ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, July 21, 2011

സി.ബി.എസ്.സിയും കേരളയും

Mayflowersന്റെ  Home maker's world  എന്ന ബ്ലോഗിലിട്ട കമന്റ്

"ഈ സി ബി എസ് ഇ ക്കെന്താ കൊമ്പുണ്ടോ?"

കൊമ്പുണ്ട്. കേരള സിലബസിൽ പത്താം തരത്തിൽ പഠിക്കുന്നതെടുത്ത് സി.ബി.എസ്.സിയിൽ ഒന്നാം ക്ലാസ്സിലിടും.എന്നിട്ട് അദ്ധ്യാപകരും രക്ഷിതാക്കളും  കുട്ടികളും കൂടി കൊമ്പുകോർക്കും! കൂട്ടിയുടെ മാനസിക ബുദ്ധിമുട്ടുകൾ അവർക്ക് കാര്യമല്ല.ചുറ്റുവട്ടത്തുള്ള സാധാരണ കുട്ടികളിൽ നിന്നും ഈ സി.ബി.എസ്.സി കുട്ടികളെ ഒരു നിശ്ചിത അകലത്തിൽ നിർത്താൻ രക്ഷകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഈ കുട്ടികൾ യാതൊരു സഹജീവീയ ബോധവുമില്ലാതെ വളർന്നു വരും. സമൂഹത്തിനല്ല, സ്വന്തം മാതാപിതാക്കൾക്കും ഇവർ ഭാവിയിൽ ഉപകരിക്കില്ല. അപ്പോൾ ആ മാതാ പിതാക്കൾക്കും തൃപ്തിയാകും. എല്ലാവരുടെ കാര്യത്തിലും ഇങ്ങനെയാണെന്നല്ല. എന്തായാലും സമൂഹത്തിൽ രണ്ടു തരം തലമുറകൾതന്നെ വളർന്നുവരും. സ്വാഭാവികമായും ഭാവിയിൽ രണ്ട് താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് ഇത് വഴി വയ്ക്കും. സി.ബി.എസ്.സികളിൽ നിന്നും വരുന്ന യാന്ത്രിക ജീവികളുടെയും സാധാരണക്കാരന്റെയും താല്പര്യങ്ങൾ തമ്മിലായിരിക്കും ഈ സംഘർഷം. സമൂഹത്തിൽ അസമത്വം വർദ്ധിപ്പിക്കും ഇത്. ഒന്നുകിൽ എല്ലായിടത്തും ഇംഗ്ലീഷ് മീഡിയവും ഒരേ സിലബസും ആക്കുക. അല്ലെങ്കിൽ ഈ ഇംഗ്ലീഷ് മീഡിയം എടുത്തു കളയുക. ഇംഗ്ലീഷ് മീഡിയം ആയാലേ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കവൂ എന്നില്ലല്ലോ. ലോക ഭാഷയെന്ന നിലയിൽ ഇന്നത്തേതിനേക്കാൾ കുറച്ചുകൂടി പ്രാധാന്യത്തോടെയും ശാസ്ത്രീയമായും ഇംഗ്ലീഷ്-മലയാളം മീഡിയം ഭേദം ഇല്ലാതെ കേരള-സി.ബി.എസ്.എസി ഭേദമില്ലാതെ പഠിപ്പിച്ചാൽ പോരേ? മലയാളത്തിന്റെ നില നില്പ് ഭാവി തലമുറയുടെ കൈയ്യിലാണെന്ന ഓർമ്മ കൂടി ഉണ്ടായിരിക്കുകയും വേണം.

ഇനി ഈ സ്റ്റേറ്റ് സിലബസിൽ ഗ്രേഡിംഗ് സിസ്റ്റം വന്നതും ആരും തോല്പിക്കപ്പെടാതിരിക്കുന്നതും ഒക്കെ നല്ലതുതന്നെ. പക്ഷെ ഇന്നത്തെ പോലെ പാഠ പുസ്തകങ്ങളുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുകയും അതിനു കുട്ടികൾ വായിൽ തോന്നിയ ഉത്തരമെഴുതുകയും അതിന് ഓരോരുത്തർക്കും തോന്നും പടി മാർക്ക് കൊടുക്കുകയും ചെയ്യുന്ന ഏർപ്പാടിൽ ചില മാറ്റങ്ങൾ ആവശ്യമാണ്. പണ്ടത്തെ മോഡലിൽ പഠിച്ച് അന്നത്തെ മോഡലിൽ പരീക്ഷയും എഴുതിയതുകൊണ്ട് ആരും മോശപ്പെട്ടു പോയിട്ടില്ല. എങ്കിലും കാലോചിതമായ മാറ്റങ്ങൾ വേണം. പാഠപുസ്തകങ്ങളിൽ വ്യക്തമായി കാര്യങ്ങൾ എഴുതി വയ്ക്കണം. അതിനെ ആസ്പദമാക്കി ചോദ്യം ചോദിക്കണം. കൃത്യമായ ഉത്തരം എഴുതാൻ കുട്ടിയ്ക്ക് കഴിയത്തക്ക നിലയിലുള്ള ചോദ്യങ്ങൾ ആയിരിക്കണം. ഒപ്പം പൊതുവായ കാര്യങ്ങളിൽ അറിവു വർദ്ധിപ്പിക്കുവാൻ ജനറൽ നോളഡ്ജ് സിലബസിന്റെ ഭാഗമാക്കി അതിനും പരീക്ഷ വയ്ക്കണം. അല്ലാതെ എല്ലാ വിഷയങ്ങൾക്കും ഔട്ട് ഓഫ് സിലബസ് ചോദ്യം ചോദിക്കുന്നത് നല്ലരീതിയല്ല. ഉത്തരങ്ങളേക്കാൾ വലുതാണ് ഇന്ന് ചോദ്യപ്പേപ്പറുകൾ. ദുർഗ്രാഹ്യവും സങ്കീർണ്ണവുമാണ് ചോദ്യങ്ങൾ. ലിബറലായി പേപ്പർ നോക്കുന്നതുകൊണ്ടാണ് എല്ലാവരും ജയിക്കുന്നത്. കൃത്യതയോടെ പേപ്പർ നോക്കിയാൽ ആരെയും ജയിപ്പിക്കാനാകില്ല. അതി സമർത്ഥരായ ഒരു ചെറു ന്യൂനപക്ഷം കുട്ടികൾ ഒഴിച്ച്. പ്രോജക്ടും അസൈന്മെന്റും വരപ്പും കുറിപ്പും ഒക്കെ വേണം.  ആവശ്യത്തിന്. പക്ഷെ അദ്ധ്യാപകർക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മുഴുവൻ പ്രോജക്ടും, അസൈൻ മെന്റുകളും ‘അന്വേഷിക്കു കണ്ടു പിടിക്കൂ’ആയും കുട്ടികൾക്ക് നൽകുന്ന രീതി ശരിയല്ല. കുട്ടികൾ പല വർക്കുകളും ഇന്റർനെറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുകയാണ്. കാരണം അവർക്ക് സ്വയം താങ്ങാവുന്നതിനപ്പുറമുള്ള വർക്കുകൾ കൊടുത്താൽ അതല്ലാതെ അവർ എന്തു ചെയ്യും? പദപ്രസ്നങ്ങളുടെ രൂപത്തിലുള്ള പാഠപുസ്തക ശൈലിയും മാറ്റണം. അന്വേഷിച്ചതും കണ്ടു പിടിച്ചതുമായ കുറെ കാര്യങ്ങൾ പഠിക്കാനാണ് കുട്ടികൾ സ്കൂളിൽ വരുന്നത്. അല്ലാതെസ്വയം അന്വേഷിക്കുവാനും കണ്ടു പിടിക്കാനുമല്ല. ആദ്യം അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കാനാവശ്യമായ സോഴ്സുകൾ കണ്ടു പിടിക്കട്ടെ. പിന്നെയല്ലേ കുട്ടികൾ!

ഞാൻ ചുരുക്കി ഇങ്ങനെ പറയുന്നത് എന്തെന്നാൽ രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം വേണ്ട മലയാളത്തിനു മുന്തിയ പ്രാധാന്യവും, ഇംഗ്ലീഷ് ഹിന്ദി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യവും നൽകണം. സ്റ്റേറ്റ്, കേരള തരം തിരിവുകൾ വേണ്ട പ്ലസ് ടു വരെ കുട്ടികളെ തോല്പിക്കെണ്ട കാര്യമില്ല. ഗ്രേഡ് ചെയ്താൽ മതി. അത്രത്തോളം വർഷം പഠിച്ച കുട്ടികൾ എന്തെങ്കിലുമൊക്കെ അറിവും അനുഭവങ്ങളും ആർജ്ജിച്ചിരിക്കും. അതിനാൽ ഇപ്പോൾ ജയിക്കാൻ വേണ്ട ഡി.പ്ലസിൽ കുറഞ്ഞൊരു ഗ്രേഡ് വേണ്ട. എല്ലാവരും പ്രമോട്ട് ചെയ്യപ്പെടട്ടെ. കാരണം ജയിക്കുന്ന കുട്ടിയുടെയും തോൽക്കുന്ന കുട്ടിയുടെയും മനോഭാവങ്ങൾ രണ്ടായി പോകും. 

ഇന്നത്തെ പാഠപുസ്തകങ്ങളുടെ വലിപ്പം (പാഠങ്ങളുടെയല്ല) കുറയ്ക്കണം. (നമ്മൾ പഠിക്കുന്ന കാലത്തെ പുസ്തകം ചെറിയൊരു ബാഗിൽ ഒതുങ്ങുന്നതായിരുന്നു.ചെറു നോവൽബുക്കും കഥാബുക്കും ഒക്കെ പോലെയേ വലിപ്പമുണ്ടായിരുന്നുള്ളു. ഇന്നത്തെ കുട്ടികൾ വലിയ ഭാണ്ഡവും മുതുകത്തു കെട്ടി കൂനിപ്പോകുന്ന കാഴ്ച ദയനീയമാണ്. (എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾക്ക് പകരം ലാപ് ടോപ്പ് നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു)

വിദ്യാഭ്യാസ മേഖലയിൽ ഇനിയും ഒരു പൊളിച്ചെഴുത്ത് അനിവാര്യം. അതോടുകൂടി ഈ രണ്ടുതരം ഏർപ്പാട് ഇല്ലാതാക്കണം. ഈ അസമത്വം നിർത്തലാക്കാൻ കോടതികൾ സ്വയം ഇടപെടേണ്ടതാണ്. ഭരണപരവും രാഷ്ട്രീയവുമായ  തീരുമാ‍നം വരുമ്പോഴാണല്ലോ വിദ്യാഭ്യാസ മുതലാളിമാരുടെ പ്രതിഷേധവും ഗൊഗ്വാ വിളികളും ഒക്കെ!

No comments: