാത്രം ആരുടെയും മതം തിരിച്ചറിയപ്പെടാത്ത ഒരു രീതിയിലേയ്ക്ക് സമൂഹം മാറിക്കൊണ്ടിരുന്നതാണ്. എന്നാൽ അത് പിന്നെ ഇല്ലാതായി. ഇപ്പോൾ പേരിൽ മതം മത്രമല്ല ജാതിയും വ്യക്തമായി തിരിച്ചറിയപ്പേടണമെന്ന വിചാരത്തോടെ കുട്ടികളുടെ പേരുകൾ ഇടാൻ വാശിപിടിക്കുന്നതായി കാണുന്നു. അതിനായി പലരു ഇപ്പോൾ പഴയ പേരുകളിലേയ്ക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ളതൊന്നും നമ്മുടെ സമൂഹത്തിന് ആശാസ്യമായ മാറ്റങ്ങളല്ല.

Tuesday, February 21, 2012

അവാര്‍ഡ് വിവാദം

ബൂലോകം ഡോട്ട് കോമിലിട്ട കമന്റ്

സ്ഥിരമായി ബ്ലോഗുകൾ വായിക്കുന്നവരും ബൂലോകം ഡോട്ട് കോമിന്റെ പ്രതിനിധികളും അടങ്ങുന്ന പത്തിൽ കൂടാത്ത (ഒറ്റസംഖ്യയായിരിക്കും നല്ലത്. ഒരു ഒൻപതംഗ സമിതി ആകാം.) ഒരു സമിതി പരിശോധിച്ച് ഒരു സൂപ്പർ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ബ്ല്ലോകം ഡോട്ട് കോമിന്റെ ഉടമസ്ഥരുടെ എണ്ണത്തേക്കാൾ മൂന്നുപേരെങ്കിലും കൂടുതലാക്കണം സമിതിയിലെ പുറത്തുനിന്നുള്ള അംഗങ്ങൾ. വിശദമയ ചർച്ചകൾ നടത്തി ഒരാളെ എന്തുകൊണ്ടെല്ലാം സൂപ്പർ ബ്ലോഗ്ഗറായി തെരഞ്ഞെടുത്തു എന്നതിന് കൃത്യമായ ഒരു വിശദീകരണവും നടത്തണം. അതുപോലെ സൂപ്പർ ബ്ലോഗ്ഗർ എന്ന വാക്കാണ് ഇപ്പോൾ വിവാദങ്ങളിൽ ഏറെ വിമർശിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഈ വാക്ക് മാറ്റുന്നതിനെ പറ്റി ആലോചിക്കാം. ഒന്നുകിൽ “ബൂലോകം ഡോട്ട് കോം സൂപ്പർ ബ്ലോഗ്ഗർ” എന്നോ ബൂലോകം ഡോട്ട് കോം അവാർഡ് എന്നോ ആക്കണം. അല്ലെങ്കിൽ മരണപ്പെട്ടുപോയ ഏതെങ്കിലും ബ്ലോഗ്ഗറുടെയോ മറ്റേതെങ്കിലും മഹത്തുക്കളുടെയോ പേര് അവാർഡിനിടണം. ബൂലോകം ഡോട്ട് കോം ഏർപ്പെടുത്തുന്ന അവാർഡ് ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലും തെറ്റൊന്നുമില്ല. സ്വന്തം വെബ് പോർട്ടലിന്റെ വളർച്ച കൂടി അവരവർ ആഗ്രഹിക്കുന്നതിൽ ആർക്കും കുറ്റപ്പെടുത്താനുമാകില്ല. ഇപ്പോൾ സൂപ്പർ ബ്ലോഗ്ഗർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാന അവാർഡ് കഴിഞ്ഞ് മറ്റുള്ളവ കാറ്റഗറി തിരിച്ച് നൽകുന്നതിൽ തെറ്റില്ല. എന്നാൽ സൂപ്പർ ബ്ലോഗ്ഗർ അടക്കം കാറ്റഗറി തിരിച്ചും ഏതാനും പോസ്റ്റുകൾ മാത്രം പരിശോധിച്ചും അവാർഡ് നിച്ഛയിക്കുന്നത് കൂടുതൽ വിവാദത്തിലേയ്ക്കേ നയിക്കൂ. ഒരു അവാർഡും ഏതെങ്കിലും തരത്തിലുള്ള വോട്ടിംഗിലൂടെ തീരുമാനിക്കുന്നത് പരാതികളൊലേ ചെന്നവസാനിക്കൂ എന്നാണ് എന്റെ അഭിപ്രായം. വോട്ടിംഗ് ഒഴിച്ചുള്ള മറ്റ് മാർഗ്ഗങ്ങൾ ആലോചിക്കുന്നതായിരിക്കും നന്ന്‌. സൂപ്പർ ബ്ലോഗ്ഗർ എന്ന പേരിൽ മാറ്റം വരുത്തുമ്പോഴേ ഇപ്പോഴത്തെ പരാതികൾ പാതിയും ഇല്ലാതാകും. അതുപോലെ അവാർഡ് സ്വീകരിക്കാൻ ഇഷ്ടപ്പെടാത്തവരും ബൂലോകത്ത് അവാർഡുകളേ വേണ്ടെന്ന് അഭിപ്രായമുള്ളവരും ബൂലോകത്തുണ്ടെന്നാണ് മനസിലാകുന്നത്. അവർ ഇനിയെത്ര സൂപ്പർ ബ്ലോഗ്ഗർമാർ ആണെങ്കിലും അവരെ ഒഴിവാക്കുകയല്ലേ നിവൃത്തിയുള്ളൂ! എല്ലാവരും എപ്പോഴും ബ്ലോഗ് എഴുതുന്നവരല്ല. അതിനു കഴിയുകയുമില്ല. എന്നാൽ സ്ഥിരമായി ബ്ലോഗ് എഴുതുന്നവരെ അവഗണിക്കാനും കഴിയില്ല. സ്ഥിരമായി എഴുതുന്നു എന്നതുകൊണ്ടു മാത്രം നല്ല ബ്ലോഗ്ഗർ ആകണം എന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും വോട്ടവകാശമുള്ള ഒരു വോട്ടിംഗും സൂപ്പർ ബ്ലോഗ്ഗർ എന്ന പേരും ആണ് ഇത്രയധികം വിവാദങ്ങൾക്ക് ഇടനൽകിയത്. എന്നിട്ടും ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടവർ അവാർഡിന് അർഹരല്ലെന്ന് അധികമാരും പറഞ്ഞിട്ടില്ല. സ്വന്തം നിലയിൽ മാനദണ്ഡങ്ങൾ വച്ച് സ്വന്തം നിലയിൽ ഒരു പാനലിനെ ചുമതലപ്പെടുത്തി ഒരു വാർഡ് നൽകാൻ ആർക്കും അവകാശമുണ്ട്. എന്തായാലും ഇപ്പോൾ ഉയർന്നു വന്ന വിമർശനങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുന്ന ബൂലോകം ഡോട്ട് കോമിനു നന്ദി. ( അല്ല, ബൂലോകം ഡോട്ട് കോം എന്ന് എടുത്തുതന്നെ പറഞ്ഞതാണ്. ബൂലോകം എന്നു മാത്രം പറഞ്ഞാൽ അതിനി വിവാദമായാലോ?) . പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം. സർവ്വ തന്ത്ര സ്വതന്ത്രമായ ഈ ബ്ലോഗിന്റെ ലോകത്ത് ഒരുതരത്തിലും വിമർശനങ്ങൾക്ക് ഇടയില്ലാത്തവിധം ഒരു അവാർഡ് നൽകാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല. അത് ഏത് മാനദണ്ഡം വച്ചായാലും!ആര് അവാർഡ് വച്ചാലും ഒരു വിദഗ്‌ദ്ധ പാനലിനെ വച്ച് ഞങ്ങൾ ഇന്നയിന്ന കാരണങ്ങളാൽ ഇന്നയിന്ന ആളുകളെ അവാർഡിനായി തെരഞ്ഞെടുത്തു എന്ന് പ്രഖ്യാപിച്ച് പോകാവുനതേയുള്ളൂ. വോട്ടിംഗ് ഒക്കെ പുലിവാലാണ്! ഇപ്പോൾ സംഭവിച്ചതുപോലെ അവാർഡ് കിട്ടുന്നവർക്കു കൂടി മാനസികമായി ബുദ്ധിമുട്ടുണ്ടാക്കാനേ അത് സഹായിക്കൂ. ഇതുസംബന്ധിച്ച ചർച്ചകളിൽ വീണ്ടും വലിഞ്ഞുകയറി വന്നതിനു ക്ഷമാപണം!

Thursday, February 16, 2012

സർക്കാർ ഉദ്യോഗസ്ഥരുടെ ദാരിദ്ര്യവാസം പറച്ചില്‍

എന്‍റെ പോസ്റ്റിൽ സുശീലന്റെ കമന്റിനു നൽകിയ മറുപടി. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്: പെൻഷൻ പ്രായം കൂട്ടണോ?

സർക്കാർ ഉദ്യോഗസ്ഥരുടെ ദാരിദ്ര്യവാസം പറച്ചില്‍

സുശീലൻ,

അല്ലെങ്കിലും ഈ സർക്കാർ ഉദ്യോഗസ്ഥർ സദാ ദാരിദ്ര്യവാസം പറയുന്നവരാണ്. നാല് സർക്കാർ ഉദ്യോഗസ്ഥർ എത്തുചേരുന്നിടത്ത് നിന്നാൽ മറ്റുള്ളവർക്ക് ബോറടിക്കും. അവരെപ്പോഴും ശമ്പളം, ഗ്രാറ്റുവിറ്റി, ഇങ്ക്രിമെന്റ്, ടി.എ.ടി.എ, പ്രൊവിഡ്ന്റ് ഫണ്ട് എന്നിങ്ങനെയുള്ള പദങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. അത്യാഗ്രഹം ഈ സംഭാഷണങ്ങളിൽ നിഴലിച്ചുകൊണ്ടിരിക്കും.

സർക്കാർ ഉദ്യോഗസ്ഥർ ദാരിദ്ര്യവാസം പറയുന്നത് സത്യമായും എനിക്ക് ഇഷ്ടമല്ല. എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹം കീട്ടുന്ന നക്കാപിച്ചയെങ്കിൽ ആ നക്കാപിച്ചകൊണ്ട് നാട്ടുകാരെ മുഴുവൻ സഹായിക്കുകയും, വായനശാല നടത്തുകയും, പാർട്ടിപ്രവർത്തനം നടത്തുകയും , ഒപ്പം കുടുംബ കാര്യം മുഴുവൻ നോക്കുകയും തനിക്കിളയതുങ്ങളുടെ ചെലവുപോലും നോക്കുകയും ചെയ്തിരുന്നു.

അദ്ഭുതമായൊന്നും കരുതേണ്ട. അതൊക്കെയങ്ങു നടക്കും. നമ്മൾ ഒന്നു വലിച്ചിറുക്കണം. ഞങ്ങൾ പട്ടിണി അറിഞ്ഞിട്ടില്ല. പക്ഷെ ആർഭാടങ്ങൾ കാണിച്ച് ജീവിക്കണമെങ്കിൽ അതൊന്നും തികയില്ല. ഞങ്ങൾ ലളിത ജീവിതം നയിച്ചതുകൊണ്ട് പട്ടിണി കിടന്നിട്ടില്ല. അയൽക്കാരും പട്ടിണി കിടക്കാൻ അനിവദിച്ചിരുന്നുല്ല. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ പെൻഷൻ കൊണ്ട് തന്നെ ആഹരാം, ചികിത്സാ ചെലവ് എല്ലാം നോക്കുന്നു. ഞാനും ആ പറ്റിൽതന്നെ ജീവിക്കുന്നത് (അതാരുമറിയേണ്ട). പിന്നെ വലിയ ഒരു രോഗമോ മറ്റോ വന്നാൽ........അതിപ്പോ എത്ര പണക്കാരായാലും ബുദ്ധിമുട്ടും.

ഞാൻ പറഞ്ഞു വന്നതിത്രയേ ഉള്ളൂ; മാനം മര്യാദയ്ക്ക് ജിവിച്ചാൽ പട്ടിണിയില്ലാതെ ജീവിക്കാൻ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായാലും മതി. ഒരു ലാസ്റ്റ് ഗ്രേഡ് ആയാലും മതി. പിന്നെ കിടന്ന് സദാ സമയവും ദാരിദ്ര്യവാസം വിളമ്പി കേട്ടുനിൽക്കുന്ന യാതൊരുവരുമാനവുമില്ലാത്തവനെ ദ്വേഷ്യം പിടിപ്പിക്കരുത്. ഞാൻ സഹികെട്ട് ചില സർക്കാർ ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്, എന്നാപ്പിന്നെ നഷ്ടമാണെങ്കിൽ നിങ്ങളങ്ങ് രാജിവച്ച് വരുമാനമുള്ള മറ്റു വല്ല പണിയും നോക്കടേയെന്ന്‌! അതിനു മറുപടിയില്ല. സർക്കാർ ഉദ്യോഗസ്ഥൻ എല്ലാ അർത്ഥത്തിലും സുരക്ഷിതനാണ്.

കിട്ടുന്നതൊക്കെ ബിവറേജസിൽ കൊടുത്തിട്ട് ശമ്പളം തികയുന്നില്ലെന്നു പറയുന്നവരാണ് ഒരു വിഭാഗം.അതുപോലെ പെണ്ടാട്ടിയേം മക്കളേം ലളിത ജീവിതം പഠിപ്പിച്ചാൽ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാം. അയ്യായിരത്തിന്റെ ചെരിപ്പും, അൻപതിനായിരത്തിന്റെ അരഞ്ഞാണവുമൊന്നും വാങ്ങി പെൺപറന്നോർമാർക്ക് കൊടുത്ത് ശീലിപ്പിക്കരുത്. രണ്ടോ മൂന്നോ ജോഡി ഡ്രസ്സും നൂറുനൂറ്റൻപത് രൂപയുടെ ചെരിപ്പും മറ്റുംകൊണ്ട് മക്കളെയും ജീവിക്കാൻ പഠിപ്പിക്കണം.

ലോണെടുത്ത് ബഹുനില മണിമാളീകവച്ച് കിടക്കാൻ സർക്കാർ ശമ്പളം മതിയാകില്ല. ഒരു കൊച്ചു വീട് വയ്ക്കണം. സൈക്കിൾ വാങ്ങാനുള്ള ശേഷിയേ ഉള്ളുവെങ്കിൽ സി.സിയിട്ട് കാറ് വാങ്ങി നളിക്കരുത്. മക്കളെ സർക്കാർ സ്കൂളിൽ അയച്ച് പഠിപ്പിക്കണം.ഇംഗ്ലീഷ് മീഡിയോം സി.ബി.എസ്.ഈം പഠിപ്പിക്കാൻ സർക്കാർ ശമ്പളം കൂട്ടിത്തരാനൊക്കില്ല.

നമ്മുടെ വീട്ടിൽ നമ്മൾ അച്ഛൻ, അമ്മ, രണ്ടു മക്കൾക്കം എന്നിവരടങ്ങുന്ന കുടുംബം ആർഭാടമില്ലാതെ ജീവിച്ചു. പട്ടിണിമാത്രം ഉണ്ടായില്ല. അതുതന്നെ വലിയ കാര്യം. ഇപ്പോൾ പെൻഷൻ മാത്രം പതിനായിരത്തിനുമുകളിൽ ഉള്ളതുകൊണ്ട് അവർ നമ്മളെ ആശ്രയിക്കാതെ ജീവിച്ചുകൊള്ളും. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻ കാർക്കും ഇങ്ങനെ ജീവിക്കാം. ! പിന്നെ വല്ലപ്പോഴും അല്പസ്വല്പം കടമൊക്കെ വരും. അതൊക്കെ സ്വാഭാവികം. പിന്നെ വല്ല പെണ്ണിനെ കെട്ടിക്കുന്ന കാര്യമോ മറ്റോ പറഞ്ഞ് ജയിക്കാനാണെങ്കിൽ ചുമ്മാതിരി. സ്ത്രീധനം വാങ്ങാതെയും ആർഭാടലില്ലാതെയും കല്യാണം കഴിക്കാനും സന്മനസുള്ള നല്ല ആൺപിള്ളേരൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്.

ഇതൊക്കെ മനസിൽ വച്ചാണ് സുശീൽജീ ഞാൻ പറയുന്നത്. സർക്കാർ ഉദ്യോഗം കിട്ടുന്നതുവരെ അത് കിട്ടാനുള്ള ആർത്തി. കിട്ടിയാലോ? ദാരിദ്ര്യവാസം. പാടില്ലപാടില്ല നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂട. ചുരുക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ്. കിട്ടുന്ന ശമ്പളം കൊണ്ട് ലളിത ജീവിതം നയിച്ച് മറ്റുള്ളവരെ കാണിച്ചുകൊടുക്കണം. ഇനി വീട്ടിൽ ഭാര്യക്കും ഭർത്താവിനും സർക്കാർ ഉദ്യോഗമുണ്ടെങ്കിൽ ഒരാളുടെ വരുമാനം ബാക്കിയാണ്. കുടുംബത്തിൽ രണ്ടു പേർക്കും ജോലിയുള്ളവരാണ് ഭയങ്കര ദാരിദ്ര്യവാസം പറച്ചിലുകാർ.

സർക്കാർ ജോലി കിളയലും തെങ്ങുകയറ്റവും റബ്ബർവെട്ടും ഒക്കെ അപേഷിച്ചു നോക്കുമ്പോൾ എത്രയോ സുഖമുള്ള പണിയാണ്. എന്നിട്ടും കിട്ടുന്നതൊന്നും പോരത്രേ. കാലാ കാലങ്ങളിൽ ന്യായമായി ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ചും നൽകുന്നുമുണ്ട്. ( മനസിൽ തോന്നുമ്പടി അങ്ങ് എഴുതിവച്ചതാണ്. അക്ഷരതെറ്റോ ആവർത്തന വിരസതയോ ഉണ്ടെങ്കിൽ ക്ഷമിച്ച് വായിച്ച് എല്ലാവരും നന്നാവുക!അല്ലപിന്നെ!)

ആ ഡൈയ്യിംഗ് ഹാർണസിന്റെ കാര്യം അവിടെ നിൽക്കട്ടെ. വികലാംഗരുടെ കാര്യം വിട്ടേക്കൂ‍. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ. വികലാംഗർക്കൊക്കെ ഒരു സാമൂഹ്യ സുരക്ഷ നൽകണം. ഡൈയിംഗ് ഹാർണസ് പണി ചില വ്യവസ്ഥകൾക്ക് വിധേയമാക്കുന്നതിനെ പറ്റി ആലോചിച്ചുകൂടെന്നില്ല.