ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, November 27, 2011

മുല്ലപ്പെരിയാർ: കെ.പി.സുകുമാരന്റെ പോസ്റ്റിലിട്ട കമന്റ്

മുല്ലപ്പെരിയാർ: കെ.പി.സുകുമാരന്റെ ദാ ഈ ലിങ്കിലുള്ള പോസ്റ്റിലിട്ട കമന്റ്

ഈ വിഷയം സംബന്ധിച്ച് എന്റെ പോസ്റ്റ് ദാണ്ടെ ഈ ലിങ്കിലുണ്ട്

കെ.പി.സുകുമാരന്റെ പോസ്റ്റിലിട്ട കമന്റ് :

മുല്ലപ്പെരിയാർ ഇപ്പോൾ ജനജീവിതത്തിനുമേൽ ഉയർത്തുന്ന ഭീഷണി ഒരു പക്ഷെ മാധ്യമ സൃഷ്ടിയാണെന്ന് ആരെങ്കിലും സമർത്ഥിച്ചാൽ പോലും അപകടസൂചന അവഗണിക്കാവുന്നതല്ല. പുതിയ അണക്കെട്ട് എന്നായാലും നിർമ്മിച്ചേ മതിയാകൂ.പുതിയത് കെട്ടിത്തീരും മുമ്പ് ദുരന്തമുണ്ടായാലോ എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. ഇപ്പോൾ മുല്ലപ്പെരിയാറിൽ എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള സർവ്വസന്നാഹങ്ങൾ ഒരുക്കുകയാണു വേണ്ടത്.താൽകാലിക പുനരധിവാസത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ വൈകുന്നത് ബുദ്ധിയല്ല. മുല്ലപ്പെരിയാർ ഉയർത്തുന്ന അപകടഭീഷണി ഏതെങ്കിലും ജ്യോത്സ്യന്റെ പ്രവചനമല്ലാ എന്നു നാം മനസിലാക്കണം. സ്വത്തിന്റെ കാര്യം പോട്ടെ, നമ്മുടെ ജനങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കാം എന്നതിലാണ് നാം അടിയന്തിര ശ്രദ്ധ പതിക്കേണ്ടത്. പുതിയ ഡാമും പുതുക്കിപ്പണീയലും കരാറുമൊക്കെ പിന്നീടുള്ള കാര്യങ്ങളാണ്. നിരക്ഷരൻ മുന്നോട്ട് വച്ച നിർദ്ദേശം കൊള്ളാം. പക്ഷെ എനിക്ക് പറയാനുള്ളത് അവർക്ക് ഫ്രീയായിത്തന്നെ വെള്ളം കൊടുത്താലും വേണ്ടില്ല. പുണ്യവും കിട്ടും ജീവനും സംരക്ഷിക്കാം. ജീവനല്ലേ വലുത്. നിവൃത്തികെട്ടാൽ പിന്നെ എന്താ ചെയ്യുക? ഇനിയും ചിലർ മുല്ലപ്പെരിയാർ പൊട്ടിയാലെന്നല്ല, കേരളം മൊത്തം ഒരു ഭൂകമ്പമുണ്ടായാലോ, അതുമല്ലെങ്കിൽ ലോകം തന്നെ ഒരു വേള അവസാനിച്ചുകൂടെന്നുണ്ടോ എന്നൊക്കെ ചോദിച്ച് ഈ വിഷയത്തിന്റെ ഗൌരവം കുറച്ചാലെന്തു ചെയ്യാൻ? നമ്മുടെ അറിവിൽ‌പ്പെടുന്ന അപകടങ്ങൾക്കെതിരെയല്ലേ നമുക്ക് മുൻ കരുതലുകൾ എടുക്കാൻ കഴിയൂ. ലോകാവസാനത്തിനെതിരെ മുൻ കരുതലെടുത്തിട്ടുവേണോ മുല്ലാപ്പെരിയാർ അപകടത്തിനെതിരെ മുൻ കരുതലെടുക്കാൻ?

ഈ വിഷയം സംബന്ധിച്ച് എന്റെ പോസ്റ്റ് ദാണ്ടെ ഈ ലിങ്കിലുണ്ട്

Wednesday, November 16, 2011

പുണ്യവാളന് ചില മറുപടികൾ

പുണ്യവാളന് ചില മറുപടികൾ

വിശ്വമാനവികം 1 എന്ന എന്റെ ബ്ലോഗിൽ പുണ്യവാളൻ ഇട്ട കമന്റിനുള്ള മറുപടികൾ. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്:
http://easajim.blogspot.com/2011/11/blog-post_15.html

ഞാന്‍ പുണ്യവാളന്‍ said...

“സഖാവെ എവിടെ കാലത്തെ ഞാന്‍ നല്‍കിയിരുന്ന കമന്റ്‌ അത് താങ്കള്‍ നീക്കം ചെയ്തതാണ് എങ്കില്‍ വളരെ മോശമായി പോയി ആ നടപടി , പൊതു നിരത്തില്‍ സമരം നടത്താനുള്ള അവകാസത്തെ കുറിച്ചും ജയരാജിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും വേണ്ടി ഓക്കേ ഘോരഘോരം ബ്ലോഗ്‌ ചെയ്തു പ്രസംഹിച്ചു തടയുന്ന താങ്കള്‍ ഇതു ചെയ്തതില്‍ വളരെ ലജ്ജാകരം ആയി പോയി ..

ഇയാള്‍ ഒരു കാര്യം ചെയ്യ് താങ്കളെയും താങ്കളുടെ വിശ്വസ പ്രമാണങ്ങളെയും അനുകൂളിക്കുനവര്‍ മാത്രമേ കമന്റ്‌ ചെയാവു എന്നും വായിക്കാവു എന്നും കൂടെ ഒരു ബോര്‍ഡ്‌ എഴുത്ത് വയ്ക്ക് ; കഷ്ടം ആണേ ......

താങ്കളുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചു ഞാന്‍ ഇവിടം വിട്ടു പോകുന്നു താങ്കളുടെ ഒരു ബ്ലോഗും ഞാന്‍ എന്നി നോക്കുന്ന പ്രശ്നം ഇല്ലാ

സ്നേഹാശംസകളോടെ പുണ്യവാളന്‍ നന്ദി“

എന്റെ മറുപടികൾ :

എന്റെ പുണ്യവാളാ,

ഇത് മുഴുവൻ വായിക്കണേ!

ഇന്ന് സിപി.എം ഏരിയാ സമ്മേളനം കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷമാണ് സന്ധ്യയ്ക്ക് താങ്കളുടെ കമന്റുകൾ കാണുന്നത്.രാവിലെ നെറ്റ് തുറന്നില്ല.

ഒരു പോസ്റ്റുമിട്ടിട്ട് അതിന്റെ മുന്നിൽ സദാ നോക്കിയിരിക്കുന്ന തരത്തിലുള്ള ഓഫീസ് ജോലിയൊന്നുമല്ല ഞാൻ ചെയ്യുന്നത്. പോസ്റ്റിടും പിന്നെ സമയമൊക്കുന്ന സമയത്ത് വന്ന് കമന്റുകൾ നോക്കും. കമന്റിന് ഓരോന്നിനും നന്ദി പറഞ്ഞ് കമന്റുകളുടെ നമ്പർ കൂട്ടുന്ന പതിവും ഇല്ല.അതിനു സമയവുമില്ല. വലിയ ചർച്ച വല്ലതും നടന്നാൽ മാത്രം ഏതാനും കമന്റുകളിട്ട് അതിൽ ഭാഗഭാക്കാകും. അല്ലാതെ ഞാൻ തന്നെ പോസ്റ്റിട്ട് എന്റെ തന്നെ കമന്റുകൾ കൊണ്ട് നിറയ്ക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ആളുമല്ല ഞാൻ. മറ്റൊന്ന് താങ്കൾ കെറുവിച്ച് പോകുന്നതിനെക്കുറിച്ചാണ്. സത്യം,എന്റെ പോസ്റ്റുകൾക്ക് കമന്റ് ആരും എഴുതിയില്ലെങ്കിലും, ആരും എന്റെ ബ്ലോഗ്പോസ്റ്റുകൾ വായിക്കുന്നില്ലെന്ന് ഉറപ്പായാൽ പോലും ഞാൻ ബ്ലോഗെഴുത്ത് നിർത്തില്ല.ഇത് എന്റെ ഒരു അസുഖമാണ്. കാര്യമാത്രപ്രസക്തമൊന്നുമായിരിക്കില്ലെങ്കിലും കഴിവതും ദിവസവും ഒരു പോസ്റ്റെഴുതാൻ ശ്രമിക്കാറുണ്ട്.പലപ്പോഴും നടക്കാറില്ലെങ്കിലും. അല്ലാതെ ഒരു പോസ്റ്റെഴുതി പരമാവധി കമന്റ് കിട്ടിയിട്ട് അടുത്തതെഴുതാം എന്നും പറഞ്ഞ് ദിവസങ്ങളോളം നോക്കിയിരിക്കാറില്ല. പലപ്പോഴും നടക്കാറില്ല. വല്ലപ്പോഴും മാത്രമാണ് ആർക്കെങ്കിലും അറിഞ്ഞുകൊണ്ടൊരു ലിങ്ക് പോലും അയക്കുന്നത്. അതും വല്ല ഫെയിസ്ബൂക്കിലൊ മറ്റോ!

സാധാരണ ഒരുമാതിരിപ്പെട്ട ഒരു കമന്റുകളോന്നും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. എന്റെ ബ്ലോഗിലെ കമന്റ് ബോക്സിൽ മറ്റാർക്കെങ്കുലും പ്രയാസമുണ്ടാക്കുന്ന കമന്റ് ഉണ്ടെന്ന്കണ്ടാൽ അത് നീക്കം ചെയ്യും. ആരെയും വ്യക്തിപരമായി വളച്ചുകെട്ടില്ലാതെ ആക്ഷേപിക്കുന്നത് ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ഇത് എന്റെ ബ്ലോഗുകൾ സ്ഥിരമായി വായിക്കുന്നവർക്കറിയാം.

താങ്കളുടെ കമന്റ് മെയിലിൽ ഉണ്ടായിരുന്നു. ബ്ലോഗിൽ വന്നില്ല. അതെന്റെ കുറ്റമല്ല. ഇപ്പോൾ പലപ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നുണ്ട്.എനിക്കുമാത്രമല്ല, പലർക്കും. മെയിലിൽ നിന്ന് പല പോസ്റ്റുകളും കോപ്പി-പേസ്റ്റ് ചെയ്യേണ്ടി വരുന്നുണ്ട്. താങ്കളുടെ കമന്റും ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യുന്നു. സാങ്കേതികപ്രശ്നമാകാം. എന്നുവച്ച് ഒരു കമന്റും ഡില്ലിറ്റില്ലെന്ന് ഞാൻ പറയുന്നില്ല. എന്നെയൊഴിച്ച് ആരെയും കമന്റുകൾ അധിക്ഷേപിക്കരുത്. വിമർശിക്കാം. വിമർശനവും അധിക്ഷേപവും രണ്ടും രണ്ടാണ്. ശുംഭൻ എന്ന വാക്കാണ് ഹൈക്കൊടതിയെ ചൊടിപ്പിച്ചതെന്നുകൂടി താങ്കൾ ഓർക്കുമല്ലോ. മറ്റൊന്നുകൂടി അഥവാ ഏതെങ്കിലും ഒരു കമന്റ് നീക്കം ചെയ്തെന്നുകരുതി പിന്നീട് കമന്റ് ചെയ്യില്ല, വായിക്കില്ല എന്ന സമീപനം ശരിയല്ല. ഒരു കമന്റ് നമുക്കിഷ്ടപ്പെട്ടില്ലെന്നു കരുതി കമന്റ് ബോക്സ് അടയ്ക്കുന്നതും ശരിയല്ല. താങ്കൾ ഇന്ന് രാവിലെ ഇട്ടെന്നു പറയുന്ന കമന്റ് കമന്റ് മെയിലിൽ ഉണ്ട്. അത് കമന്റ് പേജിൽ വന്നിരുന്നെങ്കിലും ഡിലീറ്റ് ചെയ്യേണ്ട കാര്യമില്ല. അത് ഞാൻ കോപ്പി-പേസ്റ്റ് ചെയ്യുന്നു.

പുണ്യവാളൻ ഇട്ട കമന്റ് എന്തോ സാങ്കേതിക പ്രശ്നനത്താൽ മെയിലിൽ മാത്രം വന്നത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു:

പക്ഷപാദം പിടിക്കാതെ ഇക്കാര്യത്തില്‍ അഭിപ്രായം പറയുക അസാധ്യം എന്ന് തോനുന്നു .കാരണം ജയരാജനെ ശിക്ഷിച്ചേ അടങ്ങു എന്നായിരുന്നു കോടതി , അതിലേക്കു വഴിതെളിച്ച ദുര്‍വാശി ഉണ്ടാക്കി കൊടുത്തത് ജയരാജും..ജയരാജ്‌ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് വച്ച് അതെ നാണയത്തില്‍ മറുപടി നല്ക്കുകയല്ല കോടതികളുടെ ജോലി . ജനാധിപത്യത്തിനു ഇത്തരം പ്രവര്‍ത്തികള്‍ ഭൂഷണമല്ല. കോടതികള്‍ ന്യായാന്യായങ്ങളില്‍ നിയമവിധേയമായുള്ള വിധിക്കള്‍ പറഞ്ഞാല്‍ മതി താരതമ്യപഠനം ഒന്നും നടത്തേണ്ടതില്ല ... ഹും !!

മൈക്ക് കണ്ടാല്‍ സലകാല ബോധം നശിക്കുന്ന രാഷ്ട്രിയ നേതാക്കള്‍ നാടിനു അപമാനമാണ് . ജയരാജന്‍ ഒന്നിലേറെ തവണ കവല പ്രസംഗം ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട് . ശിക്ഷ ചോദിച്ചു അപേക്ഷിച്ചു വാങ്ങിയതാണെന്നെ ഞാന്‍ പറയു. അതിനു കോടതി സ്ഥികരിച്ച മാര്‍ഗ്ഗത്തിലാണ് വിയോജിപ്പ് . ശുംഭന്‍ എന്ന വാക്കിന്നു മണ്ടന്‍ എന്ന് തന്നെ ലോകമലയാളി അര്‍ഥം ഗ്രഹിച്ചു വച്ചിരിക്കുന്നത് , ആ പദത്തിനെ കീറിമുറിച്ചു അതില്‍ നാനാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്‌ നാണകേടായിപോയി , ഒരു യഥാര്‍ത്ഥ പോരാളി അത് കുറ്റം ആണെങ്കില്‍ ഞാന്‍ ആ കുറ്റം ചെയ്തു എന്ന് ധീരതയോടെ പ്രതിഷേധതോടെ ശിക്ഷ വാങ്ങി ജയിലില്‍ പോകേണ്ടതായിരുന്നു ...അതായിര്‍ന്നു അഭിമാനം .അതായിരുന്നു പോരാട്ടം , അപ്പീല്‍ നല്ക്ക്കി സത്യം സുപ്രീം കോടതില്‍ തെളിയിച്ചു പുറത്ത് വരാമായിരുന്നല്ലോ ........

ഒരു കാര്യംകൂടി

പൊതു നിരത്തില്‍ എന്തൊക്കെ പൌരാവകാശമാണ് നടക്കേണ്ടതെന്ന് മാത്രം മനസിലാക്കുനില്ല. എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഇതില്‍ ഒരേ അഭിപ്രയാമാണ് ഇടതു പക്ഷം അതുറക്കെ പറയുന്നു എന്നേയുള്ളൂ .റോഡ്‌ തടഞ്ഞു പ്രതിഷേധം ഒന്നുമല്ല പലപ്പോഴും നടത്തുക. പാര്‍ട്ടി സമ്മേളനങ്ങള്‍ , ജാഥകള്‍ , അനുശോചനങ്ങള്‍ , വെറും കവല പ്രസംഗങ്ങള്‍ ഇതൊക്കെയായി എന്നും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിനെതിരെ കോടതി ഇടപെട്ടത് ജനത്തിനശ്വാസമാണ് . ജനം കോടതിക്ക് കൂടെയാണ് ഞാനും, ഹൈ കോടതി ഇതിനൊക്കെ ഒരു മാനദണ്ഡം വച്ചിട്ടുല്ലതാണ് അതിനനുസരിച്ചാണോ ഇവിടെ വല്ല പ്രതിക്ഷേധവും നടക്കുന്നത് അത്തരക്കാര്‍ക്ക് ഇതിനെതിരെ സംസരിക്കാനൊരു അവകാശവുമില്ല . ഹൈകോടതി മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ കൂട്ടയിയ്മ പോലെയുള്ള കുട്ടായിയ്മകള്‍ എന്താ നിയമസഭാ കാര്യാലയത്തിനു മുന്നില്‍ നടത്താന്‍ ഇവര്‍ക്ക്‌ സാധിക്കാതെ പോകുന്നത് ..... പര്ട്ടിക്കള്‍ ആരോടാണ് സമരം ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായിക്കളാണ് ഇവിടെ എല്ലാ പാര്‍ട്ടികളും ഹും !!

ഇനി അതിനുള്ള മറുപടി:

ഹൈക്കൊടതിയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചില്ലെന്നേയുള്ളൂ. സെക്രട്ടറിയേറ്റിനു മുന്നിൽ മുദ്രാവാക്യം കൂടി മുഴക്കി സമരവും പികറ്റിംഗും ഒക്കെ നടത്തും വാഹനങ്ങളൊക്കെ അതുവഴി തടസ്സം കൂടാതെ കടന്നുപോകുകയും ചെയ്യും. അതാണ് പതിവ്. നമ്മൾ സ്ഥിരം അവിടെയൊക്കെ കറങ്ങുന്നവരാണേ! പിന്നെ നിങ്ങൾ ഈ രാഷ്ട്രീയക്കാരുടെ മെക്കിട്ട് കയറുന്നതുപോലെ വഴിമുടക്കി ആഘോഷവും നേർച്ചകലൂം പൊങ്കാലകലുമൊക്കെ നടത്തുന്ന മതങ്ങൾക്കെതിരെ മെക്കിട്ടു കയറാത്തത്? പേടിയുണ്ടല്ലേ? അതോ ദൈവഭയമോ? വമ്പിച്ച ബഹുജന റാലികൾ വല്ലപ്പോഴും നടത്തുമ്പോൾ സുരക്ഷാപ്രശ്നവും മറ്റും കണക്കിലെടുത്ത് പോലീസ് വഴിയത്രക്കാരെ വഴിമാറ്റി വിടുന്നുണ്ട് എന്നതല്ലാതെ ഇന്നോളവും ഈ നാട്ടിൽ പൊതുയോഗങ്ങൾ വലിയ ബുദ്ധിമുട്ടായി ജനത്തിനു തോന്നിയിട്ടില്ല. ചുരുക്കം ചില അരാഷ്ട്രീയ വിചാരക്കാർക്കാണ് പൊതുയോഗങ്ങളൊട് എതിർപ്പ്. പിന്നെ ചിലപണാഹങ്കാരികൾക്കും. പാതയോരമൊക്കെ അത്തരക്കാർക്ക് തീറെഴുതി കൊടുത്തിട്ടില്ല.ഒരു ശബ്ദവും ബുദ്ധിമുട്ടും ഇല്ലാതെ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്നുള്ളവർ ആരായാലും അവർ വല്ല ഒഴിഞ്ഞ ദ്വീപും വാറ്റകയ്ക്ക് കിട്ടുമോ എന്നു നോക്കുന്നതായിരിക്കും ഉചിതം. ഇത്രയും എഴുതാൻ പ്രചോദനം നൽകിയ പുണ്യവാളാനു നന്ദി! താങ്കൾ എന്റെ ബ്ലോഗുകളിൽ വന്നാലും വന്നിലെങ്കിലും ഞാൻ താങ്കളുടെ ബ്ലോഗ് സമയം കിട്ടുമ്പോൾ വായിക്കും! അല്ലപിന്നെ!

Tuesday, November 8, 2011

ബ്ലോഗെഴുത്തിനെതിരെ ടോയ്ലറ്റ് മൌത്ത്

ബ്ലോഗെഴുത്തിനെതിരെ ഏതോ ഒരു ടോയ്ലറ്റ് മൌത്ത്

(പുവ്വാൻപറയെന്നേ! അല്ലപിന്നെ!)

ദേശാഭിമാനി ഓൺലെയിനിൽ ഏതോ ഒരു ചവറെഴുത്തുപുള്ളി ബ്ലോഗെഴുത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് നടത്തിയ പ്രതികരണം. ആ ചവറു ലേഖനത്തിലേയ്ക്കുള്ള ലിങ്ക് ഇതാ.

http://www.deshabhimani.com/newscontent.php?id=80962

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ദേശാഭിമാനിയുടെ ചുവരിൽ ബ്ലോഗെഴുത്ത് ടോയ്‌ലറ്റ് സാഹിത്യമാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാൻ ഇടം നൽകിയതിൽ ആയിരക്കണക്കിനു മലയാളം ബ്ലോഗ്ഗർമാരെ സ്വയം പ്രതിനിധീകരിച്ച് പ്രതിഷേധിക്കുന്നു. ഏതായീ ഇന്ദു മേനോൻ? പേപ്പറിൽ ടോയ്‌ലറ്റ് സാഹിത്യം എഴുതുന്ന ആളാണെന്ന് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. ചവറെഴുത്തെന്ന് വേണമെങ്കിൽ പറയാം. ബ്ലോഗെഴുത്തിനു നിലവാരം കുറവാണെന്ന് എഴുതിയാൽ അതിനൊരു മര്യാദയൊക്കെയുണ്ട്. ടോയ്‌ലറ്റ് സാഹിത്യം എന്ന പ്രയോഗം നടത്തിയതു വഴി ഇന്ദു മേനോന്റെ സംസ്കാര ശൂന്യത വെളിപ്പെടുത്തിയതിനു നന്ദി! ബ്ലോഗെഴുത്തിനെ ടോയ്ലറ്റ് സാഹിത്യം എന്നു വിളിക്കുന്നവരുടെയൊക്കെ നാവിനെയാണ് ഈ പച്ചമലയാളത്തിൽ കക്കൂസ് വായ എന്നു പറയുന്നത്.

സാധാരണ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ചില വിഡ്ഡികളാണ് ഇന്റെർനെറ്റ് സാഹിത്യത്തെ വിമർശിക്കുന്നത്. ഇതിപ്പോൾ ഇവർ അങ്ങനെയാണോ എന്നറിയില്ല. നിങ്ങൾ പേപ്പറിലെഴുത്തുകാർ എങ്ങനെയൊക്കെയാണ് ആനുകാലികങ്ങളിൽ നിങ്ങളുടെ വികല സൃഷ്ടികൾ തിരുകിക്കയറ്റി ഉൽകൃഷ്ട സാഹിത്യകാരാകുന്നതെന്നു നമുക്കൊക്കെ അറിയാം. ആണുങ്ങളായിരുന്നെങ്കിൽ കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നു. സ്ത്രീകളെ ബഹുമാനിക്കാനുള്ള വിവരമൊക്കെ ബ്ലോഗെഴുത്തുകാർക്കുണ്ട് എന്നതിനാൽ കടുപ്പിക്കുന്നില്ല. പുസ്തകം ഇറക്കുന്നതു തന്നെ പലരും ഇപ്പോൾ പ്രസാധകർക്ക് അങ്ങോട്ട് പണംകൊടുത്തും മണിയടിച്ചുമാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ആരും അത്രയ്ക്കങ്ങോട്ട് ഞെളിയേണ്ട. ബ്ലോഗെഴുത്തിനെ വെറും ചുവരെഴുത്തെന്ന് ആരോപിക്കുന്ന മുഖ്യധാരാ (എന്തു മുഖ്യധാര? ഒലക്കേട മൂട്!) എഴുത്തുകാരിൽ പലരും അക്ഷരത്തെറ്റില്ലാതെ ടോയ്ലീറ്റിൽ നാല് ചീത്തയെഴുതിവയ്ക്കാൻ കഴിയാത്തവരാണ്.

ബ്ലോഗിൽ നല്ലതും ചീത്തയും വരുന്നുണ്ട്. പ്രിന്റെഴുത്തിലും നല്ലതും ചീത്തയും വരുന്നുണ്ട്. അതുപോലെ സാഹിത്യകാരിൽ നല്ലവരും ചീത്തവരും ഉണ്ട്. ഇന്ദുമേനോനെ പോലെയുള്ളവരും അല്ലാത്തവരും ഉണ്ട്. ഇന്ദുമേനോൻ സാറ് ബ്ലോഗുകൾ വായിക്കണമെന്നില്ല. എഴുതണം എന്നും ഇല്ല. എന്തായാലും ബ്ലോഗുകൾ ആയിരക്കണക്കിന്, പതിനായിരക്കണക്കിനാളുകൾ വായിക്കുന്നുണ്ട്. നിങ്ങളുടെ പുസ്തകങ്ങൾ പലതും പലയിടത്തും മാറാല പിടിച്ചിരിക്കുന്നുണ്ടാകും. ആനുകാലികങ്ങൾ പലതും വീടുകളിലെ സിറ്റ്-ഔട്ടുകളിലെ അലങ്കാര വസ്തുക്കളാണ്. അതൊക്കെ എത്രപേർ തുറന്നു നോക്കുന്നു? ചുമ്മാ പിള്ളേർ കീറിക്കളിക്കുന്നു. പ്രബല ആനുകാലികങ്ങൾ പലതും എത്ര കോപ്പി അടിക്കുന്നുണ്ടെന്നും എത്ര വിറ്റു പോകുന്നുണ്ടെന്നും എല്ലാവർക്കുമറിയാം. പലരും പരസ്യത്തിനും പ്രതാപത്തിനും വേണ്ടി അങ്ങ് അടിച്ചു വിടുന്നുവെന്നേയുള്ളൂ. പറഞ്ഞാൽ ഒരുപാടുണ്ട്. ബാക്കി ഞങ്ങൾ ബ്ലോഗുകളിൽ ലിങ്ക് സഹിതം ഇട്ട് പറഞ്ഞുകൊള്ളാം.

എല്ലാ മാധ്യമങ്ങളെയും സഹിഷ്ണുതയൊടെ നോക്കിക്കാണാൻ എഴുത്തുകാരി എന്നോ എഴുത്തുകാരൻ എന്നോ ഉള്ള ജാഡയുള്ളതുകൊണ്ട് മാത്രം കഴിയില്ല. അതിനു അല്പസ്വല്പം വിവരമൊക്കെ വേണം. നമ്മൾ മേലാളരും മറ്റുള്ളവർ കീഴാളരും എന്ന ചിന്ത കൈവെടിയുക. അവനവൻ പ്രസാധനത്തിന്റെ ന്യൂനതകൾ പൊറുക്കാം. പക്ഷെ പ്രിന്റെഴുത്തിന്റെ ന്യൂനതകൾ പൊറുക്കാനാകില്ല. കാരണം അത് എഡിറ്ററുടെ കൈകടത്തി വരുന്നതാണ്. പക്ഷെ എന്നിട്ടു പോലും ഇന്ദു മേനോനെ പോലെയുള്ള പ്രിന്റ് സാഹിത്യക്കാരിൽ നിന്നും ടൊയ്ലറ്റ്-സോറി ഞങ്ങൾ അത്തരം വാക്കുകൾ ഉപയോഗിക്കില്ല- നിലവാരമില്ലാത്ത സാധനങ്ങളാണല്ലോ വരുന്നത്. കാരണം പത്രമാഫീസിലെ സ്വന്തക്കാരാണല്ലോ ഇവരിൽ പലരെയും സാഹിത്യകാരാക്കുന്നത്!

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായിക്കൊണ്ടിരിക്കുന്ന ഇന്റെർനെറ്റ് എഴുത്തിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലാക്കാതെ എന്തെങ്കിലും വിഡ്ഡിത്തം എഴുന്നള്ളിച്ച് ആരും സ്വയം അപഹാസ്യരാകാതിരിക്കുക. ബ്ലോഗുകൾ ഉൾപ്പെടെയുള്ള നെറ്റകത്തെ എഴുത്തും വരയും വായനയും പോഡ്കാസ്റ്റിംഗും വീഡിയോ പബ്ലിഷിംഗും എല്ല്ലാം ഇന്ന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ സാഹിത്യ മൂല്യവും ജനാധിപത്യമൂല്യവും ഒക്കെ വിവരമുള്ളവർ ഏറേ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടോയ്ലറ്റ് നാവുമായി ( പറയേണ്ടെന്നു വച്ചാലും അങ്ങനെ തന്നെ മറുപടി പറഞ്ഞുപോകുകയാണ്) ഇങ്ങനെ ചില ഇന്ദു മേനോൻമാർ പ്രത്യക്ഷപ്പെടുന്നത്. ഈ പറയുന്ന ഇന്ദു മേനോൻ ഇത്ര അഹങ്കരിക്കാൻ മാത്രം എന്തെങ്കിലും സംഭാവനകൾ മലയാള സാഹിത്യത്തിനു ചെയ്തിട്ടില്ല.

ദേശാഭിമാനി അടക്കം നല്ല വാർത്തകളും എഡിറ്റോറിയലുകളും ഷെയർ ചെയ്യുകയും ആ പത്രത്തിന്റെ വരിക്കാരായിരിക്കുകയും ചെയ്യുന്നവരാണ് ബ്ലോഗ്ഗർമാരിൽ നല്ലൊരു പങ്ക്. ഈ ഇന്ദു മേനോൻ ഒരു പക്ഷെ ദേശാഭിമാനിയുടെ വരിക്കാരി പോലും ആയിരിക്കില്ല എന്ന വിവരം ദേശാഭിമാനി മാനേജ്മെന്റ് ഓർക്കുക. ദേശാഭിമാനി ആ ടോയ് ലെറ്റ് പ്രയോഗം എടുത്തു മാറ്റിയിട്ട് അവിടെ വല്ല നിലവാരമില്ലാത്ത എഴുത്തെന്നോ മറ്റോ തിരുത്തണം. ബ്ലോഗെഴുത്തിനെ മ്ലേച്ഛഭാഷയിൽ വിമർശിച്ച ഈ അന്തർദേശീയ എഴുത്തുകാരിയ്ക്ക് ഇനിയും ചവറുകൾ എഴുതാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു!

ശുംഭത്തരവും മറ്റും

ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റിലിട്ട കമന്റ്

ആ പോസ്റ്റിലേയ്ക്കൊരു ലിങ്ക് ഇതാ ഈ വരിതന്നെ

ശുംഭത്തരവും മറ്റും

ജനാധിപത്യ ധ്വംസനം എന്ന പ്രധാന പ്രശ്നത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ ശുംഭൻ എന്ന ഒരു വാക്കിൽ -ഒരു വ്യക്തിയുടെ നാവുപിഴയിൽ- പിടിച്ചാൽ മാത്രം കഴിയില്ലെന്ന് എല്ലാവരും മനസിലാക്കേണ്ടതാണ്. ശുംഭൻ എന്ന ഒരു വാക്കുച്ചരിക്കുന്നതിനേക്കാൾ അപകടം ജനാധിപ്യ ധ്വംസനത്തിനുണ്ട്. ആറുമാസത്തെ തടവൊക്കെ നൽകാൻ മാത്രമുള്ള കഠിനമായ കുറ്റമാണിതെന്നൊക്കെ സമ്മതിച്ചുകൊടുക്കുന്നവർ അന്ധമായ ഇടതുപക്ഷ വിരോധികൾ മാത്രമായിരിക്കുമെന്ന് എടുത്തു പറയേണ്ടതിലല്ലൊ! കോടതികൾ മാർക്സിസ്റ്റുകാരുടെ കാര്യത്തിൽ മാത്രമല്ല, പലരുടെ കാര്യത്തിലും ഇനിയും പല വിധികളും പറയും. അപ്പോഴും ഇതുപോലെയൊക്കെത്തന്നെ ആയിരുന്നാൽ മതി! ശ്രീ. ബഷീർജി പറഞ്ഞതുപോലെ ഒരു മാപ്പ് പറഞ്ഞാൽ തീരുമെങ്കിൽ, കോടതിയെ അഥവാ വിമർശിച്ചു പോയിട്ടുണ്ടെങ്കിൽ അതിനൊക്കെ ഒരു മാപ്പ്. വിമർശനങ്ങൾക്കതീതമല്ല, കോടതികൾ എന്നുതന്നെയാണെങ്കിൽ കോടതിയെ വിമർശിക്കുകയെന്നതേ ജയരാജൻ ചെയ്തിട്ടുള്ളൂ. വലിയ അർത്ഥവ്യാപ്തിയൊന്നുമില്ലാത്ത ഒരു വാക്ക് ഉച്ചരിച്ചുപോയി എന്നു മാത്രം! അതിനു മാപ്പ് പറയാൻ പുള്ളിയൊട്ടു തയ്യാറായതുമില്ല. സാരമില്ല, അഴിമതിയ്ക്കും പെണ്ണുകേസിനുമൊന്നുമല്ലല്ലോ അദ്ദേഹം ജയിലിൽ പോകുന്നത്. മൌലികാവകാശത്തിനു വേണ്ടി വാദിച്ചതുകൊണ്ടാണ്.

ഇനി ശുംഭൻ എന്നപ്രയോഗത്തിന്റെ കാര്യം വേറെ നിൽക്കട്ടെ. ശിക്ഷയും കിട്ടിയല്ലോ. എന്നാൽ ഒന്നോർക്കുക. ഇന്ന് റോഡരികിലെ പൊതുയോഗങ്ങളും ജാഥകളും നിരോധിച്ചു. നാളെ ബ്ലോഗെഴുത്തും പേപ്പറിലെഴുത്തും ഒക്കെ ഇതുപോലെ നിരോധിക്കും. പിന്നെ എല്ലാവർക്കും ചൊറിയും കുത്തി വീട്ടിലിരിക്കാം. ആരെങ്കിലും കയറി ആക്രമിച്ചാലും , റേപ്പ് ചെയ്താലും രാജ്യത്തിന്റെ സ്വത്തെല്ലാം വല്ലവരും കട്ടോണ്ടു പോയാലും എന്തിന്, രാജ്യംതന്നെ ആരെങ്കിലും വെട്ടിപ്പിടിച്ചാലും പുറത്തറിയില്ല. ആർക്കും ഒന്നും മിണ്ടിക്കൂടല്ലോ! പല രാജ്യങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയാണ് ജനാധിപത്യനിരാസം തലപൊക്കുന്നത്. ചൈനയിലെ ഏകാധിപത്യത്തെക്കുറിച്ച് കലഹിക്കുന്നവർക്ക് ഇപ്പോൾ ഇവിടുത്തെ ഈ തുടക്കം മനസിലാകില്ല. കലാക്രമേണ അറിഞ്ഞുകൊള്ളും. ജനാധിപത്യം എന്നാൽ വോട്ടു കുത്താനുള്ള അവകാശം മാത്രമല്ല!

ശുംഭൻപ്രയോഗവും കോടതിവിധിയും

വിശ്വമാനവികം 1 -ൽ ഇട്ട ഒരു പോസ്റ്റിലെ കമന്റുകളോടുള്ള എന്റെ കമന്റുകളും, ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കൊരു ലിങ്കും ഇതാ
ശുംഭൻപ്രയോഗവും കോടതിവിധിയും
http://easajim.blogspot.com/2011/11/blog-post_08.html


ഞാൻ പുണ്യവാളാ,


എന്റെ രാഷ്ട്രീയം സംശയാതീതമായി തെളിയിക്കുന്ന ധാരാളം പോസ്റ്റുകൾ ഞാൻ ഇതിനകം ഇട്ടിട്ടുണ്ടല്ലോ.എന്നിട്ടും താങ്കൾക്ക് സംശയമോ?

വിധു ചോപ്ര,

ഹർത്താലുമായി ബന്ധപ്പെട്ട് ഞാ എഴുതിയ പോസ്റ്റുകളിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതിനോടുള്ള എന്റെ വിയോജിപ്പ് ഞാൻ പ്രകടിപ്പിച്ചിടുള്ളതാണ്.ആശുപത്രി, ഗൾഫില്പോക്ക് മറ്റ് ഒഴിച്ചുകൂടാനാകത്ത അത്യാവശ്യങ്ങൾ എന്നിവയ്ക്ക് പോക്കുന്നവർക്ക് പ്രയാസമുണ്ടാകും എന്നതിനാലാണത്. എന്നാൽ ചില സന്ദർഭങ്ങളിലെങ്കിലും റോഡ് ഉപരോധം, റെയിൽ ഉപരോധം എന്നിവ ഒഴിവാക്കാനാകാത്തതാണ്. ഇവിടെ പൊതുവഴിയിൽ ജാഥയും പൊതുയോഗവും നടത്തിക്കൂടെങ്കിൽ പിന്നെ അതൊക്കെ എവിടെ പോയി നടത്തും? പൊതുയോഗം ഹാളുകളീലോ റോഡ് വക്കിലുള്ള സ്വകാര്യസ്ഥലങ്ങളിലോ നടത്താമെന്നു വയ്ക്കാം. ജാഥയും പ്രകടനങ്ങളുമോ? അവ ആകാശത്തിലൂടെ നടത്താൻ പറ്റുമോ? അപ്പോപ്പിന്നെ ജയരാജന്മാർ ഇതൊക്കെപ്പറഞ്ഞ് ശിക്ഷവാങ്ങുന്നതിൽ ഒരദ്ഭുതവുമില്ല. വേദനയില്ലാതെ ഒരു പ്രസവവും നടക്കില്ല. എന്തെങ്കിലും നേടണമെങ്കിൽ ആരെങ്കിലുമൊക്കെ പലതും സഹിക്കുകയും ത്യജിക്കുകയും മറ്റും വേണം. അങ്ങനെയൊക്കെയാണല്ലോ നമ്മൾ സ്വാതന്ത്ര്യം പോലും നേടിയത്. ഇവിടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ജയരാജൻ ജയിലിൽ കഴിഞ്ഞ് തന്റെ വിലപ്പെട്ട സമയം ത്യജിക്കുന്നത്. നമ്മൾ എല്ലാവർക്കും വേണ്ടി! അദ്ദേഹത്തിന് അഭിവാദനങ്ങൾ! ജാധിപത്യധ്വംസനം ശുംഭൻ എന്ന വിളിയേക്കാൾ ശുംഭത്തരമാണ്. അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും! നാവു പിഴയ്ക്കുന്ന നേതാക്കൾക്ക് ഈ വിധി ഒരു താക്കീതാണ്. പക്ഷെ അല്പം കടുത്തുപോയി എന്നു പറയാതിരിക്കാൻ വയ്യ. ആറിമാസം ശിക്ഷിക്കാൻ മാത്രമുണ്ടോ ഒരു ശുംഭൻ വിളിയിൽ? ബഹുമാനപ്പെട്ട കോടതിയ്ക്ക് പ്രണാമം!

സങ്കല്പങ്ങൾ,

ഇന്ന് റോഡരികിലെ പൊതുയോഗങ്ങളും ജാഥകളും നിരോധിച്ചു. നാളെ ബ്ലോഗെഴുത്തും പേപ്പറിലെഴുത്തും ഒക്കെ ഇതുപോലെ നിരോധിക്കും. പിന്നെ എല്ലാവർക്കും ചൊറിയും കുത്തി വീട്ടിലിരിക്കാം. ആരെങ്കിലും കയറി ആക്രമിച്ചാലും , റേപ്പ് ചെയ്താലും രാജ്യത്തിന്റെ സ്വത്തെല്ലാം വല്ലവരും കട്ടോണ്ടു പോയാലും എന്തിന്, രാജ്യംതന്നെ ആരെങ്കിലും വെട്ടിപ്പിടിച്ചാലും പുറത്തറിയില്ല. ആർക്കും ഒന്നും മിണ്ടിക്കൂടല്ലോ!

മിനീ,

ശുംഭൻ എന്ന വാക്കിന്റെ അർത്ഥം ഏതെങ്കിലും ശുംഭന്മാരുണ്ടെങ്കിൽ അവരോട് തന്നെ ചോദിക്കുകയേ നിവൃത്തിയുള്ളൂ!

Monday, November 7, 2011

മലയാളം അദ്ധ്യാപകരും ബ്ലോഗും

എന്‍റെ മലയാളം നമ്മുടെ മലയാളം എന്ന ബ്ലോഗിലെ ഒരു പോസ്റ്റില്‍ ഇട്ടകമാന്റ്റ് . ബന്ധപ്പെട്ട പോസ്റ്റിലേകുള്ള ലിങ്ക് ഇതാണ്


മലയാളം അദ്ധ്യാപകരും ബ്ലോഗും

“മലയാളം അധ്യാപകര്‍ക്കാകട്ടെ ബ്ലോഗെന്നൊരു സാധനം ഒരു വലിയ ആര്‍ഭാടമാണ്‌ എന്ന് തോന്നുന്നു......എന്തിനു ഈ ബ്ലോഗുകള്‍ ?“

ഹഹഹ! മലയാളം അദ്ധ്യാപകർ ആയാൽ മാത്രം പോരാ. അത്യാവശ്യം കമ്പെട്ടി പഠിക്കണം. നെറ്റ് ബ്രൌസിംഗ് പഠിക്കണം. പിന്നെ കീമാനിലോ മറ്റോ മംഗ്ലീഷ് ടൈപ്പ് ചെയ്യാനും പഠിക്കണം. ഇതിനൊക്കെ മടിയുള്ളവർക്ക് ബ്ലോഗ് ഒരു ആർഭാടമാണ്. കമ്പ്യൂട്ടർ ലാബ് പല സ്കൂളുകലിലെയും മലയാളം അദ്ധ്യാപകർ കണ്ടിട്ടുകൂടിയുണ്ടാകില്ല! സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ഒരുക്കി വിട്ടിട്ട് സാധാ സ്കൂളിൽ പഠിപ്പിക്കാൻ വരുന്ന മലയാള അദ്ധ്യാപകരിൽ നിന്ന് ജനം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല!

“പഠിക്കുവാന്‍ എടുക്കുന്ന എല്ലാ പാഠങ്ങളിലും പ്രശ്നം കണ്ടെത്തുവാന്‍ തുടങ്ങിയത് മുതല്‍ അധ്യാപകരിലെ അസംതൃപ്തി ആരംഭിച്ചു.....“

കുമാരനാശാൻ ഇരുന്ന് ......“പ്രസ്തുത” എഴുതിയ സ്ഥലം ഏതാണെന്ന് കണ്ടു പിടിച്ച് അവിടെ നിന്നും ഒരു പിടി മണ്ണു വാരി നിങ്ങളുടെ നിങ്ങളുടെ മലയാളശേഖര പുസ്തകത്തിലും പരിസ്ഥിതി കൈപ്പുസ്തകത്തിലും തേച്ചു പിടിപ്പിക്കൂ. എന്നിട്ട് ഇത് ഏതിനം മണ്ണാണെന്ന് മണ്ണടി കാർഷികസർവകലാശാലയിൽ പോയി ചോദിച്ചിട്ടു വരൂ.......എന്നിട്ട് അതേക്കുറിച്ച് നാലു വരി കവിത എഴുതി നിങ്ങളുടെ കവിതാ പുസ്തകത്തിൽ എഴുതിപ്പിടിപ്പിക്കൂ.....

Thursday, November 3, 2011

ജാതി അനുഭവിച്ചാലേ അറിയൂ

മിനിലോകം എന്ന ബ്ലോഗിലെ ഒരു പോസ്റ്റിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിൽ എത്താൻ ലിങ്കിൽ ഞെക്കുക

ജാതി അനുഭവിച്ചാലേ അറിയൂ


ഹൈ ക്വാളിഫെയിഡുകാർ ഉദ്യോഗം മേയുന്ന ഇടങ്ങളിലാണ് ഇന്ന് ജാതിഗ്രുപ്പുകൾ ശക്തമായി ഉണ്ടാകുന്നത്. ഒരു മേൽജാതിക്കാരൻ (അത് അവന്റെ അമ്മ പറഞ്ഞുള്ള അറിവാണവന്. അമ്മയെ വിശ്വസിക്കുകയല്ലേ തരമുള്ളൂ)എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞ കാര്യം പറയാം. ഒരു വലിയ സോഫ്റ്റ്വെയർ കമ്പനി. നൂറുകണക്കിനാളൂകൾ പണിയെടുക്കുന്നു.പുതുതായി ഉദ്യോഗാർത്ഥികൾ വന്ന് ജോയിൻ ചെയ്യുമ്പോൾ സീനിയേർസ് ഉഴിഞ്ഞും കിഴിഞ്ഞും പരിചയപ്പെട്ട് ജാതി മനസിലാക്കും. തങ്ങളുടെ ഉന്നതജാതിക്കാരെമാത്രമേ അവരുടെ റൂമിൽ കിടത്തു. അവരുമായേ നല്ലസഹകരണമുള്ളൂ. അതൊക്കെ ശരിയാണോ എന്നു ചോദിച്ചപ്പോൾ അവൻ പറയുകയാണത്രേ താൻ ഉയർന്ന ജാതിക്കാരനാണ്. താൻ അതിന്റെ ആഢ്യത്വം കാണീക്കണമെന്ന്. മാത്രവുമല്ല താഴ്ന്ന ജാതിക്കാരൊക്കെ വിദ്യാഭ്യാസം നേടി ഉയർന്ന ജോലികളിൽ എത്തിയാൽ പിന്നെ ആര് നിലമുഴുകും, ആരു തെങ്ങിൽ കയറും,ആര് മറ്റ് കൂലിവേലകൾ ചെയ്യും എന്നൊക്കെയായിരുന്നു ആ പുതുതലമുറക്കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ചോദ്യം. സ്കൂളിൽ പഠിക്കുന്നകാലത്ത് നക്കിത്തിന്നാൻ നല്ലിപ്പില്ലാതിരുന്ന ഒരുത്തനായിരുന്നു ഈ പറഞ്ഞത്. അന്ന് അവന് ജാതിയൊന്നുമില്ലായിരുന്നു!

അതിരുകവിഞ്ഞ ജാത്യാഭിമാനം വച്ചു പുലർത്തുന്നവർ അവരുടെ രണ്ടുമൂന്നു തലമുറയ്ക്കു മുമ്പേ ഉള്ള അമ്മൂമ്മമാരുടെ ജീവിതാവസ്ഥകൾ, ബന്ധങ്ങൾ ഇതൊക്കെ തിരക്കുന്നതു നല്ലതാണ്. അപ്പോൾ പലരുടെയും സൂര്യ കിരീടം വീണുടയും......ഒരു തമാശ നമ്മുടെ നാട്ടിൽ പറയാറുണ്ട്. വലിയ തറവാട്ടിൽ ഒരുണ്ണി പിറക്കാനിരിക്കുമ്പോൾ ജ്യോത്സൻ പറഞ്ഞു, ആ കുട്ടി ജനിച്ചാൽ ഉടൻ കുട്ടിയുടെ പിതാവ് മരിക്കുമെന്ന്!കുട്ടിയുടെ അച്ഛന്റെ മരണം പ്രതീക്ഷിച്ച് എല്ലാരും വിഷമത്തിലിരുന്നു. പക്ഷെ കുട്ടിയെ പ്രസവിക്കാൻ പോകുന്ന മാതാവിന് അത്ര വിഷമമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭർത്താവ് മരിക്കില്ലെന്ന് ആ ഗർഭിണിയ്ക്കറിയാമായിരുന്നു. ഒടുവിൽ കുട്ടി ജനിച്ചു.അടുത്ത നിമിഷം തന്നെ തറവാട്ടുവീട്ടിലെ തെങ്ങുകയറ്റക്കാരൻ തെങ്ങിൽനിന്നു വീണു മരിച്ചു. കുട്ടിയുടെ അമ്മയുടെ ഭർത്താവ് മരിച്ചതുമില്ല. ഇതൊന്നുമറിയാതെയായിരിക്കും ചിലർ ആഢ്യത്വം പറഞ്ഞു നടക്കുക. ഓരോ ജാതിയിലും പെട്ടവർ അതിനു താഴെയൂള്ളവരെ തൊട്ടുകൂടാത്തവരാക്കുന്നു! മേൽജാതി; തേങ്ങാക്കുല! ഈയിടെ എന്നോട് ഒരാൾ പറയുകയാണ് ഒരു ആഢ്യത്വമുള്ള പെണ്ണിനെ കെട്ടിക്കൊണ്ടു വരണമെന്ന്.ആഢ്യത്വം തിരിച്ചറിയാനുള്ള അടയാളങ്ങൾ ചോദിച്ചപ്പോൾ മറുപടിയുമില്ല.

ഇതിനെല്ലാമിടയിൽ വർഗ്ഗ സങ്കരം എന്ന നിശബ്ദവിപ്ലവം ഇവിടെ നടന്നുകൊണ്ടിരികുകയാണ്.ജയൻ ഡോക്ടർ മേൽ പറഞ്ഞതുപോലെ സംഭവിക്കും. എത്രയൊക്കെ ബോധപൂർവ്വം ജാതിബോധം വളർത്താൻ ശ്രമിച്ചാലും. ഒരു വീട്ടിൽതന്നെ വ്യത്യസ്ത മതവിഭാഗക്കാരും വ്യത്യസ്ത ആരാധനാ മുറികളും ഉള്ള സ്ഥിതി വരും. ചില രാജ്യങ്ങളിൽ ഇപ്പോൾതന്നെ അങ്ങനെയുണ്ട്. ചിലപ്പോൾ വിശ്വാസങ്ങൾതന്നെ കാലഹരണപ്പെട്ടു എന്നും വരാം....! പക്ഷെ അത്രത്തോളമൊക്കെ കാലം ലോകത്തെനിലനിർത്താൻ ഇവിടെ ചിലർ സമ്മതിക്കുമോ എന്നതാണു പ്രശ്നം! ഒന്നുംകൂടി ; മേൽജാതി ബോധക്കാരോടാണ്. ജാതിവിവേചനം കേട്ടും കണ്ടും മാത്രമേ നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകൂ. അതാണു കുഴപ്പം. ജാതിവിവേചനം അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ വേദന മനസിലാകൂ. ഒന്നോർക്കുക. ആരെങ്കിലും ഉന്നതജാതിയിൽ ജനിക്കുന്നത് സ്വന്തം മിടുക്കുകൊണ്ടല്ല! അപേക്ഷ നൽകിയിട്ടുമല്ല.