ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, February 12, 2010

ദൃഷ്ടിദോഷം എന്ന ബ്ലോഗിൽ ഇട്ട കമന്റ്

ഡി. പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം എന്ന ബ്ലോഗിൽ ഇട്ട കമന്റ്

എന്തുകൊണ്ടാണ് അവർ മാദ്ധ്യമ പ്രവർത്തകർ ആകാത്തത്?


“അക്ഷരമറിയാത്തവർ കൂലിക്കെഴുതിച്ച മുഖപ്രസംഗത്തിനു പുരസ്കാരങ്ങൾ വാങ്ങിച്ച് പത്രാധിപകേസരികളായി ഞെളിഞ്ഞിരിക്കുമ്പോൾ,ആയിരക്കണക്കിനാളുകളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊടുത്ത് ചാനലിന്റെ തലപ്പത്ത്കയറിപ്പറ്റി ധർമ്മികപ്രഭാഷണം നടത്തുന്നവരും,കളങ്കിതപണം കൊണ്ട് പത്രം തുടങ്ങിയവരുമൊക്കെ മാന്യന്മാരായി വിലസുമ്പോൾ ഇതെല്ലാം അറിയുന്നവർ എങ്ങനെ തങ്ങളുടെ മക്കളെ ഈ ചെളിക്കുഴിയിലേക്ക് തള്ളിവിടും?“ സംഗതി ശരിയാ!

പക്ഷെ മക്കളെ ആ വഴിയ്ക്കു വിടാത്തത് അതുകൊണ്ടൊന്നുമല്ല. രാഷ്ട്രീയനേതാക്കൾ തങ്ങളുടെ മക്കളെ രാഷ്ട്രീയത്തിലിറക്കാൻ
ഇഷടപ്പെടാത്തതു പോലൊരു മന:ശാസ്ത്രം അതിനു പിന്നിലുണ്ട്

“നല്ല പണം ഉണ്ടാക്കാൻ കഴിയുന്ന,ഗ്ലാമറസായ ജോലിയൊന്നും കിട്ടാത്തതിലുള്ള അപകർഷതാബോധവും ആത്മനിന്ദയുമായാണു അവർ മാദ്ധ്യമരംഗത്തേക്ക് വരുന്നത്.“

അത്തരക്കാർക്ക് പത്രപ്രവർത്തന രംഗത്ത് ഒന്നും ചെയ്യാൻ കഴിയില്ല.ഒന്നാമത് ആ രംഗത്ത് വരാൻ വേണ്ടത് താല്പര്യമാണ്. പിന്നെ പത്രപ്രവർത്തനമെന്നു പറയുന്നത് ഒരു തരത്തിൽ സാഹിത്യപ്രവർത്തനം കൂടിയാണ്. അപ്പോൾ അല്പം സർഗ്ഗവാസനകളുടെ പ്രചോദനവും പിൻബലവും വേണമെന്നുവരുന്നു. ശാസ്ത്രീയമായ പരിശീലനത്തിലൂടെ ഒരു പ്രൊഫെഷണൽ ജേർണലിസ്റ്റിനെ സൃഷ്ടിയ്ക്കാനാകുമെങ്കിലും അതിന് ഉള്ളിൽ എവിടെയെങ്കിലും ഒളിഞ്ഞുകിടക്കുന്ന ഒരല്പം സർഗ്ഗവാസനകൾ ആവശ്യമാ‍ണ്. പ്രത്യേകിച്ചും സർഗ്ഗാത്മകപത്രപ്രവർത്തനത്തിന്.താല്പര്യം എന്നൊരു ഘടകമുണ്ടെങ്കിൽ എല്ലാവരുടെയും ഉള്ളിൽ അനല്പമായെങ്കിലും കിടക്കുന്ന സർഗ്ഗവാസനകളെ അത്യാവശ്യത്തിനു പുറത്തുകൊണ്ടുവരാനും അതിൽ വിജയിക്കുവാനും സാധിക്കും.

ജേർണലിസം ഇന്നത്തെ പോലെ ഒരു ശാസ്ത്രീയ പഠനശാഖയാ‍യൊന്നും ആവിർഭവിച്ചിട്ടില്ലാത്ത കാലത്തും പത്രവും പത്ര പ്രവർത്തനവും ഉണ്ട്. അവരെ ആരും ഇതു ശാസ്ത്രീയമായി പഠിപ്പിച്ചിരുന്നില്ല. അവരോട് കിടപിടിക്കാൻ ഇന്നത്തെ ഭൂരിപക്ഷം യാന്ത്രിക ജേർണലിസ്റ്റ് ക്രിയേച്ചറുകൾക്കും സാധിക്കില്ല.

എല്ലാത്തിനുമുപരി അല്പം ചില സാമൂഹ്യ ബോധവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരേ ഈ രംഗത്തേയ്ക്ക് കടന്നുവരൂ. ഈ സാമൂഹ്യബോധവും സമൂഹ്യ പ്രതിബദ്ധതയുമാകട്ടെ രക്ഷകർത്താക്കൾക്കും ഉണ്ടാകണം. ഔപചാരികമായും യാന്ത്രികമായും ജേർണലിസം പഠിച്ചു എന്നതുകോണ്ട് എല്ലാവർക്കും ഈ സാമൂഹ്യബോധവും സാമൂഹ്യപ്രതിബദ്ധതയും ഉണ്ടാകണമെന്നില്ലല്ലോ!