തബാറക്ക് റഹ്മാന്റെ ബ്ലോഗിലിട്ട കമന്റ് . ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാ ഇതുവഴി
തബാറക്ക്,
കഥ ഇന്ന് രാവിലെയണ് വായിക്കാൻ കഴിഞ്ഞത്. തീർച്ചയായും ഒരു നല്ലകഥാകാരൻ താബുവിൽ ജീവിക്കുന്നു. കഥയിലെ ചില വരികൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. നല്ല വായനയുടെ പിൻബലമുള്ള ഭാവനകൾ ഇരുത്തംവന്ന ഒരു കഥാകാരനെ പോലെ തോന്നിപ്പിച്ചു. ഒരു സാധാരണ ബ്ലോഗ്പോസ്റ്റ് എന്നതിനപ്പുറം ഗൌരവത്തോടെ ഈ കഥയെ കാണുമ്പോൾ ചില പോരായ്മകൾ ചൂണ്ടിക്കണിക്കാമെന്നേയുള്ളൂ. കഥാകാരന്റെ പ്രായംവച്ച് ഇത് ആത്മകഥാപരമാക്കണമായിരുന്നോ എന്നൊരു സംശയം വായിച്ചുകൊണ്ടിരിക്കവേ തോന്നിയിരുന്നു.
കഥയിലെ “ ഞാൻ “ എന്നത് ഒഴിവാക്കി അയാൾക്കൊരു പേർ നൽകി കഥാകാരൻ മാറിനിന്ന് കഥ പറഞ്ഞാൽ മതിയായിരുന്നില്ലേ എന്ന്! കഥാകൃത്തിനെ നേരിട്ടറിയുന്നതുകൊണ്ടാണ് അത്തരം ഒരു അഭിപ്രായം രൂപപ്പെട്ടതെന്നു പിന്നെ തിരിച്ചറിഞ്ഞു. ഈ കഥയ്ക്കും കഥാവിഷയത്തിനും കൂടുതൽ തീഷ്ണത നൽകുന്നത് ആ അത്മകഥാ രീതിയിലുള്ള ആവിഷ്കാരമാണെന്ന് പിന്നെ തോന്നി. ജീവിതഗന്ധിയായ കഥയെന്നൊക്കെ നാം പറയാറില്ലേ? ഈ കഥ ജീവിതഗന്ധിയാണ് എന്ന് പറഞ്ഞാൽ അത് അതിരുകടന്ന പ്രശംസിക്കലല്ല; സത്യമാണ്.
മറ്റൊന്ന് , താഴെ പറയുന്ന സംഭാഷണം ഈ കഥയ്ക്ക് ആവശ്യമായിരുന്നോ?
" 'സദാചാരം' എന്ന് തലക്കെട്ടായി എഴുതിയ ശേഷം അതിനു താഴെ ഒരു വരവരയ്ക്കൂ.
കഴിഞ്ഞെങ്കില്‍ നമ്പര്‍ ഒന്ന് എന്നതിന് നേരെ 'കന്യകാത്വം' എന്നെഴുതിക്കോളൂ.
ആഹാ . . . . ! കൊള്ളാമല്ലോ ( അവളുടെ ആത്മഗതം. ).
നില്‍ക്കൂ, എന്നാല്‍ രണ്ടാമത്തേത് ഞാന്‍ തന്നെ പറയട്ടെ എന്താണന്നു.
ഉം , പറയൂ . . .
പതിവ്രത
ഉഗ്രന്‍ !
തീര്‍ന്നില്ല, ഇനി ഒന്ന് കൂടി ബാക്കിയുണ്ട്.
പറയൂ . . . .
കന്യാചര്‍മം. . . . .
ബലെഭേഷ് !"
അത്തരമൊരു സന്ദർഭം കഥയിൽ ഉണ്ടായതിൽ അപാകതയില്ല. എന്നാൽ ആ ഭാഗത്ത് മറ്റെന്തെങ്കിലും വാചകങ്ങൾ എഴുതി പിടിപ്പിക്കാമായിരുന്നു എന്നാണ് എനിക്കു തോന്നിയത്. ഇത് അത്തരമൊരു സഭാഷണം എഴുതാൻ വേണ്ടിയാണ് ആ ഒരു ഒരു സന്ദർഭം ഉണ്ടാക്കിയെടുത്തത് എന്ന ഒരു തോന്നൽ ഉണ്ടായി. മന:പൂർവ്വം എഴുതാൻ വേണ്ടി മാത്രം എഴുതിയവരികൾ എന്നും തോന്നി. സത്യത്തിൽ കഥയുടെ തലക്കെട്ടും കഥയും തമ്മിൽ ബന്ധം വരുന്നില്ലെന്ന് തോന്നിയതിനാൽ കഥയും തലക്കെട്ടും തമ്മിൽ ബന്ധിപ്പിക്കുവാനുലള്ള ഒരു ശ്രമമായിരുന്നില്ലേ അത്?
എന്നാൽ പറയട്ടേ ഈ തലക്കെട്ട് ഈയുള്ളവന് ഉചിതമായി തോന്നിയതുമില്ല. സദാചാരത്തിന്റെ വെയർഹൌസ് എന്ന് തലക്കെട്ടിടാൻ എന്താണ് കാര്യം? അനാവശ്യമായി ഒരു ഇംഗ്ലീഷ് പദത്തെ തലക്കെട്ടിൽതന്നെ കൊണ്ടുവരേണ്ടിയിരുന്നില്ല ഈ കഥയിൽ. ഇങ്ങനെ ഒരു തലക്കെട്ടിടാൻ വേണ്ടിയാണ് ഈ കഥ എഴുതിയതെന്ന ഒരു തോന്നൽ ഉണ്ടായി. ഈ കഥയുടെ പ്രധാന പ്രമേയം സദാചാരം അല്ലല്ലോ താബു! ഇത് മറ്റൊരു നല്ല തലക്കെട്ട് നൽകേണ്ട നല്ലൊരു കഥയാണ്.
ചില ഒറ്റപ്പെട്ട അക്ഷരത്തെറ്റുകളും ചില്ലു പ്രശ്നങ്ങളും ഉണ്ട്. ഒന്നുകൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും. ഉദാ: ബ്ബാക്ക, പോരിവെയിൽ, പിന്നെ ചില ചില്ലു പ്രശ്നങ്ങൾ.....
താബു, ഒട്ടും ആശങ്കിക്കെണ്ട എഴുതിക്കൊള്ളൂ. ഒരു അംഗീകരിക്കപ്പെട്ട എഴുത്തുകാരന്റെ ഗർവ്വോടെയല്ല, ആത്മവിശ്വാസത്തോടെ!അതിനുള്ള ഊർജ്ജം താബുവിൽ ഉണ്ട്.
എഴുത്ത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. നിരൂപണം വായിക്കുന്നവരുടെയും. ആനിലയിൽ ഞാൻ ഈ കഥയെ ഇങ്ങനെ നിരൂപണം ചെയ്ത് എന്റെ വായന ഇങ്ങനെയെല്ലാം അടയാളപ്പെടുത്തുന്നു.
ആ നിലയില്‍ ഞാൻ ഈ കഥയെ ഇങ്ങനെ നിരൂപണം ചെയ്ത് വായന അടയാളപ്പെടുത്തുന്നു.
ഈ കമന്റ് ഞാൻ എന്റെ അഭിപ്രായങ്ങൾ എന്ന കമന്റ് സംഭരണി ബ്ലോഗിൽ ഇട്ട് കഥയ്ക്ക് ഒരു ലിങ്കുകൂടി നൽകുന്നു. പ്രോത്സാഹനമായി ഇപ്പോൾ അത്രയൊക്കെയല്ലേ നമുക്കു ചെയ്യാൻ പറ്റൂ.http://easajimabhiprayangal.blogspot.com
No comments:
Post a Comment