ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, August 26, 2012

ഭരണവും നീതിപീഠവും

ഭരണവും നീതിപീഠവും

മാധ്യമം ദിനപ്പത്രത്തിലെ ഈ ലിങ്കിലുള്ള വാർത്തയിലിട്ട കമന്റ്

ജനാധിപത്യത്തിനു മീതേ പറക്കാൻ നീതി പീഠങ്ങളും ശ്രമിച്ചുകൂട. നിയമ നിർമ്മാണം രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ ഉത്തരവദിത്തമാണ്. ഭരണ ഘടനാ നിയമങ്ങളും സിവിലും ക്രിമിനലുമടക്കം  ജനപ്രതിനിധി സഭകൾ നിർമ്മിക്കുന്ന എല്ലാ  നിയമങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് നീതി പീഠങ്ങളുടെ ചുമതല. നിയമപരമായ കാര്യങ്ങളിൽ നിയമനിർമ്മാണ സഭകൾക്കും  ഭരണകൂടത്തിനും  ഉപദേശങ്ങൾ നൽകാം. എന്നാൽ നിയമനിർമ്മാണം എന്ന ഉത്തരവാദിത്തം നീതിന്യായ വിഭാഗം ഏറ്റെടുക്കേണ്ട ആവശ്യമില്ല. നിലവിലുള്ള നിയമങ്ങളെ വ്യാഖ്യാനിക്കാം. പക്ഷെ മാറ്റിമറിക്കാൻ നീതിപീഠം ശ്രമിക്കുന്നത് ഉചിതമല്ല.  രാഷ്ട്രീയക്കാർ ഒഴിവാക്കാതാകാത്ത തിന്മയാണെന്നു പറയുന്നിടത്തോളം നീതിപീഠം രാഷ്ട്രീയ സംവിധാനങ്ങളെ പരിഹസിക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിയാനിർമ്മാണ സഭ, എക്സിക്യൂട്ടീവ്, നീതിന്യായ വിഭാഗം എന്നിവയ്ക്ക് പരസ്പര പൂരകവും എന്നാൽ വെവ്വേറെയുമായ ചുമതലകളാണുള്ളത്. ഒന്നിനു മേൽ മറ്റൊന്നിന്റെ അന്യായമായ ഇടപെടൽ പാടില്ലാത്തതാണ്.

ആ മാധ്യമ വാർത്ത ചുവടെ:

ന്യായാധിപര്‍ രാജ്യം ഭരിക്കേണ്ടതില്ല -ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: ജഡ്ജിമാര്‍ രാജ്യം ഭരിക്കാനോ നയങ്ങള്‍ രൂപപ്പെടുത്താനോ മെനക്കെടേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ. ജുഡീഷ്യറിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എക്സിക്യൂട്ടിവ് വിസമ്മതിക്കുകയാണെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് താന്‍ ആശ്ചര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററില്‍ 'ഭരണഘടനയുടെ വ്യവഹാരശാസ്ത്രം' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ തുറന്നടിച്ചത്. 'ഉറങ്ങാനുള്ള അവകാശം' പോലെയുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ച ശേഷം, ഇത് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുകയാണെങ്കില്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
'ഈ രാജ്യം ജഡ്ജിമാര്‍ ഭരിക്കേണ്ടതില്ല. കര്‍ശനമായ തത്ത്വങ്ങളിലൂടെയേ നാം പോകാവൂ. ഒരു നിയമം നടപ്പാക്കുകയാണെങ്കില്‍ അത് ഭരണനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലാവരുത്. ന്യായാധിപന്മാര്‍ ജനങ്ങളോടല്ല ഉത്തരം പറയേണ്ടത്. ഭരണഘടനയുടെ തത്ത്വങ്ങള്‍ക്കനുസരിച്ചുള്ള വസ്തുനിഷ്ഠതയും അസന്ദിഗ്ധതയുമാണ് പ്രധാനം' -അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലജിസ്ലേച്ചറും തമ്മില്‍ വ്യക്തമായ അതിര്‍ത്തി നിര്‍ണയിച്ച ഭരണഘടന അനുസരിച്ചാണ് ജഡ്ജിമാര്‍ ചലിക്കേണ്ടതെന്നും കപാഡിയ ഓര്‍മിപ്പിച്ചു. 'ജീവിക്കാനുള്ള അവകാശ'ത്തില്‍ പരിസ്ഥിതി സംരക്ഷണവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമെല്ലാം ഉള്‍പ്പെടുമല്ലോ. ഇപ്പോള്‍ നാം 'ഉറങ്ങാനുള്ള അവകാശ'വും കൊണ്ടുവന്നിരിക്കുന്നു. എങ്ങോട്ടാണ് നാം പോകുന്നത്? ഉറങ്ങാനുള്ള അവകാശം എങ്ങനെയാണ് നടപ്പാക്കുക? അവകാശങ്ങളുടെ പരിധി വിശാലമാക്കുമ്പോള്‍ അവ നടപ്പാക്കാന്‍ കഴിയുന്നതാണോ എന്ന് ആലോചിക്കണം. ഒരു ന്യായാധിപന്‍ നയപരമായ ഒരു തീരുമാനം ഉത്തരവായി ഇറക്കിയാല്‍, അതനുസരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ എന്തു ചെയ്യും.
കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ അതോ ന്യായാധിപന്‍തന്നെ നിയമം നടപ്പാക്കുമോ?' -ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്ര-സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ഭരണഘടനാ തത്ത്വങ്ങള്‍ പാലിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments: