ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, April 15, 2010

പ്രേമൻ മാഷിന്റെ ബ്ലോഗിലിട്ട കമന്റ്

പ്രേമൻ മാഷിന്റെ ബ്ലോഗിലിട്ട കമന്റ്

പ്രസ്തുത പോസ്റ്റിലേയ്ക്കുള്ള ലിങ്ക്

വാഗണ്‍ ട്രാജഡിക്ക് സാധ്യതയുള്ള ക്ലാസ്സുമുറികള്‍



താങ്കളുടെ ഈ പോസ്റ്റ് മാതൃഭൂമി ബ്ലോഗനയിൽ വായിച്ചു.

മാഷ് പറയുന്നതിൽ കാര്യമൊക്കെയുണ്ട്. എന്നാലും പത്താം ക്ലാസ്സ് ജയിക്കുന്ന എല്ലാ കുട്ടികൾക്കും സ്കൂളിൽ പഠിക്കാൻ ആ‍ാഗ്രഹമുണ്ടാകും. അവരെ സംബന്ധിച്ച് അഡ്മിഷൻ കിട്ടുക എന്നതാണ് പ്രധാനം. രക്ഷകർത്താക്കളും അതെ! പിന്നെ അനാവശ്യമായ ദൌർലഭ്യവും അതുവഴി വിവേചനവും സൃഷ്ടിക്കുന്നത് എന്തിന്?

സ്കൂളിൽ കിട്ടിയില്ലെങ്കിൽ കുട്ടികൾ ഓപ്പൺ സ്കൂളിൽ പോകും. അതിന്റെ നിലവാരവും ഉത്തരവാദിത്വവും അറിയാമല്ലോ. പാരലൽ കോളേജുകളെ ആശ്രയിച്ചാണ് അവ മുന്നോട്ട് പോകുന്നത്.

പിന്നെ മെരിറ്റിന്റെ കാര്യം പറയുകയാണെങ്കിൽ ചില മേഖലകളിൽ വളരെ മെരിറ്റ് കുറഞ്ഞവർക്കു പോലും സ്കൂൾ പ്രവേശനം ലഭിക്കുന്നു. എന്നാൽ ചില മേഖലകളിൽ സീറ്റുകളുടെ കുറവ് കാരണം അതേനിലവാരത്തിലും അല്പം ഉയർന്നവർക്ക് പോലും സ്കൂൾ പ്രവേശനം ലഭിക്കുന്നില്ല.

മാനേജ്മെന്റ് സ്കൂളുകളിലാകട്ടെ കാശുവാങ്ങിയും അല്ലാതെ വേണ്ടപ്പെട്ടവർക്കൊക്കെ പ്രവേശനം ലഭിക്കുന്നു. പണവും സ്വാധീനവും ഒന്നുമില്ലാത്ത കുറെ പാവം കുട്ടികൾ മാത്രം ഗ്രേഡ് കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നു. അവർ ഓപ്പൺ സ്കൂളിൽ അഥവാ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് പാരലൽ കോളേജുകളിൽ പഠിക്കുന്നു.

പരീക്ഷക്ക് പേപ്പർ നോക്കുമ്പോൾ മന:പൂർവ്വം പാരലൽ കുട്ടികൾക്ക് മാർക്ക് കുറച്ച് അവരെ തോല്പിക്കുന്നു. സ്കൂൾ കുട്ടികളുടെ പരീക്ഷാപ്പേപ്പറുകൾ ലിബറലായി നോക്കി പരമാവധി ജയിപ്പിക്കുന്നു. കാരണം സ്കൂളിൽ തോൽവി വന്നാൽ സ്കൂൾ അദ്ധ്യാപകർക്കും നാണക്കേടല്ലേ?

ആത്മാർത്ഥമായി തന്നെയാണ് പാരലൽ കോളേജുകളിലും കുട്ടികളെ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. പക്ഷെ പാരലൽകാരോട് എന്നും വിവേചനവും. പിന്നെ പല മാനേജ് സ്കൂളുകളിലും ഇന്നും പരീക്ഷാ ക്രമക്കേടുകൾ അഭങ്കുരം തുടരുന്നുണ്ട്. അവിടെ എത്ര മോശപ്പെട്ട കുട്ടികളും ജയിച്ചു കയറും.

ചോദ്യ പേപ്പറുകൾ പുറത്തെത്തിച്ച് ആൻസർ എഴുതി വാങ്ങി കുട്ടികൾക്ക് നൽകുന്ന സമ്പ്രദായം ഇന്നും എയിഡഡ്, അൺ എയിഡഡ് സ്കൂളുകളിൽ ഇല്ലെന്ന് പറയാമോ? അപ്പോൾ ഇവിടെ സർക്കാർ സ്കൂളുകളിലെ കുട്ടികളും വിഡ്ഡികളാക്കപ്പെടുന്നു. അവിടെ ഈ കൃത്രിമം നടക്കില്ലല്ലോ. പിന്നെ എന്തിനീ പ്രഹസനങ്ങൾ?

എസ്.എസ്.എൽ.സി പരീക്ഷ തന്നെ നിർത്തി എല്ലാ കുട്ടികളെയും പ്രമോട്ട് ചെയ്ത് പ്ലസ്- ടുവിൽ പ്രവേശിപ്പിക്കണമെന്നും എല്ലാസ്കൂളുകളിലും പത്താം ക്ലാസ്സിലെ ഡിവിഷനുകൾക്കനുസരിച്ച് പ്ലസ് ടൂ അനുവദിക്കണമെന്നുമാണ് ഈയുള്ളവന്റെ പക്ഷം.

അതു പോലെ ഡി-പ്ലസിനും താഴെ ഒരു ഗ്രേഡു തന്നെ ആവശ്യമില്ല. പത്തു പന്ത്രണ്ട് വർഷം സ്കൂളിൽ വന്നു പോകുന്ന കുട്ടികൾ ഒരു പക്ഷെ അക്ഷരം പഠിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചിരിക്കും; അറിവായും അനുഭവമായും. അവരെ തോല്പിച്ച് മനോവീര്യപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. പ്രമോട്ട് ചെയ്ത് അർഹിക്കുന്ന ഗ്രേഡും നൽകി വിടണം.

അതു പോലെ പ്ലസ്-ടൂവിന് വ്യത്യസ്ഥ കോംബിനേഷൻ തന്നെ ആവശ്യമില്ല. അതൊക്കെ ഡിഗ്രി മുതൽ മതി. പ്ലസ് ടു വരെ ഇപ്പോഴത്തെ പത്താം ക്ലാസ്സ് പോലെ സിലബസ് നൽകി പഠീപ്പിക്കണം. അപ്പോൾ ചോദിക്കും പിന്നെ എൻട്രൻസും മറ്റും എങ്ങനെയെന്ന്! അതിന് പിന്നീട് ഒരു വർഷത്തെ പ്രത്യേക കോഴ്സും പ്രവേശന പരീക്ഷയും വയ്ക്കണം.

മാഷേ ഇങ്ങനെ പോകുന്നു ഈയുള്ളവന്റെ ചിന്തകൾ!

No comments: