ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, May 14, 2010

ഡോ. ജയന്‍ ദാമോദരന്റെ ബ്ലോഗില്‍ ഇട്ട കമന്റ്

ജയന്‍ ദാമോദരന്റെ ബ്ലോഗില്‍ ഇട്ട കമന്റ്

(കൂട്ടം സോഷ്യൽ നെറ്റ്വർക്ക് ബ്ലോഗിൽ ഡോ. ജയൻ ദാമോദരൻ എഴുതിയ കഥയിൽ ഇട്ട കമന്റ്)

നമ്മുടെ നാട്ടിൽ പണ്ട് സി.എൽ ജോസിന്റെ അഗ്നിവലയം കളിച്ചു. സ്ഥലത്തെ പ്രധാന മർമ്മാണിയും കമ്മ്യൂണിസ്റ്റും തടിയാപ്പീള്ളയുമായ തങ്കപ്പനാശാനും ഒരു റോൾ യുവനടന്മാരെ വിരട്ടി വാങ്ങി. നാടക സംഘത്തിന്റെ അച്ചടക്കം നോക്കി നടത്തുന്നതിന്റെ ചുമതല സ്വയം ഏറ്റെടുക്കുന്ന ആളും കൂടിയാണ് ആശാൻ.

ആരെങ്കിലും നടിമാരെ വാക്കല്ലാതെ നോക്കിയാൽ മതി നടൻ റിഹേഴ്സൽ സമയത്തേ ആശാൻ പുറത്താക്കി വായനശാല അടച്ചു കളയും! എന്തായാലും ആശാനെ പേടിയുള്ള നടന്മാർ നിവൃത്തിയില്ലാതെ അദ്ദേഹത്തിനും ഒരു റോൽ കൊടുത്തു. പക്ഷെ അദ്ദേഹത്തിനു ഡയലോഗൊന്നുമില്ല.

കൊലകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന നായികയെ ഒരു പത്ര പ്രവർത്തകൻ ഇന്റർവ്യൂ ചെയ്യുന്നതോടെയാണ് നാടകം ആരംഭിക്കുന്നത്. അവിടെ തോക്കും പിടിച്ച് കാവൽ നിൽക്കുന്ന പോലീസിന്റെ റോളാണ് തങ്കപ്പനാശാന്. കണ്ടാൽ തന്നെ ആരും പേടിക്കും. പക്ഷെ ഈ ജയിൽ രംഗം കുറച്ചു നേരമേ ഉള്ളു. നടി കഥ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഫ്ലാഷ് ബാക്കാണ്. ജയിലിന്റെ സെറ്റൊക്കെ മാറും.

പിന്നെ ഫ്ലാഷ് ബാക്ക് തുടങ്ങി ജയിലിൽനിന്നും രംഗം ആശുപത്രിയായി മാറുകയാണ്. പിന്നെ ആശാന് റോളില്ല. പക്ഷെ തങ്കപ്പനാശാൻ പിന്നെയും തോക്കും പിടിച്ചു നില്പാണ്. നല്ല പിടുത്തവും. സ്റ്റേജിലുള്ള മറ്റു നടന്മാർ കേണു പറഞ്ഞിട്ടും അവരെ കണ്ണു ചുമപ്പിച്ച് നോക്കി വിരട്ടുന്നതല്ലാതെ മാറുന്നില്ല. ഒടുവിൽ സ്റ്റേജിന്റെ ബാക്കിൽ തന്നെ ഉണ്ടായിരുന്ന പ്രായത്തിൽ ആശാന്റെ പ്രായത്തിലുള്ള ഒരാൾ ഇടപെട്ടു. ആശാനെ അനുനയത്തിൽ രംഗത്തുനിന്നി മാറ്റാൻ നോക്കി.

അപ്പോഴാണ് ഉത്തരവാദിത്വ ബോധമുള്ള ആശാൻ ചോദിന്നത്, ഈ പ്രായമായ രണ്ട് പെൺപിള്ളേരുടെ അടുത്ത് ഇവനെയൊക്കെ (മറ്റു നടന്മാരെ) നിറുത്തിയിട്ട് ഞാനിറങ്ങി പോയാൽ......! ഒരു സിനിമയിലൊക്കെ മുഖം കാണിച്ചിട്ടുള്ള ഒരു നടിയാണ്. റിഹേഴ്സൽ തുടങ്ങിയ അന്നുമുതൽ തുടങ്ങിയതാണ് ഈ ഉത്തരവാദിത്വ ബോധം.

പിടിത്തം മൂത്തു നിൽക്കുന്ന ആശാൻ നാടക സ്റ്റേജാണെന്നതൊക്കെ മറന്നു. കുറഞ്ഞ പക്ഷം നായക നടനെയും പ്രധാന വില്ലനെയുമെങ്കിലും ഇറക്കി വിടാതെ രംഗം വിടുന്ന പ്രശ്നമില്ല. അവരെ യാണ് ആശാന് തീരെ വിശ്വാസമില്ലാത്തത്. ഒടുവിൽ നിവൃത്തിയില്ലാതെ തുറ്റർന്നുള്ള രംഗങ്ങളിലും ആശാൻ നിൽക്കട്ടെയെന്നു വിചാരിച്ച് നാടകം തുടരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. കാരണം തിങ്ങി നിറഞ്ഞ സദസ്സിൽ അടുത്തരംഗം തുടങ്ങാൻ താമസിച്ചാൽ പ്രശ്നമാകും.

അങ്ങനെ വീണ്ടും കർട്ടൻ പൊങ്ങി. രംഗം ഫ്ലാഷ്ബാക്കിലെ ആശുപത്രി! ജയിലിൽ കണ്ട വാർഡൻപോലീസ് ഇവിടെയും! കാണികൾ കരുതിയത് ജയിൽ പുള്ളിയായതുകൊണ്ട് പ്രൊട്ടക്ഷന് പുള്ളി ആശുപത്രിയിലും നിയമിക്കപ്പെട്ടതാണെന്നാണ്.

പക്ഷെ നാടകത്തിൽ തുടർ രംഗങ്ങളിൽ ആ‍വശ്യമില്ലാത്ത ആ മഹാനടന്റെ സാന്നിദ്ധ്യം കണ്ട് സദസ്സിൽ മുൻ നിരയിൽ ഒരു സ്കൂൾ മാ‍ഷ് അന്തം വിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല നാടകത്തിനെ സംവിധായകനും വായനശാലയുടെ ആജീവനാന്ത രക്ഷാധികരിയുമായ എന്റെ സ്വന്തം പിതാശ്രീ അവർകളായിരുന്നു.

ഇങ്ങനെ ഒരുപാട് നാടകാനുഭവങ്ങൾ നമ്മുടെ നാട്ടിലുണ്ട്.

No comments: