ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, February 10, 2011

സന്തോഷ് എച്ചിക്കാനംസാറ്‌ ബ്ലോഗുകൾ വായിക്കണമെന്നില്ല!


സന്തോഷ് എച്ചിക്കാനംസാറ്‌ ബ്ലോഗുകൾ വായിക്കണമെന്നില്ല!


(മുക്താരുട
എന്ന ബ്ലോഗിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്ക് ഈ ലിങ്ക് വഴി എത്താം)

ബ്ലോഗുകളിൽ നല്ല രചനകളും വരുന്നുണ്ട് എന്നെങ്കിലും അദ്ദേഹം പറഞ്ഞല്ലോ. പലരും അതുംകൂടി പറയാറില്ല. ബ്ലോഗ് രചനകൾ അവനവൻ പ്രസാധനമാണ്. അതിനാൽ നിലവാരം ഉള്ളതും ഇല്ലാത്തതുമായ സൃഷ്ടികൾ അതിൽ വരും. എന്നാൽ ബ്ലോഗിനു പുറത്ത് മുഖ്യധാരയെന്നു വിശേഷിപ്പിക്കുന്ന രംഗത്ത് ഇറങ്ങുന്ന എല്ലാ സൃഷ്ടികളും നിലവാരം ഉള്ളവയെന്നു കരുതാൻ കഴിയുമോ? ഒരു ശരാശരി ബ്ലോഗെഴുത്തുകാരന്റെ നിലവാരം പോലുമില്ലാത്ത പലരും വലിയ മുഖ്യധാരാ എഴുത്തുകാരായി ചമഞ്ഞു നടക്കുന്നുണ്ട്.

മുഖ്യധാരാ പ്രസാധകരുടെ സ്വന്തക്കാർക്കും ചങ്ങാതിമാർക്കും ഒക്കെ എളുപ്പത്തിൽ വലിയ സാഹിത്യകാരന്മാരാകാം. എഡിറ്റർമാരെ ചെന്ന് നിരന്തരം ശല്യം ചെയ്തും തലചൊറിഞ്ഞും വലിയ എഴുത്തുകാരാകാം. അതുകൊണ്ട് ഈ മുഖ്യധാരക്കാർ എല്ലാവരും അങ്ങനെയങ്ങ് ഞെളിയുകയൊന്നും വേണ്ട. പണ്ട് മാതൃ ഭൂമിയിൽ പലരുടെയും രചനകൾ വരുമ്പോൾ അത് എഴുതി അയച്ചവർ പോലും കണ്ണ് തള്ളുമായിരുന്നു എന്ന് ഈയിടെ ഒരു പ്രസാധകൻ പ്രസംഗിക്കുന്നതു കേട്ടു. അതൊക്കെ എൻ.വി.കൃഷണവാരിയർ പാടേ മാറ്റിയാണത്രേ പ്രസിദ്ധീകരിച്ചിരുന്നത്.

അതുപോലെ മുഖ്യധാരാ ലോകം രാഷ്ട്രീയത്തിൽ എന്നതുപോലെയാണ്; എത്തിപ്പെട്ടവരുടെ ലോകം. പുതുതായി ആരെയും എളുപ്പത്തിൽ അങ്ങ് വളർത്തിവിടില്ല. എത്ര നല്ല നിലവാരത്തിൽ എഴുതിയാലും. രാഷ്ട്രീയത്തിലും അങ്ങനെയാണല്ലോ.ഒന്നുകിൽ നിലവിലുള്ള വൻകിട നേതാക്കൾ ചത്തൊഴിയണം. അല്ലെങ്കിൽ ചീഞ്ഞൊഴിയണം. ആ ഒഴിവുകളിലേ പുതുതായി മറ്റുള്ളവർക്ക് കടന്നു വരാൻ കഴിയുകയുള്ളൂ. സാഹിത്യ രംഗത്തും ഇതു തന്നെ സ്ഥിതി.

നല്ല രചനകൾ പത്രമോഫീസുകളിലും ആനുകാലികങ്ങളിലും അയച്ച് അവിടങ്ങളിലെ ചവറ്റു കുട്ടകളിൽ കിടന്ന് ബോധം കെട്ട് ഒടുവിൽ മരണപ്പെടുന്നതിനേക്കാൾ അവയൊക്കെ ബ്ലോഗിലെങ്കിലും എഴുതാൻ കഴിയുന്നത് ഒരു ആശ്വാസമാണ്.മുഖ്യധാരാമാധ്യമങ്ങളുടെ ചവറ്റുകുട്ടയിൽ വീഴുന്നതെല്ലാം മോശപ്പെട്ടവയല്ലെന്ന് അനുഭവങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പല ചവറ്റുകുട്ടകളിൽ അകപ്പെട്ട് ഒടുവിൽ ഏതെങ്കിലും വിധത്തിൽ വെളിച്ചം കാനുന്ന പല രചനകലും പിന്നീട് ഉൽകൃഷ്ടങ്ങൾ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

പിന്നെ നമ്മുടെ ചില പ്രശസ്ത മുഖ്യധാരാ എഴുത്തുകാരൊക്കെ വലിയ ബുദ്ധിജീവികളാണെങ്കിലും മൌസും കമ്പെട്ടിയും ഇന്റെർനെറ്റുമൊന്നും അവരുടെ അതിബുദ്ധിയ്ക്ക് ഒരു തരത്തിലും വഴങ്ങുന്നില്ല എന്നതിന്റെ അസൂയയിലും ചിലർ നെറ്റകത്തെ എഴുത്തുകുത്തുകളെ വിമർശിക്കുന്നുണ്ട്. മറ്റൊന്ന് നിലവാരം ഉള്ള രചനകളേ എഴുതാവൂ എന്ന് ഒരു ഭരണ ഘടനയിലും പറഞ്ഞിട്ടുമില്ലല്ലോ. നിലവാരം ഏറിയും കുറഞ്ഞും ഇരിക്കും. ചിലർ ഉന്നത നിലവാരത്തിഉലുള്ളതെന്ന് കരുതുന്നവർ മറ്റു ചിലർക്ക് അങ്ങനെ ആകണമെന്നില്ല. ചിലർ നിലവാരമില്ലാത്തതെന്ന് കരുതുന്നവ ചിലർക്ക് വളരെ നല്ലതെന്നും അഭിപ്രായം കാണും. അല്പം നിലവാരം കുറഞ്ഞവരും ഒക്കെ അവരുടെ കഴിവിന്റെയും അറിവിന്റെയും പരിമിതികൾക്കുള്ളിൽനിന്ന് വല്ലതുമൊക്കെ എഴുതിക്കൊട്ടേ. ആവശ്യമുള്ളവർ വായിക്കും. അതുകൊണ്ട് ആർക്കും നഷ്ടം ഒന്നും ഇല്ലല്ലോ.

മറ്റൊരു കാര്യം മുഖ്യധാരാ എഴുത്തുകാർക്കുള്ളതിനേക്കാൾ വായനക്കാർ മിക്ക ബ്ലോഗർമാർക്കും ഉണ്ട് എന്നതാണ്. എഴുത്തുകാരനും വായനക്കാരനും തമ്മിൽ നേരിട്ട് സംവദിക്കുവാനുള്ള അവസരം ബ്ലോഗുകളുടെ പ്രത്യേകതയുമാണ്.എഴുത്തുകാർ മനസിലാക്കേണ്ട മറ്റൊരു കാര്യം എഴുത്തുകാർ എത്ര ബുദ്ധിജീവികൾ ആണെങ്കിലും വായനക്കാർ എല്ലാവരും ബുദ്ധിജീവികളോ ബുദ്ധിജീവി ജാഡക്കാരോ അല്ല. സാധരണക്കാരാണ്. ആ സാധാരണക്കാരും വല്ലപ്പോഴുമൊക്കെ എഴുതി പോയെന്നിരിക്കും. ക്ഷമിക്കുക. ബ്ലോഗർമാരിൽ നല്ലൊരു പങ്കും ഈ മുഖ്യധാരാ എഴുത്തുക്കരുടെ സൃഷ്ടികൾ വായിക്കുന്നവരാണെന്ന ഒരു ബോധവും സൂക്ഷിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

ബ്ലോഗെഴുത്ത് എന്തായാലും വരുംകാലത്തിന്റെ ആഘോഷം തന്നെ ആയിരിക്കും. എല്ലാവരും എഴുത്തുകാരും പത്രപ്രവർത്തകരും പ്രസാധകരും ഒക്കെ ആകുന്ന കാലം. ഏതു മുഖ്യധാരക്കാരും ബ്ലോഗുലകത്തേയ്ക്കും ഇടയ്ക്കൊക്കെ എത്തിനോക്കേണ്ടിവരും; ഭാവിയിൽ പിടിച്ചുനിൽക്കാൻ. എല്ലാവീട്ടിലും കമ്പെട്ടിയും നെറ്റ് കണക്ഷനും ആകുന്ന കാലം വിദൂരമായിരിക്കില്ല.അപ്പോൾ ഓരോരുത്തരുടെയും വായനശാല നെറ്റിനുള്ളിൽ ആയിരിക്കും. അത് ഇനിയെങ്കിലും ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും!ഒന്ന് മറ്റൊന്നിനെ വിഴുങ്ങും എന്ന അർത്ഥത്തിലൊന്നുമല്ല ഈയുള്ളവൻ ഇതിത്രയും പറഞ്ഞത്. അതാത് അതാതിന്റെ വഴിയ്ക്ക് നീങ്ങും. അതിജീവിക്കാൻ പറ്റുന്നതൊക്കെ അതിജീവിക്കും.

മുഖ്യധാരയിലെ എഴുത്തുകാരിൽ ചിലർ ബ്ലോഗുകളെ നോക്കി കൊഞ്ഞണം കുത്തുന്നത് ഈയിടെ ഒരു പതിവായിട്ടുണ്ട്. ഇത് ബ്ലോഗുകളുടെ സാർവത്രികമായ പ്രചാരത്തെയും അംഗീകാരത്തെയും അതിന്റെ പ്രാധാന്യത്തെയും ആണ് കാണിയ്ക്കുന്നത്.ഈ വിമർശനങ്ങൾ ബ്ലോഗ് എന്ന മാധ്യമത്തിനുള്ള അംഗീകാരമായും കണക്കാക്കാവുന്നതാണ്.

No comments: