ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, August 28, 2012

നിലവിളക്കും മതവും

മാതൃ ഭൂമി ഡോട്ട് കോമിൽ ഡോ. കെ.ടി. ജലീൽ എഴുതിയ ലേഖനത്തോട് (അത് ഈ ലിങ്കിൽ  ഉണ്ട്) പ്രതികരിച്ച് യാസർ തന്റെ ബ്ലോഗിൽ (വഴി പോക്കന്റെ ഡയറിക്കുറിപ്പുകൾ) എഴുതിയ പോസ്റ്റിൽ ഞാൻ ഇട്ട കമന്റ്.

നിലവിളക്കും മതവും 

ലേഖനം ചിന്തനീയമാണ്. ഉള്ളിൽത്തട്ടി മാത്രമേ മലബാറിലെ മുസ്ലിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യൂ എന്നുണ്ടെങ്കിൽ നല്ലതുതന്നെ. പക്ഷെ അപ്പോൾ  മലബാറിനു പുറത്തുള്ള മുസ്ലിങ്ങളെല്ലാം കാപട്യക്കാരാണെന്നുള്ള ഒരു ധ്വനി താങ്കളുടെ ലേഖനത്തിലുണ്ടല്ലോ. മുസ്ലിം ഒന്നല്ലേയുള്ളൂ. അതിൽ പിന്നെ മലബാറിലെ മുസ്ലിം തിരുവിതാം കൂറിലെ മുസ്ലിം ഉത്തരേന്ത്യയിലെ മുസ്ലിം എന്നൊക്കെയുണ്ടോ? ജലീ‍ൽ പറഞ്ഞതിൽ അങ്ങനെ ഒരു തരംതിരിവ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല. ഇനി ലീഗുകാരെ പറ്റിയാണെങ്കിൽ മലബാറിലെ ലീഗുകാരും തെക്കോട്ടുള്ള ലീഗുകാരും തമ്മിൽ എന്തെങ്കിലും വ്യത്യാസവും കാണാൻ കഴിയുന്നില്ല. അപ്പോൾ പിന്നെ മലബാറിലെ മുസ്ലിങ്ങളെ മാത്രമായോ അവിടുത്തെ ലീഗുകാരെ മാത്രമായോ ജലീൽ ആക്ഷേപിച്ചുവെന്നു കരുതാനാകില്ല. നിലവിളക്ക് കത്തിക്കുന്ന പള്ളികളുണ്ടെന്ന് ജലീൽ പറയുന്നു. അവിടെയൊക്കെ ആത്മാർത്ഥമായി ഉള്ളിൽത്തട്ടി തന്നെയായിരിക്കുമോ നിലവിളക്ക് കത്തിച്ച് ആരാധന നടത്തുന്നത്? മുസ്ലിങ്ങൾക്കിടയിൽ തന്നെ പലയിടത്തും വിശ്വാസങ്ങളിലും ആരാധനാ രീതികളിലും വൈവിദ്ധ്യങ്ങൾ കാണുന്നു. ഏതാണ് ശരിക്കും  ശരിയായ ഇസ്ലാമിക വിശ്വാസം? അത് ആധികാരികമായി ആർക്കാണു പറയാൻ കഴിയുക? ജലീൽ ലീഗിനെ വിമർശിക്കുവാൻ വേണ്ടിയാണ് ആ ലേഖനം എഴുതിയതെന്ന താങ്കളുടെ അഭിപ്രായം  വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ ജലീൽ ഇസ്ലാം മതത്തെ സംബന്ധിച്ച അ അത്ര അറിവില്ലാത്തവനാണെന്ന  താങ്കളുടെ അഭിപ്രായം ശരിയാണോ? അതോ ഇസ്ലാം മതവുമായി  ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത് ലീഗുകാരായ മുസ്ലിങ്ങൾ തന്നെ ആയിരിക്കണമെന്നുണ്ടോ? ജലീലും ഇസ്ലാമിനെ പിൻപറ്റുന്ന ഒരാൾ അല്ലേ? മത പണ്ഡിതനൊന്നുമല്ലെങ്കിലും  അതേ പറ്റി കുറച്ചെങ്കിലും  പഠിച്ചിട്ടുള്ള ആളല്ലേ? മറ്റൊന്ന് എല്ലാ വിശ്വാസികളെയും പറ്റി നല്ല വാക്കുക്മൾ ത്രം പറയുന്ന താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. യുക്തിവാദികളെക്കുറിച്ചു പോലും നല്ല വാക്കു പറയാൻ താങ്കൾ  സന്നദ്ധത കാട്ടിയതിലും സന്തോഷം. (സാധാരണ വിശ്വാസികൾ നല്ലൊരു പങ്കും അന്യമതങ്ങളൊട് കാട്ടുന്ന സഹിഷ്ണുത പക്ഷെ യുക്തിവാദികളോടും നിരീശ്വര വാദികളോടും കാണിക്കാറില്ല.). മറ്റൊന്നു കൂടി ചോദിക്കട്ടെ. ചില യുക്തിവാദികൾ പൊതുയോഗങ്ങളിൽ പ്രാർത്ഥനാ സമയത്ത് അവർക്കതിൽ  വിശ്വാസമില്ലെങ്കിലും എഴുന്നേറ്റു നിന്ന് വിട്ടുവീഴ്ച ചെയ്യും. എന്നാൽ ചില യുക്തിവാദികൾ ഉള്ളീൽത്തട്ടി ചെയ്യാൻ കഴിയാത്തതിനാൽ പ്രാർത്ഥനാ സമയത്ത് എഴുന്നേറ്റു നിൽക്കില്ല. ഇക്കാര്യത്തിലും താങ്കളുടെ നിലപാട് ഉള്ളിൽ തട്ടിയല്ലെങ്കിൽ ചെയ്യരുതെന്നു തന്നെ ആയിരിക്കുമെന്നു കരുതുന്നു. താങ്കളുടെ ബ്ലോഗിലേയ്ക്ക് ലിങ്ക് നൽകിയതിനും ഈ പോസ്റ്റ് വായിക്കാൻ കഴിഞ്ഞതിനും  ഇവിടെ കമന്റ് എഴുതാൻ കഴിഞ്ഞതിനും താങ്കളോടുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു.  

No comments: