ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, March 8, 2011

വർത്തകൾക്ക് പിന്നിൽ എന്ന ബ്ലോഗിൽ ഇട്ട കമന്റ്‌

വർത്തകൾക്ക് പിന്നിൽ എന്ന ബ്ലോഗിൽ ഇട്ട കമന്റ്റാണ് ഈ പോസ്റ്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുൾല ലിങ്ക് ഇതാണ്

വിശ്വമാനവികം 1-ലും
ഈ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിലേയ്ക്കൂള്ള ലിങ്ക് ഇതാണ്.

സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?

നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും മുൻപേ തന്നെ ഉണ്ട്. സ്ത്രീയ്ക്ക് വോട്ടവകാശമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമുണ്ട്. തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ട്. സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്. സഞ്ചരിക്കുവാനുള്ള അവകാശമുണ്ട്. ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യുവാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ പരിരക്ഷയും സ്ത്രീയ്ക്കുണ്ട്.

സ്ത്രീകളുടെ പരിരക്ഷയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ മൂലം പുരുഷന്മാർ പലരും ഇന്ന് പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്. പാർളമെന്റിൽ സംവരണം വരാനിരിക്കുന്നു. കേരളത്തിലാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് അൻപത് ശതമാനം സംവരണം നടപ്പിലാക്കിക്കഴിഞ്ഞു. എന്നിട്ടും ഫെമിനിസ്റ്റുകൾ എന്തിനോ വേണ്ടി പായുന്നു. ഇനി എന്തു സ്വാതന്ത്ര്യമാണ് സ്ത്രീകൾക്ക് വേണ്ടത്? രാത്രിയിൽ ഇറങ്ങി നടക്കണോ? നടന്നോളൂ. ഒരു നിയമതടസവുമില്ല. മരത്തിൽ കയറണോ? കയറിക്കോളൂ. ഒരു നിയമതടസവും ഇല്ല. ഇന്ന് സ്ത്രീകൾ പോലീസാകുന്നു. കണ്ടക്ടറാകുന്നു. ഡ്രൈവറാകുന്നു. ആട്ടോ ഡ്രൈവറും ടാക്സ്സി ഡ്രൈവറും ആകുന്നു. സ്ത്രീകൾക്ക് അവരുടെ ശരീരശാസ്ത്രം അനുവദിക്കുന്ന ഒരു തൊഴിലും ചെയ്യാൻ ഒരു തടസവുമില്ല. ഏത് തൊഴിലിലും അവൾക്ക് പ്രവേശിക്കാം. പിന്നെ എന്താ പ്രശ്നം?

സ്ത്രീധന പീഡനത്തിന്റെ കാര്യം പറഞ്ഞേക്കാം. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. സ്ത്രീധനം പറഞ്ഞും കൊടുത്തുംതന്നെ വിവാഹം നടത്തണമെന്ന് ഒരു നിയമവുമില്ല. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ സന്നദ്ധതയുള്ള യോഗ്യതയുള്ള എത്രയോ പുരുഷന്മാരുണ്ട്. മാത്രവുമല്ല, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള പല പീഡനങ്ങളും അമ്മാവിയും നാത്തൂനും ഒക്കെയാണ് നടത്തുന്നത്. അവരും സ്ത്രീകളാണ്. സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് സ്ത്രീകളുംകൂടിയാണ്. ആദ്യം സ്ത്രീസമൂഹം സ്ത്രീയുടെ സ്വത്വവും സ്വാതന്ത്ര്യവും അംഗീകരിക്കണം.

സ്ത്രീയെ വാക്കല്ലാതെ നോക്കുന്നതിനെതിരെ പോലും കേസെടുക്കാൻ വകുപ്പുണ്ട്. ഗാർഹിക പീഡനത്തിനെതിരെ പുതിയ നിയമം വന്നിരിക്കുന്നു. എന്തിന് ഒരു സ്ത്രീ വിചാരിച്ചാൽ (തുനിഞ്ഞിറങ്ങിയാൽ) നിരപരാധിയായ ഒരു പുരുഷനെ പീഡനക്കേസിൽ അകപ്പെടുത്തി ജയിലിലടയ്ക്കാൻ കൂടി കഴിയും. സ്ത്രീകളുടെ സ്വഭാവദൂഷ്യം കാരണം വിവാഹമോചനം ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ അതിനു കഴിയാതെ സകല പീഡനങ്ങൾക്കും ഇരയാകുന്ന അനുഭവങ്ങളും ഉണ്ട്. സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നതാണ് നിയമങ്ങൾ. പുരുഷനോട് വിവേചനമാണിക്കാര്യത്തിൽ കാണിക്കുന്നത്. വിവേചനപൂർവ്വമായ സംരക്ഷണം ഒരുകാലത്ത് എല്ലാ അർത്ഥത്തിലും ദുർബലാവസ്ഥയിൽ ആയിരുന്ന സ്ത്രീ അർഹിക്കുന്നതുതന്നെ. എന്നാൽ ഇത് പുരുഷനെ പീഡിപ്പിക്കുവാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെ പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ആയിരം സ്ത്രീകളെ ഒരു പുരുഷൻ പീഡിപ്പിച്ചാൽ കേസെടുക്കാൻ വകുപ്പുണ്ട്. എന്നാൽ ആയിരം സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ചാലും കേസെടുക്കാൻ വകുപ്പില്ലെന്നാണ് ഈയുള്ളവൻ മനസിലാക്കുന്നത്.

പറഞ്ഞുവന്നത് ഇത്രയൊക്കെ ആയിട്ടും ഇനി എന്തൊക്കെ സ്വാതന്ത്ര്യങ്ങളാണ് വേണ്ടതെന്ന് ചോദിക്കുവാനാണ്. ഇനി പുരുഷനെ അടുക്കളയിൽ കയറ്റാനാണ് ഭാവമെങ്കിൽ അതിനു സന്നദ്ധരായ പുരുഷന്മാരെ വിവാഹം കഴിക്കാമല്ലോ. അടുക്കള ഭരണത്തോട് താല്പര്യമില്ലാത്ത പുരുഷന്മാരെ നിങ്ങൾ സ്ത്രീകൾ എന്തിനു വിവാഹം കഴിക്കുന്നു?

ഇനി ആണുങ്ങൾ സ്ത്രീകളോട് നടത്തുന്ന ലൈംഗികാതിക്രമങ്ങളെ പറ്റിയാണെങ്കിൽ എല്ലാ പുരുഷന്മാരും സ്ത്രീകളെ പീഡിപ്പിക്കാൻ നടക്കുന്നവരല്ല. കുറെ ഞരമ്പുരോഗികൾ സ്ത്രീകളെ പീഡിപ്പിക്കും. കുറെ ഹാബിച്വൽ ക്രിമിനലുകളും സാഡിസ്റ്റുകളും സ്ത്രീകളെ ക്രൂരമായി ഉപദ്രവിക്കും. അവനൊക്കെ നല്ല അടിയുടെ കുറവാണ്. അത് യഥാസമയം ആണുങ്ങളിൽനിന്നോ പെണ്ണുങ്ങളിൽ നിന്നോ കിട്ടണം. അല്ലെങ്കിൽ നിയമത്തിന്റെ ഭാഗത്ത് നിന്ന് നല്ല ശിക്ഷ കിട്ടണം. അത് മിക്കവാറും കിട്ടുന്നുണ്ടല്ലോ. ഉദാഹരണത്തിന് ബസിൽ വച്ച് ഒരുത്തൻ തോണ്ടുന്നത് വെളിയിൽ മിണ്ടാത്തതെന്ത്? മിണ്ടി നോക്കൂ. ആണുങ്ങൾതന്നെ അവനെ ഇടിച്ച് പിഴിഞ്ഞോളും. ആണുങ്ങളും നല്ലൊരുപങ്ക് സ്ത്രീകളുടെ രക്ഷയ്ക്ക് എപ്പോഴും എത്തുന്നുണ്ട്.

അപ്പോൾ അതൊന്നുമല്ല പ്രശ്നം. ഇവിടെ ചില ഫെമിനിസ്റ്റുകൾ സ്ത്രീസ്വാതന്ത്ര്യം എന്നാൽ ജൈവികമായ സ്ത്രീ പുരുഷ വ്യത്യാസം പോലും പരിഗണിയ്ക്കാതെയുള്ള മറ്റെന്തൊക്കെയോ സ്വാതന്ത്ര്യം ആണ് ആഗ്രഹിക്കുന്നത്. പുർഷന്മാർ പ്രസവിച്ചുകൊള്ളണമെന്ന് പോലും ഈ കപട ഫെമിനിസ്റ്റു കൊച്ചമ്മച്ചിമാർ പറഞ്ഞുകളയും.

ഇവിടെ സംവരണം കൊണ്ടു വന്നിട്ടുപോലും പൊതു രംഗത്തേയ്ക്ക് വരാൻ മടിച്ചു നിൽക്കുകയാണ് സ്ത്രീകൾ ബഹുഭൂരിപക്ഷവും. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇപ്പോൾ കൂടുതലും പൊതുരംഗത്തേയ്ക്ക് വരുന്നത്. അവരാകട്ടെ അവരുടെ ജീവിതസുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് പൊതു രംഗത്തേയ്ക്ക് ആകർഷിക്കപ്പെടുന്നത്. അല്ലാതെ സ്ത്രീ ശാക്തീക്രണത്തിലൂടെ ശക്തി കിട്ടിയിട്ടൊന്നുമല്ല. ബഹുഭൂരിപക്ഷം സ്ത്രീകളും കുടുംബിനികലായി ഒതുങ്ങാൻ തന്നെ ഇപ്പോഴും ആഗ്രഹിക്കുന്നത്. പിന്നെ ആർക്കു വേണ്ടിയാണ് ഈ ഫെമിനിസ്റ്റ് വാദ കോലാഹലങ്ങൾ?

പുരുഷന്മാരുടെ ഭാഗത്ത് നിന്ന് സ്ത്രീകൾക്കുണ്ടാകുന്ന ഉപദ്രവങ്ങൾ ചെറുക്കാൻ ജാഗരൂകരായി ഒരു പുരുഷസമൂഹം എപ്പോഴും ഉണ്ടാകണം. ഇവിടെ പുരുഷനായാലും സ്ത്രീയായാലും ഇന്ന് എവിടെയെങ്കിലും വച്ച് അപകടപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താലും കണ്ടില്ലെന്നു നടിച്ച് വഴിമാറി നടക്കുകയോ, കാഴ്ചക്കാരായി നോക്കി നിൽക്കുകയോ ചെയ്യുന്നവരാണ് സമൂഹത്തിൽ ഭൂരിപക്ഷവും. സ്ത്രീ ആയാലും പുരുഷനായാലും. സ്ത്രീ പുരുഷന് ഒരു ആകർഷണമാണ് എന്നതിനാൽ പുരുഷനിൽ നിന്ന് ഒരു ലൈംഗികമായ അതിക്രമം ലോകമുള്ള കാലത്തോളം സ്ത്രീ പ്രതീക്ഷിച്ച് അതിന്റേതായ ഒരു ജാഗ്രത പുലർത്തിയേ മതിയാകൂ. സ്ത്രീ അബലയല്ല പ്രബലയാണെന്നുംപറഞ്ഞ് ഒറ്റയ്ക്കുംതെറ്റയ്ക്കും സമയവും കാലവും നോക്കാതെ നടന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷിതയായിരിക്കില്ല.

രാത്രികാലത്ത് പോലും സ്ത്രീകൾക്ക് ഇറങ്ങി നടക്കാവുന്ന ഒരു സാഹചര്യം ഇവിടെ നിലവിൽ വരാൻ ഇനിയും ഒരുപാട് കാലം എടുക്കും. ആദ്യം സ്ത്രീകൾ സ്വന്തം ആൺ മക്കളെത്തന്നെ മര്യാദയ്ക്ക് വളർത്തുക. ഒരുദാഹരണം കൂടി പറയാം; നിങ്ങളെ ജോലിസ്ഥലത്ത് വച്ച് ഒരു പുരുഷൻ പീഡിപ്പിക്കുമ്പോൾ നിങ്ങളുടെ മകനോ, ഭർത്തവോ, സഹോദരനോ, അച്ഛനോ മറ്റോ മറ്റേതെങ്കിലും സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുകയായിരിക്കും.

സ്ത്രീകളും പുരുഷനും ഒരുപോലെ വിചാരിച്ചാലേ സാമൂഹ്യമായി സ്ത്രീകൾ ഇനിയും അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴികയുള്ളൂ. അല്ലാതെ പുരുഷനെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മാത്രമുള്ള ഫെമിനിസ്റ്റ് ചിന്തകൾ ബുദ്ധിപരമോ ശാസ്ത്രീയമോ പ്രായോഗികമോ അല്ല.സ്ത്രീയും പുരുഷനും ജൈവികമായി ഉള്ള വ്യത്യാസം വ്യത്യാസം തന്നെയാണ്. അതിനാൽ സ്ത്രീപക്ഷചിന്തതകൾക്ക് എന്നും പ്രസക്തിയുണ്ട്. അത് തുടരുകതന്നെ വേണം. പക്ഷെ പുരുഷന് പുരുഷപക്ഷ ചിന്തകൾക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം സ്ത്രീപക്ഷനിയമങ്ങളെ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളും ഓർമ്മിക്കുന്നത് നല്ലതാണ്.

No comments: