ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, July 27, 2013

ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്തിന്?

എന്റെ വിശ്വമാനവികം 1 എന്ന ബ്ലോഗിൽ ഞാൻ എഴുതിയ പോസ്റ്റിൽ വന്ന ഒരു കമന്റിനു ഞാൻ നൽകിയ മറുപടിക്കമന്റ്. ബന്ധപ്പെട്ട പോസ്റ്റിൽ എത്താൻ ഈ ലിങ്കിൽ  ഞെക്കുക



പ്രദീപ് സാർ,

ഓരോ വരികളുമെടുത്ത് മറുപടി പറയുന്നില്ല. താങ്കളുടെ സുചിന്തിതമായ അഭിപ്രായങ്ങളോട് ബഹുമാനം പുലർത്തുകയല്ലാതെ താങ്കളോട് ചുമ്മാ കയർക്കേണ്ടതുമില്ല. പിന്നെ ഒരു അര വരിയിൽ പിടിച്ച് കാടടച്ച് അഞ്ചാറു പടക്കുകൾ പൊട്ടിച്ചേക്കാം.താങ്കൾ പറഞ്ഞതിൽ “......കാലത്തിനനുസരിച്ച് അവ അപിഡേറ്റ് ചെയ്യേണ്ടതുമാണ്.“ എന്നതിൽ പിടിച്ച് ചിലതുപറയാം;

ശരിയാണു സാർ! പക്ഷെ നമ്മുടെ ഇപ്പോഴത്തെ അദ്ധ്യാപകരുടെ അപ്ഡേഷനെപ്പറ്റി എല്ലാവർക്കുമറിയാം. പ്രത്യേകിച്ച് അദ്ധ്യാപികമാർ. രാവിലെ പത്രം കണ്ടാൽ എടുക്കാത്തപൈസയെ നോക്കുന്നതുപോലെ നോക്കി അവർ മുഖം ചുളിക്കുന്നതു കാണാം. പത്രം പോലും വായിക്കാതെ സീരിയലും കണ്ടിരിക്കുന്നവരുടെ അപ്ഡേഷൻ അപാരം. ഇനി ആണുങ്ങളുടെ കാര്യം. അവരും നല്ലൊരുപങ്ക് വ്യത്യസ്തരല്ല. പിന്നെ ചിലരൊക്കെ പത്രം വായിച്ചേക്കും എന്നതിലപ്പുറം മറ്റ് പുസ്തകങ്ങൾ ഒന്നും അവർ വായിക്കാറില്ല. വായനാശീലമേ ഇല്ല. അദ്ധ്യാപകർ പാഠപുസ്തകങ്ങളും വീട്ടിലിരുന്ന് രഹസ്യമായി ഗൈഡും വായിക്കുന്നതല്ലാതെ വലിയ അപ്ഡേഷനൊന്നും അവർക്കുമില്ല. ( ഗൈഡ് വാങ്ങരുതെന്നും ട്യൂഷനു പോകരുതെന്നും കുട്ടികളോട് പറയും (എല്ലാവരുമല്ല) . എന്നിട്ട് സാറന്മാർ ഗൈഡ് വാങ്ങിവച്ച് പഠിക്കും (ഈ ഗൈഡുകമ്പനികൾ ഇല്ലായിരുന്നെങ്കിൽകൂടി പല അദ്ധ്യാപകരും തെണ്ടിപ്പോയേനേ). സാറന്മാരുടെ മക്കൾക്കു പക്ഷെ അവർ ഗൈഡ് വാങ്ങിക്കൊടുക്കും. സാറന്മാരുടെ മക്കൾക്ക് വീട്ടിൽ എല്ലാ വിഷയങ്ങൾക്കും ഹോം ട്യൂഷനും കാണും. ചിലർരുടെ മക്കൾക്ക് അല്ലെങ്കിലും ട്യൂഷൻ ഉണ്ടേങ്കിലേ പറ്റൂ. അദ്ധ്യാപകരിൽ പലരും അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം, സി.ബി.എസ്.സി സ്കൂളുകളിലൊക്കെയല്ലേ പിള്ളേരെ പഠിപ്പിക്കുന്നത്! സർക്കാർ സ്കൂൾ തങ്ങൾക്ക് ജോലി ചെയാൻ മാത്രം കണ്ടു പിടിച്ചത്! എന്നാൽ തങ്ങൾ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികൾ ട്യൂ‍ഷനു പോകരുത്. ഗൈഡ് വാങ്ങരുത്. മറ്റൊന്ന് അദ്ധ്യാപകരിൽ മിക്കവരും പുസ്തക വിരോധികളാണ്. പലരും ലോകത്തിന്റെ മാറ്റങ്ങൾ കാണാതെ പോകുന്നവർ!അപ്ഡേഷനു വേണ്ടി കൂടിയാണല്ലോ ഇടയ്ക്കിടെ അദ്ധ്യാപകർക്ക് ട്രെയിനിംഗ് കൊടുക്കാറുള്ളത്. അതിലൊക്കെ എത്രപേർ പങ്കെടുക്കുന്നു? പങ്കെടുത്താൽ തന്നെ ഉച്ചയൂണു കഴിഞ്ഞാൽ പിന്നെ ആരിരിക്കും? ക്ലാസ്സിൽ ഇരിക്കുന്നവരിൽത്തന്നെ ഉറങ്ങാത്തവർ എത്ര? താല്പര്യത്തോടെ ഇരിക്കുന്നവർ എത്ര? ശമ്പളം കൂട്ടാൻ സമരം ചെയ്യുന്നതിന്റെ ഉത്സാഹം അദ്ധ്യാപന പരിശീലനക്കളരികളിൽ ആരും കാണിക്കുന്നില്ല. പിന്നെ ടി.ടി.സി, ബി-എഡ് എന്നീ കോഴ്സുകളിൽ പോയി നേടുന്ന പഠിപ്പിക്കൽവിദ്യയുടെ കാര്യം പറയുകയേ വേണ്ട. അതുമായി ബന്ധപ്പെട്ട വരപ്പും കുറിപ്പും മോഡലുകൾ ഉണ്ടാക്കലും എല്ലാം കൂലിയ്ക്കാളെ വച്ചാണ് മിക്കവരും ചെയ്യുന്നത്. അതിന്റെയൊക്കെ കൊട്ടേഷൻ എടുത്തു ചെയ്യുന്ന “പ്രൊഫഷണലുകൾ” (ഇതിൽ പത്താം തരം കഴിയാത്തവരും കാണും) നാട്ടിൽ ധാരാളമുണ്ട്. പിന്നെ പലതും ഇപ്പോൾ നെറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യാൻ കഴിയുമെന്നു വന്നതോടെ പലർക്കും വലിയ സൌകര്യമായി. ആ ടി.ടി.സിയും, ബി-എഡും നിർത്തിയിട്ട് അവിടെ പഠിപ്പിക്കുന്ന കാര്യങ്ങൾ കൂടി ഡിഗ്രിക്കും പി.ജിക്കും പഠിപ്പിക്കണം എന്നാണു ഞാൻ ഉദ്ദേശിച്ചിട്ടുള്ളത്.ആ നിലയിൽ ഡിഗ്രീ, പി.ജി പാഠ്യപദ്ധതി പരിഷ്ക്കരിക്കണം. ഏതൊരു ജോലിയും കിട്ടിക്കഴിയുമ്പോൾ അത് ചെയ്യാനുള്ള പരിശീലനങ്ങളും ലഭിക്കും. ലഭിക്കണം. അദ്ധ്യാ‍പനത്തിനും അതെ. അല്ലാതെ ഒരു ടി.ടി.സി കൊണ്ടോ ബി-എഡു കൊണ്ടോ പഠിപ്പിക്കാനുള്ള എല്ലാ കഴിവുകളും പരിശീച്ചുകഴിയും എന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റാണ്. ഞാൻ പറഞ്ഞ (ആരോപണങ്ങൾ എല്ലാ അദ്ധ്യാപകർക്കും ബാധകമല്ലെന്ന് എടുത്തുപറയുന്നു. അങ്ങനെയല്ലാത്ത കുറച്ചുപേർ- വളരെ കുറച്ചുപേർ ഉണ്ടാകും

Thursday, July 11, 2013

ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ dhanarthi

വിശ്വമാനവികം 1-ൽ ഈ ലിങ്കിൽ ഉള്ള പോസ്റ്റിൽ ഞാൻ ഇട്ട ഒരു മറുപടിക്കമന്റ്. ധനാർത്തിയുടെ രാഷ്ട്രീയഫലങ്ങൾ 

പ്രിയ അത്താണിക്കലേ,

ആ ലാവ്‌ലിൻ കേസും ടി.പി വധത്തിലെ പ്രതികളെ കൊടുക്കലും ഒക്കെ നിങ്ങളും ചാനലുകളും ആഘോഷമാക്കിയതും ഇതുപോലൊക്കെത്തന്നെആയിരുന്നില്ലേ? നിങ്ങൾ ചെയ്യുമ്പോൾ സത്യം, ഇടതുപക്ഷം ചെയ്യുമ്പോൾ രാഷ്ട്രീയമുതലെടുപ്പ് എന്ന നയം ശരിയാണോ? ഒരു പെൺകുട്ടിയെ കാണുന്നത് തെറ്റാണെന്ന് ഇവിടെ ഒരു പ്രതിപക്ഷവും പറഞ്ഞിട്ടില്ല. പെണ്മറവിൽ നടന്ന തട്ടിപ്പുകൾക്കെതിരെയും ഭരണ സിരാ കേന്ദ്രത്തെ ഇത്തരം അവിഹിത കാര്യങ്ങൾക്ക് ദുരുപയോഗിച്ചതിനും എതിരെയാണ് ഇടതുപക്ഷം താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ കലാപം ഉയർത്തിക്കൊണ്ടുവരുന്നത്. സ്ത്രീകളെ കാണുന്നതും വീളിക്കുന്നതും ഒന്നും തെറ്റല്ല. പക്ഷെ പിന്നെ കണ്ടതും വിളിച്ചതും പോയതും വന്നതും ഒക്കെ മറച്ചുവയ്ക്കാൻ ശ്രമിച്ച അപഹാസ്യരായതെന്തിനാണ്? ഇപ്പോൾ പാവം സ്ത്രീകളുടെ തലയിൽ എല്ലാം കെട്ടിവച്ച് മറ്റുള്ളവർ തടിതപ്പുകയല്ലേ? ഇതാണ് പുരുഷാധിപത്യം. പിന്നെ പ്രിയ ഷാജി പറഞ്ഞതുപോലെ ഒക്കെ മാധ്യമങ്ങളുടെയും ഇടതുപക്ഷത്തിന്റെയും കളികളാണ്, സത്യമല്ല എങ്കിൽ ആ പേർസണൽ സ്റ്റാഫുകളെ പുറത്താക്കിയതെന്തിന്? ഇപ്പോൾ ഓരോരോ കുറ്റാരോപിതർ ജയിലിലേയ്ക്ക് പോകുന്നതെന്തുകൊണ്ട്? ഇവിടുത്തെ കോടതികളും തിരുവഞ്ചൂരിന്റെ പോലീസുമൊക്കെ ഇടതുപക്ഷതാല്പര്യത്തിനനുസരിച്ച് ഇപ്പോൾ തുള്ളുമെന്നാണോ? പറ്റിയതു പറ്റി. ഇനി വീണിടത്തു കിടന്നുരുളാതിരുന്നാൽ മതി. പിന്നെ മുഖ്യമന്ത്രി രാജി വയ്ക്കാനൊന്നും പോകുന്നില്ലെന്നും അതിനുള്ള വിശാല മനസ്കതയൊന്നും ഇപ്പോൾ അദ്ദേഹം കാണിക്കുമെന്നും പ്രതിപക്ഷം വിചാരിക്കുന്നതൊന്നുമില്ല. പക്ഷെ ജനങ്ങളുടെ പ്രതിഷേധങ്ങളെ എത്രമേൽ അദ്ദേഹത്തിന് അതിജീവിച്ചു പോകാൻ കഴിയും എന്നത് കണ്ടുതന്നെ അറിയുക. പ്രത്യേകിച്ച് പാളയത്തിൽതന്നെ വേറെ പടകളുള്ളപ്പോൾ!

Thursday, January 10, 2013

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു ഫെയിസ്‌ബൂക്ക്പോസ്റ്റിൽ ഇട്ട കമന്റ്

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു  ഫെയിസ്‌ബൂക്ക് പോസ്റ്റിൽ ഇട്ട കമന്റ്

മാഷ്: "പുസ്തകത്തിലെ കമ്മ്യൂണിസത്തെ ഞാൻ എതിർക്കുന്നില്ല. എന്ന് മാത്രമല്ല ആ കമ്മ്യൂണിസത്തെ താലോലിക്കുകയും ചെയ്യുന്നു". അത്രയുംസമാധാനം. പിന്നെ അന്യ സംസ്ഥാനങ്ങളിലേയ്ക്കുള്ള കുടിയേറ്റം. ഹിന്ദുനാമധാരികൾക്കും കമ്മ്യൂണിസ്റ്റ് അല്ലാത്തവർക്കും കേരളത്തിനു പുറത്ത് കുഴപ്പമൊന്നുമില്ല. നമ്മുടെ സ്ഥിതി അതല്ലല്ലോ. കമ്മ്യൂണിസത്തിനു ശക്തിയുള്ള ഇവിടെത്തന്നെ ഇപ്പോൾ ഭരിക്കുന്നത് സാമുദായികസംഘടനകളും മത തീവ്രവാദികളുമാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ മുസ്ലിങ്ങളെയോ മുസ്ലിങ്ങൾ തിരിച്ചോ മനുഷ്യരായിത്തന്നെ അംഗീകരിക്കുന്നില്ല. മുസ്ലിം ഇരിക്കുന്ന ആട്ടോയിൽ ഹിന്ദുവോ ഹിന്ദു ഇരിക്കുന്ന ആട്ടോയിൽ മുസ്ലീമോ കയറില്ലത്രേ. മുസ്ലിമിന്റെ ചായക്കടയിൽ നിന്ന് ഹിന്ദുവോ ഹിന്ദുവിന്റെ ചായക്കടയിൽ നിന്ന് മുസ്ലീമോ ചായ കുടിക്കില്ലത്രേ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത് ഇന്ത്യയാണെന്നോ അത് നമ്മുടെ രാജ്യമാണെന്നോ അറിയാനും മനസിലാക്കാനുമുള്ള അറിവൊന്നും അവർക്കില്ലല്ലോ. അതാണ് വിവരവും വിദ്യാഭ്യാസവും. മതേതര കക്ഷിയായ കോൺഗ്രസ്സ് ദീർഘകാലം ഭരിച്ച ഇന്ത്യയുടെ സ്ഥിതിയാണിത്. അതുകൊണ്ട് ചുമ്മാ ഭൂമിതന്നാലും പല സംസ്ഥാനങ്ങളിലേയ്ക്കും നമ്മളില്ല. കമ്മ്യൂണിസ്റ്റുകാർ ഉഴുതുമറിച്ച ഒരു മണ്ണിലെ താമസം നൽകുന്നതിനേക്കാൾ സുരക്ഷിതത്വം മറ്റുള്ള സംസ്ഥാനങ്ങളിലാണെന്ന വിശ്വാസം മാഷിനെ രക്ഷിക്കട്ടെ. നാളെ മറിച്ചുപറയാൻ ഇടവരാതെയുമിരിക്കട്ടെ. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. അതിന്റെ സൗന്ദര്യം പോരാന്നു തോന്നി കണ്ണുകുത്തിപ്പൊട്ടിക്കുമ്പോൾ അറിയാം കണ്ണിന്റെ മഹത്വം. ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റുകൾ മതാധിഷ്ഠിതരാഷ്ട്രീയ പാർട്ടികളോ മതതീവ്രവാദികളോ ഒന്നുമല്ല, കമ്മ്യൂണിസ്റ്റുകാരാണെന്ന് പറയാൻ മാത്രം വെറുപ്പ് മാഷിന് കമ്മ്യൂണിസത്തോടുണ്ടായതിൽ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. ഒരു കാര്യമെങ്കിലും മാഷിനെ പോലുള്ളവർ ഓർക്കുക. കമ്മ്യൂണിസ്റ്റുകാർ എവിടെയും അണികൾക്ക് ആയുധ പരിശീലനം നൽകുകയോ സദാ ആയുധവുമായി നടക്കുവാനോ ആഹ്വാനം ചെയ്യുന്നില്ല. വെട്ടാൻ വരുന്ന പോത്തിനു മുന്നിൽ വേദമോതിയിട്ട് കാര്യമില്ലെന്നു പറയുമ്പോലെ അക്രമോത്സുകസംഘടനകൾ പാർട്ടിക്കു നേരെ ആക്രമണവുമായി വരുമ്പോൾ ആത്മരക്ഷാർത്ഥം ചെറുത്തു നിൽക്കുന്നതല്ല ഫാസിസം എന്ന മിനിമം അറിവ് മാഷിനെ പോലൊരാൾക്ക് ഇല്ലാഞ്ഞിട്ടുമല്ല. മറ്റൊന്ന് കേരളത്തിൽ ആർ.എസ്.എസ് മാർക്സിസ്റ്റ് സംഘർഷം പഴയതുപോലെ ഇപ്പോൾ ഇല്ലാത്തതിൽ വിഷമിക്കുന്ന ചില കമ്മ്യൂണിസ്റ്റ്വിരുദ്ധരും ഇപ്പോൾ ഉണ്ട്. അവർക്ക് സദാ സി.പി.ഐ.എം ഒരു അക്രമസംഘടനയാണെന്ന് വരുത്തി തീർക്കണം. അതിന് സി.പി.ഐ.എമ്മിന് എപ്പോഴും ചെറുത്തു നിൽപ്പുകൾ സംഘടിപ്പിക്കേണ്ടിവരണം. അതിന് ഏതെങ്കിലും ശത്രുക്കൾ പാർട്ടിയ്ക്ക് നേരേ സദാ ആക്രമണം നടത്തണം. പാർട്ടിയെ ഇങ്ങോട്ട് ആരെങ്കിലും ആക്രമിച്ചാലും അതിനെ പാർട്ടി പ്രതിരോധിച്ചാലും ഫാസിസ്റ്റുകൾ സി.പി.ഐ.എമ്മുകാർ മാത്രം. സി.പി.ഐ.എമ്മിനു നേരെയുള്ള ആക്രമണങ്ങൾ വാർത്തയല്ല. നൂറ് ആക്രമണങ്ങൾ സിപി.ഐ.എമ്മിനു നേരെ നടക്കുമ്പോൾ തിരിച്ച് ഒരു അനിഷ്ട സംഭവം നടന്നാൽതന്നെ അത് ആഗോളവാർത്തയാണ്. എന്തായാലും മാഷിന്റെ മുൻകരുതലുകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Tuesday, October 30, 2012

തിലകനും യുക്തിവാദവും മറ്റും


തിലകനും യുക്തിവാദവും മറ്റും

സുബൈദ എന്ന പേരിൽ എഴുതുന്ന ആളുടെ ബ്ലോഗിൽ ഇട്ട ഒരു കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്: യുക്തിവാദിയും, നിരീശ്വരവാദിയും, കമ്യൂണിസ്റ്റും, ഭൌതികനുമായിരുന്ന മഹാനടന്‍   

സുബൈദ പറയുന്നു:  "ഞാന്‍ മനസ്സിലാക്കിയിടത്തോളം കേരളത്തില്‍ യുക്തിവാദം മനുഷ്യന് നിര്‍മ്മാണാത്മകമായ യാതൊന്നും നല്‍കാത്ത ഒരു ആദര്‍ശം മാത്രമാണ്." (സുബൈദ, സ്ത്രീപക്ഷം)

എന്റെ മറുപടി:  ഞാൻ മനസിലാക്കിയേടത്തൊളം യ്ക്തിവാദികൾക്കും ഈ സമൂഹത്തിനുവേണ്ടി പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളെണ്ണത്തിൽ ദുർബ്ബലരാണെങ്കിലും അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആശയപ്രചരണം നടത്തുന്നതിൽ യുക്തിവാദികൾ ചെറുതല്ലാത്ത പങ്ക് വഹിച്ചുപോരുന്നുണ്ട്. അതുപോലെ മതത്തിന്റെയും ആത്മീയതയുടെയും മറവിൽ നടക്കുന്ന തിന്മകളെ തുറന്നു കാണിക്കുന്നതിലും അവർ ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട്. മതക്കാരെ വെറുപ്പിക്കേണ്ടെന്നു കരുതി രാഷ്ട്രീയക്കാർ അത്തരം തിന്മകൾക്കെതിരെ പലപ്പോഴും കണ്ണടയ്ക്കാറുണ്ട്.യുക്തിവാദികൾക്ക് മതപ്രീണനം നടത്തേണ്ട കാര്യമില്ല്ലല്ലോ. ഞാൻ മനസിലാക്കിയേടത്തോളം യുക്തിവാദികളിൽ കുറച്ചുപേർ വരട്ടുതത്വ വാദികൾ ആണെന്നതൊഴിച്ചാൽ സ്വന്തം ആദർശങ്ങളോട് പ്രതിബദ്ധതയുള്ളവരും  മാനവിക ബോധം ഉൾക്കൊള്ളുന്നവരും മതവിശ്വാസികളെ പോലും ആദരവോടെ സമീപിക്കുന്നവരും ആണ്. മതക്കാരെ പോലെ അവർ പ്രകോപിതരും ആകില്ല. ഏറ്റവും പ്രധാനമായി യുക്തിവാദിസംഘക്കാർ എല്ലാത്തരം അക്രമങ്ങൾക്കും എതിരാണ്. മതപക്ഷത്തുള്ളവരെ പോലും അവർ തങ്ങളുടെ വേദികളിൽ പങ്കെടുപ്പിക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ സഹിഷ്ണുതയോടെ ജീവിക്കേണ്ടതെങ്ങനെയെന്നതിന് നല്ല ചില യുക്തിവാദികൾ മാതൃകയാണ്. യുക്തിവാദികളിലും ചിലർ ഞാൻ നേരത്തേ സൂചിപ്പിച്ചതിപോലെ വരട്ടുതത്വവാദികളും, മറ്റുള്ളവരെ വെറുപ്പിക്കുന്ന വാക്കും പ്രവൃത്തിയും കാണിക്കുന്നവരും ഉണ്ട്. അത് എല്ലാ പ്രസ്ഥാനങ്ങളിലും എല്ലാത്തരം ആദർശം കൊണ്ടുനടക്കുന്നവർക്കിടയിലും കാണും. യുക്തിവാദികലെ സാധാരണ അവിശ്വാസികൾ എന്നാണല്ലോ വിളിക്കുന്നത്. എന്നാൽ യുക്തിവാദവും ഒരു വിശ്വാസമാണ്. അതും ഒരു ആദർശമാണ്. അവർക്ക് പറയാനും പ്രവർത്തിക്കാനുമുള്ളത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം അവരും ജനാധിപത്യത്തിനു വിധേയമായി ചെയ്തുകൊള്ളട്ടെ. നിരവധി മത വിശ്വാസങ്ങൾ ലോകത്തുണ്ട്. അവർ എല്ലാവരും തങ്ങളുറ്റേതു മാത്രമാണ് ശരിയായ വിശ്വാസം എന്ന് അവകാശപ്പെടുന്നു. ജനം കൺഫ്യൂഷനിലാകുന്നത് അവിടെയാണ്. അവർക്കിടയിൽ തങ്ങൾ പറയുന്നതാണ് ശരിയെന്ന് യുക്തിവാദികളും സമർത്ഥിക്കാൻ ശ്രമിക്കുന്നു.ഇന്ത്യയിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടല്ലോ. ചുരുക്കത്തിൽ  വിശ്വാസം അതല്ലേ എല്ലാം!

Friday, October 5, 2012

കുടുംബശ്രീയും ജനശ്രീയും

 കെ.പി.സുകുമാരൻ മാസ്റ്ററുടെ  ഈ ലിങ്കിൽ ഉള്ള പോസ്റ്റിൽ  ഇട്ട എന്റെ കമന്റ്
  
കുടുംബശ്രീകളിൽ സി.പി.എം അനുഭാവികൾക്ക് അല്പം മേൽകൈ ഉണ്ടെന്നു പറഞ്ഞാൽ അത് ശരിയായിരിക്കാം.പക്ഷെ കുടുംബശ്രീയേ സി.പി.ഐ.എം ആണ് എന്നൊക്കെ പറയുന്നത് മാഷുടെ സഹജമായ മാർക്സിസ്റ്റ് വിരോധം കൊണ്ടാണ്. കുടുംബശ്രീ ഭാരവാഹികളെ തികച്ചും ജനാധിപത്യപരമായ രീതിയിലാണ് തെരഞ്ഞെടുക്കുന്നതെന്ന് എല്ലാവർക്കും അറിയാം.അതിൽ കൂടുതലും മാർക്സിസ്റ്റ് അനുഭാവികൾ ജയിച്ചു വരുന്നത് സി.പി.എമ്മിനു കേരളത്തിൽ ജനകീയാടിത്തറ ( മാഷ് അത് നിഷേധിച്ചാലും)   ഉള്ളതുകൊണ്ടാണ്. അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഇവിടെ എന്റെ വാർഡടക്കം എത്രയോ സ്ഥലത്ത് കോൺഗ്രസ്സ് അനുഭാവികൾ കുടുംബശ്രീ ഭാരവാഹികളാകുന്നുണ്ട്. എന്റെ വാർഡിലെ കുടുംബശ്രീ ഭാരവാഹി എന്റെ സ്ഥാപനത്തിലെ തന്നെ സഹപ്രവർത്തകയായ കോൺഗ്രസ്സ് അനുഭാവിയായ ഒരു ടീച്ചറാണ്.കുടുംബശ്രീ ഇലക്ഷനിൽ സി.പി.എം അനുഭാവിയായ സ്ത്രീയെ ജയിപ്പിക്കാൻ നമ്മൾ പാർട്ടിക്കാർ കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല.കാരണം ഈ ടീച്ചർക്കായിരുന്നു കൂടുതൽ ജനസമ്മതി. സി.പി.എം അനുഭാവികളായ സ്ത്രീകൾ പോലും ഇവർക്ക് വോട്ട് ചെയ്തു. അങ്ങനെ കേരളത്തിൽ എത്രയോ സ്ഥലത്ത് രാഷ്ട്രീയവും സൗഹൃദവും കലർന്ന മത്സരം നടക്കുന്നു. എത്രയോ കുടുംബശ്രീകളിൽ കോൺഗ്രസ്സുകാർക്ക് മേൽകോയ്മ തന്നെയുണ്ട്. മത്സരം വരുമ്പോൾ ഇടതുപക്ഷവും വലതുപക്ഷവും മുന്നണിയായി നിന്നുതന്നെ തങ്ങളുടെ അനുഭാവികളെ ജയിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എവിടെയും അതിൽ സി.പി.എമ്മിനു മാത്രമായി ഏകപക്ഷീയ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല. കേരളത്തിൽ മുഴുവൻ നിങ്ങളൊക്കെ ആരോപിക്കുന്നതുപോലുള്ള കണ്ണൂർ മോഡൽ പാർട്ടി ഗ്രാമങ്ങൾ ഇല്ലല്ലോ. ഒരു ഇടതു- വലത് മിശ്രണമാണ് കേരളീയ സമൂഹം. മാഷ് പറഞ്ഞതുപോലെ ചാരിറ്റബിൾ സൊസൈറ്റിയൊക്കെ ആർക്കും തുടങ്ങാം. പക്ഷെ അതിന്റെ പേരും പറഞ്ഞ് അന്യായമായി സർക്കാർ പണം തട്ടിയെടുത്ത് ഏതാനും 'ബുദ്ധിമാൻ'മാരുടെ കീശ നിറയ്ക്കുന്ന ഏർപ്പാട് അംഗീകരിക്കുവാനാകുമോ? കുടുംബശ്രീ ആരുടെയും കുടുംബ സ്വത്തല്ല. എന്നാൽ ജനശ്രീ ആരുടെ കുടുംബ സ്വത്താണെന്ന് ഇതിനകം ഏതാണ്ട് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഒരു തട്ടിക്കൂട്ട് പരിപാടിയ്ക്ക് പണം വാരി കോരി നൽകി അതും കുടുംബശ്രീയും ഒരുപോലെയാണെന്ന് വരുത്താനുള്ള ശ്രമം കോൺഗ്രസ്സുകാർ പോലും നല്ലൊരു പങ്കും അംഗീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ കോൺഗ്രസ്സ് അനുഭാവികളടക്കം ഇപ്പോഴും ജനശ്രീയെ അവഗണിച്ച് കുടുംബശ്രീകളിൽ ഉറച്ചു നിൽക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലത്തെ ഏർപ്പാടാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാർ ചെയ്യുന്നത്. കുടുംബശ്രീകളിൽ സി.പി.എം അനുഭാവികൾക്ക് ഭൂരിപക്ഷം ലഭിക്കുന്നതുകൊണ്ട് കുടുംബശ്രീ തന്നെ തകർക്കാമെന്ന്! ഇക്കണക്കിനു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇടതുപക്ഷം ജയിക്കുമ്പോൾ പഞ്ചായത്തുകൾ തന്നെ വേണ്ടെന്നു വയ്ക്കുമല്ലോ കോൺഗ്രസ്സുകാർ.കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചാൽ നാളെ സമാന്തര 'ചാരിറ്റബിൾ" സംസ്ഥാന മുണ്ടാക്കുമോ എം.എം ഹസ്സൻജി?

Tuesday, August 28, 2012

നിലവിളക്കും മതവും

മാതൃ ഭൂമി ഡോട്ട് കോമിൽ ഡോ. കെ.ടി. ജലീൽ എഴുതിയ ലേഖനത്തോട് (അത് ഈ ലിങ്കിൽ  ഉണ്ട്) പ്രതികരിച്ച് യാസർ തന്റെ ബ്ലോഗിൽ (വഴി പോക്കന്റെ ഡയറിക്കുറിപ്പുകൾ) എഴുതിയ പോസ്റ്റിൽ ഞാൻ ഇട്ട കമന്റ്.

നിലവിളക്കും മതവും 

ലേഖനം ചിന്തനീയമാണ്. ഉള്ളിൽത്തട്ടി മാത്രമേ മലബാറിലെ മുസ്ലിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യൂ എന്നുണ്ടെങ്കിൽ നല്ലതുതന്നെ. പക്ഷെ അപ്പോൾ  മലബാറിനു പുറത്തുള്ള മുസ്ലിങ്ങളെല്ലാം കാപട്യക്കാരാണെന്നുള്ള ഒരു ധ്വനി താങ്കളുടെ ലേഖനത്തിലുണ്ടല്ലോ. മുസ്ലിം ഒന്നല്ലേയുള്ളൂ. അതിൽ പിന്നെ മലബാറിലെ മുസ്ലിം തിരുവിതാം കൂറിലെ മുസ്ലിം ഉത്തരേന്ത്യയിലെ മുസ്ലിം എന്നൊക്കെയുണ്ടോ? ജലീ‍ൽ പറഞ്ഞതിൽ അങ്ങനെ ഒരു തരംതിരിവ് ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല. ഇനി ലീഗുകാരെ പറ്റിയാണെങ്കിൽ മലബാറിലെ ലീഗുകാരും തെക്കോട്ടുള്ള ലീഗുകാരും തമ്മിൽ എന്തെങ്കിലും വ്യത്യാസവും കാണാൻ കഴിയുന്നില്ല. അപ്പോൾ പിന്നെ മലബാറിലെ മുസ്ലിങ്ങളെ മാത്രമായോ അവിടുത്തെ ലീഗുകാരെ മാത്രമായോ ജലീൽ ആക്ഷേപിച്ചുവെന്നു കരുതാനാകില്ല. നിലവിളക്ക് കത്തിക്കുന്ന പള്ളികളുണ്ടെന്ന് ജലീൽ പറയുന്നു. അവിടെയൊക്കെ ആത്മാർത്ഥമായി ഉള്ളിൽത്തട്ടി തന്നെയായിരിക്കുമോ നിലവിളക്ക് കത്തിച്ച് ആരാധന നടത്തുന്നത്? മുസ്ലിങ്ങൾക്കിടയിൽ തന്നെ പലയിടത്തും വിശ്വാസങ്ങളിലും ആരാധനാ രീതികളിലും വൈവിദ്ധ്യങ്ങൾ കാണുന്നു. ഏതാണ് ശരിക്കും  ശരിയായ ഇസ്ലാമിക വിശ്വാസം? അത് ആധികാരികമായി ആർക്കാണു പറയാൻ കഴിയുക? ജലീൽ ലീഗിനെ വിമർശിക്കുവാൻ വേണ്ടിയാണ് ആ ലേഖനം എഴുതിയതെന്ന താങ്കളുടെ അഭിപ്രായം  വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ ജലീൽ ഇസ്ലാം മതത്തെ സംബന്ധിച്ച അ അത്ര അറിവില്ലാത്തവനാണെന്ന  താങ്കളുടെ അഭിപ്രായം ശരിയാണോ? അതോ ഇസ്ലാം മതവുമായി  ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത് ലീഗുകാരായ മുസ്ലിങ്ങൾ തന്നെ ആയിരിക്കണമെന്നുണ്ടോ? ജലീലും ഇസ്ലാമിനെ പിൻപറ്റുന്ന ഒരാൾ അല്ലേ? മത പണ്ഡിതനൊന്നുമല്ലെങ്കിലും  അതേ പറ്റി കുറച്ചെങ്കിലും  പഠിച്ചിട്ടുള്ള ആളല്ലേ? മറ്റൊന്ന് എല്ലാ വിശ്വാസികളെയും പറ്റി നല്ല വാക്കുക്മൾ ത്രം പറയുന്ന താങ്കളെ ഞാൻ അഭിനന്ദിക്കുന്നു. യുക്തിവാദികളെക്കുറിച്ചു പോലും നല്ല വാക്കു പറയാൻ താങ്കൾ  സന്നദ്ധത കാട്ടിയതിലും സന്തോഷം. (സാധാരണ വിശ്വാസികൾ നല്ലൊരു പങ്കും അന്യമതങ്ങളൊട് കാട്ടുന്ന സഹിഷ്ണുത പക്ഷെ യുക്തിവാദികളോടും നിരീശ്വര വാദികളോടും കാണിക്കാറില്ല.). മറ്റൊന്നു കൂടി ചോദിക്കട്ടെ. ചില യുക്തിവാദികൾ പൊതുയോഗങ്ങളിൽ പ്രാർത്ഥനാ സമയത്ത് അവർക്കതിൽ  വിശ്വാസമില്ലെങ്കിലും എഴുന്നേറ്റു നിന്ന് വിട്ടുവീഴ്ച ചെയ്യും. എന്നാൽ ചില യുക്തിവാദികൾ ഉള്ളീൽത്തട്ടി ചെയ്യാൻ കഴിയാത്തതിനാൽ പ്രാർത്ഥനാ സമയത്ത് എഴുന്നേറ്റു നിൽക്കില്ല. ഇക്കാര്യത്തിലും താങ്കളുടെ നിലപാട് ഉള്ളിൽ തട്ടിയല്ലെങ്കിൽ ചെയ്യരുതെന്നു തന്നെ ആയിരിക്കുമെന്നു കരുതുന്നു. താങ്കളുടെ ബ്ലോഗിലേയ്ക്ക് ലിങ്ക് നൽകിയതിനും ഈ പോസ്റ്റ് വായിക്കാൻ കഴിഞ്ഞതിനും  ഇവിടെ കമന്റ് എഴുതാൻ കഴിഞ്ഞതിനും താങ്കളോടുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു.  

Sunday, August 26, 2012

ഭരണവും നീതിപീഠവും

ഭരണവും നീതിപീഠവും

മാധ്യമം ദിനപ്പത്രത്തിലെ ഈ ലിങ്കിലുള്ള വാർത്തയിലിട്ട കമന്റ്

ജനാധിപത്യത്തിനു മീതേ പറക്കാൻ നീതി പീഠങ്ങളും ശ്രമിച്ചുകൂട. നിയമ നിർമ്മാണം രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെ ഉത്തരവദിത്തമാണ്. ഭരണ ഘടനാ നിയമങ്ങളും സിവിലും ക്രിമിനലുമടക്കം  ജനപ്രതിനിധി സഭകൾ നിർമ്മിക്കുന്ന എല്ലാ  നിയമങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് നീതി പീഠങ്ങളുടെ ചുമതല. നിയമപരമായ കാര്യങ്ങളിൽ നിയമനിർമ്മാണ സഭകൾക്കും  ഭരണകൂടത്തിനും  ഉപദേശങ്ങൾ നൽകാം. എന്നാൽ നിയമനിർമ്മാണം എന്ന ഉത്തരവാദിത്തം നീതിന്യായ വിഭാഗം ഏറ്റെടുക്കേണ്ട ആവശ്യമില്ല. നിലവിലുള്ള നിയമങ്ങളെ വ്യാഖ്യാനിക്കാം. പക്ഷെ മാറ്റിമറിക്കാൻ നീതിപീഠം ശ്രമിക്കുന്നത് ഉചിതമല്ല.  രാഷ്ട്രീയക്കാർ ഒഴിവാക്കാതാകാത്ത തിന്മയാണെന്നു പറയുന്നിടത്തോളം നീതിപീഠം രാഷ്ട്രീയ സംവിധാനങ്ങളെ പരിഹസിക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിയാനിർമ്മാണ സഭ, എക്സിക്യൂട്ടീവ്, നീതിന്യായ വിഭാഗം എന്നിവയ്ക്ക് പരസ്പര പൂരകവും എന്നാൽ വെവ്വേറെയുമായ ചുമതലകളാണുള്ളത്. ഒന്നിനു മേൽ മറ്റൊന്നിന്റെ അന്യായമായ ഇടപെടൽ പാടില്ലാത്തതാണ്.

ആ മാധ്യമ വാർത്ത ചുവടെ:

ന്യായാധിപര്‍ രാജ്യം ഭരിക്കേണ്ടതില്ല -ചീഫ് ജസ്റ്റിസ്
ന്യൂദല്‍ഹി: ജഡ്ജിമാര്‍ രാജ്യം ഭരിക്കാനോ നയങ്ങള്‍ രൂപപ്പെടുത്താനോ മെനക്കെടേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ. ജുഡീഷ്യറിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എക്സിക്യൂട്ടിവ് വിസമ്മതിക്കുകയാണെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് താന്‍ ആശ്ചര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററില്‍ 'ഭരണഘടനയുടെ വ്യവഹാരശാസ്ത്രം' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ തുറന്നടിച്ചത്. 'ഉറങ്ങാനുള്ള അവകാശം' പോലെയുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ച ശേഷം, ഇത് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുകയാണെങ്കില്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
'ഈ രാജ്യം ജഡ്ജിമാര്‍ ഭരിക്കേണ്ടതില്ല. കര്‍ശനമായ തത്ത്വങ്ങളിലൂടെയേ നാം പോകാവൂ. ഒരു നിയമം നടപ്പാക്കുകയാണെങ്കില്‍ അത് ഭരണനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലാവരുത്. ന്യായാധിപന്മാര്‍ ജനങ്ങളോടല്ല ഉത്തരം പറയേണ്ടത്. ഭരണഘടനയുടെ തത്ത്വങ്ങള്‍ക്കനുസരിച്ചുള്ള വസ്തുനിഷ്ഠതയും അസന്ദിഗ്ധതയുമാണ് പ്രധാനം' -അദ്ദേഹം വ്യക്തമാക്കി.

ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലജിസ്ലേച്ചറും തമ്മില്‍ വ്യക്തമായ അതിര്‍ത്തി നിര്‍ണയിച്ച ഭരണഘടന അനുസരിച്ചാണ് ജഡ്ജിമാര്‍ ചലിക്കേണ്ടതെന്നും കപാഡിയ ഓര്‍മിപ്പിച്ചു. 'ജീവിക്കാനുള്ള അവകാശ'ത്തില്‍ പരിസ്ഥിതി സംരക്ഷണവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമെല്ലാം ഉള്‍പ്പെടുമല്ലോ. ഇപ്പോള്‍ നാം 'ഉറങ്ങാനുള്ള അവകാശ'വും കൊണ്ടുവന്നിരിക്കുന്നു. എങ്ങോട്ടാണ് നാം പോകുന്നത്? ഉറങ്ങാനുള്ള അവകാശം എങ്ങനെയാണ് നടപ്പാക്കുക? അവകാശങ്ങളുടെ പരിധി വിശാലമാക്കുമ്പോള്‍ അവ നടപ്പാക്കാന്‍ കഴിയുന്നതാണോ എന്ന് ആലോചിക്കണം. ഒരു ന്യായാധിപന്‍ നയപരമായ ഒരു തീരുമാനം ഉത്തരവായി ഇറക്കിയാല്‍, അതനുസരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ എന്തു ചെയ്യും.
കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ അതോ ന്യായാധിപന്‍തന്നെ നിയമം നടപ്പാക്കുമോ?' -ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്ര-സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ഭരണഘടനാ തത്ത്വങ്ങള്‍ പാലിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sunday, June 10, 2012

വി.ടി.ബലറാമിനോട്

ബൂലോകം ഓൺലെയിനിൽ വി.ടി. ബലറാമിന്റെ ഈ ലിങ്കിൽ ഉള്ള പോസ്റ്റിലിട്ട കമന്റ് : വി.ടി.ബലറാമിന്റെ ഈ നിരീക്ഷണങ്ങൾ ഏകപക്ഷീയമാണ്. ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനുമേൽ കെട്ടിവച്ച്     ഈ പാർട്ടിയെ ഫാസിസ്റ്റ് പ്രസ്ഥാനം എന്നു മുദ്രയടിച്ച് ജനങ്ങളിൽ വെറുപ്പുളവാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗം മാത്രമാണ് താങ്കളുടെ  ഈ  ബ്ലോഗ് പോസ്റ്റും. ബലറാമിനെ പോലെ  വിവരമുള്ളവർ കമ്മ്യൂണീസത്തിന് എവിടെയും പ്രസക്തിയില്ല എന്നൊക്കെ എഴുതിവയ്ക്കുന്നത് കോൺഗ്രസ്സിൽ നിന്നു കിട്ടിയ സ്ഥാനമാനങ്ങളോടുള്ള കടപ്പാട് ഉള്ളീലിരിക്കുന്നതുകൊണ്ടാകാനേ തരമുള്ളൂ. തങ്ങൾക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന പ്രവണത എല്ലാ പ്രസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിൽ കോൺഗ്രസ്സുകാർക്ക് മേൽകൈയുള്ള എത്രയോ പ്രദേശങ്ങളിൽ ഇത് നടക്കുന്നു. സി.പി.എം ഇന്ത്യയിൽ രണ്ടുമൂന്നിടത്തല്ലേ ഇത്രയും ശക്തമായുള്ളൂ. ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് സി.പി.ഐ.എം പോലുള്ള പ്രസ്ഥാനങ്ങളെ വളരാൻ കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളോ അവയുടെ മാഫിയാ തലവന്മാരായ (കേരളത്തിലെയല്ല. കേരളത്തിനുപുറത്ത്  മിക്കവാറും നേതാക്കൾ എന്നാൽ എന്താണെന്ന് എല്ലാവർക്കുമറിയാം‌) നേതാക്കളോ അനുവദിക്കുമോ? എന്തിന് ബംഗാളിൽ ഇപ്പോൾ മമതയുടെ നേതൃത്വത്തിൽ നടക്കുന്നത് സ്റ്റാലിനിസമാണോ ഫാസിസമാണോ, എന്താണ് താങ്കൾ അതിനെ വിളീക്കുക? കേരളത്തിൽ കോൺഗ്രാസുകാർ ആരെയും കൊലപ്പെടുത്തിയിട്ടില്ലേ? അക്രമം മുഖമുദ്രയാക്കിയ വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾ എത്രയോ കൊലപാതകങ്ങൾ ഇവിടെ നടത്തിയിരിക്കുന്നു. ഇപ്പോൾ മാത്രമെന്തേ മുമ്പില്ലാത്ത വിധം ഇത്ര പ്രത്യേകതകളൂള്ള പ്രതിഷേധം? കണ്ണൂർ ജില്ലയിൽ മാത്രം കൊല്ലപ്പെട്ട സി.പി.ഐ.എം കാരുടെ എണ്ണമെടുത്താൽ മറ്റു പാർട്ടികൾക്ക് അത്രയും നഷ്ടം കേരളത്തിൽ ആകമാനംതന്നെ ഉണ്ടായിട്ടില്ല. അത്രകണ്ട് ശത്രുക്കളും എതിർപ്പുകളൂമുള്ള ഒരു പ്രസ്ഥാനത്തിന് പല ചെറുത്തു നില്പുകളും സംഘടിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ആളപായങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സംഭവിച്ചിട്ടുണ്ടാകാം. മറിച്ച് അക്രമ രാഷ്ട്രീയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും സി.പി.ഐ.എമ്മിന്റെ തലയിൽ കെട്ടി വച്ച് അക്രമവും കൊലപാതകവും നടത്തിയിട്ടുള്ള മറ്റുള്ളവരെയെല്ലാം വെള്ള പൂശുന്നത് സത്യസന്ധമാകില്ല. അക്രമവും കൊലപാതകവും മറ്റും സി.പി.ഐ.എം മാത്രം വിചാരിച്ചാൽ തീരില്ല. എല്ലാവരും ഒരുപോലെ വിചാരിക്കണം. താങ്കൾക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സി.പി.ഐ.എം ആണ് കേരത്തിൽ ഭയപ്പെടേണ്ട സംഘടനയെന്ന്? അക്രമ സ്വഭാവം കൊണ്ടു മാത്രം നിലനിൽക്കുന്ന, അഥവാ നിലനിർത്തുന്ന ഇതര വർഗ്ഗീയ  ഫാസിസ്റ്റു പ്രസ്ഥാനങ്ങളെയൊന്നിനെയും അന്ധമായ മാർക്സിസ്റ്റ് വിരോധം കൊണ്ട് താങ്കൾക്കിപ്പോൾ കാണാൻ കഴിയുന്നില്ലല്ലോ, പ്രിയ ബലറാം! ഇനി ടി.പി ചന്ദ്രശേഖരൻ വധമാണെങ്കിൽ അതിൽ സി.പി.ഐ.എമ്മിനു പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുകയും ആ കൊലപാതകത്തെ സി.പി.ഐ.എം ശക്തമായി അപലപിച്ചിട്ടുള്ളതുമാണ്. ഇനി പാർട്ടിയറിയാതെ പാർട്ടിയുമായി എന്തെങ്കിലും ബന്ധമുള്ളവർ ആ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സി.പി.ഐ.എമ്മിൽ ഉണ്ടാകില്ല. അവർക്ക് സംരക്ഷണവും പാർട്ടി നൽകില്ല. മറ്റൊന്ന് താങ്കളെ പോലുള്ളവർ പറയുന്ന പല അക്രമ സംഭവങ്ങളും മുമ്പ് ഉണ്ടാകുമ്പോൾ ഇപ്പോഴത്തെ   ഈ ആർ.എം.പിക്കാരടക്കം സി.പി.ഐ.എമ്മിനുള്ളീലുണ്ടായിരുന്നു. അന്നൊന്നും സി.പി.ഐഎം ഫാസിസ്റ്റ് പ്രസ്ഥാനമാണെന്ന് അവർക്ക് തോന്നിയിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാ‍നം നഷ്ടപ്പെടുമെന്നായപ്പോഴാണ് അവർ വലിയ ജനാധിപത്യ സംരക്ഷകരായത്. ടി.പി.വധത്തിനു മുമ്പും പിമ്പും ഒഞ്ചിയത്തെ സി.പി.ഐ.എം പ്രവർത്തകർക്കുനേരേ ആർ.എം.പിക്കാർ നടത്തിയ-ഇപ്പോഴും നടത്തുന്ന അക്രമങ്ങളൊന്നും ഫാസിസമല്ലെന്നുണ്ടോ? അതോ സി.പി.ഐ എമ്മുകാരെ ആക്രമിക്കുന്നത്  മറ്റുള്ളവർക്ക് പുണ്യകർമ്മമാണോ?   അക്രമത്തെയും കൊലപാതകത്തെയും ആരും അംഗീകരിക്കില്ല. എന്നാൽ സി.പി.ഐ.എം അക്രമങ്ങൾ  മാത്രം പൈശാചികവും മറ്റുള്ളവർ നടത്തുന്ന അക്രമങ്ങൾ എല്ലാം മൃദുലവും മധുരതരവും എന്നുണ്ടോ? എതിർക്കുമ്പോൾ എല്ലാ അക്രമങ്ങളെയും കൊലപാതകങ്ങളെയും  ഒരു പോലെ എതിർക്കണം. പിന്നെ കമ്മ്യൂ‍ണിസ്റ്റ് പാർട്ടിയില്ലാത്ത ഒരു കേരളം അല്ലെങ്കിൽ ഇന്ത്യ എന്നൊക്കെയുള്ള താങ്കളുടെ സങ്കല്പങ്ങൾ കേവലം തമാശകൾ മാത്രമായേ കാണുന്നുള്ളൂ. ടി.പി വധത്തിൽ പിടിക്കപ്പെട്ടവരിൽ ചില കോൺഗ്രസ് നേതാക്കളുടെ അംഗരക്ഷകരും ഉണ്ടായിരുന്നു എന്നും മറ്റുമുള്ള വാർത്തകൾ താങ്കൾ അറിഞ്ഞിരിക്കുമെന്നും കരുതുന്നു. അന്ധമായ മാർക്സിസ്റ്റ് വിരോധം മാറ്റി നിർത്തി സ്നേഹസംവാദാത്മകമായ വിധം നമ്മുടെ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കൂ. കമ്മ്യൂണിസം അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല, പ്രിയ ബലറാം! 

Friday, April 27, 2012

റിസൾട്ടുകളുടെ വേഗത

 എന്റെ ഈ പോസ്റ്റിൽ ഞാൻ തന്നെ ഇട്ട ഒരു മറുപടിക്കമന്റ്

സുശീൽ,

താങ്കളുടെ കമന്റ് ഒരു പോസ്റ്റായിത്തന്നെ ഇടേണ്ടതാണ്. കുറേ ക്‌ണാപ്പന്മാർ ഇവിടെ പരമ്പരാഗതമായ നൂലാമാലകൾ നിലനിർത്താനും അഥവാ കൂടുതൽ സങ്കീർണ്ണമാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇവന്മാരെയൊക്കെ ചെവിക്കു പിടിച്ച് പുറത്താക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾക്ക് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. പക്ഷെ യന്ത്രങ്ങളായ കുറേ ബ്യൂറോക്രാറ്റുകൾ പറയുന്നത് അപ്പാടെ കേട്ട് ഈ ചുവപ്പുനാട വ്യവസ്ഥ നിലനിർത്താൻ രാഷ്ട്രീയക്കാർ അറിഞ്ഞും അറിയാതെയും സഹകരിക്കുകയാണ്. ഡേറ്റ് ഒഫ് ബർത്ത് തിരുത്താനുള്ള പഴയ സങ്കീർണ്ണതകൾ ഇപ്പോൾ ഇല്ല.( ഒരു ഡേറ്റ് ഒഫ് ബർത്ത് കറപ്ഷൻ പരിഹരിക്കാൻ ഇവിടെ മാസങ്ങൾ എടുക്കുമെന്നറിഞ്ഞ് ലണ്ടലിനുള്ള ഒരു സുഹൃത്ത് പൊട്ടിച്ചിരിച്ചു. അവിടെ ഇത് ഏതനും മണിക്കൂറുകൾ കൊണ്ട് പരിഹരിക്കുമത്രേ!) അതുപോലെ ഇപ്പോൾ റേഷൻ കാർഡ് ഒറ്റ ദിവസം കൊണ്ട് കിട്ടും. ആ രണ്ടു കാര്യത്തിനും ഉമ്മൻ ചാണ്ടിയ്ക്ക് ഒരു അഭിനന്ദനം. പുള്ളിയ്ക്ക് ആരോ കാര്യം പറഞ്ഞപ്പോൾ മനസിലായി. ഇതു ഇടതു പക്ഷത്തും വലതുപക്ഷത്തും ഇരുന്ന പലർക്കും മുമ്പേ ചെയ്യാമായിരുന്നു. പക്ഷെ ആരും പറഞ്ഞു മനസിലാക്കിയിട്ടുണ്ടാകില്ല. അഥവാ അതിനു ശ്രമിച്ചിട്ടുണ്ടായിരിക്കില്ല. അല്ല, നോക്കണേ എന്നിട്ടും ഒരു കുട്ടിയുടെ ജനനത്തീയതി തിരുത്താനുള്ള അധികാരം എങ്ങാണ്ടിരിക്കുന്ന ജോയിൻ രജിസ്ട്രാർക്കാണ്. ഒറിജിനൽ ബർത്ത് സർട്ടിഫിക്കറ്റ് വച്ച് ഒരു സ്കൂൾ ഹെഡ്മാസ്റ്റർക്ക് ചെയ്യാവുന്ന കാര്യമാണ്. ഇങ്ങനെ ഏതെല്ലാം കാര്യങ്ങളിൽ ഇപ്പോഴും നൂലാമാലകൾ കിടക്കുന്നു! എല്ലാം ഒരു ഉമ്മൻ‌ചാണ്ടിയ്ക്ക് മാത്രമായി ചെയ്യാൻ കഴിയില്ലല്ലോ. ഭരണ-പ്രതിപക്ഷങ്ങൾ ഒരുമിച്ച് നിയമമുണ്ടാക്കി പരിഹരിക്കാവുന്ന എത്രയോ കാര്യങ്ങളുണ്ട്. പക്ഷെ അതിന് ആർക്കും നേരമില്ലല്ലോ. ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കുവാൻ രാഷ്ട്രീയക്കാർ കൈകൊർത്താൽ ജനത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാം പരിഹരിക്കപ്പെടും. ഇവിടെ രാഷ്ട്രീയക്കാർക്ക് റോഡ് പണി കൊണ്ടുവരാനേ താല്പര്യമുള്ളൂ. ശതമാനക്കണക്കിൽ കോൺ‌ട്രാക്ടർമാരിൽ നിന്നു കമ്മീഷനും വാങ്ങി വികസനവീരവാദങ്ങളും മുഴക്കി സുഖമായി കഴിയുക. മറ്റ് ജനകീയ പ്രശ്നങ്ങളിലൊന്നും ആർക്കും താല്പര്യമില്ല. ജനങ്ങളുടെ മറ്റ് തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചാൽ ആർക്കും സാമ്പത്തിക ബെനിഫിറ്റ് ഇല്ലല്ലോ. ഫണ്ട് റെയിസിംഗ് നടക്കില്ലല്ലോ. ഈ നാട് നന്നാകില്ല.മനുഷ്യൻ നന്നാകാൻ മനസ്സു നന്നാകണം എന്നു പറയും പോലെ നാട് നന്നാകാൻ രാഷ്ട്രീയം നന്നാകണം എന്നാണ് ഈയുള്ളവന്റെ വിശ്വാസം.ഇതൊക്കെയാണെങ്കിലും എന്റമ്മോ, ഇവിടെ ഈ രാഷ്ട്രീയക്കാർകൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും എത്രയോ ഗുരുതരമായിരുന്നേനേ പ്രശ്നങ്ങൾ!

Sunday, March 18, 2012

കമന്റ്: സ്ത്രീകൾക്കിനിയെന്ത് സ്വാതന്ത്ര്യം?

ദാണ്ടെ ഈ പോസ്റ്റിൽ ഞാൻ തന്നെയിട്ട ഒരു കമന്റ് :സ്ത്രീകൾക്കിനിയെന്ത് സ്വാതന്ത്ര്യം?

സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?

മനോജ്, താങ്കളുടെ കമന്റ് എന്റെ പോസ്റ്റിനെ അർത്ഥപൂർണ്ണമാക്കി. സ്ത്രീകളാരെങ്കിലും വന്ന് ഇടേണ്ട കമന്റാണത്. പക്ഷെ നിർഭാഗ്യവശാൽ പീഡനം ഭയന്നാണോന്നറിയില്ല നമ്മുടെ ബ്ലോഗിലൊന്നും പെണ്ണുങ്ങൾ വാരാറില്ല. അവർക്ക് ഇത്തരം ഗൌരവമുള്ള ചർച്ചകളിലൊന്നും താല്പര്യവുമില്ല. വല്ല അടുക്കള വിശേഷമോ പാചകമോ ഒക്കെ എഴുതി പത്ത് ആണുങ്ങളുടെ കമന്റ് പിടിക്കാനാണ് അതുങ്ങൾക്ക് നേരം. അതൊക്കെത്തന്നെ ഞാനിങ്ങനത്തെ പോസ്റ്റ് എഴുതാനും കാരണം. ആദ്യം സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പഠിക്കട്ടെ.

ഇനി മറ്റ് ചിലതിലേയ്ക്ക്. താങ്കൾ വലിയൊരു തെറ്റിദ്ധാരണ വച്ചുപുലർത്തുന്നു. എന്റെ പോസ്റ്റുകളിൽ ഞാൻ എഴുതുന്നതെല്ലാം എന്റെയോ ഞാൻ ഉൾക്കൊള്ളുന്ന പാർട്ടിയുടെയോ നിലപാടുകൾ ആകണമെന്നില്ല. അത് എന്റെ മുൻ പോസ്റ്റുകൾ പലതും വായിച്ചാൽ മനസിലാകും. തികച്ചും പാർട്ടിവിരുദ്ധമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന പോസ്റ്റുകളും ചിലവൈകാരിക നിമിഷങ്ങളിൽ ഞാൻ എഴുതിയിട്ടുണ്ട്. ആതമാർത്ഥതകൊണ്ടുമാത്രം. കൂടാതെ കേവലം ചർച്ചയ്ക്കായും  തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധമായ വരികൾ പോലും എന്റെ ചില പോസ്റ്റുകളിൽ കാ‍ണാം.ചർച്ചകളിലൂടെയാണ് ഓരോ പോസ്റ്റും പൂർണ്ണതയിലാകുന്നത് എന്നാണെന്റെ വിശ്വാസം.കാരണം എന്റെ ബ്ലോഗ് എന്റെയോ എന്റെ പാർട്ടിയുടേയോ ജിഹ്വ അല്ല. അതൊരു ചർച്ചാവേദിയാണ്. കൂടുതലും സ്വന്തം നിലപാടൂകൾക്കായിരിക്കും അവിടെ ഒരു സ്വാഭാവികമുൻ‌തൂക്കം ലഭിക്കുക എന്നത് ഒഴിവാക്കാനുമാകില്ല. 

മാത്രവുമല്ല കണ്മുന്നിൽ കാണുന്ന ചില യാഥാർത്ഥ്യങ്ങൾ എഴുതുമ്പോഴും പലപ്പോഴും നമ്മുടെ നിലപാടുകൾ മറക്കും. സ്ത്രീ വിഷയത്തിൽ നമുക്കുചുറ്റും കാണാൻ കഴിയുന്ന യാഥാർത്ഥ്യങ്ങൾ മറച്ചുവച്ച് ഈ വിഷയം ചർച്ച ചെയ്തിട്ട് കാര്യമില്ല എന്നതും കാണണം. സംവരണം കൊണ്ട് മാത്രം സ്ത്രീകളുടെ പ്രശ്നങ്ങൾ തീരുമെന്ന് ഞാൻ കരുതുന്നില്ല. സംവരണവും നിയമപരിരക്ഷകളുമെല്ലാം സ്ത്രീവിമോചനത്തിലുള്ള സർക്കാർ വിലാസം സപ്പോർട്ടുകളാണ്. എന്നാൽ അതുകൊണ്ടൊന്നും സ്ത്രീ സമൂഹത്തിനു മുന്നിൽ ഉയർന്നുനിൽക്കുന്ന പലവെല്ലുവിളികൾക്കും പരിഹാരം കാണുവാൻ ഇനിയും സാധിച്ചിട്ടില്ല. എന്റെ പോസ്റ്റിലെ ചില പ്രതിലോമമെന്ന് തോന്നിയ  ആശയങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് താങ്കൾ അതിനെ വിലയിരുത്തിയത്. പക്ഷെ അതിൽ ചിൽ യാഥാർത്ഥ്യങ്ങൾ തുറന്നു സൂചിപ്പിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് കണ്ണടച്ച് നാം ഇരുട്ടാക്കേണ്ട കാര്യമില്ല.

ഒരുത്തന്റെ മുന്നിൽ ഒരിക്കൽ തല വച്ചുപോയെന്നും അവനിൽനിന്ന് സന്താനങ്ങളുണ്ടായിപോയി എന്നും കരുതി ആയുഷ്കാലം അവന്റെ ചവിട്ടും തൊഴിയുമേറ്റ് ജീവിതം തുലയ്ക്കുന്നതിനോട് ഒട്ടും യോജിപ്പുള്ള ആളല്ല ഞാൻ. ജീവിതം ഒരിക്കലേയുള്ളൂ. പക്ഷെ അതിനുള്ള ധൈര്യം ഇവിടുത്തെ സ്ത്രീകൾക്കില്ല. മദ്ധ്യസ്ഥന്മാർ പലപ്പോഴും  ഭർത്താവിനാൽ പീഡിതയായ കുടുംബിനിയോട് പറയാറുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് പൊക്കൂടേയെന്ന്! എപ്പോഴും സ്ത്രീയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടത്. സ്ത്രീസ്വാതന്ത്ര്യവാദികളായ ജഡ്ജിമാർ പോലും അങ്ങനെയൊക്കെത്തന്നെ പറയുന്നത്. ആകെ മൊത്തം ഞാൻ പറഞ്ഞു സമർത്ഥിക്കാൻ ശ്രമിച്ചത് സ്ത്രീകൾക്ക് എല്ലാ വിധ സ്വാതന്ത്ര്യവും ഇവിടെയൂണ്ട്, പക്ഷെ അവർക്ക് അത് പൂർണ്ണമായി ആസ്വദിയ്ക്കാനാകുന്നില്ല എന്നാണ്. മറ്റൊന്ന് സ്ത്രീയും പുരുഷനും തമ്മിൽ നിഷേധിക്കാനാകാത്ത ചില വ്യത്യാസങ്ങൾ ശാരിരികമായും മാനസികമായും ഉണ്ട് എന്നത് കണക്കിലെടുക്കാതിരിക്കേണ്ട കാര്യമില്ല.

യാഥാർത്ഥ്യബോധത്തിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഏതൊരു ലക്ഷ്യവും പൂർത്തീകരിക്കാൻ കഴിയൂ. സ്ത്രീ വിഷയത്തിൽ എന്റെ എഴുത്തും പ്രസംഗവുമൊക്കെ ഈ പോസ്റ്റ് പോലെ പ്രകോപനപരമാണ്. പക്ഷെ സ്ത്രീകളോടുള്ള എന്റെ വ്യക്തിപരമായ സമീപനം തികച്ചും കമ്മ്യുണിസ്റ്റ് ബോധം ഉൾക്കൊണ്ടുള്ളതുതന്നെയാണ്. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നടത്തുന്ന പ്രതികരണങ്ങളിൽ മുൻ നിരയിൽ തന്നെ നിൽക്കുന്ന ആളാണു ഞാൻ. തിരുവനന്തപുരത്ത് അടുത്തകാലത്ത് നടന്ന  ഫ്രീഡം വാ‍ക്കു പോലുള്ള പരിപാടിയുടെ സംഘാടകരിൽ ഒരാ‍ളാണു ഈ വിനീതനും എന്നതും താങ്കൾ അറിയുക.സ്ത്രീകൾ നടത്തുന്ന പലപ പരിപാടികളും ഏറ്റെടുത്ത് വിജയിപ്പിച്ചു കൊടുക്കുന്ന പാരമ്പര്യവും ഇപ്പോഴും തുടരുന്നുണ്ട്. ഒരു പക്ഷെ പാർട്ടിയ്ക്ക് സ്ത്രീ വിഷയത്തിൽ ഉള്ളതിനേക്കാൾ കടുത്ത പുരോഗമന നിലപാടുകളാണ് സ്ത്രീ  വിഷയത്തിൽ ഈയുള്ളവന് ഉള്ളത് എന്നതാണ് സത്യം.പക്ഷെ സമൂഹമൊന്നായി എന്നെ പോലെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്ന സങ്കല്പത്തിൽ ഊന്നി നിന്ന് ഒരു വിഷയവും കൈകാര്യം ചെയ്യാനാകില്ല.  വിവാഹിതരായാൽ ഭാര്യയും ഭർത്താവും രണ്ടല്ല ഒന്നാണ് എന്ന നിലപാട് എനിക്കുണ്ട് എന്നു കൂടി അറിയിക്കട്ടെ.

മറ്റൊന്ന് ചിലർ ചോദിക്കും പോലെ ഭർത്താവിന് അടുക്കളയി കയറിയാലെന്താ എന്നൊന്നും ചോദിക്കുന്നതല്ല സ്ത്രീ സ്വാതന്ത്ര്യവാദം. ആണുങ്ങൾ അടുക്കളയിൽ കയറരുതെന്ന് ആരും പറയുന്നുമില്ല. ജീവിതം ഇരുമെയ്യും മനമൊന്നുമായി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നത് സ്ത്രീവിരുദ്ധ ആശയമല്ല. എന്ന് മനോജ് പറഞ്ഞെന്നല്ല. എനിക്കിപ്പോൾ തോന്നുന്നതും കൂടിയൊക്കെ എഴുതുന്നുവെന്നുമാത്രം. പിന്നെ താങ്കൾ പറഞ്ഞ ദാ ഈ കാര്യം എന്റെ പോസ്റ്റിനെ കൂടുതൽ പ്രസക്തമാക്കുന്നതേയുള്ളൂ കേട്ടോ!

മനോജ് പറഞ്ഞു: “സ്ത്രീകൾക്ക് ഭരണതലത്തിൽ സംവരണം കിട്ടി പോലും!!! ഏത് സ്ത്രീയെയാണു രാഷ്ട്രീയ പുരുഷന്മാർ സ്വതന്ത്രമായി ഭരിക്കുവാൻ വിടുന്നത്??? ഒരു കളിപാവയെ പോലെ മുന്നിൽ നിറുത്തി പുരുഷൻ ഭരിക്കും എന്നതിന്റെ നല്ല ഉദാഹരണമല്ലേ റാബറി. സ്ത്രീ സംവരണം വന്നപ്പോൾ തങ്ങളുടെ അധികാരം പോകുമെന്ന് കണ്ട് സ്വന്തം വീട്ടിലുള്ള സ്ത്രീകളെ ഇലക്ഷനു നിറുത്തുന്ന രാഷ്ട്രീയപുരുഷ വർഗ്ഗമല്ലേ നമുക്ക് ചുറ്റുമുള്ളത്!!! ഇടത് പാർട്ടികളിൽ പോലും ഈ പ്രവണത കടന്നു പിടിച്ചു!!!“

അതൊക്കെത്തന്നെ ഞാനും പറയുന്നത്.

പിന്നെ സുശീലൻ പറഞ്ഞകാര്യങ്ങൾ സംബന്ധിച്ച് ഞാൻ ഒരു പോസ്റ്റ് ഭാവിയിൽ എഴുതുന്നുണ്ട്. മതവേഷങ്ങൾ ഇന്ന് പലർക്കും ഒരു ഫാഷൻ ആണ്. ചിലർക്ക് അത് ഒരു പ്രഖ്യാപനവും. (പ്രഖ്യാപിക്കുനതെന്താണെന്ന് എടുത്ത് പറയേണ്ടല്ലോ) ചില ഫെമിനിസ്റ്റുകൾ പോലും ഈ വേഷങ്ങൾ ധരിക്കുന്നുണ്ട്. എന്തുപറയാൻ! ആരും നിർബന്ധിച്ചിട്ടൊന്നുമല്ല അവർ ഈ വേഷം ധരിക്കുന്നത്. ഭർത്താക്കന്മാരും പറയാറില്ല. (പറയുന്നവരുമുണ്ട്) .ഭർത്താക്കന്മാർ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നേയുള്ളൂ. ആണുങ്ങൾ സാധാരണ വേഷത്തിൽ നടക്കും. അവരുടെ ഭാര്യമാർ മതവേഷം ധരിക്കും. ഭൂരിപക്ഷവും അങ്ങനെ തന്നെ. ആളുകൾ അവരുടെ മതസ്വാതന്ത്ര്യം പ്രഖ്യാപിച്ച് നടക്കുന്നിടത്ത് കമ്മ്യൂണിസ്റ്റുകാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

കുറച്ചുകൂടി എഴുതാനുണ്ട്. ഇപ്പോൾ വേറെ ചില ജോലികൾ ഉണ്ട്. കൈയ്ക്കൊരു വിശ്രമവും ആവശ്യമാണല്ലോ!