ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, July 29, 2011

ബ്ലോഗ്ഗേഴ്സും മുഖ്യധാരക്കാരും


ബ്ലോഗ്ഗേഴ്സും മുഖ്യധാരക്കാരും

വിശ്വമാനവികം 1 ലെ ഈ പോസ്റ്റിൽ വന്ന (തൊടുപുഴ മീറ്റ്) ഒരു കമന്റിനുള്ള മറുപടി.

സുശീൽ,

താങ്കൾ രണ്ടാമത് പറഞ്ഞതിൽ ചില സത്യങ്ങൾ ഇല്ലാതില്ല. വലിയ എഴുത്തുകാരായി കഴിഞ്ഞാൽ ചിലർ അങ്ങനെയാണ്. അവർ എഴുതുന്നതിനെ വിമർശിച്ചാൽ ഇഷ്ടമാകില്ല എന്നത് സ്വാഭാവികം എന്നെങ്കിലും പറയാം.പക്ഷെ മറ്റാരെങ്കിലും വല്ലതും എഴുതി ഇതു കൊള്ളാമോ എന്ന് ഒന്നു നോക്കാൻ പറഞ്ഞ് ഒരു വലിയ എഴുത്തിസ്റ്റിനെ കാണിച്ചിട്ട് അയാളുടെ മോന്ത ഒന്നു നോക്കി ഇരിക്കണം. എടുക്കാത്ത പൈസയിൽ നോക്കുമ്പോലെയുള്ള ആ നോട്ടവും പുച്ഛവും ഒക്കെ ഒന്നു കാണേണ്ടതാണ്.

പത്രബന്ധുക്കളുടെ തിണ്ണനിരങ്ങി എഴുത്തിസ്റ്റായവരുടെ ജാഡയും ഗമയും സഹിക്കവയ്യാതെ സാക്ഷാൽ ദൈവം (ദൈവം ഉണ്ടോ ഇല്ലയോ എന്നത് തൽക്കാലം അവിടെ നിൽക്കട്ടെ!) ഗൂഗിൾ വഴി അവതരിപ്പിച്ചതാണീ ബ്ലോഗ്. ഇനിയിപ്പോൾ നമ്മൾ മാത്രമാണ് വലിയ എഴുത്തുകാർ എന്ന് ആർക്കും ചമഞ്ഞു നടക്കാനാകില്ല. വലിയ മുഖ്യധാരാ (എന്തു മുഖ്യധാര !)എഴുത്തുകാർ എഴുതുന്നതിനേക്കാൾ മികച്ച സൃഷ്ടികൾ ഇന്ന് ബ്ലോഗുകളിൽ വരുന്നുണ്ട്. നിലവാരം ഉള്ളതും ഇല്ലാത്തതുമൊക്കെ പ്രിന്റ് മീഡിയയിലും വരും ബ്ലോഗിലും വരും. അതൊക്കെ സ്വാഭാവികം.

തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ വച്ച് നന്നായി ബ്ലോഗ് എഴുതുന്ന എരു മഹതി ഒരു കവിത എഴുതി അവിടെ ഉദ്ഘാടനത്തിനു വന്ന ഒരു പ്രമുഖ സാഹിത്യകാരിയുടെ കൈയ്യിൽ കൊടുക്കുന്നതും അത് ഒന്നു മറിച്ചും തിരിച്ചും നോക്കിയിട്ട് നിർവികാരതയോടെ തിരിച്ചു നൽകുന്നതും ഞാൻ കണ്ടിട്ടുണ്ട്.വായിച്ചുനോക്കാനുള്ള സഹിഷ്ണുതപോലും കാണിച്ചില്ല. അവറ്റകളുടെയൊക്കെ കൈയ്യിൽ ഇതൊക്കെ നോക്കാൻ കൊണ്ടു കൊടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.

ഏതെങ്കിലും സാഹിത്യ വിഭാഗങ്ങൾക്ക് പ്രത്യേക നിയമങ്ങളും നിബന്ധനകളും ഒന്നുമില്ല. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ആവശ്യമുള്ളവർ കൊണ്ടു നടക്കട്ടെ. ബ്ലോഗ് എഴുതാൻ അക്ഷരം അറിഞ്ഞാൽ മതി. വായിക്കുന്നവരിൽ ആർക്കെങ്കിലും അത് ഇഷ്ടപ്പെട്ടെങ്കിൽ അത് സാഹിത്യം തന്നെ. ഈ മുഖ്യധാരന്മാരുടെ ആരുടെയും സർട്ടിഫിക്കറ്റുകൾ ഒന്നും വേണ്ട. ഒരു പത്രാധിപനെയും പ്രസാധകനെയും മണിയടിക്കാതെ ഒരാൾക്ക് തന്റെ മനസിലുള്ള കാര്യങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്ന സ്വതന്ത്ര മാധ്യമമാണ് ഇന്റെർനെന്റിന്റെ ലോകത്ത് തുറന്നു കിട്ടിയിരിക്കുന്നത്. അതിന്റെ സന്തോഷം ഈ രംഗത്തെത്തിയവർക്ക് പങ്കുവയ്ക്കാതിരിക്കാനാകില്ല. അതിന്റെ ഭാഗമാണ് ബ്ലോഗ് മീറ്റുകൾ.

ബ്ലോഗ് മീറ്റുകളിൽ അദ്ധ്യക്ഷനോ ഉദ്ഘാടകനോ ഒന്നും സാധാരണ ഉണ്ടാകാറില്ല. അതുകൊണ്ട് പ്രോട്ടോ കോൾ പ്രശ്നങ്ങളും ഇല്ല. ( ആർ ആരേക്കാൾ വലിയവൻ എന്നതാണല്ലോ ഈ പ്രോട്ടൊ കോൾ). അതൊന്നും ഇതുവരെ മീറ്റുകളിൽ ഉണ്ടായിട്ടില്ല.ഒരു ഔപചാരികതകളും ഇവിടെ ഇല്ല. ഇന്ന് ഒരു സാധാരണക്കാരന് ബ്ലോഗിൽ, എന്തിന് ഫെയിസ് ബൂക്കിൽ പോലുംകിട്ടുന്ന വായനക്കാരന്റെ നൂറൊലൊരംശം ഈ മുഖ്യധാരാ ജാഡിസ്റ്റ് എഴുത്തുകാർക്ക് ലഭിക്കില്ല. വായനശാലകളിൽ ഒരുപാട് മാ‍റാല പിടിച്ചിരിക്കുന്നുണ്ട്.

(ഞാൻ മേൽ പറഞ്ഞ കാര്യങ്ങൾ പോസും ഗമയും ജാഡയുമായി നടക്കുന്ന ഒരു വിഭാഗം എഴുത്തുകാരെ മാത്രം ഉദ്ദേശിച്ചാണ്. എഴുത്തുകാരായ നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്)

1 comment:

ജയിംസ് സണ്ണി പാറ്റൂർ said...

സജീം ഇതാണു സത്യം ഇതാണു യാഥാര്‍ത്ഥ്യം
എഴുതി വെച്ചതുമായി സ്തബ്ധനായി നിന്ന എനിക്കു
ആശ്വാസമായതു് ഈ ബ്ലോഗാണു്. ഇന്നു് എഴുതി
യതു് കുറെ പേരെ കാണിക്കാനാകുന്നു.അവരുടെ
അഭിപ്രായം അറിയാന്‍ കഴിയുന്നു. ഒന്നു കൂടെ
പറഞ്ഞോട്ടേ. ബ്ലോഗെഴുത്തു് ആരംഭിച്ചതിനു
ശേഷം എന്റെ എഴുത്തു് വളരെ മെച്ചപ്പെട്ടുവെന്ന
യാഥാര്‍ത്ഥ്യത്തിന്റെ ആഹ്ലാദത്തിലാണിന്നു ഞാന്‍ .