ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, April 27, 2012

റിസൾട്ടുകളുടെ വേഗത

 എന്റെ ഈ പോസ്റ്റിൽ ഞാൻ തന്നെ ഇട്ട ഒരു മറുപടിക്കമന്റ്

സുശീൽ,

താങ്കളുടെ കമന്റ് ഒരു പോസ്റ്റായിത്തന്നെ ഇടേണ്ടതാണ്. കുറേ ക്‌ണാപ്പന്മാർ ഇവിടെ പരമ്പരാഗതമായ നൂലാമാലകൾ നിലനിർത്താനും അഥവാ കൂടുതൽ സങ്കീർണ്ണമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇവന്മാരെയൊക്കെ ചെവിക്കു പിടിച്ച് പുറത്താക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. പക്ഷെ യന്ത്രങ്ങളായ കുറേ ബ്യൂറോക്രാറ്റുകൾ പറയുന്നത് അപ്പാടെ കേട്ട് ഈ ചുവപ്പുനാട വ്യവസ്ഥ നിലനിർത്താൻ രാഷ്ട്രീയക്കാർ അറിഞ്ഞും അറിയാതെയും സഹകരിക്കുകയാണ്. ഡേറ്റ് ഒഫ് ബർത്ത് തിരുത്താനുള്ള പഴയ സങ്കീർണ്ണതകൾ ഇപ്പോൾ ഇല്ല.( ഒരു ഡേറ്റ് ഒഫ് ബർത്ത് കറപ്ഷൻ പരിഹരിക്കാൻ ഇവിടെ മാസങ്ങൾ എടുക്കുമെന്നറിഞ്ഞ് ലണ്ടലിനുള്ള ഒരു സുഹൃത്ത് പൊട്ടിച്ചിരിച്ചു. അവിടെ ഇത് ഏതനും മണിക്കൂറുകൾ കൊണ്ട് പരിഹരിക്കുമത്രേ!) അതുപോലെ ഇപ്പോൾ റേഷൻ കാർഡ് ഒറ്റ ദിവസം കൊണ്ട് കിട്ടും. ആ രണ്ടു കാര്യത്തിനും ഉമ്മൻ ചാണ്ടിയ്ക്ക് ഒരു അഭിനന്ദനം. പുള്ളിയ്ക്ക് ആരോ കാര്യം പറഞ്ഞപ്പോൾ മനസിലായി. ഇതു ഇടതു പക്ഷത്തും വലതുപക്ഷത്തും ഇരുന്ന പലർക്കും മുമ്പേ ചെയ്യാമായിരുന്നു. പക്ഷെ ആരും പറഞ്ഞു മനസിലാക്കിയിട്ടുണ്ടാകില്ല. അഥവാ അതിനു ശ്രമിച്ചിട്ടുണ്ടായിരിക്കില്ല. അല്ല, നോക്കണേ എന്നിട്ടും ഒരു കുട്ടിയുടെ ജനനത്തീയതി തിരുത്താനുള്ള അധികാരം എങ്ങാണ്ടിരിക്കുന്ന ജോയിൻ രജിസ്ട്രാർക്കാണ്. ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് വച്ച് ഒരു സ്കൂൾ ഹെഡ്മാസ്റ്റർക്ക് ചെയ്യാവുന്ന കാര്യമാണ്. ഇങ്ങനെ ഏതെല്ലാം കാര്യങ്ങളിൽ ഇപ്പോഴും നൂലാമാലകൾ കിടക്കുന്നു! എല്ലാം ഒരു ഉമ്മൻ‌ചാണ്ടിയ്ക്ക് മാത്രമായി ചെയ്യാൻ കഴിയില്ലല്ലോ. ഭരണ-പ്രതിപക്ഷങ്ങൾ ഒരുമിച്ച് നിയമമുണ്ടാക്കി പരിഹരിക്കാവുന്ന എത്രയോ കാര്യങ്ങളുണ്ട്. പക്ഷെ അതിന് ആർക്കും നേരമില്ലല്ലോ. ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കുവാൻ രാഷ്ട്രീയക്കാർ കൈകൊർത്താൽ ജനത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാം പരിഹരിക്കപ്പെടും. ഇവിടെ രാഷ്ട്രീയക്കാർക്ക് റോഡ് പണി കൊണ്ടുവരാനേ താല്പര്യമുള്ളൂ. ശതമാനക്കണക്കിൽ കോൺ‌ട്രാക്ടർമാരിൽ നിന്നു കമ്മീഷനും വാങ്ങി വികസനവീരവാദങ്ങളും മുഴക്കി സുഖമായി കഴിയുക. മറ്റ് ജനകീയ പ്രശ്നങ്ങളിലൊന്നും ആർക്കും താല്പര്യമില്ല. ജനങ്ങളുടെ മറ്റ് തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചാൽ ആർക്കും സാമ്പത്തിക ബെനിഫിറ്റ് ഇല്ലല്ലോ. ഫണ്ട് റെയിസിംഗ് നടക്കില്ലല്ലോ. ഈ നാട് നന്നാകില്ല.മനുഷ്യൻ നന്നാകാൻ മനസ്സു നന്നാകണം എന്നു പറയും പോലെ നാട് നന്നാകാൻ രാഷ്ട്രീയം നന്നാകണം എന്നാണ് ഈയുള്ളവന്റെ വിശ്വാസം.ഇതൊക്കെയാണെങ്കിലും എന്റമ്മോ, ഇവിടെ ഈ രാഷ്ട്രീയക്കാർകൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും എത്രയോ ഗുരുതരമായിരുന്നേനേ പ്രശ്നങ്ങൾ!

Sunday, March 18, 2012

കമന്റ്: സ്ത്രീകൾക്കിനിയെന്ത് സ്വാതന്ത്ര്യം?

ദാണ്ടെ ഈ പോസ്റ്റിൽ ഞാൻ തന്നെയിട്ട ഒരു കമന്റ് :സ്ത്രീകൾക്കിനിയെന്ത് സ്വാതന്ത്ര്യം?

സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?

മനോജ്, താങ്കളുടെ കമന്റ് എന്റെ പോസ്റ്റിനെ അർത്ഥപൂർണ്ണമാക്കി. സ്ത്രീകളാരെങ്കിലും വന്ന് ഇടേണ്ട കമന്റാണത്. പക്ഷെ നിർഭാഗ്യവശാൽ പീഡനം ഭയന്നാണോന്നറിയില്ല നമ്മുടെ ബ്ലോഗിലൊന്നും പെണ്ണുങ്ങൾ വാരാറില്ല. അവർക്ക് ഇത്തരം ഗൌരവമുള്ള ചർച്ചകളിലൊന്നും താല്പര്യവുമില്ല. വല്ല അടുക്കള വിശേഷമോ പാചകമോ ഒക്കെ എഴുതി പത്ത് ആണുങ്ങളുടെ കമന്റ് പിടിക്കാനാണ് അതുങ്ങൾക്ക് നേരം. അതൊക്കെത്തന്നെ ഞാനിങ്ങനത്തെ പോസ്റ്റ് എഴുതാനും കാരണം. ആദ്യം സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പഠിക്കട്ടെ.

ഇനി മറ്റ് ചിലതിലേയ്ക്ക്. താങ്കൾ വലിയൊരു തെറ്റിദ്ധാരണ വച്ചുപുലർത്തുന്നു. എന്റെ പോസ്റ്റുകളിൽ ഞാൻ എഴുതുന്നതെല്ലാം എന്റെയോ ഞാൻ ഉൾക്കൊള്ളുന്ന പാർട്ടിയുടെയോ നിലപാടുകൾ ആകണമെന്നില്ല. അത് എന്റെ മുൻ പോസ്റ്റുകൾ പലതും വായിച്ചാൽ മനസിലാകും. തികച്ചും പാർട്ടിവിരുദ്ധമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന പോസ്റ്റുകളും ചിലവൈകാരിക നിമിഷങ്ങളിൽ ഞാൻ എഴുതിയിട്ടുണ്ട്. ആതമാർത്ഥതകൊണ്ടുമാത്രം. കൂടാതെ കേവലം ചർച്ചയ്ക്കായും  തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ വരികൾ പോലും എന്റെ ചില പോസ്റ്റുകളിൽ കാ‍ണാം.ചർച്ചകളിലൂടെയാണ് ഓരോ പോസ്റ്റും പൂർണ്ണതയിലാകുന്നത് എന്നാണെന്റെ വിശ്വാസം.കാരണം എന്റെ ബ്ലോഗ് എന്റെയോ എന്റെ പാർട്ടിയുടേയോ ജിഹ്വ അല്ല. അതൊരു ചർച്ചാവേദിയാണ്. കൂടുതലും സ്വന്തം നിലപാടൂകൾക്കായിരിക്കും അവിടെ ഒരു സ്വാഭാവികമുൻ‌തൂക്കം ലഭിക്കുക എന്നത് ഒഴിവാക്കാനുമാകില്ല. 

മാത്രവുമല്ല കണ്മുന്നിൽ കാണുന്ന ചില യാഥാർത്ഥ്യങ്ങൾ എഴുതുമ്പോഴും പലപ്പോഴും നമ്മുടെ നിലപാടുകൾ മറക്കും. സ്ത്രീ വിഷയത്തിൽ നമുക്കുചുറ്റും കാണാൻ കഴിയുന്ന യാഥാർത്ഥ്യങ്ങൾ മറച്ചുവച്ച് ഈ വിഷയം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നതും കാണണം. സംവരണം കൊണ്ട് മാത്രം സ്ത്രീകളുടെ പ്രശ്നങ്ങൾ തീരുമെന്ന് ഞാൻ കരുതുന്നില്ല. സംവരണവും നിയമപരിരക്ഷകളുമെല്ലാം സ്ത്രീവിമോചനത്തിലുള്ള സർക്കാർ വിലാസം സപ്പോർട്ടുകളാണ്. എന്നാൽ അതുകൊണ്ടൊന്നും സ്ത്രീ സമൂഹത്തിനു മുന്നിൽ ഉയർന്നുനിൽക്കുന്ന പലവെല്ലുവിളികൾക്കും പരിഹാരം കാണുവാൻ ഇനിയും സാധിച്ചിട്ടില്ല. എന്റെ പോസ്റ്റിലെ ചില പ്രതിലോമമെന്ന് തോന്നിയ  ആശയങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് താങ്കൾ അതിനെ വിലയിരുത്തിയത്. പക്ഷെ അതിൽ ചിൽ യാഥാർത്ഥ്യങ്ങൾ തുറന്നു സൂചിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കണ്ണടച്ച് നാം ഇരുട്ടാക്കേണ്ട കാര്യമില്ല.

ഒരുത്തന്റെ മുന്നിൽ ഒരിക്കൽ തല വച്ചുപോയെന്നും അവനിൽനിന്ന് സന്താനങ്ങളുണ്ടായിപോയി എന്നും കരുതി ആയുഷ്കാലം അവന്റെ ചവിട്ടും തൊഴിയുമേറ്റ് ജീവിതം തുലയ്ക്കുന്നതിനോട് ഒട്ടും യോജിപ്പുള്ള ആളല്ല ഞാൻ. ജീവിതം ഒരിക്കലേയുള്ളൂ. പക്ഷെ അതിനുള്ള ധൈര്യം ഇവിടുത്തെ സ്ത്രീകൾക്കില്ല. മദ്ധ്യസ്ഥന്മാർ പലപ്പോഴും  ഭർത്താവിനാൽ പീഡിതയായ കുടുംബിനിയോട് പറയാറുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് പൊക്കൂടേയെന്ന്! എപ്പോഴും സ്ത്രീയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്. സ്ത്രീസ്വാതന്ത്ര്യവാദികളായ ജഡ്ജിമാർ പോലും അങ്ങനെയൊക്കെത്തന്നെ പറയുന്നത്. ആകെ മൊത്തം ഞാൻ പറഞ്ഞു സമർത്ഥിക്കാൻ ശ്രമിച്ചത് സ്ത്രീകൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും ഇവിടെയൂണ്ട്, പക്ഷെ അവർക്ക് അത് പൂർണ്ണമായി ആസ്വദിയ്ക്കാനാകുന്നില്ല എന്നാണ്. മറ്റൊന്ന് സ്ത്രീയും പുരുഷനും തമ്മിൽ നിഷേധിക്കാനാകാത്ത ചില വ്യത്യാസങ്ങൾ ശാരിരികമായും മാനസികമായും ഉണ്ട് എന്നത് കണക്കിലെടുക്കാതിരിക്കേണ്ട കാര്യമില്ല.

യാഥാർത്ഥ്യബോധത്തിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഏതൊരു ലക്ഷ്യവും പൂർത്തീകരിക്കാൻ കഴിയൂ. സ്ത്രീ വിഷയത്തിൽ എന്റെ എഴുത്തും പ്രസംഗവുമൊക്കെ ഈ പോസ്റ്റ് പോലെ പ്രകോപനപരമാണ്. പക്ഷെ സ്ത്രീകളോടുള്ള എന്റെ വ്യക്തിപരമായ സമീപനം തികച്ചും കമ്മ്യുണിസ്റ്റ് ബോധം ഉൾക്കൊണ്ടുള്ളതുതന്നെയാണ്. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നടത്തുന്ന പ്രതികരണങ്ങളിൽ മുൻ നിരയിൽ തന്നെ നിൽക്കുന്ന ആളാണു ഞാൻ. തിരുവനന്തപുരത്ത് അടുത്തകാലത്ത് നടന്ന  ഫ്രീഡം വാ‍ക്കു പോലുള്ള പരിപാടിയുടെ സംഘാടകരിൽ ഒരാ‍ളാണു ഈ വിനീതനും എന്നതും താങ്കൾ അറിയുക.സ്ത്രീകൾ നടത്തുന്ന പലപ പരിപാടികളും ഏറ്റെടുത്ത് വിജയിപ്പിച്ചു കൊടുക്കുന്ന പാരമ്പര്യവും ഇപ്പോഴും തുടരുന്നുണ്ട്. ഒരു പക്ഷെ പാർട്ടിയ്ക്ക് സ്ത്രീ വിഷയത്തിൽ ഉള്ളതിനേക്കാൾ കടുത്ത പുരോഗമന നിലപാടുകളാണ് സ്ത്രീ  വിഷയത്തിൽ ഈയുള്ളവന് ഉള്ളത് എന്നതാണ് സത്യം.പക്ഷെ സമൂഹമൊന്നായി എന്നെ പോലെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്ന സങ്കല്പത്തിൽ ഊന്നി നിന്ന് ഒരു വിഷയവും കൈകാര്യം ചെയ്യാനാകില്ല.  വിവാഹിതരായാൽ ഭാര്യയും ഭർത്താവും രണ്ടല്ല ഒന്നാണ് എന്ന നിലപാട് എനിക്കുണ്ട് എന്നു കൂടി അറിയിക്കട്ടെ.

മറ്റൊന്ന് ചിലർ ചോദിക്കും പോലെ ഭർത്താവിന് അടുക്കളയി കയറിയാലെന്താ എന്നൊന്നും ചോദിക്കുന്നതല്ല സ്ത്രീ സ്വാതന്ത്ര്യവാദം. ആണുങ്ങൾ അടുക്കളയിൽ കയറരുതെന്ന് ആരും പറയുന്നുമില്ല. ജീവിതം ഇരുമെയ്യും മനമൊന്നുമായി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നത് സ്ത്രീവിരുദ്ധ ആശയമല്ല. എന്ന് മനോജ് പറഞ്ഞെന്നല്ല. എനിക്കിപ്പോൾ തോന്നുന്നതും കൂടിയൊക്കെ എഴുതുന്നുവെന്നുമാത്രം. പിന്നെ താങ്കൾ പറഞ്ഞ ദാ ഈ കാര്യം എന്റെ പോസ്റ്റിനെ കൂടുതൽ പ്രസക്തമാക്കുന്നതേയുള്ളൂ കേട്ടോ!

മനോജ് പറഞ്ഞു: “സ്ത്രീകൾക്ക് ഭരണതലത്തിൽ സംവരണം കിട്ടി പോലും!!! ഏത് സ്ത്രീയെയാണു രാഷ്ട്രീയ പുരുഷന്മാർ സ്വതന്ത്രമായി ഭരിക്കുവാൻ വിടുന്നത്??? ഒരു കളിപാവയെ പോലെ മുന്നിൽ നിറുത്തി പുരുഷൻ ഭരിക്കും എന്നതിന്റെ നല്ല ഉദാഹരണമല്ലേ റാബറി. സ്ത്രീ സംവരണം വന്നപ്പോൾ തങ്ങളുടെ അധികാരം പോകുമെന്ന് കണ്ട് സ്വന്തം വീട്ടിലുള്ള സ്ത്രീകളെ ഇലക്ഷനു നിറുത്തുന്ന രാഷ്ട്രീയപുരുഷ വർഗ്ഗമല്ലേ നമുക്ക് ചുറ്റുമുള്ളത്!!! ഇടത് പാർട്ടികളിൽ പോലും ഈ പ്രവണത കടന്നു പിടിച്ചു!!!“

അതൊക്കെത്തന്നെ ഞാനും പറയുന്നത്.

പിന്നെ സുശീലൻ പറഞ്ഞകാര്യങ്ങൾ സംബന്ധിച്ച് ഞാൻ ഒരു പോസ്റ്റ് ഭാവിയിൽ എഴുതുന്നുണ്ട്. മതവേഷങ്ങൾ ഇന്ന് പലർക്കും ഒരു ഫാഷൻ ആണ്. ചിലർക്ക് അത് ഒരു പ്രഖ്യാപനവും. (പ്രഖ്യാപിക്കുനതെന്താണെന്ന് എടുത്ത് പറയേണ്ടല്ലോ) ചില ഫെമിനിസ്റ്റുകൾ പോലും ഈ വേഷങ്ങൾ ധരിക്കുന്നുണ്ട്. എന്തുപറയാൻ! ആരും നിർബന്ധിച്ചിട്ടൊന്നുമല്ല അവർ ഈ വേഷം ധരിക്കുന്നത്. ഭർത്താക്കന്മാരും പറയാറില്ല. (പറയുന്നവരുമുണ്ട്) .ഭർത്താക്കന്മാർ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നേയുള്ളൂ. ആണുങ്ങൾ സാധാരണ വേഷത്തിൽ നടക്കും. അവരുടെ ഭാര്യമാർ മതവേഷം ധരിക്കും. ഭൂരിപക്ഷവും അങ്ങനെ തന്നെ. ആളുകൾ അവരുടെ മതസ്വാതന്ത്ര്യം പ്രഖ്യാപിച്ച് നടക്കുന്നിടത്ത് കമ്മ്യൂണിസ്റ്റുകാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

കുറച്ചുകൂടി എഴുതാനുണ്ട്. ഇപ്പോൾ വേറെ ചില ജോലികൾ ഉണ്ട്. കൈയ്ക്കൊരു വിശ്രമവും ആവശ്യമാണല്ലോ!

Sunday, March 11, 2012

വി.എസിന്റെ ഉപമപ്പിഴ

എന്റെതന്നെ ഒരു ബ്ലോഗ്പോസ്റ്റിൽ ഇട്ട കമന്റ്. ആ പോസ്റ്റിലേയ്ക്ക് ഈ ലിങ്കിൽ ഞെക്കിവരാം

വി.എസിന്റെ ഉപമപ്പിഴ

ഉപമ അല്പം കടന്നുപോയി എന്നു വേണമെങ്കിൽ പറയാം. പക്ഷെ സിന്ധു ജോയിയെ വി.എസ്.അങ്ങനെ മോശമായി എന്തെങ്കിലും ഉദ്ദേശിച്ചിട്ടില്ലെന്ന് അത് കണ്ടുകേട്ട എല്ലാവർക്കും മനസിലാകും. എല്ലാ സെൽ‌വൻ‌മാരെയും സിന്ധു ജോയിമാരെയും ഒക്കെക്കൂടി   കൂട്ടിപ്പിടിച്ച് ഒരു ഉപമ പറഞ്ഞു പോയി. അതിന് ഇങ്ങനെയൊക്കെ വ്യാഖ്യാനം വരുമെന്ന് അന്നേരം ഓർക്കില്ല. ഇതൊന്നും  നേരത്തേ കാണാതെ പഠിച്ച്  പറയുന്നതല്ലല്ലോ. പിന്നെ സഖാവ് പിണറായിയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ  കാര്യങ്ങൾ അളന്നു തൂക്കി പറയാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീയും കുടുംബിനിയുമായ  എതിർ സ്ഥാനാർത്ഥിയെക്കുറിച്ച്   വി.എസ് ഒരു പ്രസ്താവന നടത്തിയപ്പോൾ അതിൽ അറിഞ്ഞോ അറിയാതെയോ ഒരു ദ്വയാർത്ഥം വന്നു പോയിരുന്നു. അന്ന് ഈയുള്ളവനും അതിൽ പ്രതിഷേധം തോന്നിയിരുന്നു. അത് ഞാൻ പ്രകടിപ്പിക്കുകയും ചെയ്തു. അവരെക്കുറിച്ചല്ല ആരെക്കുറിച്ചും അങ്ങനെ ആരും പറയാൻ പാടില്ലതന്നെ. പക്ഷെ ഇതിപ്പോൾ  വി.എസിന്റെ ഇപ്പോഴത്തെ ഉപമപ്രയോഗം അത്ര ഗൌരവമുള്ളതല്ല. പിന്നെ മറ്റുള്ളവർക്ക് ചുമ്മാ ഇത് കുത്തിപ്പൊക്കി മുതലെടുക്കാൻ ഒരു അവസരമുണ്ടായി എന്നു മാത്രം. നമ്മുടെ പി.സി.ജോർജ്ജ് സാറ് വനിതാ വാച്ച് ആൻഡ് വാർഡിനെക്കുറിച്ച് പറഞ്ഞതിലും വലുതൊന്നുമല്ലല്ലോ ഇത്. ആകെ ഇതുകൊണ്ട് നേട്ടം യു.ഡി.എഫിനും സിന്ധു ജോയിക്കും തന്നെ. ഒരു ഉപതെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫുകാർക്ക് കൊണ്ടാടാൻ ഒരു വിഷയം കൂടി ഇട്ടുകൊടുത്തു.

ഇതിപ്പോൾ  ആരോരുമറിയാതെ ഏതോ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന നമ്മുടെ എക്സ് സഖാവ് സിന്ധു ജോയിയെ വീണ്ടും കുത്തിയിളക്കി പൊക്കിക്കൊണ്ടു വന്നതുപോലെയായി. സിന്ധു ജോയിക്ക് വീണ്ടും മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒരു കൈ സഹായിച്ചതുപോലെയായി. ഇനി ഒരു പക്ഷെ വി.എസ് കാരണം സിന്ധു ജോയിക്ക് അസംബ്ലിയിലോ പാർളമെന്റിലോ ഒക്കെ സീറ്റ് കിട്ടിയെന്നുമിരിക്കും.നല്ലത്. എന്നാലും  അങ്ങനെയൊക്കെ  നോക്കുമ്പോൾ സഖാവ് വി.എസ്. തന്റെ നാക്ക് അല്പം സൂക്ഷിക്കേണ്ടതായിരുന്നു എന്നു തോന്നുന്നു. സിന്ധു ജോയിയെ ബാധിക്കാത്ത ഒരു ഉപമയാണ് നടത്തിയതെങ്കിലും. മറ്റു ദുരുദ്ദേശമൊന്നുമില്ലാതെ പറഞ്ഞുപോയ ഒരു നാവു പിഴ. അത്രേ ഉള്ളൂ. അത് ആഘോഷമാക്കി ആ പെൺകൊച്ചിനെ അവഹേളിക്കാതിരിക്കുക എന്നേ പറയാനുള്ളൂ.

Sunday, February 26, 2012

പുസ്തകപ്രസാധനവും എഴുത്തുകാരും

പുസ്തകപ്രസാധനവും എഴുത്തുകാരും

ബൂലോകം ഡോട്ട് കോമിൽ ഇട്ട കമന്റ് ! ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്.

" എന്തായാലും സ്വന്തം കൈയ്യിലെ പണം മുടക്കി ഞാനായിട്ട് അതൊന്നും പുസ്തകം ആക്കില്ല. അതിനായുള്ള പണം കയ്യില്‍ ഇല്ലാത്തതുകൊണ്ടോ പിശുക്കനായതുകൊണ്ടോ അല്ല. ഞാന്‍ എഴുതിയതില്‍ കാമ്പുള്ളത് എന്തെങ്കിലുംഉണ്ടെന്നും, അത് പുസ്തകമാക്കിയാല്‍ വിറ്റുപോകുമെന്നും എനിക്കല്ല തോന്നേണ്ടത്, ഒരു പ്രസാധകന് ആണ്."

ഇവിടെ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മുമ്പ് പ്രസാധകർ പ്രശസ്തരും പ്രാമാണികരുമായ എഴുത്തുകാരുടെ സൃഷ്ടികൾ അങ്ങോട്ടുപോയി ആവശ്യപ്പെട്ട് വാങ്ങി പ്രസിദ്ധീകരിക്കുമായിരുന്നു. ഇപ്പോഴും കുറച്ചൊക്കെ അങ്ങനെതന്നെ നടക്കുന്നുണ്ടാകും. അതുപോലെ പലരുടെയും രചനകൾ വൻകിട പ്രസാധകരുടെ എഡിറ്റർ എന്ന അക്ഷരപ്രമാണിയുടെ പരിശോധനയിൽ ചവറ്റുകുട്ടയിലേയ്ക്ക് എറിയപ്പെടുകവഴി സർഗ്ഗശേഷികളിൽ ആത്മ വിശ്വാസം നഷ്ടപ്പെട്ട് എഴുത്തേ നിർത്തിയവർ എത്രയെങ്കിലുമുണ്ടാകും. പിന്നെ മറ്റുചിലർ അങ്ങോട്ടു പോയി പ്രസാധകപ്രമാണിമാരെ മണിയടിച്ച് വല്ല വിധവും പ്രസാധകരുടെ ചെലവിൽത്തന്നെ അവരുടെ പുസ്തകമടിക്കുന്ന രീതിയാണ്. നിലവാരമൊന്നും വേണമെന്നില്ല. അല്ലെങ്കിൽ പ്രൂഫ് നോക്കൽ പ്രമാണി ഒക്കെ ശരിയാക്കിക്കൊള്ളും. മണിയടിച്ചുപോയതുകൊണ്ട് ഗ്രന്ഥകർത്താക്കൾക്ക് പ്രതിഫലം കിട്ടാനിടയില്ല. ഏതാനും കോപ്പികൾ കൊടുക്കും. അത്രമാത്രം.

എന്നാൽ ഇപ്പോൾ സാധാരണമായിരിക്കുന്നത് മറ്റൊരു രീതിയാണ്. ഇപ്പോൾ പ്രസാധകരുടെ എണ്ണം ഒരുപാട് കൂടി. ഇപ്പോൾ വൻകിട പ്രസാധകരും ചെറുകിട പ്രസാധകരുമായി ധാരാളം പേർ ഉണ്ട്. പുസ്തക പ്രസാധക രംഗത്തെ ഇപ്പോഴത്തെ സാധാരണ രീതി പ്രസാധകർക്ക് എഴുത്തുകാർ അങ്ങോട്ട് കാശുകൊടുത്ത് പുസ്തകം ഇറക്കിക്കുക എന്നതാണ്. വല്ല അവതാരികയോ മറ്റോ വേണമെങ്കിൽ അതും എഴുത്തുകാരൻ ആരെക്കൊണ്ടെങ്കിലും എഴുതിച്ചു നൽകണം. പ്രസാധകർ പുസ്തകമച്ചടിച്ചു വിൽക്കും. എഴുത്തുകാരൻ അങ്ങോട്ട് പൈസ കൊടുത്തെന്നു കരുതി പ്രതിഫലമോ ലാഭ വിഹിതമോ ഒന്നും പ്രതീക്ഷിക്കരുത്. ചെറുകിട പ്രസാധകരാണെങ്കിൽ അവർക്ക് വലിയ വില്പനയും ലാഭവുമൊന്നും കിട്ടാറുമില്ല. ഗ്രന്ധകേത്താവിന് പുസ്തകത്തിന്റെ ഏതാനും കോപ്പികൾ പ്രതിഫലമായി നൽകും. സർക്കാർ നിയന്ത്രണങ്ങളിൽ ഉള്ള ചില പ്രസാധകർക്കു പോലും ഇപ്പോൾ ഗ്രന്ഥകർത്താക്കൾ അങ്ങോട്ടു പണം നൽകണം. ചില പ്രസാധകർക്ക് അച്ചടിച്ചെലവ് മൊത്തമായും നൽകണം. ചിലർക്ക് പകുതിയോ ഇത്രശതമാനമോ എന്ന നിലയിൽ മുടക്കണം.

ചെറുകിട പ്രസാധകർക്ക് ഇങ്ങനെ എഴുത്തുകാരനിൽ നിന്ന് പണം സ്വീകരിച്ചൊക്കെത്തന്നെയേ പുസ്തകമിറക്കാൻ നിവൃത്തിയുള്ളൂ എന്നതും നാം കാണണം.കാരണം അവർക്ക് വേണ്ടത്ര വില്പനയോ ലാഭമോ ഒന്നും ലഭിക്കാറില്ല. മുമ്പൊക്കെ വായനശാലകൾ ഗ്രാൻഡു കിട്ടുമ്പോൾ വൻ‌കിടപ്രസാധകരുടെ വിതരണശാലകളിൽ പോയേ പുസ്തകമെടുക്കുമായിരുന്നുള്ളൂ. എന്നാൽ സംസ്ഥാന ലൈബ്രറി കൌൺസിൽ ഏതാനും വർഷങ്ങളായി ചെറുകിട പ്രസാധകരെ സഹായിക്കാനുള്ള ഒരു നടപടി സ്വീകരിച്ചു. വർഷാവർഷം ലൈബ്രറികൾക്ക് ഗ്രാൻഡ് നൽകുന്നസമയത്ത് എല്ലാ ജില്ലകളിലും പുസ്തകമേളകൾ സംഘടിപ്പിക്കുകയും വായനശാലകൾ മേളയിൽ പോയിത്തന്നെ പുസ്തകം വാങ്ങണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. പുസ്തകപ്രസാധക രംഗത്തെ വൻ‌കിടകൾ ഇതിനെതിരെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ പുസ്തകമേളകൾ പ്രസാധകരംഗത്തെ ഏതാനും പേരുടെ കുത്തകതകർക്കാൻ സഹായകരമായിട്ടുമുണ്ട് എന്നു കരുതാൻ ന്യായമുണ്ട്.

ഇപ്പോഴും സംസ്ഥാന ലൈബ്രറി കൌൺസിലുകളുടെ നിർദ്ദേശാനുസരണം ജില്ലാ ലൈബ്രറി കൌൺസിലുകൾ എല്ലാ ജില്ലകളിലും വർഷാവർഷം പുസ്തകമേളകൾ നടത്തുന്നുണ്ട്. അത് വായനാ കുതുകികൾക്കും വായനശാലാ പ്രവർത്തകർക്കും ചെറുകിട പ്രസാധകരെക്കൂടി പരിചയപ്പെടാൻ സഹായിക്കുകയും ചെറുകിടക്കാരുടെ പുസ്തകങ്ങൾക്കും കുറച്ചൊക്കെ നല്ല വില്പന ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തുവരുന്നുണ്ട്. ഈയൊരവസ്ഥയിൽ സ്വന്തം രചനകൾ പുസ്തകമായി കാണാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി പണം മുടക്കിയാണെങ്കിലും പുസ്തകമിറക്കുന്നതിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മാത്രവുമല്ല, എല്ലാവരും മനോജ് രവീന്ദ്രനോ എല്ലാവർക്കും സജിം തട്ടത്തുമലയോ എല്ലാവർക്കും കുഞ്ഞൂസോ അകാൻ കഴിയില്ലല്ലോ. അതുകൊണ്ട് എഴുതാൻ കഴിയുന്ന എല്ലാവരും മനോജ് രവീന്ദ്രനെ പോലെ പ്രസാധകരുടെ വരവും കാത്തിരുന്നാൽ നല്ല കുറെ പുസ്തകങ്ങൾ വയാനാ കുതുകികൾക്ക് നഷ്ടപ്പെടും . എങ്കിലും നിരക്ഷരന്റെ യാത്രാക്ഷരങ്ങളെ തേടി എപ്പോഴെങ്കിലും പ്രസാധകർ അറിഞ്ഞുകേട്ട് വരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

സഞ്ചാരസാഹിത്യത്തിന് നല്ല സാദ്ധ്യതകളാണുള്ളത്. എസ്.കെ.പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിന് ഇന്നും നല്ല ഡിമാൻഡ് ഉണ്ട് എന്ന് എന്റെ വയനശാലാ പ്രവർത്തനാനുഭവങ്ങളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ബ്ലോഗുകളിൽ നല്ല വൈജ്ഞാനികവും സാഹിത്യമൂല്യമുള്ളതും വില്പനസാധ്യതയുള്ളതുമായ വിലപ്പെട്ട സൃഷ്ടികൾ ഉണ്ട് എന്ന് ഇനിയും അറിയാതെ പോകുന്നവർ ഒരുപാട് പേർ ഉണ്ട്. ബ്ലോഗുകൾ എന്നൊരു മാധ്യമുണ്ടെന്നും അവിടെ ഇങ്ങനെ ചിലത് നടക്കുന്നെന്നും കൂടി അറിയാത്തവരുണ്ട്. ബ്ലോഗുകളിൽ നല്ല സൃഷ്ടികൾ ലഭ്യമാണ് എന്ന് അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്നവരുടെ കാര്യം പോട്ടെ. ബ്ലോഗിൽനിന്നുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ അളുകൾ വരാനിരിക്കുന്നതേ ഉള്ളൂ.ആർക്കും അവഗണിച്ച് ദുർബലപ്പെടുത്താവുന്നതോ ഇപ്പോഴത്തെ പോലെ എന്നും പരിമിതമായ ഒരു സമൂഹത്തിൽമാത്രം ഒതുങ്ങി നിൽക്കുന്നതോ അല്ല ബ്ലോഗ് എന്ന മാധ്യമം എന്നാണ് ഞാൻ കരുതുന്നത്.

പിന്നെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ചോദിക്കുമ്പോൾ ഈ ഞാൻ അത്രയ്ക്കൊന്നും ചെയ്തിട്ടില്ല, ചെയ്തിട്ടില്ലാ എന്ന ഒരു അതിവിനയമുണ്ടല്ലോ. അത്രയൊന്നും വേണ്ട. ഹഹഹ! ഓരോരുത്തരും അവരവരുടെ അഭിരുചികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ഓരോ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാവർക്കും ഒരേയളവിൽ ഒരു കർമ്മരംഗത്തും പ്രവർത്തിക്കനാകില്ല. ഏറ്റക്കുറച്ചിലുകളുണ്ടാകും. ആനിലയിൽ പരിശോധിക്കുമ്പോൾ നിരക്ഷരൻ എന്ന മനോജ് രവീന്ദ്രനും നല്ലത് ചിലതൊക്കെ ചെയ്തിട്ടുണ്ട്. ചെയ്തുകൊണ്ടുമിരിക്കുന്നു. അത് ഇദ്ദേഹം വിനയം കൊണ്ട് നിഷേധിച്ചാലും ബൂലോകവാസികൾക്കെല്ലാം അറിയാം. ഇദ്ദേഹത്തിന്റെ മേച്ചില്പുറം ബ്ലോഗും ഫെയ്സ്ബൂക്കുമൊക്കെ ആയതുകൊണ്ട് ആ ഒരു മേഖലയിൽ നിന്നുകൊണ്ടാണ് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നത് എന്നുമാത്രം. ഒരുവിധം നല്ല ജീവിതോപാധിയും വരുമാനവുമൊക്കെയുള്ള ആളുകൾക്ക് അവരവരുടെ സ്വാർത്ഥത്തിൽ മാത്രം ഒതുങ്ങി ജീവിക്കാമെന്നിരിക്കേ മനോജിനെ പോലുള്ളവർ ഇത്രയെങ്കിലുമൊക്കെ സാമൂഹ്യബോധമുള്ളവരായി കാണപ്പെടുന്നതിനെ ആരും കുറച്ചുകാണില്ല. വിനയം കൊണ്ട് ഇദ്ദേഹവും വേണ്ടപ്പെട്ടവരുമൊക്കെ ചത്തുപോകുമെന്നു കരുതിയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ പങ്കെടുത്തത് എന്ന് പറയുന്നതൊക്കെ ചുമ്മാ! മനോജ് രവീന്ദ്രൻ ഉൾപ്പെടെ ഒരുമാതിരി എല്ലാവരും ഉള്ളിൽത്തട്ടിത്തന്നെയാണ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളതും ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്നതും. ഫലം കാണാൻ ഇനിയെത്ര കാലം എടുത്താലും!

Saturday, February 25, 2012

ശശികല ടീച്ചറും മദനിയും മറ്റും.........

ബൂലോകം ഡോട്ട് കോമിലെ ഒരു പോസ്റ്റിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്.

ശശികല ടീച്ചറും മദനിയും മറ്റും.........

ഹിന്ദു വർഗ്ഗീയതയും മുസ്ലിം വർഗ്ഗീയതയും മദനിയിലൂടെയോ ശശികല ടീച്ചറിലൂടെയോ സംഭവിച്ച ഒന്നല്ല. അതിനു ചരിത്രപരമായ വേരുകളുണ്ട്. തങ്ങളുടെ കാലത്ത് തങ്ങളെക്കൊണ്ടാകും വിധം ആ വർഗ്ഗീയതകളെ ഒന്ന് കൊഴുപ്പിക്കാൻ ശ്രമിക്കുകയാണ് ടീച്ചറും ഉസ്താദും ചെയ്തിട്ടുള്ളത്. ആർ.എസ്.എസിനു പകരം വയ്ക്കാൻ ഒരു ഐ.എസ്.എസ്.ഉണ്ടാക്കി ഹുന്ദുവർഗ്ഗീയവാദികളെ ഇന്നു ഞെട്ടിക്കാൻ മദനിയ്ക്കു കഴിഞ്ഞു. ജനം വെറുക്കാനിഷ്ടപ്പെടുന്ന ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കാനും മുളവടിയേന്താനും കക്കിനിക്കറിടാനും മടിച്ചു തുടങ്ങിയ പുതുതലമുറയിൽ ചിലരെയെങ്കിലും ഉത്തേജിപ്പിച്ച് ആർ.എസ്.എസ് ശാഖകളിലേയ്ക്കയക്കാൻ ടീച്ചർക്കും കഴിഞ്ഞിട്ടുണ്ടാകാം. മദനി തീവ്രവാദം ഉപേക്ഷിച്ചെങ്കിലും അതിന്റെ ചുവടുപിടിച്ച് പിന്നീട് എൻ.ഡി.ഫ് വന്ന് പിന്നെയും ആർ.എസ്.എസ് കാരെ ഞെട്ടിച്ചു. തങ്ങൾ മാത്രമാണ് ഭീകരന്മാരെന്നും എല്ലാവരും തങ്ങളെ മാത്രം ഭയന്നോളണം എന്നുമുള്ള ഒരു അഹങ്കാരം ആർ.എസ്.എസ് കാർക്ക് പൊതുവേ ഉണ്ടായിരുന്നു.അതെല്ലാം ഐ.എസ്.എസിന്റെയും എൻ.ഡി.എഫിന്റെയും വരവോടെ ഒന്നു ശമിച്ചു. തങ്ങളെപ്പോലെ തിളയ്ക്കുന്ന ചോര മറുഭാഗത്തും ഉണ്ടെന്നറിഞ്ഞതോടെ ശാഖകളിലേയ്ക്കുള്ള ഒഴുക്ക് പൊർതുവേ ഒന്നു കുറഞ്ഞു. പക്ഷെ ഇപ്പോൾ ഈ രണ്ടുകൂട്ടരും (എൻ.ഡി.എഫും ആർ.എസ്,എസും) പരസ്പരം തങ്ങളുടെ ഭീകരതകാട്ടി അങ്ങോട്ടുമിങ്ങോട്ടും ഭയപ്പെടുത്തുവാൻ ചെന്നു കയരുന്നത് മാസ്ക്സിസ്റ്റുകാരുടെ തലയിൽ. എം.ഡി.എഫുകാരെ ഭയപ്പെടുത്താൻ ആർ.എസ്.എസ് കാരും ആർ.എസ്.എസിനെ ഭയപ്പെടുത്താൻ എൻ.ഡി.എഫുകാരും മാർക്സിസ്റ്റ്കാരെ ആക്രമിച്ചും കൊന്നും കാണിക്കുകയാണ്. ഫലത്തിൽ സി.പി.ഐ.എമ്മിനു പണികൂടി. മുമ്പ് ആർ.എസ്.എസ് കാരെ മാത്രം നേരിട്ടാൽ മാത്രം മതിയായിരുന്നു. ഇപ്പോൾ എൻഡി.എഫുകാരെ കൂടി നേരിടണം എന്നായി. ( ഈ എൻ.ഡി.എഫ് ഇപ്പോൾ എസ്.ഡി.പി.ഐ എന്നോ മറ്റോ പേരുമാറിയിട്ടുണ്ട്.രാഷ്ട്രീയ രൂപാന്തരീകരണം. പക്ഷെ എഫെക്റ്റ് ഒന്നുതന്നെ). എന്തായാലും എല്ലാ വർഗ്ഗീയ-പ്രതിലോമ-അക്രമ സംഘങ്ങൾക്കും വേണ്ടത് മാർക്സിസ്റ്റുകാരുടെ ചോരതന്നെ. മനുഷ്യർ എല്ലാവരും ഒന്നാണെന്നും എല്ലാവരുടെയും സിരകളിൽ ഓടുന്നത് ഒരേ നീറമുള്ള രക്തമാണെന്നും എല്ലാവരും പരസ്പരസ്നേഹത്തോടെയും സമാധാനത്താടെയും ജീവിക്കണമെന്നുമൊക്കെയുള്ള മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് മാർക്സിസ്റ്റുകാർ ചെയ്യുന്ന കുറ്റം. തങ്ങളുടെ വർഗ്ഗീയ രാഷ്ട്രം സ്ഥാപിക്കാൻ എല്ലാവർക്കും ഒഴിവായിക്കിടേണ്ട പ്രതിബന്ധം മാർക്സിസ്റ്റുകാരാണ്. സി.പി.ഐ.എം പോലെയൊരു പ്രസ്ഥാനം തകരുന്നത് എല്ലാവിഭാഗം വിശ്വാസികൾക്കും ദോഷകരമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേയ്ക്കും ആർക്കും സ്വയമ്പോലും തിരിച്ചറിയാനാകാത്ത വിധത്തിലാകും കാര്യങ്ങൾ ഇങ്ങനെ പോയാൽ! അതിനു ആരെങ്കിലുമൊക്കെ ജിവിച്ചിരുന്നിട്ടു വേണ്ടേ, ഓരോരുത്തർക്കും മതരാഷ്ട്രം സ്ഥാപിക്കാൻ! തമ്മിലടിച്ച് ചത്തിട്ട് പിന്നെ എന്തെരു രാഷ്ട്രം?

മദനിയെ മോചിപ്പിക്കാന്‍ ഇനിയുമെത്ര നാള്‍?

ഒലീവ് എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപെട്ട പോസ്റ്റിലേയ്ക്കൂള്ള ലിങ്ക് ഇതാണ്!

മദനിയെ മോചിപ്പിക്കാന്‍ ഇനിയുമെത്ര നാള്‍?


തമിഴ്നാട് ജയിൽവാസം കഴിഞ്ഞുവന്ന മദനി തീവ്രദാദം നന്നല്ലെന്ന് തന്റെ അനുഭവങ്ങളിലൂടെ പഠിച്ചുവെന്നും ഇനി അത്തരം ചിന്തകളിലേയ്ക്കോ പ്രവൃത്തികളിലേയ്ക്കോ തിരിച്ചുപോകില്ലെന്നും എല്ലാവരും സമാധാനത്തോടെ വർത്തിക്കണമെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തിരുവനന്തപുരം ജില്ലയിൽ ഒരിടത്ത് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മുൻ കാലത്ത് ആശയപരവും വിശ്വാസപരവുമായി താൻ ചെയ്തുവെന്നു സ്വയം കരുതുന്ന തെറ്റുകൾക്കൊരു പ്രായച്ഛിത്തം എന്ന നിലയിൽ കുറച്ചുകാലം തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു നടക്കാനെങ്കിലുമുള്ള അവസരം ഇവിടുത്തെ നീതിപീഠങ്ങൾ നിരന്തരം മദനിയ്ക്ക് നിഷേധിക്കുകയാണ്. അഥവാ താൻ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷകൾ മാനസികമായും ശാരീരികമായും മദനിയും കുടുംബവും അനുഭവിച്ചുകഴിഞ്ഞു. എന്നിട്ടും മദനിയ്ക്ക് നീതി നിഷേഷിക്കുന്നതിനെതിരെ ശബ്ദിക്കാൻ അത്ര ആൾബലമൊന്നുമില്ലാത്ത ചില മനിഷ്യവകാശ കൂട്ടയ്മകൾ മാത്രമേ ഇപ്പോൾ തയാറാകുന്നുള്ളൂ. മുസ്ലിങ്ങളുടെ മൊത്തംൻ സംരക്ഷകരെന്നു സ്വയം അവകാശപ്പെട്ടു നടക്കുന്ന മുസ്ലിം സംഘടനകളോന്നും മദനിയുടെ മോചനത്തിനായി ഇന്ന് ഒരു തുള്ളി വിയർപ്പും ഒഴുക്കുന്നുമില്ല, ഒരു വാക്കുപോലും മിണ്ടുന്നുമില്ല. ഇവിടെ നിരീശ്വരവാദികളടകമുള്ള ഏതാനും മനുഷ്യാവകാശപ്രവർത്തകർ മാത്രം മദനിയ്ക്കെതിരെയുള്ള നിതി നിഷേധത്തിനെതിരെ ദുർബലമായ ശബ്ദമെങ്കിലും മുഴക്കുന്നുള്ളൂ. എല്ലാ മതസ്ഥരും അംഗങ്ങളും നേതാക്കളുമായുള്ള മദനിയുടെ പാർട്ടിയായ പി.ഡി.പി ഇന്നു ദിർബലമെങ്കിലും മദനിയെ സ്നേഹിക്കുന്ന സധാരണക്കാരായ മുസ്ലിങ്ങളുടെ സംഖ്യ അത്ര ചെറുതല്ലെന്ന് യാഥാർത്ഥ്യം ആരും കാണാതെ പോകരുത്. ഇത് ഈയുള്ളവൻ കേവലമൊരു മദനി വിഷയമായി മാത്രം കാണുന്നില്ല. ഇന്നു മദനി, നാളെ മറ്റൊരാൾ! കേരളത്തിലെ പ്രബല രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാര്യത്തിൽ ചില പരിമിതികൾ ഉണ്ടെന്ന് മനസിലാക്കി ഈ വിഷയം ഏറ്റെടുത്ത് സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ മദനിയുടെ മോചനത്തിനായുള്ള പരിശ്രമം ആരിൽ നിന്നെങ്കിലുമൊക്കെ ഉണ്ടാകണം. മദനിയിലെ തെറ്റും ശരിയുമൊക്കെ അദ്ദേഹം ജയിൽമോചിതനാക്കിയ ശേഷവും ചർച്ച ചെയ്യാവുന്നതാണ്. ഇത്രയും മദനിയെ അനുകൂലിച്ചെഴുതിയ ഞാൻ ഒരു പി.ഡി.പിക്കരനോ മതഭക്തനോ മദനിഭക്തനോ ഒന്നുമാണെന്ന് ഒരു തെറ്റിദ്ധാരണയും ആർക്കും വേണ്ട. അസ്ഥിയിൽ പിടിച്ച മാർക്സിസ്റ്റ് എന്നൊക്കെ പറയില്ലേ? അതുതന്നെ ഞാൻ. തനി മാർക്സിസ്റ്റുകാരൻ! (ഇതിനുമുമ്പും മദനി വിഷയത്തിൽ ഈയുള്ളവന്റെ അഭിപ്രയം പലയിടത്തും രേഖപ്പെടുത്തിയിട്ടുള്ളതാണ്)

Friday, February 24, 2012

മത ചിഹ്നങ്ങള്‍

മത ചിഹ്നങ്ങള്‍

ബൂലോകം ഡോട്ട് കോമിൽ വന്ന
ബി.ആർ.പി ഭാസ്കറിന്റെ ലേഖനത്തോടുള്ള പ്രതികരണം.

ചിലതൊക്കെ മതചിഹ്നങ്ങളെന്ന് സ്വയം സൈലന്റായി വിളംബരം ചെയ്ത് അവ ബോധപൂർവ്വം ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കുറേക്കാലമായി നമ്മുടെ നാട്ടിൽ വ്യാപകമായിട്ടുണ്ട്. ചില വസ്തുക്കൾ മറ്റുമതങ്ങളുടേതെന്ന് ബോധപൂർവ്വം വകവച്ചുകുടുത്ത് സ്വമതക്കാരെ അവ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുമുണ്ട്. മതം തിരിച്ചറിയപ്പെടാനുള്ള അടയാളങ്ങൾ ഇന്ന് അഭിമാനപൂർവ്വം ഉപയോഗിക്കുന്ന പ്രവണത വ്യാപകമായിരിക്കുന്നു. സ്വാഭിമാനമെന്നാൽ ഇന്ന് മതാഭിമാനമായി കരുതുന്നുവെന്നും കരുതേണ്ടിയിരിക്കുന്നു. പണ്ടൊന്നും മതചിഹ്നങ്ങൾ ധരിച്ചിരുന്നത് ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല. സാധാരണസമ്പ്രദായങ്ങളുടെ അനുകരണം മാത്രമായിരുന്നു. എന്നാലിന്ന് ഇന്നത് കേവലം പ്രകടമാക്കലല്ല പ്രഖ്യാപനങ്ങളായി മാറിയിരിക്കുന്നു. ഇതുപക്ഷെ അധികമാരും ചർച്ചയാക്കുന്നില്ലെന്നുമാത്രം. കുട്ടികളുടെ പേരിടുന്നതിൽ ഇടയ്ക്കൊരുകാലത്ത് മതേതരരീതി അനുകരണീയ മാതൃകയായി വന്നതായിരുന്നു. അതിനാൽ പേരുകൊണ്ട്മാത്രം ആരുടെയും മതം തിരിച്ചറിയപ്പെടാത്ത ഒരു രീതിയിലേയ്ക്ക് സമൂഹം മാറിക്കൊണ്ടിരുന്നതാണ്. എന്നാൽ അത് പിന്നെ ഇല്ലാതായി. ഇപ്പോൾ പേരിൽ മതം മത്രമല്ല ജാതിയും വ്യക്തമായി തിരിച്ചറിയപ്പേടണമെന്ന വിചാരത്തോടെ കുട്ടികളുടെ പേരുകൾ ഇടാൻ വാശിപിടിക്കുന്നതായി കാണുന്നു. അതിനായി പലരു ഇപ്പോൾ പഴയ പേരുകളിലേയ്ക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ളതൊന്നും നമ്മുടെ സമൂഹത്തിന് ആശാസ്യമായ മാറ്റങ്ങളല്ല.