എന്റെ ഈ പോസ്റ്റിൽ കമന്റുകൾക്ക് ഞാനെഴുതിയ ചില മറുപടികൾ. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് : സി.പി.എം ആകുന്നത് അത്രവലിയ അപരാധമോ?
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ സ്ഥിതി ഞാൻ പലപ്പോഴും സൂചിപ്പിക്കാറുള്ളതാണ്. ഇടതുപക്ഷത്തിനു വേഗം കടന്നുചെല്ലാവുന്ന സാമൂഹിക പരിതസ്ഥിതികളല്ല അവിടങ്ങളിൽ ഉള്ളത്. എന്നാൽ പറയും മാവോയിസം നക്സലിസം എന്നിവ വന്നതോ എന്ന്. ഇടതുപക്ഷത്തിനു പണ്ടേ അല്പമെങ്കിലും വേരോട്ടമുണ്ടായിട്ടുള്ള സംസ്ഥാനങ്ങളിലേ അവപോലും കടന്നു ചെന്നിട്ടുള്ളൂ. ഇന്ത്യയിലെ ആദ്യത്തെ പ്രധാന പ്രതിപക്ഷം കമ്മ്യൂണിസ്റ്റുകാരായിരുന്നില്ലേ എന്നിട്ട് പാർട്ടി എങ്ങനെ താഴോട്ടു പോയി എന്നും ആരോ ചോദിച്ചുകണ്ടു. ഇന്ത്യയിൽ ആദ്യം പ്രധാന പ്രതിപക്ഷമായിരിക്കുമ്പോൾ എത്ര കമ്മ്യൂണിസ്റ്റ് എം.പി മാർ ഉണ്ടായിരുന്നു? ഉണ്ടായിരുന്നവർ തന്നെ ഏതൊക്കെ സ്റ്റേറ്റുകളിൽ ഉള്ളവരായിരുന്നു?
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ള ലക്ഷോപലക്ഷങ്ങൾ തങ്ങൾ മനുഷ്യരണെന്നുകൂടി തിരിച്ചറിയാൻ പറ്റാത്തത്രയും അജ്ഞതയുള്ളവരാണ്. സ്വന്തം ജാത്യ വിചാരങ്ങൾക്കപ്പുറം ചിന്തിക്കാനുള്ള ശേഷി അവർക്ക് ഇനിയും കൈവന്നിട്ടില്ല. അത്തരം ഒരു സമൂഹത്തിൽ കമ്മ്യൂണിസത്തിനു മേൽകൈനേടാൻ കഴിയാതിരിക്കുന്നതിൽ നാളിതുവരെയുള്ള നേതൃത്വത്തെ ഒരു പരിധിക്കപ്പുറം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമൊന്നുമില്ല. മുമ്പ് കോൺഗ്രസ്സിനും ബി.ജെ.പിയ്ക്കും ബദാലായി വളർന്നുവന്ന ഒരു മൂന്നാം മുന്നണി പോലും ഇപ്പോൾ ഇല്ല. അതുകൊണ്ട് നിങ്ങൾ ഈ കമ്മൂണിസ്റ്റ് വിരോധികൾ ആഗ്രഹിക്കുന്നവിധത്തിൽ തന്നെ കോൺഗ്രസ്സും ബി.ജെ.പിയുമൊക്കെത്തന്നെ ഇനിയും കുറെ നാൾ ഇന്ത്യ ഭരിച്ചെന്നുതന്നെ വരും. പക്ഷെ അതൊന്നും ശാശ്വതസത്യമായി നില നിൽക്കില്ല. ജനം ഒരിക്കൽ വർഗ്ഗീയതയുടെയും മുതലാളിത്തത്തിന്റെയും തിന്മകൾ തിരിച്ചറിയുകതന്നെ ചെയ്യും. ആ തിരിച്ചറിവിലേയ്ക്കുള്ള ദൂരത്തോളം കാത്തിരിക്കേണ്ടതുണ്ട് എന്ന യാഥാർത്ഥ്യം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് അറിയുകയും ചെയ്യാം. വിപ്ലവത്തിനു സമയമായില്ലെന്നു കരുതി പാർട്ടി പിരിച്ചു വിടാനല്ല, സമൂലമായ ഒരു വിപ്ലവത്തിന്റെ സാദ്ധ്യതകൾ അന്വേഷിച്ചു മുന്നേറാൻ തന്നെയാണ് സി.പി.എമ്മും ഇടതുപക്ഷവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എന്തായാലും ഒരുവേള ഇന്ത്യയിൽ ബി.ജെ.പി ഇന്ത്യ ഒറ്റയ്ക്കു ഭരിച്ചാലുണ്ടാകാവുന്ന അപകടങ്ങൾ ഒന്നും ലോകത്ത് എവിടെയും കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാൽ ഉണ്ടാകില്ല. യഥാർത്ഥ ഫാസിസം എന്താണെന്ന് സമീപ ദിവസങ്ങളിലെ ഡൽഹി സംഭവങ്ങൾ തന്നെ തെളിയിക്കുന്നുണ്ടല്ലോ.
പണ്ട് ഒരു കവി പാടിയത് ഞങ്ങൾ കൂടെ കൂടെ എല്ല്ലാവരെയും ഉണർത്തിക്കറുണ്ട്. ഹിറ്റ്ലരുടെ കാലത്തെ സംബന്ധിച്ചുള്ളതാണാ കവിത. ആദ്യം അവർ ജൂതന്മാർക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല.കാരണം ഞാനൊരു ജൂതനായിരുന്നില്ല. പിന്നെ അവർ ക്രിസ്ത്യാനികൾക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ക്രിസ്ത്യാനി ആയിരുന്നില്ല. പിന്നെ അവർ കമ്മ്യൂണിസ്റ്റുകൾക്കെതിരെ തിരിഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നില്ല. ഒടുവിൽ അവർ എനിക്കുനേരേ തിരിഞ്ഞു. അപ്പോൾ അവിടെ എനിക്കുവേണ്ടി സംസാരിക്കാൻ ആരും ശേഷിച്ചിരുന്നില്ല. ഇതായിരുന്നു ആ കവിത. ഇപ്പൊൽ ഇന്ത്യയിൽ അത് സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. കമ്മ്യുണിസ്റ്റുകൾക്കെതിരെ ഫാസിസ്റ്റുകൾ തിയിയുമ്പോൾ നാവനങ്ങാത്തവർക്ക് നേരെതന്നെ അവർ ആക്രമണം നടത്തുമെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ ഇപ്പോൾ ആവർത്തിക്കുന്നുണ്ട്. പലതരം വർഗ്ഗീയ ഫാസിസം അരങ്ങുതകർക്കുന്ന ഒരു രാജ്യത്തിരുന്ന് കമ്മ്യൂണിസ്റ്റ്-പുരോഗമനപ്രസ്ഥാനങ്ങളെ ദുർബ്ബലപ്പെടുത്താൻ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നേ പറയാനുള്ളൂ.
*****************************************************************************************************************************************
സീഡിയൻ,
കമ്മ്യൂണിസ്റ്റുകാരെ വിമർശിക്കുന്നവരെല്ലാം മാനവിക വിരുദ്ധരെന്നു ഞാൻ ഇതുവരെ ഒരിടത്തും ധ്വനിപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ പാർട്ടിയ്ക്കുള്ളിൽ നിന്ന് പാർട്ടിയെ വിമർശിക്കുന്നവരും മാനവവിരുദ്ധരാകണമല്ലോ. വർഗ്ഗീയത, നീതീകരിക്കാനാകാത്ത അക്രമം തുടങ്ങിയവയെ മാനവവിരുദ്ധമായി കാണുന്നുണ്ട്.എന്നാൽ തികഞ്ഞ വർഗ്ഗീയാജണ്ടകളുമായി പ്രവർത്തിക്കുന്ന സംഘടനകളിലും കുറച്ചെങ്കിലും മാനവത്വം ഉള്ളവരെ കാണാൻ കഴിയും. അവർ ഏതെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ അത്തരം സംഘടനകളിൽ ചെന്നുപെട്ടുപോകുന്നതാണ്. കമ്മ്യൂണിസം മാനവികത ഉൾക്കൊള്ളുന്ന ഒരു പ്രത്യയശാസ്ത്രമാണ് എന്നതിൽ എനിക്ക് തെല്ലും സംശയമില്ല. എന്നാൽ മാനവികതയുടെ കുത്തക കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമാണെന്ന് പറയാൻ മാത്രം വിവരമില്ലായ്മ എന്നിൽ കുടികൊള്ളുന്നില്ല. മാനവികത എന്നതിന്റെ അർഥം ഞാൻ മനസിലാക്കിയതനുസരിച്ച് മതങ്ങൾ അടക്കം പലതിലും മാനവികതയുടെ അംശങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്. മാനവികതയുടെ അംശങ്ങൾ ഏറിയും കുറഞ്ഞും ബൈബിളിലും ഖുറാനിലും വേദോപനിഷത്തുകളിലും, ഗീതയിലും രാമയണത്തിലും മഹാഭാരതത്തിലും ഒക്കെയുണ്ടാകും. ഗാന്ധിസവും മാനവികത ഉൾക്കൊള്ളുന്നു. എന്നാൽ ഇവയിലെല്ലാറ്റിലുമുള്ള മാനവികാംശങ്ങൾ മാത്രം സ്വീകരിച്ച് ശാസ്ത്രവിരുദ്ധവും യുക്തിക്കുനിരക്കാത്തതും കാലികപ്രസക്തമല്ലാത്തതുമായ മറ്റുള്ളവയെ തിരസ്കരിക്കുവാനുള്ള ആർജ്ജവം കാണിക്കണം.അത് കമ്മ്യൂണിസത്തിനും ബാധകമാണ്. മാറാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറ്റം എന്ന പ്രതിഭാസം മാത്രമാണെന്ന് മാർക്സിസം തന്നെ പറയുന്നുണ്ടല്ലോ.നല്ല നാളേകൾ സൃഷ്ടിക്കുവാൻ കമ്മ്യൂണിസത്തിനു സാധിക്കും എന്നു വിശ്വസിക്കാൻ എനിക്ക് തെല്ലും സങ്കോചമില്ല. അഥവ ഇനത്തെ നിലയ്ക്ക് കമ്മ്യൂണിസത്തിൽ മാത്രമാണ് പ്രതീക്ഷ!
*****************************************************************************************************************************************
ലോകത്തും ഇന്ത്യയിലും മതാധിപത്യം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളും മുതലാളിത്താധിപത്യം സ്ഥാപിക്കുന്നതിന് അഗോള മുതലളിത്തസമൂഹവും മത്സരിക്കുന്നുണ്ട്. നിലവിൽ ഇവയ്ക്ക് ബദലായി കമ്മ്യൂണിസത്തെ കാണാൻ കഴിയാത്തവർ, കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്നും അതുപേക്ഷിക്കണമെന്നും പറയുന്നവർ, പകരം വയ്ക്കാൻ എന്താണുള്ളതെന്നുകൂടി ചൂണ്ടി കാണിച്ചാൽ നന്ന്! കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയങ്ങൾക്ക് വശപ്പെട്ട് ആരെങ്കിലും കമ്മ്യൂണിസം ഉപേക്ഷിച്ചാൽ അവർ പിന്നെ എന്തിലാണ് വിശ്വസിക്കേണ്ടത്? എവിടെയാണ് നിൽക്കേണ്ടത്? എന്താണു ചെയ്യേണ്ടത്? ഇന്ത്യയിൽ-അല്ലെങ്കിൽ പോട്ടെ കേരളത്തിൽ- കമ്മ്യൂണിസം ഉപേക്ഷിക്കുന്നരൊക്കെ കോൺഗ്രസിലാണോ,ബി.ജെ.പിയിലാണോ, അതോ എൻ.ഡി.എഫിലാണോ, അതോ മുസ്ലിം ലീഗിലാണോ, ഏതിലാണ് ചേർന്ന് നാടിന്റെ വിമോചനത്തിനായി പ്രവർത്തിക്കേണ്ടത്? ഈ കമ്മ്യുണിസ്റ്റ് വിരോധം പ്രചരിപ്പിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ ഒരംശം എല്ലാവരും വർഗീയതയ്ക്കും അഴിമതിയ്ക്കും മറ്റും എതിരെ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
********************************************************************************************************************************************
1 comment:
കമ്മ്യുണിസ്റ്റ് വിരോധം പ്രചരിപ്പിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ ഒരംശം എല്ലാവരും വർഗീയതയ്ക്കും അഴിമതിയ്ക്കും മറ്റും എതിരെ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
Post a Comment