ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, October 11, 2011

കമന്റ്: സി.പി.എം ആകുന്നത് അത്ര വലിയ അപരാധമോ?

എന്റ്തന്നെ ഒരു പോസ്റ്റിലിട്ട ചില മറുപടിക്കമന്റുകൾ


കെ.പി.എസ്: "അതേ സമയം സി.പി.എം വിരുദ്ധന്‍ ആകുന്നത് അപരാധമാണോ എന്ന് ഞാന്‍ ചോദിക്കുകയുമില്ല. എന്തെന്നാല്‍ സി.പി.എം. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകുന്നത് തെറ്റോ പാപമോ അല്ലെന്നും അത് നമ്മുടെ ജനാധിപത്യാവകാശമാണെന്നും ഞാന്‍ കരുതുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും സി.പി.എം. അനുകൂലികള്‍ ആകാന്‍ പറ്റില്ലല്ലൊ"

കമ്മ്യൂണിസ്റ്റ് വിരുദ്ധരകുന്നത് അപരാധമാണെന്ന ധ്വനി എന്റെ ഈ ലേഖനത്തിൽ ഉണ്ടോ? അങ്ങനെ ഞാൻ ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസത്തിൽ അന്തർലീനമായിരിക്കുന്നുവെന്ന് കരുതുന്ന ഏതെങ്കിലും ഘടകങ്ങളോട് വിയോജിക്കുന്നതിലും അപരാധമൊന്നുമില്ല. ഞാൻ എഴുതിയത് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന പ്രവർത്തനങ്ങൾ, സമരങ്ങൾ, ഇടപെടലുകൾ ഇവയേതിനെയും ദോഷൈകദൃഷ്ടിയോടെ മാത്രം നോക്കിക്കാണുകയും, കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്ന ഏതൊരു കൊള്ളരുതായ്മകളെയും കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് അത്തരം കൊള്ളരുതായ്മകളെക്കൂടി ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണതകളെ സൂചിപ്പിക്കുവാനാണ്. ആർ.എസ്.എസിനെയും എൻ.ഡി.എഫിനെയും (ഇപ്പോൾ എസ്.ഡി.പി.ഐ; അതോ പോപ്പുലർ ഫ്രണ്ടോ!) ) ഭയക്കുന്നത്ര കമ്മ്യ്യൂണിസ്റ്റുകാരെ ഭയക്കേണ്ടതുണ്ടോ എന്നും എനിക്ക് ചോദിക്കുവാനുണ്ട്.ഉത്തരേന്ത്യയിലെ മാഫിയാ രാഷ്ട്രീയം പോലെയും കമ്മ്യൂണിസ്റ്റുകാരെ ഭയക്കേണ്ടതുണ്ടെന്നു ഞാൻ കരുതുന്നില്ല. പ്രായോഗിക തലത്തിൽ നന്മതിന്മകളുടെ ആപേക്ഷികതകൾ മാത്രം കണക്കിലെടുത്ത് മാത്രമായാൽ പോലും ഇവിടുത്തെ കമ്മ്യ്യുണിസത്തെ മറ്റെന്തിനേക്കാളും ഭയക്കേണ്ടതോ വെറുക്കേണ്ടതോ ഇല്ല. ഏതെങ്കിലും പ്രദേശത്ത് ഒരു പ്രത്യേക കക്ഷിയ്ക്ക് മാത്രം മേൽക്കൈ വന്നാൽ അവർ മറ്റുള്ളവയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നത് കമ്മ്യൂണിസ്റ്റുകാരിൽ മാത്രമുള്ള സ്വഭാവമില്ല. ഗാന്ധിസം പറയുന്ന കോൺഗ്രസ്സുകാർ പോലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. കേരളത്തില്പോലും. കേരളത്തിൽത്തന്നെ എത്രയോ സ്ഥലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളെ തികഞ്ഞ ഫാസിസ്റ്റ് രീതിയിൽ പ്രതിരോധിച്ചിട്ടുണ്ട്, കോൺഗ്രസ്സുകാർ. ഒറ്റപ്പെട്ടാണെങ്കിലും പലയിടത്തുമുണ്ട് ഇന്നും കൊൺഗ്രസ്സ് ഗ്രാമങ്ങളും ആർ.എസ്.എസ് ഗ്രാമങ്ങളുമൊക്കെ. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ പച്ചയിൽ മാത്രമല്ല, അല്പം കായിക ബലംകൂടി ഉപയോഗിച്ചുതന്നെയാണ് കേരളത്തിലും ഇന്ത്യയിൽ പലയിടത്തും കമ്മ്യൂണിസ്റ്റുപാർട്ടി വളർത്തിയെടുത്തിട്ടുള്ളതെന്നത് നിഷേധിക്കുന്നുമില്ല. ഇന്ന് കേരളത്തിൽ കായശക്തികൊണ്ട് നിലനിൽക്കേണ്ട സ്ഥിതി കമ്മ്യൂണിസ്റ്റുകാർക്ക് എവിടെയെങ്കിലും എപ്പോഴെങ്കിലും ഉണ്ടെങ്കിൽ അത് കൂടുതലും വർഗ്ഗീയ സംഘടനകളുടെ ശാക്തീകരണം ഉള്ളയിടങ്ങളിലാണ്. കോൺഗ്രാസുകാർ പഴയതുപോലെ കമ്മ്യുണിസ്റ്റുകാരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിനു തടയിടുന്നില്ല.അങ്ങനെയുള്ള മേഖലകൾ തീരെയില്ലെന്നല്ല. കോഗ്രസ്സുകാർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇടങ്ങളും ഇന്നില്ല. ഒരു പക്ഷെ കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളെ ചൂണ്ടി ഇപ്പറഞ്ഞതിനെ പ്രതിരോധിക്കാം. പക്ഷെ എല്ലായിടത്തും പാർട്ടി ഗ്രാമങ്ങളില്ല.അത് അവിടുത്തെ സാഹചര്യങ്ങളാണ്. കേരളത്തിൽ ഇനിയെവിടെയെങ്കിലും മറ്റുള്ള ആശയങ്ങനെ അടിച്ചമർത്തി ഏകകക്ഷി മേധാവിത്വം പുലർത്താൻ കമ്മ്യൂണിസ്റ്റുകാരോ കോൺഗ്രസ്സ് ഇൾപ്പെടെയുള്ള മതേതര കക്ഷികളോ ഇനിയുള്ള കാലം ശ്രമിക്കുമെന്നോ ശ്രമിച്ചാൽ തന്നെ അത് വിജയിക്കുമെന്നോ കരുതാൻ ഇപ്പോൾ ന്യായമൊന്നുമില്ല.എന്നാൽ ഇന്ത്യയിൽ മൊത്തത്തിലുള്ള സ്ഥിതി അതല്ല. മറ്റ് സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് അധികം വേരോട്ടമില്ലാത്തതു തന്നെ അവിടങ്ങളിലെ രാഷ്ട്രീയമാഫിയാ പ്രസ്ഥാനങ്ങളുടെ എതിർപ്പുകളെ അതിജീവിക്കാൻ കഴിയാത്തതുകൊണ്ടാണ്. അതേ പറ്റിയിക്കെ പറഞ്ഞാൽ ഒരുപാടുണ്ട്. ഒരുദാഹരണം മറ്റൊരു കമന്റായി ഇടാം. അതുകൊണ്ടൊക്കെ കമ്മ്യൂണിസ്റ്റുകാരിൽ മാത്രം ഭയാ‍രോപണങ്ങൾ ഉന്നയിക്കുനത് സത്യസന്ധമാകില്ല.
*************************************************************************************

ഒരിക്കൽ ഉത്തരേന്ത്യയിൽ ഒരു മുഖ്യമന്ത്രിയുടെ സുഹൃത്ത് മുഖ്യമന്ത്രിയെ കണ്ട് ഒരു പരാതിപറയാൻ പോയി. ഈ സുഹൃത്തിന്റെ കാറ് ചില മോഷ്ടാക്കൾ-കം-ഗുണ്ടകൾ മോഷ്ടിച്ചുകൊണ്ടു പോയി. പ്രതികളെ അറിയാമായിരുന്നിട്ടും പോലീസ് പിടിക്കുകയോ കാർ തിരിച്ചു നൽകുകയോ ചെയ്തില്ല. പരാതി അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. തിരിച്ച് പരാതിക്കാരൻ സുഹൃത്ത് ഇറങ്ങിവരുമ്പോൾ മോഷണം പോയ തന്റെ കാറ്‌ മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് കിടക്കുന്നു. ഈ കാറു മോഷ്ടിച്ചവരടക്കം കുറെ ഗുണ്ടകൾ അവിടെ കുശലം പറഞ്ഞ് നിൽക്കുകയും ചെയ്യുന്നു. ഇതു കണ്ട സുഹൃത്ത് തിരികെ മുഖ്യമന്ത്രിയെ ചെന്നു കണ്ട് കാര്യം പറഞ്ഞു. തന്റെ കാറും മോഷ്ടാക്കളും മുഖ്യന്റെ മുറ്റത്ത് നിൽക്കുന്നുവെന്ന്! അപ്പോഴാണ് സാക്ഷാൽ മുഖ്യമന്തിയുടെ മറുപടി; അവന്മാർക്ക് വല്ലതും കൊടുത്തിട്ട് എടുത്തുകൊണ്ട് പൊയ്ക്കൊള്ളൂഎന്ന്‌! എങ്ങനെയുണ്ട് മുഖ്യമന്ത്രിയും ഗുണ്ടകളും ഗുണ്ടായിസവും. ഇങ്ങനെ ഒരു മുഖ്യമന്ത്രി എന്തായാലും കേരളത്തിൽ ഉണ്ടാകില്ലെന്ന് നമുക്ക് ആശ്വസിക്കാം. അപ്പോൾ അങ്ങനെയൊക്കെയുള്ള ഈ രാജ്യത്ത് വിമർശനബുദ്ധി മുഴുവൻ കമ്മ്യൂണിസ്റ്റുകൾക്കു നേരെ മാത്രം പ്രയോഗിക്കുന്നതിലെ ആത്മാർത്ഥതയിൽ സംശയം തോന്നുക സ്വാഭാവികം മാത്രം!
**********************************************************************************

ചൈനയും ക്യൂബയും ഒക്കെ അവിടെ നിൽക്കട്ടെ; ഇത് ഇന്ത്യയാണ്! മാർക്സിസം ആകെ മൊത്തം ടോട്ടൽ ഒന്നേയുള്ളൂ. പക്ഷെ വിവിധ രാജ്യങ്ങളെ സംബന്ധിച്ച് പ്രയോഗത്തിൽ എവിടെയും ഒന്നിന്റെ പകർപ്പാകായിരിക്കില്ല മറ്റൊന്ന്‌!

No comments: