ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, September 7, 2011

രാഷ്ട്രീയവും അരാഷ്ട്രീയവും (കമന്റ്)

കെ.പി. സുകുമാരന്റെ ബ്ലോഗിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റും കമന്റുകളും ഈ ലിങ്കിൽ: “രാഷ്ട്രീയവും അരാഷ്ട്രീയവും”

രാഷ്ട്രീയത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അരാഷ്ട്രീയതയെ എതിർക്കുന്ന ഒരാളാണ് ഞാൻ. അരാഷ്ട്രീയത എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയിൽ വിശ്വസിക്കാതിരിക്കുക എന്നതല്ല. രാഷ്ട്രീയമേ മോശമെന്നും രാഷ്ട്രീയമേ വേണ്ടെന്നും ഉള്ള വിശ്വാസം, വച്ചു പുലർത്തുന്നവരാണ് അരാഷ്ട്രീയ വാദികൾ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ അംഗമല്ലെന്നോ അനുഭാവി അല്ലെന്നോ കരുതി ആങ്ങനെയുള്ളവരെ എല്ലാം അരാഷ്ട്രീയ വാദികൾ എന്നു പറയാനാകില്ല. അവർ ഒരു പാർട്ടിയിലും ചേരുന്നില്ല. എന്നാൽ രാഷ്ട്രീയത്തോടും ജനാധിപത്യത്തോടും നിഷേധാത്മക സമീപനവും ഇല്ല. ഇവരെ നമുക്ക് അരാഷ്ട്രീയവാദികൾ എന്നല്ല സ്വതന്ത്ര ചിന്തകർ എന്നു വേണമെങ്കിൽ വിളീക്കാം. നിഷ്പക്ഷർ എന്നു പറയാനൊക്കില്ല. കാരണം നിഷ്പക്ഷത എന്നത് ഒരു സങ്കല്പം മാത്രമാണ്. ഓരോ അവസരത്തിലും ഓരോന്നു പറയുന്നവരാണ് യാഥാർത്ഥത്തിൽ നിഷ്പക്ഷർ. അവസരവാദികൾ എന്നും ഇവരെ വിളിക്കാൻ പറ്റില്ല. കാരണം അവസരവാദികൾ നിഷ്പക്ഷരിലും അല്ലാത്തവരിലും കാണും. ഞാൻ സൂചിപ്പിച്ച സ്വതന്ത്ര ചിന്തകർ അരാഷ്ട്രീയ വാദികൾ ആയിരിക്കില്ല. കാരണം അവർക്ക് രാഷ്ട്രീയത്തോട് വെറുപ്പൊന്നുമുണ്ടാകില്ല. രാഷ്ട്രീയത്തെ വെറുക്കുന്നവരെയാണ് അരാഷ്ട്രീയ വാദികൾ എന്നു പറയാവുന്നത്. ഈ വെറുപ്പ് ജനാധിപത്യത്തിനു ഭൂഷണമല്ല. പ്രോത്സാഹനജനകവുമല്ല. രാഷ്ട്രീയം വേണം. അതിനെ സദാ തിരുത്താനുള്ള നിരന്തരമായ പ്രക്രിയകളും നടന്നുകൊണ്ടിരിക്കണം. അത് ഇപ്പോഴും നടക്കുന്നുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു പാർട്ടി മറ്റേ പാർട്ടിയെ ആശയപരമായി എതിർക്കുന്നതു പോലും ഈ തിരുത്തൽ പ്രക്രിയകളുടെ ഭാഗമാണ്. അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെ രാഷ്ട്രീയമേ ഇല്ലാതാവണമെന്ന നിലപാടുകൾ ഗുണകരമല്ല.

ഇനി ഒരു പാർട്ടിയിൽ ചേരുമ്പോൾ അയാൾ സ്വയം പാർട്ടിക്കും നേതാക്കൾക്കും തന്റെ ചിന്തകളെ അടിയറവയ്ക്കുന്നു എന്ന വാദത്തെ പറ്റി പറയാം. ഇത് ഒരു പരിധിവരെ ശരിയാണ്. എന്നാൽ അത് അനിവാര്യവുമാണ്. പുതിയ ആശയങ്ങൾ അവതരിപ്പിക്കുവാൻ കഴിയുന്നവർക്ക് സ്വന്തം പാർട്ടികളിൽ തന്നെ അതിനുള്ള അവസരങ്ങളുണ്ട് താനും. എന്നാൽ സ്വന്തമായി ഒന്നും ആവിഷ്കരിക്കാനില്ലാത്തവർ പാർട്ടിയുടെ ആശയങ്ങളെ അതേപടി അംഗീകരിച്ച് കഴിയുന്നുവെന്നുമാത്രം. പാർട്ടിയിലെന്നല്ല, ഏതെങ്കിലും ഒരു സംഘടനയിൽ ഒരാൾ അംഗമാകുന്നതോടെ അയാളുടെ സ്വാതന്ത്ര്യത്തിന്റെ ഒരു ഭാഗം ആ സംഘടനയുടെ മുന്നിൽ അടിയറവച്ചേ മതിയാകൂ. ഒരു വായനശാലയിലോ ആർട്സ് ക്ലബ്ബിലോ അംഗമാകുമ്പോൾ പോലും അതിന്റെ നിയമാവലി അംഗീകരിക്കാൻ ഓരോ അംഗങ്ങളും ബാദ്ധ്യസ്ഥരാകുന്നു. കുറച്ച് സ്വാതന്ത്ര്യം അവിടെയും അടിയറ വയ്ക്കേണ്ടി വരും. എന്തിനു സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തിനു പോലുമുണ്ട് ചില അലിഖിത നിയമങ്ങളും നിയന്ത്രണങ്ങളും. അതുപോലെ ഒരു പാർട്ടിയിൽ ചേരുമ്പോൾ ആ പാർട്ടിയുടെ പൊതുവായ ലക്ഷ്യങ്ങൾക്കു വേണ്ടിയും കുറെ സ്വാതന്ത്ര്യം പണയപ്പെടുത്തേണ്ടി വരും. എന്തിന് ഒരു രാഷ്ട്രം തന്നെ ഒരു സംഘടനയാണ്. ഒരു രാജ്യത്ത് ജനിച്ചു വീഴുമ്പോൾ മുതലോ ഒരു രാജ്യത്തിൽ പൌരത്വം എടുക്കുമ്പോഴോ മുതൽ ആ രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കാൻ ഓരോ പൌരനും ബാദ്ധ്യസ്ഥനാകുന്നു. അപ്പോൾ രാഷ്ട്രത്തിന്റെ പൊതുവായ താല്പര്യത്തിനു മുന്നിലും ഓരോ വ്യക്തിയും തന്റെ സ്വാതന്ത്ര്യുഅത്തിന്റെ ഒരു പങ്ക് അടിയറവയ്ക്കേണ്ടി വരുന്നു.അങ്ങനെ പല വിധത്തിൽ നിയന്ത്രിക്കപ്പെടുന്ന സ്വാതന്ത്ര്യം മാത്രമാണ് ഒരു ജനാധിപത്യ രാജ്യത്തുപോലും ഒരു പൌറന് അനുഭവിക്കുവാൻ കഴിയുക. അതെ, സ്വാതന്ത്ര്യം എന്നാൽ അനിയന്ത്രിത സ്വാതന്ത്ര്യം അല്ല. നിയന്ത്രിത സ്വാതന്ത്ര്യം ആണ്. അനിയന്ത്രിത സ്വാതന്ത്ര്യം അരാജകത്വത്തിലേയ്ക്കായിരിക്കും സമൂഹത്തെ നയിക്കുക. സ്വാതന്ത്ര്യത്തിന്റെ അർത്ഥവും അർത്ഥാന്തരങ്ങളും ഒക്കെ നാം വേറെ തന്നെ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.

No comments: