ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, November 13, 2010

ശ്രീനാഥന്റെ ബ്ലോഗിലെഴുതിയ കമന്റ്

ശ്രീനാഥന്റെ സർഗ്ഗസാങ്കേതികം എന്ന ബ്ലോഗിലെ കവിത അറിയാതെ പോകുന്ന കാമ്പസ് എന്ന പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ എഴുതിയത് !

അല്പംചില കവിതക്കാര്യങ്ങൾ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേയുമായി മധുസൂദനൻ നായർ രംഗപ്രവേശം ചെയ്ത ശേഷം ഒരുപാട് അനുകരണങ്ങൾ ഉണ്ടായി. ഒരുപക്ഷെ മധുസൂദനൻ നായർ അത് തുടങ്ങി വച്ചില്ലായിരുന്നെങ്കിൽ ചിലർ കവികൾ തന്നെ ആകുമായിരുന്നില്ല. കവിതയും സംഗീതവും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് കവിത ചൊല്ലിക്കേൾക്കുന്നത് ആസ്വാദ്യകരമായ ഒരനുഭൂതി തന്നെയാണ്. ചൊല്ല്ലൽ സാദ്ധ്യതയെ മുൻ നിർത്തി കവിത എഴുതുമ്പോൾ കവിതയ്ക്കുണ്ടാകേണ്ട മറ്റുഗുണങ്ങൾ ഇല്ലാതെ പോകും. അത് സ്വാഭാവികമാണ്. സംഗീതസംവിധായകന്റെ ഈണത്തിനൊപ്പിച്ച് സിനിമാ പാട്ടെഴുതും പോലെയാണ് അത്. എങ്കിലും കവിതയ്ക്ക് പുതിയൊരാസ്വാദക വിഭാഗത്തെ ഉണ്ടാക്കിയെടുക്കുവാൻ സി.ഡി കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്. മത്രവുമല്ല കവിതയ്ക്കും ഒരു വിപണിസാദ്ധ്യത കൈവന്നത് ഒരു കണക്കിന് ഗുണംതന്നെ.

സിനിമാപാട്ടും ആൽബം ഗാനങ്ങളും മാത്രമല്ല ചൊൽകവിതകൾക്കും ഇന്ന് ആസ്വാദകരുണ്ട് എന്നത് ആശ്വാസകരമാണ്. ബുദ്ധിജീവികളിൽ മാത്രം (അങ്ങനെ ധരിച്ചും ധരിപ്പിച്ചും നടക്കുന്നവർ) ഒതുങ്ങി നിന്നിരുന്ന കവിത ജനകീയവൽക്കരിക്കപ്പെട്ടതിൽ കാസറ്റ് കവികൾക്കും കവിതകൾക്കും ഒരു വലിയ പങ്കുണ്ട്. പക്ഷെ പിന്നീട് കാസറ്റ് കവികൾക്ക് കവിത വെറുമൊരു കച്ചവട വസ്തുവായും ആസ്വാദകർക്ക് അത് വെറുമൊരു ഉപഭോഗ വസ്തുവായും മാറി. കാസറ്റ് കമ്പനികൾക്ക് വേണ്ടി കൂലിക്കെഴുതുന്നവരും ചൊല്ലുന്നവരുമായി പല കവികളും മാറി. അങ്ങനെ സിനിമയിലെന്ന പോലെ കൊമേഴ്സ്യൽ- കവികളുംആർട്ട്കവികളും ഉണ്ടായിവന്നു. ചുരുക്കത്തിൽ ഒരു കവിയായി അംഗീകരിക്കപ്പെടണമെങ്കിൽ , കവിയരങ്ങുകൾക്കും മറ്റും ക്ഷണിക്കപ്പെടണമെങ്കിൽ സ്വന്തമായിട്ടെങ്കിലും ഒരു സി. ഡി. ഇറക്കണമെന്ന നിലയിലായി കര്യങ്ങൾ!

കാമ്പസുകളുടെ കാര്യം പറയുകയാണെങ്കിൽ കാസറ്റ് കവികൾ അടക്കം പല കവികളെയും വളർത്തി വലുതാക്കിയത് കാമ്പസുകൾ ആണ്. പക്ഷെ ഇന്ന് കാസറ്റ്കവികൾപോലും കാമ്പസുകളിലേയ്ക്ക് പോകുന്നില്ല. കാരണം കുട്ടികൾ വിളിക്കുന്നില്ല. ചൊല്ലുന്ന ഓരോ വരിഉകൾക്കും ഇത്ര രൂപാ എന്ന് ചൊൽകവി വിലപേശിയാൽ ആരു വിളിക്കും മഹാകവികളെ ? (പണ്ട് ടെലഗ്രാമിന് വാക്കൊന്നിന് ഇത്ര പൈസ എന്നു പറയുന്നതുപോലെയണ് ഇന്ന് പല കവികളും സാംസ്കാരിക സമ്മേളനങ്ങൾക്കു വിളിക്കുമ്പോൾ വില പറയുന്നത് ). എന്തൊക്കെയായാലും കവികതകൾക്ക് നല്ലൊരാരാസ്വാദക സമൂഹം ഉണ്ടായി വന്നിരിക്കുന്നു എന്നത് നല്ലതുതന്നെ. കലയുടെ എല്ലാ മേഖലകളും നല്ല സമ്പത്തുണ്ടാക്കാൻ ഉതകുന്ന രീതിയിലേയ്ക്ക് കാലം പുരോഗമിച്ചിരിക്കെ കവിത എഴുതുന്നവർക്കു മാത്രം കവിത എഴുത്തോ ചൊല്ലലോ വഴി പണമുണ്ടായിക്കൂടെന്ന് പറയുന്നതും ശരിയല്ല. സിനിമയോ മറ്റോ പോലെ അല്ലല്ലോ. കവിയരങ്ങുകളും സാംസ്കാരിക സമ്മേളനങ്ങളും ഒക്കെ വയ്ക്കുന്നവർ സമ്പന്നരായിരിക്കില്ലല്ലോ. പ്രയാ‍സപ്പെട്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

"പുതിയ കവികൾ കാമ്പസുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ വിമുഖരാണ്. കടമ്മനിട്ടയായാലും ബാലചന്ദ്രനായാലും ഒക്കെ ക്യാമ്പസിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു." എന്ന് ശ്രീനാഥ് തന്റ് ബ്ലോഗിൽ എഴുതിയിരിക്കുന്നു. ഇത് പറയുമ്പോൾ നാം ഓർക്കേണ്ടത്, ഇന്ന് കാമ്പസുകൾക്കാവശ്യം കവികളെയും കഥാകൃത്തുക്കളെയും ഒന്നുമല്ല വല്ല സീരിയൽ നടന്മാരെയോ മിമിക്രിക്കാരെയോ ഒക്കെയാണ്. സർഗ്ഗാത്മക കലാലയം എന്നൊന്ന് ഇന്നുണ്ടോ? പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നിടത്തേക്ക് മാത്രം വിദ്യാഭ്യാസം ചുരുങ്ങിക്കൊണ്ടിരിക്കുന്നതാണ് കാലം. ചിലർക്കാകട്ടെ വിദ്യാഭ്യാസം ഒരു അലങ്കാരമായി മാറിയിരിക്കുന്നു. അങ്ങനെയുള്ളിടത്ത് എന്ത് സർഗ്ഗാത്മക കലാലയം. ഇന്ന് കലാലയത്തിനു പുറത്ത് ഒരു വായനശാല കണ്ടിട്ടുള്ള എത്ര വിദ്യാർത്ഥികൾ കാണും, നമ്മുട കാമ്പസുകളിൽ ?

മറ്റൊന്ന്, ആനുകാലികങ്ങളിൽ വരുന്ന കവിതകൾ ഇന്ന് ആരാലും വായിക്കപ്പെടുന്നതേയില്ല. വളരെ കുറച്ചാളുകൾ മാത്രമാണ് ആനുകാലികങ്ങൾ വാങ്ങുന്നതുതന്നെ. അതാകട്ടെ മിക്കവരും അലങ്കാരത്തിന് വാങ്ങുന്നവരാണ്. മറ്റൊന്ന് ഇന്നും ചിലവിശിഷ്ടപദവിയുള്ള ആനുകാലികങ്ങളിൽ ആരുടെയെങ്കിലും സൃഷ്ടി -കവിതയായാലും മറ്റെന്തായാലും പ്രസിദ്ധീകരിക്കപ്പെട്ടാൽ മാത്രമേ അവർ സാഹിത്യകാരന്മാരായി തന്നെ അംഗീകരിക്കപ്പെടുന്നുള്ളൂ. സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട് അങ്ങനെയാണ്. പുസ്തകമാണെങ്കിലും വൻകിട പ്രസാധകർ ഇറക്കിയാൽ മാത്രമേ എഴുത്തുകാരന് സാമൂഹികാംഗീകാരം ലഭിക്കുന്നുള്ളൂ. സത്യത്തിൽ ഉന്നതനിലവാരത്തിലുള്ളതെന്നു പരക്കെ കരുതപ്പെടുന്ന വൻ കിട പ്രസിദ്ധീകരണങ്ങളിൽ വരുന്നതിനേക്കാൾ മികച്ച കൃതികൾ ചെറു പ്രസിദ്ധീകരണങ്ങളിൽ വരുന്നുണ്ട്. പുസ്തകങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വലിയ എഴുത്തുകാർ എഴുതുന്നവയേക്കാൾ മികച്ച കൃതികൾ പല എഴുത്തുകാരും സ്വന്തം നിലയിലും ചെറുകിട പ്രസാധകർ മുഖാന്തരവും പ്രസിദ്ധീകരിക്കുന്നുണ്ട്.

അതുപോലെ ബ്ലോഗുകളിൽ എല്ലാത്തരം രചനകളും വരുന്നുണ്ട്. ബ്ലോഗുകളിൽ വരുന്ന കവിതകൾ പലതും ഉയർന്ന നിലവാരത്തിലുള്ളവയാണ്. അവനവൻ പ്രസാധനം ആയതുകൊണ്ട് തീരെ നിലവാരം ഇല്ലാത്തവയും ബ്ലോഗുകളിൽ വരാം. പക്ഷെ എന്നുവച്ച് മികച്ചവയെ അവഗണിക്കുന്നത് ശരിയല്ല. കവിതാസ്വാ‍ദകരെ സംബന്ധിച്ച് കവിതകൾ മേയാൻ ഇന്ന് ഏറ്റവും പറ്റിയ ഒരു മേച്ചിൽ പുറമായി മാറിയിട്ടുണ്ട് ബ്ലോഗുകൾ. പക്ഷെ വായനയും എഴുത്തും ആഗ്രഹിക്കുന്ന നല്ലൊരു പങ്ക് ആളുകൾക്കും കമ്പെട്ടിയുടെയും തമ്മിൽവലയുടെയും ഉപയോഗം അറിയില്ലാ എന്ന കുറവ് ഇനിയും പരിഹരിക്കേണ്ടി ഇരിക്കുന്നു. കമ്പെട്ടിയുടെയും വലയുടെയും മേഖലയിൽ വ്യാപരിക്കാൻ അറിയാത്തത് സാഹിത്യ കുതുകികൾക്ക് വലിയ നഷ്ടമാണ്. ആരൊക്കെ അവഗണിച്ചാലും ബ്ലോഗുകൾ എഴുത്തിന്റെയും വായനയുടെയും മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാധ്യമമായി വളർന്നുകഴിഞ്ഞിരിക്കുന്നു; ഇപ്പോഴും വളർന്നുകൊണ്ടേയിരിക്കുകയും ചെയ്യൂന്നു. ബ്ലോഗുകൾ വഴി ഓരോ പൌരനും ജേർണലിസ്റ്റുകളും സാഹിത്യകാരൻമരും ആ‍ായിത്തീരുന്ന നിലയിലേയ്ക്ക് കാലം പുരോഗമിക്കുന്നു. ഇന്റെർനെറ്റ് സാക്ഷരത വർദ്ധിക്കുന്നതിനനുസരിച്ച് ബ്ലോഗുകളുടെയും മറ്റും എണ്ണം കൂടിക്കൊണ്ടിരിക്കും.


ഇനിയും കവിതകളെയെ പറ്റി കൂടുതൽ പറയുകയാണെങ്കിൽ നല്ല കവിതകൾ എക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോഴും നല്ല കവിതകൾ എഴുതപ്പെടുന്നുമുണ്ട്. ഒരു സാമൂഹ്യ സാഹചര്യം നിശ്ചയമായും ആവശ്യപ്പെടുകയും അങ്ങനെ കവിത ഉണ്ടാകുകയും അത് സാമൂഹ്യപരിവർത്തനത്തിന് കാരണമായി തീരുകയും ചെയ്യുമ്പോൾ മാത്രമാണ് കവിതയെന്നല്ല ഏതൊരു സാഹിത്യ സൃഷ്ടിയും ഒരു മഹാസംഭവവും ചരിത്രവും ഒക്കെ ആയി മാറുന്നത്. ആശാന്റെയും വള്ളത്തോളിന്റെയും മറ്റും കൃതികളുടെ ചരിത്രപ്രാധാന്യം കൊണ്ട് നമുക്ക് ഇതിനെ ഉദാഹരിക്കാം. ടാഗോറിന്റെ കൃതികൾ ദേശീയ സമരത്തെ ഉത്തേജിപ്പിച്ചുവെന്നതുപോലെ വേറെയും ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ എല്ലായ്പോഴും ഒരു സാഹിത്യ സൃഷ്ടി ഉണ്ടാകുമ്പോൾ അത് ഒരു ആവിഷ്കാരം എന്നതിനപ്പുറം സാമൂഹ്യ പ്രാധാന്യം നേടിക്കൊള്ളണം എന്നില്ല. അതുകൊണ്ട് കൃതികൾക്ക് മൂല്യമില്ലെന്നു വരുന്നില്ല. കലയും സാഹിത്യവും ഒക്കെ സമൂഹത്തെ സദാ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തുടർപ്രക്രിയയാണ്. കാലാകലങ്ങളിൽ നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടായിക്കൊണ്ടിരിക്കും. കവിതയും ഇതിൽ നിന്നു വ്യത്യസ്ഥമല്ല.

കവിതയ്ക്ക് വായനക്കാർ കുറയുന്നെങ്കിൽ അത് കവിതയിലെ യാഥാസ്ഥിതിക സ്വഭാവം മുറുകെ പിടിക്കുന്നതിനാലും, സങ്കീർണ്ണമായ വാക്യ ഘടനയും ബിംബങ്ങളും മറ്റും കോണ്ട് കവിതയെ ദുർഗ്രാഹ്യമാക്കി, ഭാഷാപരമായ പരിമിതികൾ ഉൾക്കൊള്ളുന്ന സാധാരണ വായനക്കാരെ പരീക്ഷിക്കുന്നതുകൊണ്ടുമാണ്. ദുർഗ്രാഹ്യമായി എഴുതുന്നതെന്തോ അതാണ് ചിലർക്ക് കവിത. ഇത് ഒരു തരം ബുദ്ധിജീവി ജാഡയാണ്. ആർക്കും മനസിലാകാത്ത വിധം കുറെ പദങ്ങൾ തോന്നുമ്പോലെ കടലാസിലോ ബ്ലോഗിലോ മറ്റോ പറക്കി ഒട്ടിച്ചുവച്ചാൽ അതാണ് കവിതയെന്ന അവകാശവാദം അംഗീകരിക്കുന്നിടത്ത് കവിത മരിച്ചു വീഴുന്നു. ഭാഷയിൽ ഡോക്ടറേറ്റെടുത്തവർക്ക് മാത്രം മൊത്തിക്കുടിക്കാനുള്ളതല്ല കവിത. അത് സാധാരണക്കാരന് അപ്രാപ്യമാക്കുന്നിടത്ത് സാഹിത്യം ലക്ഷ്യം തെറ്റുകയാണു ചെയ്യുന്നത്. കവിക്ക് തോന്നുന്നത് എഴുതുക; വായിക്കുന്നവന് തോന്നുന്ന അർത്ഥത്തിൽ വ്യാ‍ഖ്യാനിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നിടത്ത് കവിയും വായനക്കാരനും ഒരു പോലെ പരാജിതനാകുകയാണ് ചെയ്യുന്നത്.

എഴുത്തുകാരന്റെ നിലവാരത്തിലേയ്ക്ക് ഓരോ വായനക്കാ‍രനെയും വളർത്തിയെടുത്ത ശേഷം കൃതി വായിപ്പിക്കുക എന്നത് പ്രായോഗികമല്ല. ആനിലയിൽ കവിതയായാലും മറ്റു സാഹിത്യസൃഷ്ടികളായാലും വായനക്കാർ എന്ന സമൂഹത്തിലെ ഭൂരിപക്ഷ താല്പര്യത്തെ മാനിക്കാനുള്ള ജനാധിപത്യബോധം എഴുത്തുകാരിൽ ഉണ്ടാകണം. വായനാസമൂഹത്തിലെ ഭൂരിപക്ഷം എന്നു പറയുന്നത് ശരാശരി നിലവാരത്തിലും അതിനു താഴെയും ഉള്ളവരാണ്. അവർക്ക് മനസിലാകുന്നില്ലെങ്കിൽ, പ്രയോജനപ്പെടുന്നില്ലെങ്കിൽ പിന്നെ സാഹിത്യസൃഷ്ടിയുടെ ലക്ഷ്യം എന്താണ്? ഉയർന്ന ഭാഷാജ്ഞാനമുള്ള എഴുത്തുകാരുടെയും അങ്ങനെ തന്നെയുള്ള വായനക്കാരുടെയും ബുദ്ധിപരമായ വ്യായാമത്തിനുള്ളതാണ് സാഹിത്യരചനയെന്ന് കരുതുന്നവർക്ക് കവിതയെയും അങ്ങനെതന്നെ സമീപിക്കാം. അത് ഭാഷയുടെ നിലനില്പിനും വളർച്ച്യ്ക്കും സഹായകമായേക്കാം. പക്ഷെ സാഹിത്യകർമ്മം ഭാഷാപരമായ ധർമ്മങ്ങൾ മാത്രം ഉൾക്കൊള്ളുന്നതല്ലല്ലോ. എന്തായാലും കവിതയടക്കം ഓരോരുത്തരുടെയും സാഹിത്യ സങ്കല്പങ്ങൾ എന്തുതന്നെയയാലും നമുക്ക് നല്ല രചനകൾ ഉണ്ടാകട്ടെ!

2 comments:

ഒഴാക്കന്‍. said...

എന്റെ ഉള്ളില്‍ ഒരു കവി ഉറങ്ങി കിടപ്പുണ്ടോ എന്നൊരു സംശയം ഇടക്കിടെ കൂര്‍ക്കം വലി കേള്‍ക്കാം :)

ഇ.എ.സജിം തട്ടത്തുമല said...

ഒന്നു തട്ടിവിളിച്ചു നോക്കൂ, ഒഴാക്കൻ! ചിലപ്പോൾ ഉണർന്നെങ്കിലോ?