ശ്രദ്ധേയന്റെ കരിനാക്ക് എന്ന ബ്ലോഗിലിട്ട കമന്റ്
ബന്ധപ്പെട്ട പോസ്റ്റ് : പള്ളിയല്ല ഉസ്താദേ പള്ളയാണ് പ്രധാനം
ബ്ലോഗത്ത് ശ്രദ്ധേയനെന്നൊരു ശ്രദ്ധേയനുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ശ്രദ്ധേയമായ ആ ബ്ലോഗിലെ ശ്രദ്ധേയമായൊരു പോസ്റ്റിൽ വരാൻ കഴിഞ്ഞതിപ്പോൾ മാത്രമാണെന്നത് ശ്രദ്ധേയമായൊരു അപരാധമായി പോയി. ക്ഷമിക്കുക! പള്ളികളുടെ എണ്ണവും വർണ്ണപ്പകിട്ടും സുഖസൌകര്യങ്ങളും കൂട്ടുന്നതിലാണോ വിശ്വാസികളിലെ പട്ടിണിക്കാരുടെ എണ്ണം കുറയ്ക്കുന്നതിലാണോ കൂടുതൽ പുണ്യമെന്ന് ചോദിക്കാനുള്ള അറിവൊന്നും മതപരമായ കാര്യങ്ങളിൽ ഇല്ലെങ്കിലും അങ്ങനെ ചോദിച്ചുപോകുന്നു. പ്രാർത്ഥനയ്ക്ക് നാല്പതുകോടിയുടെ പള്ളിയിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ കൂടുതൽ ഫലം കിട്ടുമോ എന്നും അറിയില്ല. ഒന്നറിയാം. അള്ളാഹു വലിയവനാണ്. അവനെ മറന്നുള്ള കളി പള്ളിവച്ചിട്ടാണെങ്കിലും പൊറുക്കപ്പെടില്ല.
പണ്ട് ഗുരുവായൂരമ്പലത്തിൽ യുക്തിവാദികൾ വിചിത്രമായൊരു സമരം നടത്തി പോലീസിന്റെ അടിവാങ്ങിയത് ഇത്തരുണത്തിൽ ഓർക്കുന്നു. ഗുരുവായൂരമ്പലത്തിലെ വരുമാനത്തിലൊരംശം കൃഷ്ണഭക്തന്മാരായ ഭവനരഹിതർക്ക് വീട് വച്ചുകൊടുക്കാൻ ഉപയോഗിക്കണമെന്നായിരുന്നു ആവശ്യം. വിശാസികളല്ലാത്ത യുക്തിവാദികൾക്ക് അമ്പലക്കാര്യത്തിൽ എന്തുകാര്യമെന്ന് ചോദിച്ചായിരുന്നു അടി.വിശ്വാസികളായ പാവങ്ങൾക്ക് വേണ്ടി വാദിച്ച ആ യുക്തിവാദികളിൽ മരിച്ചുപോയ പവനനും ഉണ്ടായിരുന്നു. ആയുക്ഷക്കാലം മുഴുവൻ നിരീശ്വരം പ്രസംഗിച്ചതിന്റെ മുഴുവൻ പാപവും വിശ്വാസികളായ പാവങ്ങൾക്ക് വേണ്ടി അടിവേടിച്ചതോടെ കഴുകപ്പെടുകയും അതിന്റെ ഫലമായി അദ്ദേഹം ഇപ്പോൾ സ്വർഗ്ഗത്തിലാണെന്നും ഈയുള്ളവൻ സ്വപ്നം കണ്ടു.
No comments:
Post a Comment