കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയം
(വാർത്തകൾക്കു പിന്നിൽ എന്ന ബ്ലോഗിൽ ഇട്ട കമന്റ്)
അൺലിമിറ്റഡ് ജനാധിപത്യം നില നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്. സമിതികളെക്കാൾ വ്യക്തികൾക്കാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാധാന്യം. ഏതെങ്കിലും കമ്മിറ്റി അല്ല; വിവിധ നേതൃതലങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും നേതാക്കന്മാരുടെ കൈകളിലാണ് സ്ഥാനാർത്ഥിനിർണയത്തിന്റെ സകല നടപടിക്രമങ്ങളും. ബന്ധപ്പെട്ട വ്യക്തികളുടെ മേൽ ഉള്ള സ്വാധീനമാണ് പ്രധാനമായും ഓരോരുത്തരുടെയും സ്ഥാനാർത്ഥിത്വത്തിന്റെ ലഭ്യത നിർണ്ണയിക്കുന്നത്.
ഇപ്പോൾ ഡൽഹി അധികാര കേന്ദ്രങ്ങൾക്ക് പണ്ടത്തെക്കാൾ സ്ഥനാർത്ഥിത്വം സംബന്ധിച്ച് ഇടപെടലുകൾ ഉണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കേരളത്തിലെ ശക്തരായ നേതാക്കൾ നൽകുന്ന ലിസ്റ്റ് അതേപടി ഡൽഹിയിൽ അംഗീകരിക്കപ്പെടില്ല. കാരണം ഡൽഹിയിൽ കേരളത്തിലെ ചെറുതും വലുതുമായ നേതാക്കൾക്ക് മിക്കവർക്കും അവരവരുടെതായ സ്വാധീനങ്ങൾ മുമ്പത്തെക്കാൾ കൂടുതൽ ഉണ്ട്. സ്വന്തം സ്വാധീനം കേന്ദ്രത്തിൽ ചെലുത്തി സ്ഥനാർത്ഥിത്വം നേടാൻ ഇന്ന് കോൺഗ്രസ്സിലെ ധാരാളം ചെറുതും വലുതുമായ നേതാക്കൾക്ക് കഴിയും. വിദ്യാർത്ഥി-യുവജന നേതാക്കൾക്ക് പ്രത്യേകിച്ചും.
ഇതിനൊക്കെ ഇടയിൽ വേണം അന്തിമമായി ഒരു സ്ഥാനാർത്ഥി പട്ടിക പുറത്തു വരാൻ. ഇനി എല്ലാം കഴിഞ്ഞ് സ്ഥാനാർത്ഥിത്വം ഫൈനലായി പ്രഖ്യാപിച്ചാൽ തന്നെ റിബലുകൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറ്റവും കൂടുതൽ ഉള്ളത് കോൺഗ്രസ്സിൽ ആണ്. വിജയ സാദ്ധ്യതയുള്ള സീറ്റുകൾ കൂടി ഈ റിബൽ പ്രവർത്തനങ്ങൾ വഴി കോൺഗ്രസിന് തോൽവി ക്ഷണിച്ചു വരുത്തും. ഇപ്പോൾ യു.ഡി.എഫ് അധികാരത്തിൽ വരാനുള്ള സാദ്ധ്യത വളരെ വളരെ കുറവാണെന്ന് കണ്ട് മന്ത്രി മോഹികളായ ചില ഉയർന്ന നേതാക്കൾ സ്ഥാനാർത്ഥികളാകാൻ താല്പര്യം പ്രകടിപ്പിക്കാതെ ഒഴിഞ്ഞു മാറുകകൂടി ചെയ്തില്ലായിരുന്നെങ്കിൽ സംഗതി കൂടുതൽ സ്ഫോടനാത്മകം ആയേനെ! ഒരു എം.എൽ.എ എങ്കിലും ആയാൽ മതി എന്നു കരുതുന്നവർ മാത്രമാണ് ഇപ്പോൾ സ്ഥാനാർത്ഥികളാകാൻ ക്യൂ നിൽക്കുന്നത്!
ജനാധിപത്യ കേന്ദ്രീകരണമോ കേഡർ സ്വഭാവമോ ഇല്ലാത്ത ഒരു സമ്പൂർണ്ണ ജനാധിപത്യ പ്രസ്ഥനത്തിൽ ഇതൊക്കെ സ്വാഭാവികം മാത്രം. പാർട്ടി താല്പര്യങ്ങളെ മുൻ നിർത്തി വിട്ടു വീഴ്ചകൾ ചെയ്യാൻ കോൺഗ്രസ്സ് നേതാക്കളോ പ്രവർത്തകരോ അത്രയെളുപ്പം തയ്യാറായെന്നിരിക്കില്ല. തികച്ചും സ്വാഭാവികം!
No comments:
Post a Comment