ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, June 10, 2012

വി.ടി.ബലറാമിനോട്

ബൂലോകം ഓൺലെയിനിൽ വി.ടി. ബലറാമിന്റെ ഈ ലിങ്കിൽ ഉള്ള പോസ്റ്റിലിട്ട കമന്റ് : വി.ടി.ബലറാമിന്റെ ഈ നിരീക്ഷണങ്ങൾ ഏകപക്ഷീയമാണ്. ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനുമേൽ കെട്ടിവച്ച്     ഈ പാർട്ടിയെ ഫാസിസ്റ്റ് പ്രസ്ഥാനം എന്നു മുദ്രയടിച്ച് ജനങ്ങളിൽ വെറുപ്പുളവാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗം മാത്രമാണ് താങ്കളുടെ  ഈ  ബ്ലോഗ് പോസ്റ്റും. ബലറാമിനെ പോലെ  വിവരമുള്ളവർ കമ്മ്യൂണീസത്തിന് എവിടെയും പ്രസക്തിയില്ല എന്നൊക്കെ എഴുതിവയ്ക്കുന്നത് കോൺഗ്രസ്സിൽ നിന്നു കിട്ടിയ സ്ഥാനമാനങ്ങളോടുള്ള കടപ്പാട് ഉള്ളീലിരിക്കുന്നതുകൊണ്ടാകാനേ തരമുള്ളൂ. തങ്ങൾക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന പ്രവണത എല്ലാ പ്രസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ കോൺഗ്രസ്സുകാർക്ക് മേൽകൈയുള്ള എത്രയോ പ്രദേശങ്ങളിൽ ഇത് നടക്കുന്നു. സി.പി.എം ഇന്ത്യയിൽ രണ്ടുമൂന്നിടത്തല്ലേ ഇത്രയും ശക്തമായുള്ളൂ. ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് സി.പി.ഐ.എം പോലുള്ള പ്രസ്ഥാനങ്ങളെ വളരാൻ കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളോ അവയുടെ മാഫിയാ തലവന്മാരായ (കേരളത്തിലെയല്ല. കേരളത്തിനുപുറത്ത്  മിക്കവാറും നേതാക്കൾ എന്നാൽ എന്താണെന്ന് എല്ലാവർക്കുമറിയാം‌) നേതാക്കളോ അനുവദിക്കുമോ? എന്തിന് ബംഗാളിൽ ഇപ്പോൾ മമതയുടെ നേതൃത്വത്തിൽ നടക്കുന്നത് സ്റ്റാലിനിസമാണോ ഫാസിസമാണോ, എന്താണ് താങ്കൾ അതിനെ വിളീക്കുക? കേരളത്തിൽ കോൺഗ്രാസുകാർ ആരെയും കൊലപ്പെടുത്തിയിട്ടില്ലേ? അക്രമം മുഖമുദ്രയാക്കിയ വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ എത്രയോ കൊലപാതകങ്ങൾ ഇവിടെ നടത്തിയിരിക്കുന്നു. ഇപ്പോൾ മാത്രമെന്തേ മുമ്പില്ലാത്ത വിധം ഇത്ര പ്രത്യേകതകളൂള്ള പ്രതിഷേധം? കണ്ണൂർ ജില്ലയിൽ മാത്രം കൊല്ലപ്പെട്ട സി.പി.ഐ.എം കാരുടെ എണ്ണമെടുത്താൽ മറ്റു പാർട്ടികൾക്ക് അത്രയും നഷ്ടം കേരളത്തിൽ ആകമാനംതന്നെ ഉണ്ടായിട്ടില്ല. അത്രകണ്ട് ശത്രുക്കളും എതിർപ്പുകളൂമുള്ള ഒരു പ്രസ്ഥാനത്തിന് പല ചെറുത്തു നില്പുകളും സംഘടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ആളപായങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സംഭവിച്ചിട്ടുണ്ടാകാം. മറിച്ച് അക്രമ രാഷ്ട്രീയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും സി.പി.ഐ.എമ്മിന്റെ തലയിൽ കെട്ടി വച്ച് അക്രമവും കൊലപാതകവും നടത്തിയിട്ടുള്ള മറ്റുള്ളവരെയെല്ലാം വെള്ള പൂശുന്നത് സത്യസന്ധമാകില്ല. അക്രമവും കൊലപാതകവും മറ്റും സി.പി.ഐ.എം മാത്രം വിചാരിച്ചാൽ തീരില്ല. എല്ലാവരും ഒരുപോലെ വിചാരിക്കണം. താങ്കൾക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സി.പി.ഐ.എം ആണ് കേരത്തിൽ ഭയപ്പെടേണ്ട സംഘടനയെന്ന്? അക്രമ സ്വഭാവം കൊണ്ടു മാത്രം നിലനിൽക്കുന്ന, അഥവാ നിലനിർത്തുന്ന ഇതര വർഗ്ഗീയ  ഫാസിസ്റ്റു പ്രസ്ഥാനങ്ങളെയൊന്നിനെയും അന്ധമായ മാർക്സിസ്റ്റ് വിരോധം കൊണ്ട് താങ്കൾക്കിപ്പോൾ കാണാൻ കഴിയുന്നില്ലല്ലോ, പ്രിയ ബലറാം! ഇനി ടി.പി ചന്ദ്രശേഖരൻ വധമാണെങ്കിൽ അതിൽ സി.പി.ഐ.എമ്മിനു പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുകയും ആ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി അപലപിച്ചിട്ടുള്ളതുമാണ്. ഇനി പാർട്ടിയറിയാതെ പാർട്ടിയുമായി എന്തെങ്കിലും ബന്ധമുള്ളവർ ആ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സി.പി.ഐ.എമ്മിൽ ഉണ്ടാകില്ല. അവർക്ക് സംരക്ഷണവും പാർട്ടി നൽകില്ല. മറ്റൊന്ന് താങ്കളെ പോലുള്ളവർ പറയുന്ന പല അക്രമ സംഭവങ്ങളും മുമ്പ് ഉണ്ടാകുമ്പോൾ ഇപ്പോഴത്തെ   ഈ ആർ.എം.പിക്കാരടക്കം സി.പി.ഐ.എമ്മിനുള്ളീലുണ്ടായിരുന്നു. അന്നൊന്നും സി.പി.ഐഎം ഫാസിസ്റ്റ് പ്രസ്ഥാനമാണെന്ന് അവർക്ക് തോന്നിയിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാ‍നം നഷ്ടപ്പെടുമെന്നായപ്പോഴാണ് അവർ വലിയ ജനാധിപത്യ സംരക്ഷകരായത്. ടി.പി.വധത്തിനു മുമ്പും പിമ്പും ഒഞ്ചിയത്തെ സി.പി.ഐ.എം പ്രവർത്തകർക്കുനേരേ ആർ.എം.പിക്കാർ നടത്തിയ-ഇപ്പോഴും നടത്തുന്ന അക്രമങ്ങളൊന്നും ഫാസിസമല്ലെന്നുണ്ടോ? അതോ സി.പി.ഐ എമ്മുകാരെ ആക്രമിക്കുന്നത്  മറ്റുള്ളവർക്ക് പുണ്യകർമ്മമാണോ?   അക്രമത്തെയും കൊലപാതകത്തെയും ആരും അംഗീകരിക്കില്ല. എന്നാൽ സി.പി.ഐ.എം അക്രമങ്ങൾ  മാത്രം പൈശാചികവും മറ്റുള്ളവർ നടത്തുന്ന അക്രമങ്ങൾ എല്ലാം മൃദുലവും മധുരതരവും എന്നുണ്ടോ? എതിർക്കുമ്പോൾ എല്ലാ അക്രമങ്ങളെയും കൊലപാതകങ്ങളെയും  ഒരു പോലെ എതിർക്കണം. പിന്നെ കമ്മ്യൂ‍ണിസ്റ്റ് പാർട്ടിയില്ലാത്ത ഒരു കേരളം അല്ലെങ്കിൽ ഇന്ത്യ എന്നൊക്കെയുള്ള താങ്കളുടെ സങ്കല്പങ്ങൾ കേവലം തമാശകൾ മാത്രമായേ കാണുന്നുള്ളൂ. ടി.പി വധത്തിൽ പിടിക്കപ്പെട്ടവരിൽ ചില കോൺഗ്രസ് നേതാക്കളുടെ അംഗരക്ഷകരും ഉണ്ടായിരുന്നു എന്നും മറ്റുമുള്ള വാർത്തകൾ താങ്കൾ അറിഞ്ഞിരിക്കുമെന്നും കരുതുന്നു. അന്ധമായ മാർക്സിസ്റ്റ് വിരോധം മാറ്റി നിർത്തി സ്നേഹസംവാദാത്മകമായ വിധം നമ്മുടെ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കൂ. കമ്മ്യൂണിസം അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല, പ്രിയ ബലറാം!