ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, February 15, 2010

ദൃഷ്ടി ദോഷം ബ്ലോഗിലിട്ട കമന്റ്

ഡി.പ്രദീപ്കുമാറിന്റെ ബന്ധപ്പെട്ട ആ ബ്ലോഗ്പോസ്റ്റ് ദാ ഇതാണ് :

ആ വേരുകളില്‍ മൂന്നാറിന്റെ ജീവജലം


"ഈ മഞ്ഞുകാലത്ത്, മഞ്ഞും കുളിരും മോഹിപ്പിച്ച കഴിഞ്ഞകാലം സ്വപ്നം കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു-മൂന്നാര്‍ മാറുകയാണു. ശീതകാലത്ത് പോലും ഇവിടെ മഞ്ഞില്ലെകില്‍ ,ശീതക്കാറ്റില്ലെങ്കില്‍,മാനും കാട്ടുപോത്തും കാട്ടാനകളുമില്ലെങ്കില്‍ ഈ വഴിയത്രയും താണ്ടി സഞ്ചാരികള്‍ എന്തിനു വരണം?"

ഇതിനകം തന്നെ മൂന്നാറിന്റെ ഇമേജ് നഷ്ടപ്പെട്ടു കഴിഞ്ഞുവല്ലോ. ഇനി കാഴ്ചകളും മഞ്ഞും കുളിരുംമറ്റും തേടി അധികകാലം ആരും അങ്ങൊട്ടൊന്നും പോകില്ല.

അല്ലെങ്കിൽ തന്നെ മൂന്നാറിനു മാത്രം എങ്ങനെ മാറിനിൽക്കാനാകും? നാടാകെ ജെ.സി.ബി കൊണ്ടു നടന്ന് തോണ്ടി മറിക്കുകയല്ലെ? മരുഭൂമികൾ കൃഷിയോഗ്യവും പച്ചപ്പുള്ളതുമായ പ്രദേശമാക്കി മാറ്റുകയെന്നതാണ് ഏതൊരു മരുഭൂമിവാസികളൂടെയും സ്വപ്നം. ഇവിടെ നമ്മൾ പച്ചപ്പുനിറഞ്ഞ സ്വപ്നസുന്ദരമായ ഒരു പ്രദേശം മുഴുവൻ മരുഭൂമിയാക്കാൻ മത്സരിക്കുകയാണ്! സത്യത്തിൽ മൂന്നാറിനു പുറത്ത് മൂന്നാറിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ രോഷം കൊള്ളുന്ന പലരും സ്വന്തം ഭൂമികളൊക്കെ ജെ.സി.ബിക്ക് ഇടിച്ചു നിരത്തി പണമുണ്ടാക്കാനുള്ള വിവിധമാർഗ്ഗങ്ങൾ നോക്കുന്നവരാണ്. മൂന്നാറിലെ റിസോർട്ടുകാരും, വൻകിട കമ്പനികളുമൊക്കെ അവിടെ മൂന്നാറിന്റെ സാദ്ധ്യതകൾ ചൂഷണം ചെയ്യാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ എന്താണ് നടക്കുന്നത്? ഇടിച്ചു നിരത്തൽ തന്നെ. വീടു വച്ചാൽ പൊതുവഴിയിൽ നിന്ന് നാലോ അഞ്ചോ പടിക്കെട്ട് കെട്ടേണ്ട ഉയരമുണ്ടെങ്കിലും തറ ഇടിച്ചു നിരത്തി റോഡിനൊപ്പമാക്കും. എന്നിട്ടേ വീടുണ്ടാക്കൂ.കാരണം കാറ് ബെ ഡ്റൂമിനകത്തുതന്നെ കൊണ്ടിടാനുള്ളതാണ്!

റോഡരികിൽ നിലമുണ്ടെങ്കിൽ അതു നികത്തി ഷോപ്പിംഗ് കോമ്പ്ലെക്സ് പണിയും. നീരൊഴുക്കുകളെല്ലാം ജെ.സി.ബിക്ക് മാന്തിയെടുക്കുന്ന മണ്ണുകൊണ്ടിട്ട് നികത്തും. മണ്ണിനോടും വെള്ളത്തോടും എന്തിനു വായുവിനോട് പോലും ഇത്ര വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന മനുഷ്യന്റെ ക്രൌര്യം ഇനി ആരാലും തടയാനാകില്ല. കാരണം ഓരോരുത്തരും തങ്ങൾക്കാവശ്യം വരുമ്പോൾ പ്രകൃതിയെ തങ്ങളുടെ യുക്തം പോലെ മാറ്റിയെടുക്കുകയാണ്. എന്നിട്ട് മറ്റാരെങ്കിലും അതേ പ്രവൃത്തി ചെയ്യുമ്പോൾ വിമർശിക്കുകയും ചെയ്യും. ഈയിടെ ഇവിടെ നമ്മുടെ നാട്ടിൽ ഒരാൾ മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച് രോഷാകുലനായി സംസാരിക്കുന്നതു കേട്ടു. ഏക്കറുകണക്കിനുള്ള സ്വന്തം നിലമ്പുരയിടങ്ങളെല്ലാം ഇടിച്ചു നിരത്തി നിലമ്പരിശാക്കിയിട്ട് അതിനുവേണ്ടി കൊണ്ടുവന്ന ജെ.സി.ബികലെല്ലാം തിരിച്ചു തമിഴ്നാട്ടിൽ കൊണ്ടു പോകാതെ ടിയാൻ തന്നെ ഇവിടെ വാടകയ്ക്ക് കൊടുത്ത് നാടിടിച്ച് കാശുവാരുകയാണ്. ഒന്നുരണ്ടെണ്ണം അയാൾ സ്വന്തമായും വാങ്ങി. എന്നിട്ട് ഈ നേതാവ് മൂന്നറിനെക്കുറിച്ച് വിലപിക്കുന്നു!കേരളത്തിന്റെ ഭൂപ്രകൃതി ആകെ തകിടം മറിച്ചു കഴിഞ്ഞു. ഇനിയും അതു തുടരും. അതിനെ ആർക്കും ഏതൊരു സർക്കാരിനു പോലും അതു തടയാനാകില്ല. മരുഭൂമിയും സമതലങ്ങളുമായ രാജ്യങ്ങളുടെ മാതൃക നോക്കിയാണ് നമ്മളുമിവിടെ റോഡും മറ്റു വികസനപ്രവർത്തനങ്ങലും ഒക്കെ നടത്തുന്നത്. അല്ലാതെ നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങും വിധമല്ല. മലനിരകൾ നിറഞ്ഞ നേപ്പാളിൽ വളവും തിരിവുമില്ലാത്ത ഹൈവേകൾ നിർമ്മിക്കുന്നുണ്ടോ എന്ന് ഈയുള്ളവനറിയില്ല. ഇനി നാളെ നമ്മൾ ഹെയർപിൻ വളവുകളും തേരികളുമില്ലാ‍ത്ത റോഡുകളുണ്ടാക്കി മൂന്നാറിലേയ്ക്കും മറ്റു ഹൈറേഞ്ചുകളിലേക്കും പോകണമെന്നു കരുതുന്ന കാലം വിദൂരമല്ല. ഇനിയിപ്പോൾ കേരളത്തിന്റെ മധ്യത്തുകൂടി ഒരു ഹൈവേയും കൂടി സ്വപ്നം കാണുകയാണല്ലോ നമ്മൾ. അപ്പോൾ കേരളം മൊത്തത്തിൽ നിരന്നു കിട്ടും! ലോകത്തെ എല്ലാരാജ്യങ്ങളും എല്ലാം നിരപ്പാക്കാ‍ൻ ശ്രമിക്കുന്നതോടെ ഭൂമിതന്നെ നിരന്നു കിട്ടും! അതിനായി അണ്ണാൻ കുഞ്ഞും തന്നാലായത് എന്നതു പോലെ നമ്മൾ കേരളീയരും ശ്രമിക്കുന്നു.

നമുക്കു റിസോർട്ടുകളും മണിമന്ദിരങ്ങളും, നിരന്നു നീളുന്ന നിരത്തുകളും മറ്റും പോരേ? കണ്ട കാടും പടലുമൊക്കെ എന്തിനാണ്? പാമ്പുകൾ കൂടുവയ്ക്കാനായിട്ട്! എന്നൊക്കെ നമുക്ക് ചോദിക്കാം.ഒടുവിൽ തിന്നാനും കുടിക്കാനും കൂടി ഈ കോൺക്രീറ്റുകളും തോണ്ടി മാറ്റിയതിന്റെ ബാക്കി അടിമണ്ണും മാത്രമേ കാണൂ എന്നൊന്നും ചിന്തിക്കാൻ മാത്രം ദൂരക്കാഴ്ചയൊന്നും പാടില്ല. അപ്പപ്പോഴൂള്ള കാര്യം നോക്കുക. വരും തലമുറകളെപറ്റി ചിന്തിക്കരുത്. ഇതാണല്ലോ ആധുനിക സുഖഭോഗസംസ്കാരവും അതിന്റെ മൊത്ത വില്പനക്കാരും നമുക്കു നൽകുന്ന സന്ദേശം! പൊരുത്തപ്പെടുകതന്നെ!

No comments: