ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, July 7, 2011

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ


സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ


വി.ജെ.ജോർജിന്റെ ചിന്തകൾ എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്. ഇതേ കമന്റ് എന്റെ വിശ്വമാനവികം 1 എന്ന ബ്ലോഗിലും ഇട്ടിരുന്നു. അതിലെ ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്.

എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടതിനു ആദ്യം തന്നെ നന്ദി!

സ്വാശ്രയ കോളേജുകൾ ആരൊക്കെ നടത്തുന്നുവോ അതിന്റെ ഒക്കെ പിന്നിൽ സാമ്പത്തിക ലാഭം മാത്രാണ് പ്രധാന ലക്ഷ്യം. അത് സഹകരണ മേഖലയിലേതായാലും. അത് വിശ്വാസികളുടെ പണം കൊണ്ടുട്ടാക്കിയതോ വ്യക്തികളുടെ പണം കൊണ്ടുണ്ടാക്കിയതോ ആകട്ടെ. ഈ സ്ഥാപനങ്ങളിൽ ഒക്കെ അതത് സമുദായത്തിലെ ആളുകൾ ആയാലും പണമുള്ളവർക്ക് മാത്രമേ പഠിക്കാൻ കഴിയൂ. ഇനി സർക്കാരിനു വിട്ടു കൊടുക്കുന്ന സീറ്റും മെരിറ്റ് സീറ്റും ഒക്കെ ആയാലും പാവപ്പെട്ട കുട്ടികൾക്ക് അതൊന്നും ആഗ്രഹിക്കാൻ കൂടി കഴിയില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ സ്വാശ്രയ വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. കാരണം കാശുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇത്തരം കോളേജുകളിൽ പോകുന്നതു വഴി സംസ്ഥാനത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകുന്നതുകൂടി കണക്കിലെടുത്താണ് ഇവിടെ സ്വാശ്രയവിദ്യാലയങ്ങൾ വരുന്നത്.

കേരളത്തിൽ നിലവിലില്ലാത്ത ഒരു സമ്പ്രദായം തുടങ്ങാൻ അനുമതി നൽകുമ്പോൾ ഈ സംസ്ഥാനത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് സർക്കാർ സമാന്യേന ന്യായമെന്നു പറയാവുന്ന ചില നിബന്ധനകൾ വച്ചു; എല്ലാവർക്കും പറ്റിയില്ലെങ്കിലും സമ്പന്നരല്ലാത്ത കുറച്ച് കുട്ടികൾക്ക് കൂടി അവസരം കിട്ടിക്കൊട്ടെ എന്നു കരുതി. ആ നിബന്ധനകൾ ആണ് ഈ സ്വാശ്രയ മാനേജുമെന്റുകൾ ലംഘിച്ചുകൊണ്ടിരിക്കുന്നത്. ചില ഭരണ ഘടനാ നിയമങ്ങളെയും ചില കോടതി വിധികളെയും മറയാക്കി സർക്കാരിന്റെയും ഭൂരിപക്ഷജനതയുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി ഈ സ്വാശ്രയ മേലാളർ ശ്രമിക്കുന്നതിനെ അനാവശ്യമായ ധിക്കാരം എന്നേ പറയാൻ കഴിയൂ.

ഭരണഘടനാ ലംഘനയുടെയൂം നിയമത്തിന്റെയും പേരിലാണ് അവകാശവാദങ്ങളെങ്കിൽ ഈ വിഷയത്തിൽ മാത്രം അത് കാണിച്ചാൽ മതിയോ? മറ്റെന്തെല്ലാം നിയമങ്ങൾ ഇവിടെ അതിലംഘിക്കുന്നു! ഈ ഭരണ ഘടനയും നിയമങ്ങളും ഒക്കെ നിലവിലിരിക്കുമ്പോൾ തന്നെയാണ് ഉത്തരേന്ത്യയിലൊക്കെ ന്യുനപക്ഷവിഭാഗങ്ങളെ ചുട്ടെരിച്ചതും മറ്റും! അതും ഇതുമായി എന്തു ബന്ധമെന്നു ചോദിച്ചാൽ സൌമ്യവും സൌഹാർദ്ദപരവുമായ രീതിയിൽ സർക്കാരും ജനങ്ങളും ഒരു അഭ്യർത്ഥന വയ്ക്കുമ്പോൾ അതിനോട് തികച്ചും നിഷേധാത്മക നില പാട് സ്വീകരിക്കുന്നത് ഉത്തരവാദിത്വബോധമുള്ള സമുദായ നേതാക്കൾക്ക് ചേർന്നതല്ല. സമുദായതാല്പര്യങ്ങളും വ്യക്തി താല്പര്യങ്ങളും മാത്രമല്ല സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങൾക്കും വില കല്പിക്കണം. ന്യൂനപക്ഷങ്ങൾക്ക് ഭരണ ഘടനാ പരമായുള്ള അവകാശങ്ങളും ചില കോടതി വിധികളുടെ ആനുകൂല്യവും ഒക്കെ ഈ സമുദായങ്ങളുടെ (എന്നവകാശപ്പെടുന്ന) ഇത്തരം സ്ഥാപനങ്ങൾക്ക് ഉണ്ട് എന്ന് അറിയാതെ അല്ലല്ലോ സർക്കാരും പൊതു സമൂഹവും ഈ പ്രശ്നം ചർച്ചയ്ക്കും പരിഹാരത്തിനും വയ്ക്കുന്നത്.

മറ്റേതൊരു കാര്യത്തെയും പോലെ ഈ വിഷയത്തിലും ഇരുപക്ഷത്തു നിന്നു ചിന്തിക്കുന്നവർക്കും വാദങ്ങളും പ്രതിവാദങ്ങളും ഉന്നയിക്കാം.വരവരുടെ മിടുക്കുപോലെ. പക്ഷെ ഇത് കേവലം ഒരു ആശയപ്രശ്നം മാത്രമല്ലല്ലോ. സംവാദത്തിലൂടെ ബൊദ്ധിക വികാസം ഉണ്ടാക്കുവാനുള്ള ഏതെങ്കിലും ഒരു താത്വിക വിഷയവും അല്ല. സമൂഹത്തിന്റെ കാലികമായ ജീവിത വ്യാപാരങ്ങളിൽ പരിഹാരം തേടുന്ന ഒരു പ്രായോഗിക വിഷയമാണ്. അതിനെ അപ്രായോകികമായ വാദ പ്രതിവാദങ്ങൾ ഉയർത്തി ആരും എങ്ങുമെത്താതിരിക്കുന്നത് പൊതു സമൂഹത്തിനു നന്നല്ല. ഇത് ചില വിട്ടു വീഴ്ചകളുടെ പ്രശ്നമാണ്. ആ വിട്ടു വീഴ്ച ഉണ്ടാകേണ്ടത് സ്വാശ്രയ വിദ്യാലയ മാനേജുജുമെന്റുകളുടെ ഭാഗത്തു നിന്നു തന്നെയാണ്.സമുദായത്തിനു മാത്രമല്ല സർക്കാരിനുമുണ്ട് പരിമിതികൾ!

കേവലം ഒരു സമുദായത്തിന്റെ താല്പര്യവും സമുദായങ്ങൾക്കുപരി പൊതു സമൂഹത്തിന്റെ താല്പര്യവും തമ്മിൽ തർക്കം വരുമ്പോൾ അവിടെ ആരാണ് വിട്ടു വീഴ്ച ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല! ഇനി അതല്ല, പൊതു സമൂഹത്തിന് അങ്ങനെ ഒരു താല്പര്യവുമില്ല ഇതൊക്കെ ചില രാഷ്ട്രീയ താല്പര്യങ്ങളാണെന്നു വാദിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന സമുദായത്തിനുമില്ല ഈ വിഷയത്തിൽ സാമുദായികമായ താല്പര്യം എന്നു പറയേണ്ടി വരും. മറിച്ച് ഏതാനും സമുദായ പ്രമാണിമാരുടെ മാത്രം താല്പര്യമാണ് മാത്രമാണ് ഈ വിഷയങ്ങളിൽ ഉയർന്നു വരുന്നതെന്നും പറയേണ്ടി വരും!

1 comment:

N.J Joju said...

സജീം,
1. സ്വാശ്രയകോളേജുകൾ ലാഭത്തിലല്ലാതെ നഷ്ടത്തിൽ പ്രവർത്തിക്കണമോ? ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമേ പുരോഗതിയുണ്ടാവൂ. പക്ഷേ ലാഭം എത്രവേണം എന്നതിനെക്കുറിച്ചു തർക്കമുണ്ട്. ന്യായമായ ലാഭം എന്നത് കോടതികൾ അംഗീകരിച്ചിട്ടൂള്ളതുമാണ്.

2. പ്രോഫഷണൽ വിദ്യാഭ്യാസത്തിന്റെ ചിലവ് എത്രവരും? ആലോചിച്ചിട്ടൂണ്ടോ? ഒരു സർക്കാർ മെഡിക്കൽ കോളേജിലോ സർക്കാർ എൻജിനീയറിംഗ് കോളേജിലോ ഒരാളെ പഠിപ്പിക്കുവാൻ എത്ര രൂപാ സർക്കാർ മുടക്കുന്നു. ആലോചിക്കേണ്ട കാര്യമല്ലേ? അതറിയാതെ ഫീസ് കൂടുതുലാണ്, കൊള്ളലാഭമാണ്, കച്ചവടമാണ് എന്നൊക്കെ ആരോപിക്കുന്നത് ബാലിശമല്ലേ.

3. "ആ നിബന്ധനകൾ ആണ് ഈ സ്വാശ്രയ മാനേജുമെന്റുകൾ ലംഘിച്ചുകൊണ്ടിരിക്കുന്നത്."
ഒന്നാമതായി അങ്ങനെ ഒരു നിബന്ധനയും വച്ചിട്ടല്ല ആന്റണി എൻ.ഓ.സി കൊടുത്തത്. ചോദിച്ച എല്ലാവർക്കും NOC കൊടുത്തു എന്നാണ് പിറ്റേന്നത്തെ പത്രത്തിൽ പറഞ്ഞിരിന്നത്. രണ്ടാമതായി അങ്ങനെയൊരു നിബന്ധനയ്ക്ക് നിയമപരമായി ഒരു സാധുതയുമില്ല. അന്നു നിലവിലിരുന്ന ഉണ്ണിക്രിഷ്ണൻ കേസിലെ വിധി(1993) അങ്ങനെയൊരു അനുപാതത്തിനു (50:50) വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ 2003ലെ സുപ്രീം കോടതി വിധി അതിനെ അസാധുവാക്കി. കോടതി വിധികൾ പ്രകാരം സ്വാശ്രയ കോളേജുകളിലെ ഫീസും പ്രവേശനവും നിയന്ത്രിക്കുന്നതിനുള്ള അവകാശം മാനേജുമെന്റിൽ നിക്ഷിപ്തമാണ്, അതു അവരുടെ അവകാശമാണ്. സർക്കാരിനു യാതൊരു മുതൽമുടക്കുമില്ലാത്തിടത്ത് അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ല. സ്വന്തം അവകാശത്തെക്കുറീച്ച് ബോധ്യമുള്ളവരും അതിന്റെ സംരക്ഷണം ആവശ്യമാണെന്നു കരുതുന്നവരും അതു സംരക്ഷിക്കാൻ ശ്രമിക്കും. അതിനു താങ്കൾ നിരത്തിയ മറുവാദം (മറ്റെന്തെല്ലാം നിയമങ്ങൾ ഇവിടെ അതിലംഘിക്കുന്നു! ഈ ഭരണ ഘടനയും നിയമങ്ങളും ഒക്കെ നിലവിലിരിക്കുമ്പോൾ തന്നെയാണ് ) തികച്ചും ബാലിശമെന്നോ യുക്തിരഹിതമെന്നോ പറയാതെ വയ്യ. ആരെയൊക്കെ ആരൊക്കെ തല്ലിയിരിക്കുന്നു; അതുകൊണ്ടൂ ഞാൻ സജീംനെ ഒന്നു തല്ലിക്കോട്ടെ എന്നു പറയുന്നതു പോലെയുള്ള ബാലിശമായ ഒരു ന്യായം.

4. "ചില ഭരണ ഘടനാ നിയമങ്ങളെയും ചില കോടതി വിധികളെയും മറയാക്കി" ഇവിടെ എന്തു മറ. സർക്കാർ പ്രവർത്തിക്കേണ്ടത് ഭരണഘടനയ്ക്കനുസരിച്ചാണ്. ഭരണഘടനയെ വിശദീകരിക്കുന്നത് കോടതിയാണ്. അതുകൊണ്ട് കോടതികളെയും മാനിക്കണം. സുവ്യക്തമായ കോടതി വിധികളെ മാനിക്കാത്ത കരാറുകളെ മാനിക്കേണ്ട ബാധ്യത ഇന്ത്യയിൽ ആർക്കുമില്ല.

5. "സൌമ്യവും സൌഹാർദ്ദപരവുമായ രീതിയിൽ സർക്കാരും ജനങ്ങളും ഒരു അഭ്യർത്ഥന വയ്ക്കുമ്പോൾ അതിനോട് തികച്ചും നിഷേധാത്മക നില പാട് സ്വീകരിക്കുന്നത് "

എന്തു നിഷേധാത്മക നിലപാടാണു സ്വീകരിച്ചത്? സർക്കാരിന്റെ മെറിറ്റ് ലിസ്റ്റിൽ വരുന്നവരെ സമുദായം പണം കൊടുത്തു പഠിപ്പിക്കണം എന്നു പറയാൻ നാണമില്ലേ. 50 ശതമാനം പേരെ ബാക്കി അൻപതു ശതമാനം പേർ പഠിപ്പിക്കുന്നതാണോ സാമൂഹിക നീതി. പാവപ്പെട്ടവനെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനാണ്, അതായത് സർക്കാരിന്. അല്ലാതെ അതിനെ സഹപാഠിയുടെ ചുമലിൽ കെട്ടിവയ്ക്കുന്നത് ഒരു സാമൂഹിക നീതിയുമല്ല.

6. "ഇത് ചില വിട്ടു വീഴ്ചകളുടെ പ്രശ്നമാണ്. ആ വിട്ടു വീഴ്ച ഉണ്ടാകേണ്ടത് സ്വാശ്രയ വിദ്യാലയ മാനേജുജുമെന്റുകളുടെ ഭാഗത്തു നിന്നു തന്നെയാണ്."

സാറിന്റെ ജനാധിപത്യ ബോധം സമ്മതിച്ചു തന്നിരിക്കുന്നു. നമുക്കു ചർച്ച ചെയ്ത് എന്റെ നിലപാടിനെ താങ്കളെക്കൊണ്ടംഗീകരിപ്പിക്കാം എന്നതിൽ എന്തു ജനാധിപത്യം സാറേ. മാനേജുമെന്റുകളുടെ ഭരണഘടനാപരമായ അവകാശവും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശവും സർക്കാരിന്റെ ഭരണഘടനനാവിരുദ്ധമായ കരാറിൽ ഒപ്പിട്ട്.....അതിനു ചർച്ച ചെയ്ത്..വിട്ടുവീഴ്ച ചെയ്ത്...ഹോ!! കോരിത്തരിക്കുന്നു. സാർ ജനാധിപത്യം പരിചയമില്ലാത്ത കമ്യൂണിസ്റ്റു കാരനാണോ?

7. സാർ, ആർക്കു വേണ്ടീയാണൂ സാർ വാദിക്കുന്നതെന്നു ഉറപ്പുണ്ടോ? സ്വാശ്രയ സീറ്റിലെ മെറിറ്റിന്റെ മുൻപന്തിയിൽ വരുന്ന പണച്ചാക്കുകൾക്കുവേണ്ടീയോ, മിഡിൽ ക്ലാസുകൾക്ക് അപ്രാപ്യമായ രണ്ടിരട്ടീ ഫീസിലേയ്ക്ക് ഫീസുയർത്തുന്ന മാനേജുമെന്റുകൾക്കുവേണ്ടീയോ? സാർ ഒരിക്കലെങ്കിലും ഇന്റർ ചർച് കൗൺസിലിന്റെ പ്രോസ്പക്ടസ് കണ്ടിട്ടൂണ്ടോ?

8. താങ്കളുടെ അറിവിലേക്കായി പറയട്ടെ. എന്റെ അറിവിൽ ഇന്റർ ചർച്ച് കൗൺസിലിന്റെ കോളേജുകളിൽ (4 Medical, 10 engineering, 1 dental) മെറിറ്റിൽ സർക്കാരിന്റെ പ്രവ്വേശന പരീക്ഷയും സർക്കാരിന്റെ ബോർഡു പരീക്ഷയും മാത്രം പരിഗണിച്ചുള്ള റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം. 40% വരെ ജനറൽ മെറിറ്റിൽ പ്രവേശനമുണ്ട്. കമ്യൂണിസ്റ്റി ക്വാട്ടയിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സംവരണമുണ്ട്, അതും മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം. എല്ലാ സീറ്റിലും ഒരേ ഫീസ് എന്ന കോടതി നിർദ്ദേശിച്ചിട്ടൂള്ള ഭരണഘടനാപരമായ ഫീസ് ഘടനയാണ് ഇവിടെ നിലവിലുള്ളത്.


(കമന്റ് അവിടെ ഇട്ടത്, ചർച്ച സമയം പോലെ അവിടെയോ ഇവിടെയോ ആകാം!)