ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, July 29, 2011

ബ്ലോഗ്ഗേഴ്സും മുഖ്യധാരക്കാരും


ബ്ലോഗ്ഗേഴ്സും മുഖ്യധാരക്കാരും

വിശ്വമാനവികം 1 ലെ ഈ പോസ്റ്റിൽ വന്ന (തൊടുപുഴ മീറ്റ്) ഒരു കമന്റിനുള്ള മറുപടി.

സുശീൽ,

താങ്കൾ രണ്ടാമത് പറഞ്ഞതിൽ ചില സത്യങ്ങൾ ഇല്ലാതില്ല. വലിയ എഴുത്തുകാരായി കഴിഞ്ഞാൽ ചിലർ അങ്ങനെയാണ്. അവർ എഴുതുന്നതിനെ വിമർശിച്ചാൽ ഇഷ്ടമാകില്ല എന്നത് സ്വാഭാവികം എന്നെങ്കിലും പറയാം.പക്ഷെ മറ്റാരെങ്കിലും വല്ലതും എഴുതി ഇതു കൊള്ളാമോ എന്ന് ഒന്നു നോക്കാൻ പറഞ്ഞ് ഒരു വലിയ എഴുത്തിസ്റ്റിനെ കാണിച്ചിട്ട് അയാളുടെ മോന്ത ഒന്നു നോക്കി ഇരിക്കണം. എടുക്കാത്ത പൈസയിൽ നോക്കുമ്പോലെയുള്ള ആ നോട്ടവും പുച്ഛവും ഒക്കെ ഒന്നു കാണേണ്ടതാണ്.

പത്രബന്ധുക്കളുടെ തിണ്ണനിരങ്ങി എഴുത്തിസ്റ്റായവരുടെ ജാഡയും ഗമയും സഹിക്കവയ്യാതെ സാക്ഷാൽ ദൈവം (ദൈവം ഉണ്ടോ ഇല്ലയോ എന്നത് തൽക്കാലം അവിടെ നിൽക്കട്ടെ!) ഗൂഗിൾ വഴി അവതരിപ്പിച്ചതാണീ ബ്ലോഗ്. ഇനിയിപ്പോൾ നമ്മൾ മാത്രമാണ് വലിയ എഴുത്തുകാർ എന്ന് ആർക്കും ചമഞ്ഞു നടക്കാനാകില്ല. വലിയ മുഖ്യധാരാ (എന്തു മുഖ്യധാര !)എഴുത്തുകാർ എഴുതുന്നതിനേക്കാൾ മികച്ച സൃഷ്ടികൾ ഇന്ന് ബ്ലോഗുകളിൽ വരുന്നുണ്ട്. നിലവാരം ഉള്ളതും ഇല്ലാത്തതുമൊക്കെ പ്രിന്റ് മീഡിയയിലും വരും ബ്ലോഗിലും വരും. അതൊക്കെ സ്വാഭാവികം.

തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ വച്ച് നന്നായി ബ്ലോഗ് എഴുതുന്ന എരു മഹതി ഒരു കവിത എഴുതി അവിടെ ഉദ്ഘാടനത്തിനു വന്ന ഒരു പ്രമുഖ സാഹിത്യകാരിയുടെ കൈയ്യിൽ കൊടുക്കുന്നതും അത് ഒന്നു മറിച്ചും തിരിച്ചും നോക്കിയിട്ട് നിർവികാരതയോടെ തിരിച്ചു നൽകുന്നതും ഞാൻ കണ്ടിട്ടുണ്ട്.വായിച്ചുനോക്കാനുള്ള സഹിഷ്ണുതപോലും കാണിച്ചില്ല. അവറ്റകളുടെയൊക്കെ കൈയ്യിൽ ഇതൊക്കെ നോക്കാൻ കൊണ്ടു കൊടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ.

ഏതെങ്കിലും സാഹിത്യ വിഭാഗങ്ങൾക്ക് പ്രത്യേക നിയമങ്ങളും നിബന്ധനകളും ഒന്നുമില്ല. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ആവശ്യമുള്ളവർ കൊണ്ടു നടക്കട്ടെ. ബ്ലോഗ് എഴുതാൻ അക്ഷരം അറിഞ്ഞാൽ മതി. വായിക്കുന്നവരിൽ ആർക്കെങ്കിലും അത് ഇഷ്ടപ്പെട്ടെങ്കിൽ അത് സാഹിത്യം തന്നെ. ഈ മുഖ്യധാരന്മാരുടെ ആരുടെയും സർട്ടിഫിക്കറ്റുകൾ ഒന്നും വേണ്ട. ഒരു പത്രാധിപനെയും പ്രസാധകനെയും മണിയടിക്കാതെ ഒരാൾക്ക് തന്റെ മനസിലുള്ള കാര്യങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്ന സ്വതന്ത്ര മാധ്യമമാണ് ഇന്റെർനെന്റിന്റെ ലോകത്ത് തുറന്നു കിട്ടിയിരിക്കുന്നത്. അതിന്റെ സന്തോഷം ഈ രംഗത്തെത്തിയവർക്ക് പങ്കുവയ്ക്കാതിരിക്കാനാകില്ല. അതിന്റെ ഭാഗമാണ് ബ്ലോഗ് മീറ്റുകൾ.

ബ്ലോഗ് മീറ്റുകളിൽ അദ്ധ്യക്ഷനോ ഉദ്ഘാടകനോ ഒന്നും സാധാരണ ഉണ്ടാകാറില്ല. അതുകൊണ്ട് പ്രോട്ടോ കോൾ പ്രശ്നങ്ങളും ഇല്ല. ( ആർ ആരേക്കാൾ വലിയവൻ എന്നതാണല്ലോ ഈ പ്രോട്ടൊ കോൾ). അതൊന്നും ഇതുവരെ മീറ്റുകളിൽ ഉണ്ടായിട്ടില്ല.ഒരു ഔപചാരികതകളും ഇവിടെ ഇല്ല. ഇന്ന് ഒരു സാധാരണക്കാരന് ബ്ലോഗിൽ, എന്തിന് ഫെയിസ് ബൂക്കിൽ പോലുംകിട്ടുന്ന വായനക്കാരന്റെ നൂറൊലൊരംശം ഈ മുഖ്യധാരാ ജാഡിസ്റ്റ് എഴുത്തുകാർക്ക് ലഭിക്കില്ല. വായനശാലകളിൽ ഒരുപാട് മാ‍റാല പിടിച്ചിരിക്കുന്നുണ്ട്.

(ഞാൻ മേൽ പറഞ്ഞ കാര്യങ്ങൾ പോസും ഗമയും ജാഡയുമായി നടക്കുന്ന ഒരു വിഭാഗം എഴുത്തുകാരെ മാത്രം ഉദ്ദേശിച്ചാണ്. എഴുത്തുകാരായ നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്)

Thursday, July 28, 2011

തൊടുപുഴ മീറ്റ് വാർത്താ പോസ്റ്റിൽ ഇട്ട ഒരു കമന്റ്

തൊടുപുഴ മീറ്റ് വാർത്താ പോസ്റ്റിൽ ഇട്ട ഒരു കമന്റ്

എന്റെ തന്നെ ഒരു പോസ്റ്റിൽ വന്ന ഒരു കമന്റിനിട്ട മറുപടിയാണിത്. ബന്ധപ്പെട്ട പോസ്റ്റും കമന്റും വായിക്കാൻ ലിങ്കു വഴി വിശ്വമാനവികം 1 -ൽ എത്തുക

സുശീൽ,

നാം അനാവശ്യമായും ആരോഗ്യത്തിനു ഹാനികരമായും ആർഭാടത്തിനായും ഒക്കെ ചെലവാക്കുന്ന കാശുകളെ പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. അതു വച്ചു നോക്കുമ്പോൾ ഇതൊക്കെ നല്ല കാര്യങ്ങളല്ലേ? എലാറ്റിനെയും കാശിന്റെ അളവുകോലിലൂടെ മാത്രം നോക്കിക്കാണുന്നത് ശരിയല്ല. ഈയുള്ളനെ സംബന്ധിച്ച് കാശ്‌ അധികം ഉണ്ടായിട്ടല്ല; തീരെ ഇല്ലെന്നുതന്നെ പറയാം.കാശില്ലാത്തതിന്റെ വിഷമം അല്പനേരത്തേയ്ക്കെങ്കിലും മറക്കാനും ഇത്തരം ചില സന്തോഷങ്ങൾ ഉപകരിക്കും. മനുഷ്യനു മനുഷ്യനെ സ്നേഹിക്കാൻ പറ്റാത്തതാണ് എന്നും ലോകത്തെവിടെയും അശാന്തി വിതച്ചിട്ടുള്ളത്. ഇന്നും അതങ്ങനെ തന്നെ. ഇതിനിടയിൽ കിട്ടിയാലുമില്ലെങ്കിലും സ്നേഹത്തിന്റെ ഒരു ചെറിയ തുരുത്തെങ്കിലും തേടി പോകുന്നവരെ നിരുത്സാഹപ്പെടുത്താതിരിക്കുക. ആധുനിക സൈബർ യുഗത്തിന്റെ നല്ലതും മാനവികവുമായ ഫലങ്ങളിൽ ഒന്നാണ് ഇ-എഴുത്തുകാരുടെ ഇത്തരം ഒത്തുചേരലുകൾ!

Thursday, July 21, 2011

കള്ളിനെപ്പറ്റി


മുക്കുവന്റെ ബ്ലോഗിലിട്ട കമന്റ്

ഇതിനോട് യോജിപ്പാ‍ണ്. നിരോധിക്കും നിരോധിക്കും എന്ന് വീമ്പ് പറയുന്ന സമ്പൂർണ്ണ മദ്യപാനികളായ സമ്പൂർണ്ണ മദ്യ നിരോധന വാദികളോട് ഞാൻ പറയുന്നു അത്രയ്ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങ് നിരോധിക്കെന്നേ!ഒരാൾക്ക് നാലും അഞ്ചും പാസ്പോർട്ട് ഉണ്ടാക്കുന്ന ഏജൻസികൾ ഉള്ള ഒരു രാജ്യത്ത് മദ്യം നിരോധിച്ചാൽ അതുണ്ടാക്കാനല്ലേ വലിയ പ്രയാസം! പുതിയ പുതിയ മദ്യരാജാക്കന്മാരെ സൃഷ്ടിക്കാനേ മദ്യ നിരോധനം ഉപകരിക്കൂ എന്ന് ആ‍ർക്കാണറിയാത്തത്. ഇത് ഇതൊന്നുമല്ല കാര്യം. സമ്പൂർണ്ണ മദ്യ നിരോധനം എന്ന ആശയത്തോട് ഇടതുപക്ഷം തത്വത്തിൽ യോജിക്കുന്നില്ല. അതുകൊണ്ട് അതിനെതിരായ ഒരു നയം യു.ഡി.എഫുകാർ പറഞ്ഞു നടന്നില്ലെങ്കിൽ പിന്നെന്തര്? ആദ്യം മാന്ത്രി സഭയിൽ ഉള്ളവരുടേതടക്കമുള്ള നേതാക്കളുടെ ബാറുകൾ പൂട്ടിക്കാണിക്കട്ടെ!

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ് 

 

 മദ്യനയം സംബന്ധിച്ച എന്റെ പോസ്റ്റ് ഇവിടെ

സി.ബി.എസ്.സിയും കേരളയും

Mayflowersന്റെ  Home maker's world  എന്ന ബ്ലോഗിലിട്ട കമന്റ്

"ഈ സി ബി എസ് ഇ ക്കെന്താ കൊമ്പുണ്ടോ?"

കൊമ്പുണ്ട്. കേരള സിലബസിൽ പത്താം തരത്തിൽ പഠിക്കുന്നതെടുത്ത് സി.ബി.എസ്.സിയിൽ ഒന്നാം ക്ലാസ്സിലിടും.എന്നിട്ട് അദ്ധ്യാപകരും രക്ഷിതാക്കളും  കുട്ടികളും കൂടി കൊമ്പുകോർക്കും! കൂട്ടിയുടെ മാനസിക ബുദ്ധിമുട്ടുകൾ അവർക്ക് കാര്യമല്ല.ചുറ്റുവട്ടത്തുള്ള സാധാരണ കുട്ടികളിൽ നിന്നും ഈ സി.ബി.എസ്.സി കുട്ടികളെ ഒരു നിശ്ചിത അകലത്തിൽ നിർത്താൻ രക്ഷകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഈ കുട്ടികൾ യാതൊരു സഹജീവീയ ബോധവുമില്ലാതെ വളർന്നു വരും. സമൂഹത്തിനല്ല, സ്വന്തം മാതാപിതാക്കൾക്കും ഇവർ ഭാവിയിൽ ഉപകരിക്കില്ല. അപ്പോൾ ആ മാതാ പിതാക്കൾക്കും തൃപ്തിയാകും. എല്ലാവരുടെ കാര്യത്തിലും ഇങ്ങനെയാണെന്നല്ല. എന്തായാലും സമൂഹത്തിൽ രണ്ടു തരം തലമുറകൾതന്നെ വളർന്നുവരും. സ്വാഭാവികമായും ഭാവിയിൽ രണ്ട് താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് ഇത് വഴി വയ്ക്കും. സി.ബി.എസ്.സികളിൽ നിന്നും വരുന്ന യാന്ത്രിക ജീവികളുടെയും സാധാരണക്കാരന്റെയും താല്പര്യങ്ങൾ തമ്മിലായിരിക്കും ഈ സംഘർഷം. സമൂഹത്തിൽ അസമത്വം വർദ്ധിപ്പിക്കും ഇത്. ഒന്നുകിൽ എല്ലായിടത്തും ഇംഗ്ലീഷ് മീഡിയവും ഒരേ സിലബസും ആക്കുക. അല്ലെങ്കിൽ ഈ ഇംഗ്ലീഷ് മീഡിയം എടുത്തു കളയുക. ഇംഗ്ലീഷ് മീഡിയം ആയാലേ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കവൂ എന്നില്ലല്ലോ. ലോക ഭാഷയെന്ന നിലയിൽ ഇന്നത്തേതിനേക്കാൾ കുറച്ചുകൂടി പ്രാധാന്യത്തോടെയും ശാസ്ത്രീയമായും ഇംഗ്ലീഷ്-മലയാളം മീഡിയം ഭേദം ഇല്ലാതെ കേരള-സി.ബി.എസ്.എസി ഭേദമില്ലാതെ പഠിപ്പിച്ചാൽ പോരേ? മലയാളത്തിന്റെ നില നില്പ് ഭാവി തലമുറയുടെ കൈയ്യിലാണെന്ന ഓർമ്മ കൂടി ഉണ്ടായിരിക്കുകയും വേണം.

ഇനി ഈ സ്റ്റേറ്റ് സിലബസിൽ ഗ്രേഡിംഗ് സിസ്റ്റം വന്നതും ആരും തോല്പിക്കപ്പെടാതിരിക്കുന്നതും ഒക്കെ നല്ലതുതന്നെ. പക്ഷെ ഇന്നത്തെ പോലെ പാഠ പുസ്തകങ്ങളുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുകയും അതിനു കുട്ടികൾ വായിൽ തോന്നിയ ഉത്തരമെഴുതുകയും അതിന് ഓരോരുത്തർക്കും തോന്നും പടി മാർക്ക് കൊടുക്കുകയും ചെയ്യുന്ന ഏർപ്പാടിൽ ചില മാറ്റങ്ങൾ ആവശ്യമാണ്. പണ്ടത്തെ മോഡലിൽ പഠിച്ച് അന്നത്തെ മോഡലിൽ പരീക്ഷയും എഴുതിയതുകൊണ്ട് ആരും മോശപ്പെട്ടു പോയിട്ടില്ല. എങ്കിലും കാലോചിതമായ മാറ്റങ്ങൾ വേണം. പാഠപുസ്തകങ്ങളിൽ വ്യക്തമായി കാര്യങ്ങൾ എഴുതി വയ്ക്കണം. അതിനെ ആസ്പദമാക്കി ചോദ്യം ചോദിക്കണം. കൃത്യമായ ഉത്തരം എഴുതാൻ കുട്ടിയ്ക്ക് കഴിയത്തക്ക നിലയിലുള്ള ചോദ്യങ്ങൾ ആയിരിക്കണം. ഒപ്പം പൊതുവായ കാര്യങ്ങളിൽ അറിവു വർദ്ധിപ്പിക്കുവാൻ ജനറൽ നോളഡ്ജ് സിലബസിന്റെ ഭാഗമാക്കി അതിനും പരീക്ഷ വയ്ക്കണം. അല്ലാതെ എല്ലാ വിഷയങ്ങൾക്കും ഔട്ട് ഓഫ് സിലബസ് ചോദ്യം ചോദിക്കുന്നത് നല്ലരീതിയല്ല. ഉത്തരങ്ങളേക്കാൾ വലുതാണ് ഇന്ന് ചോദ്യപ്പേപ്പറുകൾ. ദുർഗ്രാഹ്യവും സങ്കീർണ്ണവുമാണ് ചോദ്യങ്ങൾ. ലിബറലായി പേപ്പർ നോക്കുന്നതുകൊണ്ടാണ് എല്ലാവരും ജയിക്കുന്നത്. കൃത്യതയോടെ പേപ്പർ നോക്കിയാൽ ആരെയും ജയിപ്പിക്കാനാകില്ല. അതി സമർത്ഥരായ ഒരു ചെറു ന്യൂനപക്ഷം കുട്ടികൾ ഒഴിച്ച്. പ്രോജക്ടും അസൈന്മെന്റും വരപ്പും കുറിപ്പും ഒക്കെ വേണം.  ആവശ്യത്തിന്. പക്ഷെ അദ്ധ്യാപകർക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മുഴുവൻ പ്രോജക്ടും, അസൈൻ മെന്റുകളും ‘അന്വേഷിക്കു കണ്ടു പിടിക്കൂ’ആയും കുട്ടികൾക്ക് നൽകുന്ന രീതി ശരിയല്ല. കുട്ടികൾ പല വർക്കുകളും ഇന്റർനെറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുകയാണ്. കാരണം അവർക്ക് സ്വയം താങ്ങാവുന്നതിനപ്പുറമുള്ള വർക്കുകൾ കൊടുത്താൽ അതല്ലാതെ അവർ എന്തു ചെയ്യും? പദപ്രസ്നങ്ങളുടെ രൂപത്തിലുള്ള പാഠപുസ്തക ശൈലിയും മാറ്റണം. അന്വേഷിച്ചതും കണ്ടു പിടിച്ചതുമായ കുറെ കാര്യങ്ങൾ പഠിക്കാനാണ് കുട്ടികൾ സ്കൂളിൽ വരുന്നത്. അല്ലാതെസ്വയം അന്വേഷിക്കുവാനും കണ്ടു പിടിക്കാനുമല്ല. ആദ്യം അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കാനാവശ്യമായ സോഴ്സുകൾ കണ്ടു പിടിക്കട്ടെ. പിന്നെയല്ലേ കുട്ടികൾ!

ഞാൻ ചുരുക്കി ഇങ്ങനെ പറയുന്നത് എന്തെന്നാൽ രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം വേണ്ട മലയാളത്തിനു മുന്തിയ പ്രാധാന്യവും, ഇംഗ്ലീഷ് ഹിന്ദി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യവും നൽകണം. സ്റ്റേറ്റ്, കേരള തരം തിരിവുകൾ വേണ്ട പ്ലസ് ടു വരെ കുട്ടികളെ തോല്പിക്കെണ്ട കാര്യമില്ല. ഗ്രേഡ് ചെയ്താൽ മതി. അത്രത്തോളം വർഷം പഠിച്ച കുട്ടികൾ എന്തെങ്കിലുമൊക്കെ അറിവും അനുഭവങ്ങളും ആർജ്ജിച്ചിരിക്കും. അതിനാൽ ഇപ്പോൾ ജയിക്കാൻ വേണ്ട ഡി.പ്ലസിൽ കുറഞ്ഞൊരു ഗ്രേഡ് വേണ്ട. എല്ലാവരും പ്രമോട്ട് ചെയ്യപ്പെടട്ടെ. കാരണം ജയിക്കുന്ന കുട്ടിയുടെയും തോൽക്കുന്ന കുട്ടിയുടെയും മനോഭാവങ്ങൾ രണ്ടായി പോകും. 

ഇന്നത്തെ പാഠപുസ്തകങ്ങളുടെ വലിപ്പം (പാഠങ്ങളുടെയല്ല) കുറയ്ക്കണം. (നമ്മൾ പഠിക്കുന്ന കാലത്തെ പുസ്തകം ചെറിയൊരു ബാഗിൽ ഒതുങ്ങുന്നതായിരുന്നു.ചെറു നോവൽബുക്കും കഥാബുക്കും ഒക്കെ പോലെയേ വലിപ്പമുണ്ടായിരുന്നുള്ളു. ഇന്നത്തെ കുട്ടികൾ വലിയ ഭാണ്ഡവും മുതുകത്തു കെട്ടി കൂനിപ്പോകുന്ന കാഴ്ച ദയനീയമാണ്. (എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾക്ക് പകരം ലാപ് ടോപ്പ് നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു)

വിദ്യാഭ്യാസ മേഖലയിൽ ഇനിയും ഒരു പൊളിച്ചെഴുത്ത് അനിവാര്യം. അതോടുകൂടി ഈ രണ്ടുതരം ഏർപ്പാട് ഇല്ലാതാക്കണം. ഈ അസമത്വം നിർത്തലാക്കാൻ കോടതികൾ സ്വയം ഇടപെടേണ്ടതാണ്. ഭരണപരവും രാഷ്ട്രീയവുമായ  തീരുമാ‍നം വരുമ്പോഴാണല്ലോ വിദ്യാഭ്യാസ മുതലാളിമാരുടെ പ്രതിഷേധവും ഗൊഗ്വാ വിളികളും ഒക്കെ!

Wednesday, July 13, 2011

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റിലിട്ട കമന്റ്.


കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്
ഇതാണ്

കെവിൻ ഒക്കെ ഒരു കാലത്ത് വാഴ്ത്തപ്പെട്ടവർതന്നെ ആകും. ഇത്രയൊക്കെ നമ്മൾ പുരോഗമിച്ചെങ്കിലും അഞ്ജലി ഓൾഡ് ലിപി കണ്ടു പീടിച്ച കെവിന്റെ പ്രാധാന്യമൊന്നും മനസിലാക്കാൻ പറ്റുന്നത്ര വിവരമൊന്നും നമ്മുടെ പൊതു സമൂഹത്തിനോ ഭരണകൂട സംവിധാനങ്ങൾക്കോ ഒന്നും ഉണ്ടായിട്ടില്ല. ഇവിടെ പി.എസ്.സി പരീക്ഷയ്ക്ക് കാക്കയെ നടക്കാൻ പഠിപ്പ്ച്ചതരെന്നു വരെ ചൊദ്യം വരും. അഞ്ജലി ഓൾഡ് ലിപി കണ്ടു പിടിച്ചതാരെന്ന് ഇതുവരെ പി.എസ്.സി യ്ക്ക് ചോദിച്ചിട്ടില്ല. പക്ഷെ ഭാവിയിൽ ചോദിക്കുകതന്നെ ചെയ്യും.കെവിനെ പോലെ കമ്പെട്ടിയുഗത്തിലെ ഇലക്ട്രോണിക്സ് പ്രതിഭകളുടെ മഹത്വം പ്രകടിപ്പിക്കുവാനാണ് ഞാൻ പി.എസ്.എസി പരെക്ഷയുടേയും മറ്റുംകാര്യം പറഞ്ഞത്. നമ്മുടെ പൽളിക്കൂടങ്ങളിലെ ഐ.റ്റി അദ്ധ്യാപകരിൽ നല്ലൊരു പങ്കിനും യൂണികോഡ് എന്താണെന്ന്തന്നെ അരിയില്ല. അഞ്ജലി ഓൾഡ് ലിപിയും കീമാനുമൊന്നും ചിലർ കേട്ടിട്ടു കൂടിയില്ല.കഷ്ടം. ഇത് ഞാൻ നേരിട്ട് മനസിലാക്കിയിട്ടുള്ളതാണ്. ഐ.റ്റി.പഠനം എന്നാൽ സ്കൂളുകളിൽ ഇപ്പോഴും പെയിന്റും പവർ പോയിന്റും ഗെയിമുകലും ആണ്!

Thursday, July 7, 2011

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ


സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ


വി.ജെ.ജോർജിന്റെ ചിന്തകൾ എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്. ഇതേ കമന്റ് എന്റെ വിശ്വമാനവികം 1 എന്ന ബ്ലോഗിലും ഇട്ടിരുന്നു. അതിലെ ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്.

എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടതിനു ആദ്യം തന്നെ നന്ദി!

സ്വാശ്രയ കോളേജുകൾ ആരൊക്കെ നടത്തുന്നുവോ അതിന്റെ ഒക്കെ പിന്നിൽ സാമ്പത്തിക ലാഭം മാത്രാണ് പ്രധാന ലക്ഷ്യം. അത് സഹകരണ മേഖലയിലേതായാലും. അത് വിശ്വാസികളുടെ പണം കൊണ്ടുട്ടാക്കിയതോ വ്യക്തികളുടെ പണം കൊണ്ടുണ്ടാക്കിയതോ ആകട്ടെ. ഈ സ്ഥാപനങ്ങളിൽ ഒക്കെ അതത് സമുദായത്തിലെ ആളുകൾ ആയാലും പണമുള്ളവർക്ക് മാത്രമേ പഠിക്കാൻ കഴിയൂ. ഇനി സർക്കാരിനു വിട്ടു കൊടുക്കുന്ന സീറ്റും മെരിറ്റ് സീറ്റും ഒക്കെ ആയാലും പാവപ്പെട്ട കുട്ടികൾക്ക് അതൊന്നും ആഗ്രഹിക്കാൻ കൂടി കഴിയില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവിടെ സ്വാശ്രയ വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. കാരണം കാശുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ പോയി ഇത്തരം കോളേജുകളിൽ പോകുന്നതു വഴി സംസ്ഥാനത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകുന്നതുകൂടി കണക്കിലെടുത്താണ് ഇവിടെ സ്വാശ്രയവിദ്യാലയങ്ങൾ വരുന്നത്.

കേരളത്തിൽ നിലവിലില്ലാത്ത ഒരു സമ്പ്രദായം തുടങ്ങാൻ അനുമതി നൽകുമ്പോൾ ഈ സംസ്ഥാനത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് സർക്കാർ സമാന്യേന ന്യായമെന്നു പറയാവുന്ന ചില നിബന്ധനകൾ വച്ചു; എല്ലാവർക്കും പറ്റിയില്ലെങ്കിലും സമ്പന്നരല്ലാത്ത കുറച്ച് കുട്ടികൾക്ക് കൂടി അവസരം കിട്ടിക്കൊട്ടെ എന്നു കരുതി. ആ നിബന്ധനകൾ ആണ് ഈ സ്വാശ്രയ മാനേജുമെന്റുകൾ ലംഘിച്ചുകൊണ്ടിരിക്കുന്നത്. ചില ഭരണ ഘടനാ നിയമങ്ങളെയും ചില കോടതി വിധികളെയും മറയാക്കി സർക്കാരിന്റെയും ഭൂരിപക്ഷജനതയുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമായി ഈ സ്വാശ്രയ മേലാളർ ശ്രമിക്കുന്നതിനെ അനാവശ്യമായ ധിക്കാരം എന്നേ പറയാൻ കഴിയൂ.

ഭരണഘടനാ ലംഘനയുടെയൂം നിയമത്തിന്റെയും പേരിലാണ് അവകാശവാദങ്ങളെങ്കിൽ ഈ വിഷയത്തിൽ മാത്രം അത് കാണിച്ചാൽ മതിയോ? മറ്റെന്തെല്ലാം നിയമങ്ങൾ ഇവിടെ അതിലംഘിക്കുന്നു! ഈ ഭരണ ഘടനയും നിയമങ്ങളും ഒക്കെ നിലവിലിരിക്കുമ്പോൾ തന്നെയാണ് ഉത്തരേന്ത്യയിലൊക്കെ ന്യുനപക്ഷവിഭാഗങ്ങളെ ചുട്ടെരിച്ചതും മറ്റും! അതും ഇതുമായി എന്തു ബന്ധമെന്നു ചോദിച്ചാൽ സൌമ്യവും സൌഹാർദ്ദപരവുമായ രീതിയിൽ സർക്കാരും ജനങ്ങളും ഒരു അഭ്യർത്ഥന വയ്ക്കുമ്പോൾ അതിനോട് തികച്ചും നിഷേധാത്മക നില പാട് സ്വീകരിക്കുന്നത് ഉത്തരവാദിത്വബോധമുള്ള സമുദായ നേതാക്കൾക്ക് ചേർന്നതല്ല. സമുദായതാല്പര്യങ്ങളും വ്യക്തി താല്പര്യങ്ങളും മാത്രമല്ല സമൂഹത്തിന്റെ മൊത്തം താല്പര്യങ്ങൾക്കും വില കല്പിക്കണം. ന്യൂനപക്ഷങ്ങൾക്ക് ഭരണ ഘടനാ പരമായുള്ള അവകാശങ്ങളും ചില കോടതി വിധികളുടെ ആനുകൂല്യവും ഒക്കെ ഈ സമുദായങ്ങളുടെ (എന്നവകാശപ്പെടുന്ന) ഇത്തരം സ്ഥാപനങ്ങൾക്ക് ഉണ്ട് എന്ന് അറിയാതെ അല്ലല്ലോ സർക്കാരും പൊതു സമൂഹവും ഈ പ്രശ്നം ചർച്ചയ്ക്കും പരിഹാരത്തിനും വയ്ക്കുന്നത്.

മറ്റേതൊരു കാര്യത്തെയും പോലെ ഈ വിഷയത്തിലും ഇരുപക്ഷത്തു നിന്നു ചിന്തിക്കുന്നവർക്കും വാദങ്ങളും പ്രതിവാദങ്ങളും ഉന്നയിക്കാം.വരവരുടെ മിടുക്കുപോലെ. പക്ഷെ ഇത് കേവലം ഒരു ആശയപ്രശ്നം മാത്രമല്ലല്ലോ. സംവാദത്തിലൂടെ ബൊദ്ധിക വികാസം ഉണ്ടാക്കുവാനുള്ള ഏതെങ്കിലും ഒരു താത്വിക വിഷയവും അല്ല. സമൂഹത്തിന്റെ കാലികമായ ജീവിത വ്യാപാരങ്ങളിൽ പരിഹാരം തേടുന്ന ഒരു പ്രായോഗിക വിഷയമാണ്. അതിനെ അപ്രായോകികമായ വാദ പ്രതിവാദങ്ങൾ ഉയർത്തി ആരും എങ്ങുമെത്താതിരിക്കുന്നത് പൊതു സമൂഹത്തിനു നന്നല്ല. ഇത് ചില വിട്ടു വീഴ്ചകളുടെ പ്രശ്നമാണ്. ആ വിട്ടു വീഴ്ച ഉണ്ടാകേണ്ടത് സ്വാശ്രയ വിദ്യാലയ മാനേജുജുമെന്റുകളുടെ ഭാഗത്തു നിന്നു തന്നെയാണ്.സമുദായത്തിനു മാത്രമല്ല സർക്കാരിനുമുണ്ട് പരിമിതികൾ!

കേവലം ഒരു സമുദായത്തിന്റെ താല്പര്യവും സമുദായങ്ങൾക്കുപരി പൊതു സമൂഹത്തിന്റെ താല്പര്യവും തമ്മിൽ തർക്കം വരുമ്പോൾ അവിടെ ആരാണ് വിട്ടു വീഴ്ച ചെയ്യേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല! ഇനി അതല്ല, പൊതു സമൂഹത്തിന് അങ്ങനെ ഒരു താല്പര്യവുമില്ല ഇതൊക്കെ ചില രാഷ്ട്രീയ താല്പര്യങ്ങളാണെന്നു വാദിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന സമുദായത്തിനുമില്ല ഈ വിഷയത്തിൽ സാമുദായികമായ താല്പര്യം എന്നു പറയേണ്ടി വരും. മറിച്ച് ഏതാനും സമുദായ പ്രമാണിമാരുടെ മാത്രം താല്പര്യമാണ് മാത്രമാണ് ഈ വിഷയങ്ങളിൽ ഉയർന്നു വരുന്നതെന്നും പറയേണ്ടി വരും!

Tuesday, July 5, 2011

അഴിമതിയും അണ്ണാഹസാരമാരും മറ്റും

അഴിമതിയും അണ്ണാഹസാരമാരും മറ്റും

പെപ്റ്റിക്ക് തോട്ട് എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റ് വായിക്കൻ ലിങ്ക് വഴി എത്താം

അഴിമതി ഇന്നൊരലങ്കാരമാണ് ചിലർക്ക്.ചിലർ അതൊരു കഴിവായി കാണുന്നു. അഴിമതി കാട്ടി നാല് കാശുണ്ടാക്കാതെ നടക്കുന്ന നേതാവിനെ നാട്ടുകാർ വകയ്ക്കു കൊള്ളാത്തവനെന്നും മണ്ടനെന്നും ഒക്കെ വിളിച്ച് പരിഹസിക്കും. അഴിമതികാട്ടി രാജകീയ പ്രൌഢിയിൽ ജീവിക്കുന്നവരെ നോക്കി മറ്റുള്ളവരോട് പറയും, അവരെ കണ്ടു പഠിക്കാൻ. രാഷ്ട്രീയവും കൊണ്ട് നടന്നിട്ട് നീ എന്തു നേടി എന്ന് പരിഹാസപൂർവ്വം ആളുകൾ ചോദിക്കും.

മറ്റൊരുദാഹരണം പറയാം. ആദ്യം ഒരു ജോലികിട്ടിയ ഒരു യുവാവ് രണ്ടാമതൊരു ജോലി കിട്ടിയപ്പോൾ ആദ്യത്തേതുപേക്ഷിച്ചു പുതിയതിൽ ജോയിൻ ചെയ്തു. ആദ്യം കിട്ടിയതിനേക്കാൾ മെച്ചപ്പെട്ടതൊന്നുമായിരുന്നില്ല രണ്ടാമത് കിട്ടിയത്. ഇതേപറ്റി ഈ യുവാവിന്റെ പിതാവിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആദ്യത്തേതിൽ കിമ്പളം ഒന്നും കിട്ടില്ല.ശമ്പളം മാത്രം കിട്ടിയിട്ട് എന്തുകാര്യം? അതുകൊണ്ട് പുതിയതിനു പോകാൻ പിതാവു തന്നെ പറഞ്ഞുവത്രേ. ഇപ്പോൾ അഡീഷണൽ വരുമാനം കൊണ്ട് അവൻ വീട് വയ്പു തുടങ്ങി എന്നും ആ പിതാവ് അഭിമാന പൂർവ്വം പറയുകകൂടി ചെയ്തു.ഇങ്ങനത്തെ സമൂഹത്തിൽ നിന്ന് അഴിമതിക്കെതിരെ സംസാരിച്ചാൽ ജനം പറയും പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തിന്നാൻ സമ്മതിക്കുകയുമില്ല എന്ന്.

പിന്നെ ഈ അണ്ണാ ഹസാരയുടെ കാര്യം.അതൊക്കെ ചില സ്പോൺസേർഡ് സമരങ്ങളാണ്. സ്വാതന്ത്ര്യം കിട്ടിയിട്ട് വർഷം ഇത്രയായല്ലോ. എവിടെയായിരുന്നു ഈ അണ്ണാ ഹസാരമാരൊക്കെ ഇതുവരെ? ഒരു സ്വാമി ഡൽഹിയിൽ കാണിച്ച കോപ്രായങ്ങൾ കണ്ടില്ലേ? കോടികൾ ചെലവഴിച്ച് അഴിമതി വിരുദ്ധ സമരം. അണ്ണാഹസാരെയുടെ ലോക്പാൽ ബില്ല് സമരത്തിനു ശേഷം ഉയർന്നു കേൾക്കുന്ന ഒരു വാക്കാണ് പൊതു സമൂഹം പൊതു സമൂഹം എന്ന്. ആരാണീ പൊതു സമൂഹം? അണ്ണാ ഹസാരമാർ മാത്രം ചേർന്നൽ പൊതു സമൂഹമാകുമോ?

ഇക്കാലമത്രയും അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ പൊരുതിവന്ന മറ്റെത്രയോ പ്രസ്ഥാനങ്ങൾ ഉണ്ട്. ആ പോരാട്ടങ്ങളുടെയൊക്കെ വില കുറച്ചു കാണിക്കാൻ വേണ്ടി ചിലർ പൊക്കിക്കൊണ്ടു നടക്കുകയാണ് പുതിയ അവതാരങ്ങളെ. അല്ലതെ ഇതിലൊന്നും ഒരു ആത്മാർത്ഥതയും ഉണ്ടെന്നു തോന്നുന്നില്ല. താല്പര്യമുള്ള രാഷ്ട്രീയക്കാരടക്കം എല്ലാവരും ഒരുമിച്ചു ചേർന്ന് നടത്തേണ്ടതാണ് അഴിമതിക്കെതിരായ സമരം.അല്ലാതെ സാമൂഹ്യ നമകൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളെ ആരും ഹൈജാക്ക് ചെയ്തുകൊണ്ടു പോകേണ്ട കാര്യമില്ല.

സോറി ജാസിം, ഉത്തരേന്ത്യയിലെ ചില കോർപറേറ്റ് മുതലാളിമാർ സ്പോൺസർ ചെയ്ത സമരമായതുകൊണ്ടാണ് മാധ്യമങ്ങൾ അതിനു വലിയ പ്രചാരം കൊടുത്തത്. അല്ലാതെ രാജ്യത്തിന്റെ നാനാ ഭാഗത്തും ഇതുപോലെ പല സമരങ്ങളും പലരും നടത്തുന്നുണ്ട്. അതൊന്നും ഒരു മാദ്ധ്യമങ്ങളും കവർ ചെയ്യുന്നില്ല. ഇതിനു പിന്നിലൊക്കെ ചില വമ്പൻ ഗൂഢാലോചനകളും വില പേശലുകളും ഉണ്ട്. ചില കളികൾ അത്രതന്നെ! ഈ ബഹളങ്ങൾക്കിടയിൽ കീശ നിറയ്ക്കേണ്ടവർ നിറച്ചുകൊണ്ടുമിരിക്കുന്നുണ്ട്!