ബൂലോകം ഡോട്ട് കോമിലിട്ട കമന്റ്
സ്ഥിരമായി ബ്ലോഗുകൾ വായിക്കുന്നവരും ബൂലോകം ഡോട്ട് കോമിന്റെ പ്രതിനിധികളും അടങ്ങുന്ന പത്തിൽ കൂടാത്ത (ഒറ്റസംഖ്യയായിരിക്കും നല്ലത്. ഒരു ഒൻപതംഗ സമിതി ആകാം.) ഒരു സമിതി പരിശോധിച്ച് ഒരു സൂപ്പർ ബ്ലോഗ്ഗറെ തെരഞ്ഞെടുക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ബ്ല്ലോകം ഡോട്ട് കോമിന്റെ ഉടമസ്ഥരുടെ എണ്ണത്തേക്കാൾ മൂന്നുപേരെങ്കിലും കൂടുതലാക്കണം സമിതിയിലെ പുറത്തുനിന്നുള്ള അംഗങ്ങൾ. വിശദമയ ചർച്ചകൾ നടത്തി ഒരാളെ എന്തുകൊണ്ടെല്ലാം സൂപ്പർ ബ്ലോഗ്ഗറായി തെരഞ്ഞെടുത്തു എന്നതിന് കൃത്യമായ ഒരു വിശദീകരണവും നടത്തണം. അതുപോലെ സൂപ്പർ ബ്ലോഗ്ഗർ എന്ന വാക്കാണ് ഇപ്പോൾ വിവാദങ്ങളിൽ ഏറെ വിമർശിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഈ വാക്ക് മാറ്റുന്നതിനെ പറ്റി ആലോചിക്കാം. ഒന്നുകിൽ “ബൂലോകം ഡോട്ട് കോം സൂപ്പർ ബ്ലോഗ്ഗർ” എന്നോ ബൂലോകം ഡോട്ട് കോം അവാർഡ് എന്നോ ആക്കണം. അല്ലെങ്കിൽ മരണപ്പെട്ടുപോയ ഏതെങ്കിലും ബ്ലോഗ്ഗറുടെയോ മറ്റേതെങ്കിലും മഹത്തുക്കളുടെയോ പേര് അവാർഡിനിടണം. ബൂലോകം ഡോട്ട് കോം ഏർപ്പെടുത്തുന്ന അവാർഡ് ബൂലോകം ഡോട്ട് കോമിൽ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലും തെറ്റൊന്നുമില്ല. സ്വന്തം വെബ് പോർട്ടലിന്റെ വളർച്ച കൂടി അവരവർ ആഗ്രഹിക്കുന്നതിൽ ആർക്കും കുറ്റപ്പെടുത്താനുമാകില്ല. ഇപ്പോൾ സൂപ്പർ ബ്ലോഗ്ഗർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രധാന അവാർഡ് കഴിഞ്ഞ് മറ്റുള്ളവ കാറ്റഗറി തിരിച്ച് നൽകുന്നതിൽ തെറ്റില്ല. എന്നാൽ സൂപ്പർ ബ്ലോഗ്ഗർ അടക്കം കാറ്റഗറി തിരിച്ചും ഏതാനും പോസ്റ്റുകൾ മാത്രം പരിശോധിച്ചും അവാർഡ് നിച്ഛയിക്കുന്നത് കൂടുതൽ വിവാദത്തിലേയ്ക്കേ നയിക്കൂ. ഒരു അവാർഡും ഏതെങ്കിലും തരത്തിലുള്ള വോട്ടിംഗിലൂടെ തീരുമാനിക്കുന്നത് പരാതികളൊലേ ചെന്നവസാനിക്കൂ എന്നാണ് എന്റെ അഭിപ്രായം. വോട്ടിംഗ് ഒഴിച്ചുള്ള മറ്റ് മാർഗ്ഗങ്ങൾ ആലോചിക്കുന്നതായിരിക്കും നന്ന്. സൂപ്പർ ബ്ലോഗ്ഗർ എന്ന പേരിൽ മാറ്റം വരുത്തുമ്പോഴേ ഇപ്പോഴത്തെ പരാതികൾ പാതിയും ഇല്ലാതാകും. അതുപോലെ അവാർഡ് സ്വീകരിക്കാൻ ഇഷ്ടപ്പെടാത്തവരും ബൂലോകത്ത് അവാർഡുകളേ വേണ്ടെന്ന് അഭിപ്രായമുള്ളവരും ബൂലോകത്തുണ്ടെന്നാണ് മനസിലാകുന്നത്. അവർ ഇനിയെത്ര സൂപ്പർ ബ്ലോഗ്ഗർമാർ ആണെങ്കിലും അവരെ ഒഴിവാക്കുകയല്ലേ നിവൃത്തിയുള്ളൂ! എല്ലാവരും എപ്പോഴും ബ്ലോഗ് എഴുതുന്നവരല്ല. അതിനു കഴിയുകയുമില്ല. എന്നാൽ സ്ഥിരമായി ബ്ലോഗ് എഴുതുന്നവരെ അവഗണിക്കാനും കഴിയില്ല. സ്ഥിരമായി എഴുതുന്നു എന്നതുകൊണ്ടു മാത്രം നല്ല ബ്ലോഗ്ഗർ ആകണം എന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും വോട്ടവകാശമുള്ള ഒരു വോട്ടിംഗും സൂപ്പർ ബ്ലോഗ്ഗർ എന്ന പേരും ആണ് ഇത്രയധികം വിവാദങ്ങൾക്ക് ഇടനൽകിയത്. എന്നിട്ടും ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടവർ അവാർഡിന് അർഹരല്ലെന്ന് അധികമാരും പറഞ്ഞിട്ടില്ല. സ്വന്തം നിലയിൽ മാനദണ്ഡങ്ങൾ വച്ച് സ്വന്തം നിലയിൽ ഒരു പാനലിനെ ചുമതലപ്പെടുത്തി ഒരു വാർഡ് നൽകാൻ ആർക്കും അവകാശമുണ്ട്. എന്തായാലും ഇപ്പോൾ ഉയർന്നു വന്ന വിമർശനങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുന്ന ബൂലോകം ഡോട്ട് കോമിനു നന്ദി. ( അല്ല, ബൂലോകം ഡോട്ട് കോം എന്ന് എടുത്തുതന്നെ പറഞ്ഞതാണ്. ബൂലോകം എന്നു മാത്രം പറഞ്ഞാൽ അതിനി വിവാദമായാലോ?) . പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം. സർവ്വ തന്ത്ര സ്വതന്ത്രമായ ഈ ബ്ലോഗിന്റെ ലോകത്ത് ഒരുതരത്തിലും വിമർശനങ്ങൾക്ക് ഇടയില്ലാത്തവിധം ഒരു അവാർഡ് നൽകാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല. അത് ഏത് മാനദണ്ഡം വച്ചായാലും!ആര് അവാർഡ് വച്ചാലും ഒരു വിദഗ്‌ദ്ധ പാനലിനെ വച്ച് ഞങ്ങൾ ഇന്നയിന്ന കാരണങ്ങളാൽ ഇന്നയിന്ന ആളുകളെ അവാർഡിനായി തെരഞ്ഞെടുത്തു എന്ന് പ്രഖ്യാപിച്ച് പോകാവുനതേയുള്ളൂ. വോട്ടിംഗ് ഒക്കെ പുലിവാലാണ്! ഇപ്പോൾ സംഭവിച്ചതുപോലെ അവാർഡ് കിട്ടുന്നവർക്കു കൂടി മാനസികമായി ബുദ്ധിമുട്ടുണ്ടാക്കാനേ അത് സഹായിക്കൂ. ഇതുസംബന്ധിച്ച ചർച്ചകളിൽ വീണ്ടും വലിഞ്ഞുകയറി വന്നതിനു ക്ഷമാപണം!
No comments:
Post a Comment