ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, May 4, 2010

മുന്നൂറാന്റെ ബ്ലോഗിലിട്ട കമന്റ്

മുന്നൂറാന്റെ (പി.റ്റി.മുഹമ്മദ് സദിക്ക്) ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റ് ഇവിടെ

ബ്ലോഗനയിൽ ഈ പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. ആട്ടിൻ കുട്ടികളെ കുറിച്ചുള്ള എഴുത്ത് എന്നെയും കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ആട്ടിൻ കുട്ടികളെ മത്രമല്ല വീട്ടിൽ വളർത്തുന്ന ഒരു കോഴിയെ പോലും കശാപ്പുന്നത് എനിക്കിഷ്ടമല്ല.അത് പൂവൻ കോഴിയായാലും.

പണ്ട് വിറ്റതും കണ്ടിച്ചതുമായ ആടുകളും കോഴികളും എല്ലാം ഇന്നും മനസ്സിന്റെ വിങ്ങലുകളാണ്. എന്റെ കോഴികളെയും കോഴി കുഞ്ഞുങ്ങളെയും തിന്ന കിള്ളിറാന്മാ‍ർ, പരുന്തുകൾ,കാക്കകൾ, കുറുക്കന്മാർ, കീരികൾ ഇത്യാദികളോടുള്ള വൈരാ‍ഗ്യം ഇന്നും എനിക്ക് തീർന്നിട്ടില്ല. ഈ ദുഖങ്ങൾ ഒഴിവാക്കാൻ കൂടിത്തന്നെ ഇപ്പോൾ ഒരു ജീവിയെയും വീട്ടിൽ നമ്മൾ വളർത്തുന്നില്ല.എന്തായാലും ആടുകളും കോഴികളുമയി സന്തോഷിച്ചു കഴിഞ്ഞിരുന്ന ആ കാലം ഓർമ്മിപ്പിച്ചതിനു നന്ദി!

ഞാനും നല്ല പ്രായത്തിൽ കണ്ട സിനിമകൾക്ക് കണക്കില്ല. ഒരു കാലത്ത് സിനിമ തന്നെയായിരുന്നു ജീവിതം.എല്ലാത്തരം സിനിമകളും കണ്ടിരുന്നു. എ പടങ്ങളടക്കം.ആർട്ട് പടങ്ങളോട് അന്നും താല്പര്യമുണ്ടായിരുന്നു.

പക്ഷെ ഇപ്പോൾ തിയേറ്ററുകളിൽ പോയി സിനിമ കാണാറില്ല. സി.ഡി ഇറങ്ങുമ്പോൾ കാണുന്നെങ്കിലേ ഉള്ളൂ. തിയേറ്ററിൽ പോയി വൻ ടിക്കറ്റ് ചാർജു മുടക്കി സൂപ്പർ താരങ്ങളെയും ഫാൻസ് അസോസിയേഷനുകളെയും വളർത്താൻ വലിയ താല്പര്യവുമില്ല. നല്ല സിനിമകൾ കുറവാണു താ‍നും. മാത്രവുമല്ല നല്ല സിനിമ കാണാൻ പോയാൽ ബുദ്ധിജീവി ജാഡയെന്ന് ചിലർ കളിയാക്കും. ടി.ഡി. ദാസൻ (പരാമർശിച്ച ചിത്രം) കാണണമെന്നുണ്ട്. അത്തരം സിനിമകളാണ് ഇഷ്ടം.

ഞാൻ അന്യ ഭാ‍ഷാ ചിത്രങ്ങൾ കാണാറില്ല. പക്ഷെ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൽ ഇഷ്ട ചിത്രങ്ങളെ കുറിച്ച് ചോദിച്ചാൽ ആദ്യം പറയുന്നത് പഥേർ പാഞ്ചാലി എന്നായിരുന്നു. ബുദ്ധിജീവി നടിച്ച് അങ്ങനെ പറയുന്ന സമയത്തൊന്നും സത്യത്തിൽ ഞാൻ ആ പടം കണ്ടിരുന്നില്ല. പക്ഷെ പിന്നീട് റ്റി.വിയിൽ പഥേർ പാ‍ഞ്ചാലി കണ്ടു. സത്യം പറയട്ടെ. ഞാൻ ആദ്യാവസാനം കണ്ടിരുന്ന ഒരു അന്യഭാഷാ ചിത്രം പഥേർ പാഞ്ചാലിയാണ്. അതു പോലെ എനിക്കിഷ്ടപ്പെട്ട മറ്റൊരു ചിത്രവും ഇന്നുവരെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടാകുമോ എന്നറിയില്ല.

മലയാളത്തിലെ ഡാനി, പൊന്തൻ മാട ഇതൊക്കെ എന്റെ ഇഷ്ട ചിത്രങ്ങളാണ്. ആർട്ട് പടങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ്. തമാശ പടങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു. ഇഷ്ടമില്ലാത്തത് സൂപ്പർ താരങ്ങൾ വീര ശൂര പരാകരമികളായി ജയിച്ചു കയറുന്ന, വിവരമുള്ളവരുടെ സാമാന്യ ബുദ്ധിയെ തന്നെ പരിഹസിക്കുന്ന ചിത്രങ്ങളാണ്. അതേ സൂപ്പർ സ്റ്റാറുകൾ തന്നെ ആർട്ട് (അങ്ങനെ തരം തിരിക്കാമോ എന്നത് വേറെ കാര്യം) പടങ്ങളിൽ നല്ല അഭിനയം കാഴ്ച വച്ചിട്ടുമുണ്ട്.

ഡാനിയിലെ മമ്മൂട്ടിയും വാസ്തുഹാരയിലെ മോഹൻ ലാലിനെയും ഞാൻ മറക്കില്ല. ആർട്ട് പടങ്ങളൊന്നും അല്ലെങ്കിലും, മരംചുറ്റി പ്രേമവും മറ്റും ഉണ്ടായിരുന്നെങ്കിലും പഴയകാല ചിത്രങ്ങളും നല്ലൊരു പങ്കും ജീവിത സ്പർശിയയിരുന്നു. എല്ലാം ജീവിത സ്പർശിയാകണം എന്ന വശിയല്ല. മനുഷ്യ ജീവിതം അവതരിപ്പിക്കുമ്പോൾ അല്പമൊക്കെ സംഭവിക്കാനുള്ള സാധ്യതകൾ ഉള്ള കാര്യങ്ങൾ വേണം കാണിക്കാൻ.അല്ലാതെ ആളുകളെ വിഡ്ഢികളാക്കരുത്.

മലയാളത്തിൽ തിയേറ്ററുകളിൽ പൊട്ടിപ്പോയ എത്രയോ നല്ല സിനിമകൾ ഉണ്ട്. തിയേറ്ററുകളിലെ തലയെണ്ണി സിനിമകളുടെ മേന്മ നിർണ്ണയിക്കുന്ന പ്രവണത ശരിയല്ല. അതിനൊക്കെ ഒരു മാ‍റ്റം വരണം. പ്രേക്ഷകരുടെ ഒരു ഗുണകരമായ ഒരു കാഴ്ചസംസ്കാരം നാം വളർത്തിയെടുക്കേണ്ടതാണ്.

എന്തായാലും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം എഴുതക്കങ്ങൾക്ക് ആശംസകൾ! ഇനിയും കാണാം.

No comments: