ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, February 26, 2012

പുസ്തകപ്രസാധനവും എഴുത്തുകാരും

പുസ്തകപ്രസാധനവും എഴുത്തുകാരും

ബൂലോകം ഡോട്ട് കോമിൽ ഇട്ട കമന്റ് ! ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്.

" എന്തായാലും സ്വന്തം കൈയ്യിലെ പണം മുടക്കി ഞാനായിട്ട് അതൊന്നും പുസ്തകം ആക്കില്ല. അതിനായുള്ള പണം കയ്യില്‍ ഇല്ലാത്തതുകൊണ്ടോ പിശുക്കനായതുകൊണ്ടോ അല്ല. ഞാന്‍ എഴുതിയതില്‍ കാമ്പുള്ളത് എന്തെങ്കിലുംഉണ്ടെന്നും, അത് പുസ്തകമാക്കിയാല്‍ വിറ്റുപോകുമെന്നും എനിക്കല്ല തോന്നേണ്ടത്, ഒരു പ്രസാധകന് ആണ്."

ഇവിടെ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മുമ്പ് പ്രസാധകർ പ്രശസ്തരും പ്രാമാണികരുമായ എഴുത്തുകാരുടെ സൃഷ്ടികൾ അങ്ങോട്ടുപോയി ആവശ്യപ്പെട്ട് വാങ്ങി പ്രസിദ്ധീകരിക്കുമായിരുന്നു. ഇപ്പോഴും കുറച്ചൊക്കെ അങ്ങനെതന്നെ നടക്കുന്നുണ്ടാകും. അതുപോലെ പലരുടെയും രചനകൾ വൻകിട പ്രസാധകരുടെ എഡിറ്റർ എന്ന അക്ഷരപ്രമാണിയുടെ പരിശോധനയിൽ ചവറ്റുകുട്ടയിലേയ്ക്ക് എറിയപ്പെടുകവഴി സർഗ്ഗശേഷികളിൽ ആത്മ വിശ്വാസം നഷ്ടപ്പെട്ട് എഴുത്തേ നിർത്തിയവർ എത്രയെങ്കിലുമുണ്ടാകും. പിന്നെ മറ്റുചിലർ അങ്ങോട്ടു പോയി പ്രസാധകപ്രമാണിമാരെ മണിയടിച്ച് വല്ല വിധവും പ്രസാധകരുടെ ചെലവിൽത്തന്നെ അവരുടെ പുസ്തകമടിക്കുന്ന രീതിയാണ്. നിലവാരമൊന്നും വേണമെന്നില്ല. അല്ലെങ്കിൽ പ്രൂഫ് നോക്കൽ പ്രമാണി ഒക്കെ ശരിയാക്കിക്കൊള്ളും. മണിയടിച്ചുപോയതുകൊണ്ട് ഗ്രന്ഥകർത്താക്കൾക്ക് പ്രതിഫലം കിട്ടാനിടയില്ല. ഏതാനും കോപ്പികൾ കൊടുക്കും. അത്രമാത്രം.

എന്നാൽ ഇപ്പോൾ സാധാരണമായിരിക്കുന്നത് മറ്റൊരു രീതിയാണ്. ഇപ്പോൾ പ്രസാധകരുടെ എണ്ണം ഒരുപാട് കൂടി. ഇപ്പോൾ വൻകിട പ്രസാധകരും ചെറുകിട പ്രസാധകരുമായി ധാരാളം പേർ ഉണ്ട്. പുസ്തക പ്രസാധക രംഗത്തെ ഇപ്പോഴത്തെ സാധാരണ രീതി പ്രസാധകർക്ക് എഴുത്തുകാർ അങ്ങോട്ട് കാശുകൊടുത്ത് പുസ്തകം ഇറക്കിക്കുക എന്നതാണ്. വല്ല അവതാരികയോ മറ്റോ വേണമെങ്കിൽ അതും എഴുത്തുകാരൻ ആരെക്കൊണ്ടെങ്കിലും എഴുതിച്ചു നൽകണം. പ്രസാധകർ പുസ്തകമച്ചടിച്ചു വിൽക്കും. എഴുത്തുകാരൻ അങ്ങോട്ട് പൈസ കൊടുത്തെന്നു കരുതി പ്രതിഫലമോ ലാഭ വിഹിതമോ ഒന്നും പ്രതീക്ഷിക്കരുത്. ചെറുകിട പ്രസാധകരാണെങ്കിൽ അവർക്ക് വലിയ വില്പനയും ലാഭവുമൊന്നും കിട്ടാറുമില്ല. ഗ്രന്ധകേത്താവിന് പുസ്തകത്തിന്റെ ഏതാനും കോപ്പികൾ പ്രതിഫലമായി നൽകും. സർക്കാർ നിയന്ത്രണങ്ങളിൽ ഉള്ള ചില പ്രസാധകർക്കു പോലും ഇപ്പോൾ ഗ്രന്ഥകർത്താക്കൾ അങ്ങോട്ടു പണം നൽകണം. ചില പ്രസാധകർക്ക് അച്ചടിച്ചെലവ് മൊത്തമായും നൽകണം. ചിലർക്ക് പകുതിയോ ഇത്രശതമാനമോ എന്ന നിലയിൽ മുടക്കണം.

ചെറുകിട പ്രസാധകർക്ക് ഇങ്ങനെ എഴുത്തുകാരനിൽ നിന്ന് പണം സ്വീകരിച്ചൊക്കെത്തന്നെയേ പുസ്തകമിറക്കാൻ നിവൃത്തിയുള്ളൂ എന്നതും നാം കാണണം.കാരണം അവർക്ക് വേണ്ടത്ര വില്പനയോ ലാഭമോ ഒന്നും ലഭിക്കാറില്ല. മുമ്പൊക്കെ വായനശാലകൾ ഗ്രാൻഡു കിട്ടുമ്പോൾ വൻ‌കിടപ്രസാധകരുടെ വിതരണശാലകളിൽ പോയേ പുസ്തകമെടുക്കുമായിരുന്നുള്ളൂ. എന്നാൽ സംസ്ഥാന ലൈബ്രറി കൌൺസിൽ ഏതാനും വർഷങ്ങളായി ചെറുകിട പ്രസാധകരെ സഹായിക്കാനുള്ള ഒരു നടപടി സ്വീകരിച്ചു. വർഷാവർഷം ലൈബ്രറികൾക്ക് ഗ്രാൻഡ് നൽകുന്നസമയത്ത് എല്ലാ ജില്ലകളിലും പുസ്തകമേളകൾ സംഘടിപ്പിക്കുകയും വായനശാലകൾ മേളയിൽ പോയിത്തന്നെ പുസ്തകം വാങ്ങണമെന്നു നിഷ്കർഷിക്കുകയും ചെയ്തു. പുസ്തകപ്രസാധക രംഗത്തെ വൻ‌കിടകൾ ഇതിനെതിരെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ പുസ്തകമേളകൾ പ്രസാധകരംഗത്തെ ഏതാനും പേരുടെ കുത്തകതകർക്കാൻ സഹായകരമായിട്ടുമുണ്ട് എന്നു കരുതാൻ ന്യായമുണ്ട്.

ഇപ്പോഴും സംസ്ഥാന ലൈബ്രറി കൌൺസിലുകളുടെ നിർദ്ദേശാനുസരണം ജില്ലാ ലൈബ്രറി കൌൺസിലുകൾ എല്ലാ ജില്ലകളിലും വർഷാവർഷം പുസ്തകമേളകൾ നടത്തുന്നുണ്ട്. അത് വായനാ കുതുകികൾക്കും വായനശാലാ പ്രവർത്തകർക്കും ചെറുകിട പ്രസാധകരെക്കൂടി പരിചയപ്പെടാൻ സഹായിക്കുകയും ചെറുകിടക്കാരുടെ പുസ്തകങ്ങൾക്കും കുറച്ചൊക്കെ നല്ല വില്പന ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തുവരുന്നുണ്ട്. ഈയൊരവസ്ഥയിൽ സ്വന്തം രചനകൾ പുസ്തകമായി കാണാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി പണം മുടക്കിയാണെങ്കിലും പുസ്തകമിറക്കുന്നതിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മാത്രവുമല്ല, എല്ലാവരും മനോജ് രവീന്ദ്രനോ എല്ലാവർക്കും സജിം തട്ടത്തുമലയോ എല്ലാവർക്കും കുഞ്ഞൂസോ അകാൻ കഴിയില്ലല്ലോ. അതുകൊണ്ട് എഴുതാൻ കഴിയുന്ന എല്ലാവരും മനോജ് രവീന്ദ്രനെ പോലെ പ്രസാധകരുടെ വരവും കാത്തിരുന്നാൽ നല്ല കുറെ പുസ്തകങ്ങൾ വയാനാ കുതുകികൾക്ക് നഷ്ടപ്പെടും . എങ്കിലും നിരക്ഷരന്റെ യാത്രാക്ഷരങ്ങളെ തേടി എപ്പോഴെങ്കിലും പ്രസാധകർ അറിഞ്ഞുകേട്ട് വരും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

സഞ്ചാരസാഹിത്യത്തിന് നല്ല സാദ്ധ്യതകളാണുള്ളത്. എസ്.കെ.പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യത്തിന് ഇന്നും നല്ല ഡിമാൻഡ് ഉണ്ട് എന്ന് എന്റെ വയനശാലാ പ്രവർത്തനാനുഭവങ്ങളിൽ നിന്നും കഴിഞ്ഞിട്ടുണ്ട്. ബ്ലോഗുകളിൽ നല്ല വൈജ്ഞാനികവും സാഹിത്യമൂല്യമുള്ളതും വില്പനസാധ്യതയുള്ളതുമായ വിലപ്പെട്ട സൃഷ്ടികൾ ഉണ്ട് എന്ന് ഇനിയും അറിയാതെ പോകുന്നവർ ഒരുപാട് പേർ ഉണ്ട്. ബ്ലോഗുകൾ എന്നൊരു മാധ്യമുണ്ടെന്നും അവിടെ ഇങ്ങനെ ചിലത് നടക്കുന്നെന്നും കൂടി അറിയാത്തവരുണ്ട്. ബ്ലോഗുകളിൽ നല്ല സൃഷ്ടികൾ ലഭ്യമാണ് എന്ന് അറിയാമെങ്കിലും അറിയില്ലെന്ന് നടിക്കുന്നവരുടെ കാര്യം പോട്ടെ. ബ്ലോഗിൽനിന്നുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ അളുകൾ വരാനിരിക്കുന്നതേ ഉള്ളൂ.ആർക്കും അവഗണിച്ച് ദുർബലപ്പെടുത്താവുന്നതോ ഇപ്പോഴത്തെ പോലെ എന്നും പരിമിതമായ ഒരു സമൂഹത്തിൽമാത്രം ഒതുങ്ങി നിൽക്കുന്നതോ അല്ല ബ്ലോഗ് എന്ന മാധ്യമം എന്നാണ് ഞാൻ കരുതുന്നത്.

പിന്നെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ചോദിക്കുമ്പോൾ ഈ ഞാൻ അത്രയ്ക്കൊന്നും ചെയ്തിട്ടില്ല, ചെയ്തിട്ടില്ലാ എന്ന ഒരു അതിവിനയമുണ്ടല്ലോ. അത്രയൊന്നും വേണ്ട. ഹഹഹ! ഓരോരുത്തരും അവരവരുടെ അഭിരുചികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ടാണ് ഓരോ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാവർക്കും ഒരേയളവിൽ ഒരു കർമ്മരംഗത്തും പ്രവർത്തിക്കനാകില്ല. ഏറ്റക്കുറച്ചിലുകളുണ്ടാകും. ആനിലയിൽ പരിശോധിക്കുമ്പോൾ നിരക്ഷരൻ എന്ന മനോജ് രവീന്ദ്രനും നല്ലത് ചിലതൊക്കെ ചെയ്തിട്ടുണ്ട്. ചെയ്തുകൊണ്ടുമിരിക്കുന്നു. അത് ഇദ്ദേഹം വിനയം കൊണ്ട് നിഷേധിച്ചാലും ബൂലോകവാസികൾക്കെല്ലാം അറിയാം. ഇദ്ദേഹത്തിന്റെ മേച്ചില്പുറം ബ്ലോഗും ഫെയ്സ്ബൂക്കുമൊക്കെ ആയതുകൊണ്ട് ആ ഒരു മേഖലയിൽ നിന്നുകൊണ്ടാണ് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നത് എന്നുമാത്രം. ഒരുവിധം നല്ല ജീവിതോപാധിയും വരുമാനവുമൊക്കെയുള്ള ആളുകൾക്ക് അവരവരുടെ സ്വാർത്ഥത്തിൽ മാത്രം ഒതുങ്ങി ജീവിക്കാമെന്നിരിക്കേ മനോജിനെ പോലുള്ളവർ ഇത്രയെങ്കിലുമൊക്കെ സാമൂഹ്യബോധമുള്ളവരായി കാണപ്പെടുന്നതിനെ ആരും കുറച്ചുകാണില്ല. വിനയം കൊണ്ട് ഇദ്ദേഹവും വേണ്ടപ്പെട്ടവരുമൊക്കെ ചത്തുപോകുമെന്നു കരുതിയാണ് മുല്ലപ്പെരിയാർ വിഷയത്തിൽ പങ്കെടുത്തത് എന്ന് പറയുന്നതൊക്കെ ചുമ്മാ! മനോജ് രവീന്ദ്രൻ ഉൾപ്പെടെ ഒരുമാതിരി എല്ലാവരും ഉള്ളിൽത്തട്ടിത്തന്നെയാണ് ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളതും ഇപ്പോൾ ഇടപെട്ടുകൊണ്ടിരിക്കുന്നതും. ഫലം കാണാൻ ഇനിയെത്ര കാലം എടുത്താലും!

2 comments:

Anonymous said...

സജീമേ നിങ്ങള്‍ ആ ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്ത അനുഭവങ്ങള്‍ കുറേക്കൂടി മസാലകളും ചേര്‍ത്ത് എഴുതിയാല്‍ ഒന്നാംതരം ബെസ്റ്റ് സെല്ലര്‍ ആയിരിക്കും പക്ഷെ നിങ്ങളുടെ കഥകള്‍ ഒക്കെ പഴഞ്ചന്‍ സ്ടയില്‍ ആണ് വലിയ സ്കോപ് കാണുനില്ല കുറെ ബ്ലോഗ്‌ മീറ്റും കൂടി മംഗലാ പുരം മുതല്‍ പാറശ്ശാല വരെ നടത്തിയിട്ട് മതി

ഇ.എ.സജിം തട്ടത്തുമല said...

സ്വന്തം കാശ് ചെലവാക്കി ഒരു പുസ്തകവും ഇറക്കാൻ ഉദ്ദേശിക്കുന്നില്ലസുശീൽ. താല്പര്യമില്ലാഞ്ഞിട്ടല്ല, കാശില്ലാഞ്ഞിട്ട് തന്നെയാ! പിന്നെ സ്വന്തം കാശ് കൊടുത്ത് പ്രസിദ്ധീകരിക്കുന്നത് പഴയ സ്റ്റൈലോ പുതിയ സ്റ്റൈലോ എന്നതൊന്നും പ്രശ്നമല്ല. ഇഷ്ടമുള്ളവർ വായിച്ചാൽ മതീന്നേ! അല്ലപിന്നെ!