സിന്ധു ജോയിയെ കുറിച്ചെഴുതിയ പോസ്റ്റിലെ കമന്റുകൾക്ക് നൽകിയ മറുപടി
വിശ്വമാനവികം 1 -ൽ എഴുതിയ സിന്ധു ജോയിയോട് സ്നേഹപൂർവ്വം എന്ന പോസ്റ്റിൽ വന്ന കമന്റുകൾക്ക് നൽകിയ മറുപടികളിൽ ചിലത് ഇവിടെ പോസ്റ്റ് ആക്കുന്നു. ആ പോസ്റ്റിൽ ഈ ലിങ്ക് വഴി എത്താം
അഞ്ചൽക്കാരനും ബിനോയിയും അടക്കം ചിലരുടെ ചോദ്യങ്ങളിലെ ആത്മാർത്ഥത കണക്കിലെടുത്ത് ഈ ഇലക്ഷൻ കാലത്തെ തുറന്നു പറച്ചിലിനുള്ള ഈയുള്ളവന്റെ പരിമിതികൾ കൂടി കണക്കിലെടുത്ത് മറുപടി പറയുന്നു.
സി.പി.ഐ (എം)-ൽ സംഘടനാപരമായി ചില ദൊർബല്യങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് പാർട്ടിതന്നെ അംഗീകരിക്കുന്ന കാര്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയുമാണ്. തെറ്റുതിരുത്തൽ രേഖയുടെ ഭാഗമായി സമ്മേളനങ്ങളിലൂടെ സംഘടനാ ചുമതലകളിൽ നിന്ന് ജനാധിപത്യപരമായി ഒഴിവാക്കപ്പെട്ടവരെ പോലും തിരിച്ചെടുത്തുകൊണ്ടുള്ള നടപടി അതിന്റെ ഭാഗമാണ്. ഇത് കാരണം പല പാർട്ടി കമ്മിറ്റികളും ജമ്പോ കമ്മിറ്റികളായി മാറുക പോലുമുണ്ടായി. ചില ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും വിഭജിക്കുക പോലും ഉണ്ടായി. ഇത് സംഘടനയുടെ ഐക്യം വീണ്ടെടുക്കാൻ സഹായിച്ചു. ഇല്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം കുറച്ചുകൂടി കടുത്തതാകുമായിരുന്നു. വിഭാഗീയപ്രവർത്തനങ്ങൾ പരസ്പരമുണ്ടാക്കിയ മുറിവുകൾ പരിഹരിച്ച് വരുന്നുമുണ്ട്.
എന്നാൽ ഒരു കാര്യം ഉള്ളത് ഇതൊക്കെയാണെങ്കിലും കൂടുതൽ ജനാധിപത്യ സ്വാതന്ത്ര്യം പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതിനെ സംഘടനാ അച്ചടക്കത്തിന്റെ പേരിൽ പണ്ടത്തെ പോലെ നിയന്ത്രിക്കാൻ കഴിയില്ല. കാലം വരുത്തുന്ന മാറ്റങ്ങളെ പൂർണ്ണമായും അവഗണിച്ച് പാർട്ടിയ്ക്കും മുന്നോട്ട് പോകാൻ കഴിയില്ല. എന്നിരിക്കിലും കോൺഗ്രസ്സിലും മറ്റും ഉള്ളതു പോലത്തെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കാലത്തും അനുവദിക്കാനുമാകില്ല. അപ്പോൾ ഇതിന് രണ്ടിനും മദ്ധ്യേ നിൽക്കുന്ന പാർട്ടിക്ക് മറ്റു പാർട്ടികളെ അപേക്ഷിച്ച് പല പരിമിതികളും ഉണ്ട്. ആ പരിമിതികളാണ് സിന്ധു ജോയിക്ക് ഇപ്പൊൾ ഒരു സ്ഥാനാർത്ഥിത്വം ലഭിക്കതെ പോയതിന്റെയും കാരണം. സിന്ധുവിന്റെ പാർട്ടിമാറ്റവുമായി ബന്ധപ്പെട്ട് സ. കടകമ്പള്ളി സുരേന്ദ്രൻ അത് തുറന്നു തന്നെ വളരെ സൌമ്യമായി ചാനലുകളിലൂടെ പറഞ്ഞിരുന്നു.
മറ്റൊന്ന് സിന്ധു ജോയിയുടെ മലക്കം മറിച്ചിൽ ഒറ്റ ദിവസം കൊണ്ട് എടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് മനസിലാകുന്നത്. എങ്ങനെയാണെന്നറിയില്ല, കുറച്ചു നാളുകൾക്കു മുന്നേ ഈ കുട്ടിയിൽ ഒരു വലതുപക്ഷ വ്യതിയാനം ദർശിച്ചു തുടങ്ങിയിരുന്നതായി അറിയുന്നു. ഇന്റെനെറ്റിലും മറ്റും ഉള്ള ഈ കുട്ടിയുടെ കൂട്ടുകാരോടുള്ള സംഭാഷണങ്ങൾ ചില സൂചനകൾ നൽകിയിരുന്നു എന്നും അറിയുന്നു. പാർട്ടി വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് സിന്ധു ജോയിയുടെ കോൺഗ്രസ്സ് പ്രവേശനത്തിന്റെ തിരക്കഥ കുറച്ചു മുമ്പേ എഴുതപ്പെട്ടതാണ് എന്നതാണ്. ഒരു പക്ഷെ അതുകൊണ്ട് കൂടിയായിരിക്കാം സിന്ധു ജോയിയെ ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതും. പാർട്ടിയ്ക്ക് ഒരു പക്ഷെ സിന്ധു ജോയിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നിരിക്കാം. അങ്ങനെയെങ്കിൽ ഒരു പരീക്ഷണം ഇപ്പോൽ വേണ്ടെന്നും കരുതിയിരുന്നിരിക്കണം.
ഇനി അതൊക്കെ എന്തു തന്നെ ആയാലും സിന്ധു ജോയിയെ പോലെ ഒരാൾ പാർളമെന്ററി വ്യാമോഹം തലയിൽ കയറിയറി പാർട്ടി വിട്ടു എന്ന് പറയുന്നത് മോശമായി പോയി എന്നേ പറയേണ്ടൂ. സിന്ധുവിന് പാർട്ടിയിൽ നല്ല പരിഗണനകൾ ലഭിച്ചിരുന്നു എന്നതിന് തെളിവുകൾ എത്ര വേണമെങ്കിലും ഉണ്ട്. സ. കടകംപള്ളി സുരേന്ദ്രന്തന്നെ പറഞ്ഞതുപോലെ ആ കുട്ടിയുടെ മോഹങ്ങൾ അതിരുകളില്ലാത്തതായിരുന്നു എന്നുതന്നെ കരുതണം. മന്ത്രി പി.കെ.ശ്രീമതി വീട്ടിൽ വിളിച്ച് ചായ കൊടുത്തിലെന്ന തരത്തിൽ ബാലിശമായ പരാതികൾ ഉന്നയിച്ച സിന്ധു ജോയിയ്ക്ക് മാനസികമായി കുട്ടിത്തം വിട്ടുമാറിയിട്ടില്ലെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഉയർന്ന വിദ്യഭ്യാസം നേടിയതുകൊണ്ടു മാത്രം ഒരാൾക്ക് പക്വതയും വിവേകവും കാര്യ ഗൌരവവും ഉണ്ടായി ക്കൊള്ളണം എന്നില്ല.അത് സിന്ധു ജോയികൂടി തെളിയിച്ചിരിക്കുന്നു എന്നു മാത്രം!
ഇനി ചോദ്യ കർത്താക്കൾ ഉന്നയിച്ച യഥാർത്ഥ ചോദ്യത്തിലേയ്ക്ക് വരാം. ഇപ്പൊൾ എസ്.എഫ്.ഐലും പാർട്ടിയിൽ ആകെ തന്നെയും നിൽക്കുന്നവർ എല്ലാവരും ഇതു പോലെ ആയിരിക്കുമോ, പാർട്ടിയിൽനിന്നും പാർളമെന്ററി വ്യമോഹം മൂലം ആളുകൾ ഇങ്ങനെ വിട്ടു പോകുന്നതെന്തുകൊണ്ട്, സംഘടനാ പരമായ പാളിച്ചകൾ പാർട്ടിയിൽ സംഭവിച്ചിട്ടില്ലേ എന്നുള്ളതും മറ്റും ആണ്. ബിനോയി ചോദിച്ചതുപോലെ “സിന്ധുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള കള്ളനാണയങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരാവദപ്പെട്ട പദവികളില്‍ അനായാസം എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഗൗരവമായ ചിന്ത അര്‍ഹിക്കുന്നില്ലേ? കര്‍ശനം എന്നു പേരുകേട്ട പാര്‍ട്ടി സംവിധാനങ്ങളുടെ അരിപ്പയുടെ കണ്ണികള്‍ക്ക് ഈയിടെയായി അകലം അല്പം കൂടിയിരിക്കുന്നു. എന്താണതിനു കാരണം എന്ന് കണ്ടെത്തേണ്ടതില്ലേ?”
തീർച്ചയായും ബിനോയിയുടെ ഈ ചോദ്യങ്ങളുടെ പ്രസക്തി തള്ളിക്കളയുന്നില്ല. പണ്ടത്തെ പോലെ പാർട്ടി വിദ്യാഭ്യാസം പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്ന പോരായ്മ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സംഘടനാ തത്വങ്ങളോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ പുതുതായി വരുന്ന പ്രവർത്തകരിൽ നല്ലൊരു പങ്കിന് ഇല്ലാതെ പോകുന്നു എന്നത് ഒരു ആധിനിക കാല യാഥാർത്ഥ്യമാണ്. എന്നാൽ ഇത് പാർട്ടിയുടെ എന്തെങ്കിലും കുഴപ്പം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി കടന്നുവരുന്ന പാർട്ടി പ്രവർത്തകർക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിൽ വീഴ്ചയുണ്ട്. പാർളമെന്ററി രംഗത്ത് മാത്രമായി പലപ്പോഴും കോൺസണ്ട്രേറ്റ് ചെയ്യപ്പെട്ടു പോകുന്നു എന്ന് പറഞ്ഞാലും അല്പം സത്യം അതിലുണ്ടാകാം. അത് ബോധ പൂർവ്വം ഉണ്ടാകുന്നതുമല്ല. തീർച്ചയായും സംഘടനാ വിദ്യഭ്യാസത്തിന്റെ കുറവ് ഉണ്ടാകുന്നുണ്ട് എന്ന് തന്നെ കരുതണം. ഒരു പക്ഷെ പണ്ടത്തെ പോലെ അതിന്റെ ആവശ്യം ഇന്നില്ലാ എന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ അത് തിരുത്തേണ്ടിയിരിക്കുന്നു എന്ന് പുതിയ അനുഭവങ്ങൾ പഠിപ്പിക്കുന്നു.
സിന്ധു ജോയിയെ സംബന്ധിച്ചിടത്തൊളം ഇത്രയൊക്കെ സമര പോരാട്ടങ്ങളിൽ വീറോടെ പങ്കെടുത്തതിന്റെ അനുഭവങ്ങളും മറ്റും ഉണ്ടെങ്കിലും രാഷ്ട്രീയമായ ഒരു ഗൌരവബുദ്ധി കൈവരിച്ചിട്ടില്ലാത്ത ഒരു പൈങ്കിളീ സ്വഭാവം നിലനിന്നിരുന്നു എന്നാണ് മനസിലാകുന്നത്. ഈ കുട്ടി നടത്തിയ സമരപോരാട്ടങ്ങളെല്ലാം സംഘടനാ തീരുമാനങ്ങൾ ആയിരുന്നു. സംഘടനാ നേതാവെന്ന നിലയിൽ അതിന്റെ നേതൃത്വം സ്വാഭാവികമായും അവർ ഏറ്റെടുക്കേണ്ടി വരികയും അതുവഴി ജനങ്ങൾക്കിടയിൽ ശ്രദ്ധേയയായി തീരുകയുമാണുണ്ടായിട്ടുള്ളത്.അല്ലാതെ സിന്ധു ജോയിയുടെ തലയിൽ ഉദിച്ച ആശയങ്ങൾ നടപ്പിലാക്കി ശ്രദ്ധേയ ആയതല്ല. സിന്ധു ജോയി സിന്ധു ജോയി ആയത് ഈ പാർട്ടി മുഖാന്തരമാണ്. അതൊക്കെ വിസ്മരിക്കാൻ വിഷമമില്ലാത്ത മനസിന്റെ ഉടമയായിരുന്നു സിന്ധു ജോയി എന്നത് മുൻ കൂട്ടി ചൂഴ്ന്നു നോക്കാൻ കഴിയുന്ന കാര്യമായിരുന്നില്ലല്ലോ.
സിന്ധു ജോയി എസ്.എഫ്.ഐയിൽ എത്തിപ്പെട്ടത് എങ്ങനെയായാലും സ്വന്തം വ്യക്തിത്വം വികസിപ്പിക്കാനും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കാനും ഉള്ള ഒരു മാർഗ്ഗമായോ മാദ്ധ്യമമായോ മാത്രം തുടർന്നങ്ങോട്ട് സംഘടനയെയും അത് നടത്തിയ പോരാട്ടങ്ങളെയും കാണുകയും ഉപയോഗിക്കുകയും ചെയ്തു എന്നു വേണം കരുതാൻ! അല്ലെങ്കിൽ ഇപ്പൊൾ ഇങ്ങനെ ഒരു മലക്കം മറിച്ചിൽ സിന്ധിവിന് ഉണ്ടാകേണ്ട യാതൊരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. മലക്കം മറിയാൻ സിന്ധു ഇപ്പോൾ പറയുന്ന കാരണങ്ങളൊന്നുംക്തന്നെ ഒരു തരത്തിലും ന്യായീകരിക്കത്തക്കതും ഗൌരവം ഉള്ളതും ആണെന്ന് തോന്നുന്നില്ല.
ഒരു പക്ഷെ പാർട്ടിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുന്നു എന്നു കണ്ടാൽ പാർട്ടി കൂറുള്ള ആളുകൾ അത് പാർട്ടിയിൽതന്നെ നിലനിന്ന് പാർട്ടിയിയ്ക്കുള്ളിലെ ജനാധിപത്യ സംവിധാനങ്ങൾ ഉപയോഗിച്ച് തിരുത്തിക്കുവാനാണ് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്. പാർട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടാൽ അതിനു പരിഹാരം കാണാൻ ശ്രമിക്കാതെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ശത്രുപാളയത്തിൽ ചെന്നു കയറുന്നത് അപഹാസ്യമാണ്. സ്വാർത്ഥമോഹം മാത്രം കൈമുതലുള്ളവർക്കല്ലാതെ പാർട്ടിയെ സ്നേഹിക്കുന്നവർക്ക്, സ്നേഹിച്ചിരുന്നവർക്ക്, ഇങ്ങനെയൊന്നും മലക്കം മറിയാൻ കഴിയില്ല!
മാർച്ച് 28, 2011
സിന്ധു ജോയിയോട് ലക്ഷോപലക്ഷം പർട്ടി സഖാക്കൾക്കുണ്ടായിരുന്ന സ്നേഹവാത്സല്യങ്ങൾ നമ്മുടെ എതിർപക്ഷക്കാർക്ക് മനസിലാകില്ല.
ഇപ്പോൾ അവർ പള്ളിയരമനയിൽ ചെന്ന് കമ്യൂണിസ്റ്റുകാരായാൽ വിശ്വാസസാതന്ത്ര്യം നഷ്ടപ്പെടുമെന്ന തെറ്റായ സന്ദേശം നൽകുകവഴി ഈ തെരഞ്ഞെടുപ്പിൽ വിശ്വാസിസമൂഹത്തെ ഇടതുമുന്നണിക്കെതിരെ തിരിക്കാൻ കൂടി ശ്രമിച്ച് കലിയടക്കുന്നു. ശ്രീമതി ടീച്ചർ ചായ കൊടുക്കത്തതിലും, ഇപ്പൊൾ ഒരു സീറ്റുകിട്ടാത്തതിലും ഇതില്പരം പ്രതികാരം ചെയ്യുന്നതെങ്ങനെ? അല്ലേ, ഇപ്പോൾ നിയമസഭാതെരഞ്ഞെടുപ്പിൽ സീറ്റു നൽകിയിരുന്നെങ്കിൽ വിശ്വാസ സ്വാതന്ത്ര്യം ഒക്കെ പണയംവച്ച് പാർട്ടിയിൽ തന്നെ നിൽക്കുമായിരുന്നല്ലോ! മത്സരിക്കാൻ സീറ്റു കിട്ടിയിരുന്നെങ്കിൽ കർത്താവ് വേണ്ടായിരുന്നു.സീറ്റ് കിട്ടാത്തതിനാൽ കർത്താവും പള്ളിയുമൊക്കെ വേണം! ആയിക്കോടെന്നേ! ഹഹഹ!
തന്റെ മൃതുദേഹം പാർട്ടി ഓഫീസിൽ വയ്ക്കാനുള്ളതല്ല, പള്ളിയിൽ അടക്കാനുള്ളതാണെന്ന് ഓൾഡ് സഖാവ് പറഞ്ഞിരിക്കുന്നു. പാർട്ടി ഓഫീസിൽ ഒരു സഖാക്കളുടെയും മൃതുദേഹം എംബാം ചെയ്ത് സൂക്ഷിക്കാറില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരോടുള്ള ആദരവുകൊണ്ട് മൃതുദേഹങ്ങൾ പാർട്ടി ഓഫീസുകളിൽ പൊതു ദർശനത്തിനു വച്ച് ആദരിക്കാറുണ്ട്. അതിനു ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാറാണ് പതിവ്. അവർ പള്ളിഖബർസ്ഥാനിലോ, പള്ളിസെമിത്തേരിയിലോ, പൊതു ശ്മശാനത്തിലോ, വീട്ടുവളപ്പിലോ അവരവരുടെ ഇഷ്ടാനുസരണം സംസ്കരിക്കും.ഇനി അതല്ല, മൃതുദേഹം മെഡിക്കൽ പഠനത്തിനു വിട്ടുകൊടുക്കാനാണ് ഉദ്ദേശിച്ചിട്ടുതെങ്കിൽ അങ്ങനെ ചെയ്യും. മരണ ശേഷം മൃദേഹം എന്തു ചെയ്യണമെന്ന് പറഞ്ഞിട്ടല്ല, എല്ലാവരും മരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കൾ ആചാരമനുസരിച്ചോ അല്ലാതെയോ ഒക്കെ മൃതുദേഹം സംസ്കരിക്കും. പാർട്ടിക്കാർ അതിലൊക്കെ ആദരപൂർവ്വം സഹകരിക്കുകയും ചെയ്യും. ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലൊ സിന്ധു ജോയിയുടേ നാവടികൾ!
No comments:
Post a Comment