ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, November 26, 2010

പൊതു വിദ്യാലയങ്ങളും അദ്ധ്യാപകരും

ചൂണ്ടുവിരൽ എന്ന ബ്ലോഗിലിട്ട കമന്റ്

ബന്ധപെട്ട ആ പോസ്റ്റിന് ഈ ലിങ്ക് വഴി വരിക

അർപ്പണമനോഭാവമുള്ള ഏതാനും അദ്ധ്യാപകരെങ്കിലും സ്കൂളുകളിൽ ഉണ്ടായാലേ പുതിയ പാഠ്യപദ്ധതി ഫലം കാണുകയുള്ളൂ. അർപ്പണമനോഭാവം പോട്ടേ, ഒരു അന്വേഷണാത്മകതയോ, പുതിയ പുതിയ അറിവുക്കളാൽ അപ്ഡേറ്റഡ് ആകുനാനുള്ള താല്പര്യമോ ഇന്ന് ബഹുഭൂരിപക്ഷം അദ്ധ്യാപകർക്കും ഇല്ലെന്നു വേദനയോടെ പറയട്ടെ. പത്രം പോലും വായിക്കാൻ ഇന്ന് നല്ലൊരു വിഭാഗം അദ്ധ്യാപർ പ്രത്യേകിച്ച് അദ്ധ്യപികമാർ മിനക്കെടുന്നില്ലെന്നത് അല്പം ലജ്ജയോടെ പറയട്ടെ.പണ്ട് അത്തരക്കാർക്കും പഠിപ്പിക്കാം. കാരണം പുസ്തകം നോക്കി വായിച്ചാൽ മതി. എന്നാൽ ഇന്ന് പൊതുവിജ്ഞാനം കമ്മിയായ അദ്ധ്യാപകർക്ക് എങ്ങനെ കുട്ടികളെ വേണ്ടവിധം പഠിപ്പിക്കാനാകും? എന്തി്ന്, കീ ബോർഡിലും മൌസിലും തൊട്ടാൽ കറണ്ടടിക്കുമെന്ന് ഭയന്ന് കമ്പ്യൂട്ടർ ലാബിൽതന്നെ കയറാത്ത അദ്ധ്യാപകർ ഇപ്പോഴുമുണ്ട്. താങ്കൾ തന്നെ പറയൂ ഇന്റെനെറ്റിൽ ഈ ബ്ലോഗെന്ന ഒരു മാദ്ധ്യമത്തിന്റെ സാദ്ധ്യതകൾ മനസിലാക്കിയിട്ടുള്ള എത്ര അദ്ധ്യാപകർ കേരളത്തിൽ ഉണ്ട്?

പണ്ട് അദ്ധ്യാപകരിൽ ഒരു വിഭാഗത്തിന് അവർ പഠീപ്പിക്കാൻ സമർത്ഥരല്ലെങ്കിലും അവർ സാമൂഹ്യബാദ്ധ്യത പ്രകടമാ‍ക്കിയിരുന്നു. കുട്ടികളോടും രക്ഷകർത്താക്കളോടും അവർക്ക് വൈകാരിക ബന്ധം ഉണ്ടായിരുന്നു.സ്കൂളിന്റെ പൊതുവായ കാര്യങ്ങളീൽ അവർ സദാ സേവന തല്പരരായിരുന്നു. ഇന്ന് സ്കൂളിന്റെ മറ്റു പൊതുകാര്യങ്ങളിൽ ഭാഗഭാക്കാകുന്നവർ വളരെ വിരളം. അദ്ധ്യാപനം എന്നത് ഒരു ജീവിതോപാധി മാതമല്ല; വരും തലമുറയ്ക്ക് ജീവിതോപധികൾ കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കേണ്ടവരും , അവരെ സമൂഹത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കേണ്ടവരും മറ്റും മറ്റുമാണ് അദ്ധ്യാപകർ. . അതുകൊണ്ട് തന്നെ വെറും ഒരു സർക്കാർ ഉദ്യോഗമായി അദ്ധ്യാപനത്തെയും കാണുന്നവർക്ക് നമ്മുടെ ഇപ്പോഴത്തെ പാഠ്യപദ്ധതിയെ ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ഒരു ബി എഡിന്റെയോ റ്റി.റ്റി സിയുടേയോ പിൻബലത്തിൽ മാത്രം ഇനിയുള്ളകാലം ആദ്ധ്യാപകവൃത്തിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന സത്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? അദ്ധ്യാപകർ നിരന്തരപരിശീലനത്തിന് വിധേയമായാൽ മാത്രമേ നല്ല നിലയിൽ കുട്ടികളെ പഠിപ്പിക്കാൻ കഴിയൂ. എന്നാൽ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം നടത്തുന്ന കോഴ്സുകളിൽ പോലും പിരാകിക്കൊണ്ടു പോയിരുന്ന് ഉറങ്ങി വണ്ടിക്കൂലിയും കൈപറ്റി പോകുന്ന അലസരും മടിയരുമായ അദ്ധ്യാപകർക്ക് നമ്മുടെ വിദ്യാലയങ്ങളെ നല്ല നിലയിൽ മുന്നോട്ടു നയിക്കാൻ ആകില്ല. സ്കൂളുകളിൽ ഡെയ്ലി വേജുകൾ ഉണ്ടെങ്കിൽ അവരെ പരിശീലനത്തിനു വിട്ടിട്ട് മറ്റുള്ളവർ വീട്ടിലിരിക്കുന്നതും ഈയുള്ളവൻ കണ്ടിട്ടുണ്ട്.

പഠിപ്പിക്കാനുള്ള കഴിവും അറിവും താല്പര്യവും കണക്കിലെടുത്ത് അദ്ധ്യാപക നിയമനം നടത്തുന്ന കാലത്തു മാത്രമേ നമ്മുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടൂ‍. അല്ലാതെ ഒരു റ്റി.റ്റി.സിയും യും അല്ലെങ്കിൽ ബി.എഡും കുറെ ജി.കെ കാണാതെ പഠിച്ച് പാസാകുന്ന പി.എസ്.സി റാങ്കും നോക്കി അദ്ധ്യാപക നിയമനം നടത്തുന്ന കാലത്തോളം നമ്മുടെ വിദ്യാലയങ്ങളുടെ പൊതു സ്ഥിതി ഇങ്ങനെ ഒക്കെയേ ഇരിക്കൂ.

സത്യത്തിൽ ബി.എഡ്,റ്റി.റ്റി സി എന്നീ കോഴ്സുകൾ തന്നെ അനാവശ്യങ്ങളാണ് എന്നാണ് ഈയുള്ളവന്റെ അല്പം കടന്നതെന്നു തോന്നാവുന്ന അഭിപ്രായം.. യു.പി വരെ പഠിപ്പിക്കാൻ ബിരുദവും, ഹൈസ്കൂളിൽ പഠിപ്പിക്കാൻ ബിരുദാനന്തര ബിരുദവും മാത്രം മാനദണ്ഡമായി എടുത്താൽ മതിയാകും. പഠിപ്പിക്കാനുള്ള കഴിവു പരിശോധിക്കുന്നതിനു പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ജേർണലിസം എന്നൊരു കോഴ്സ് ഇല്ലാതിരുന്ന കാലത്തും നല്ല വിവരമുള്ള പത്ര പ്രവർത്തകർ ഉണ്ടായിട്ടുണ്ട്. ജേർണലിസമൊന്നും അല്ല അതിന്റെ മാനദണ്ഡം. എന്നതുപോലെ ബി.എഡും, റ്റി.റ്റി സിയും കൊണ്ട് നല്ല അദ്ധ്യാപകരും ആകാൻ കഴിയില്ല. അർപ്പണബോധം ‌(ഇത് മുൻ കൂട്ടി മനസിലാക്കാൻ കഴിയില്ലെന്ന് വാദത്തിനു സമ്മദിക്കാം), പഠിപ്പിക്കാനുള്ള കഴിവ് , അറിവിന്റെ വ്യാപ്തി ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. സർവ്വജ്ഞപീഠം കയറിയവരേ ആദ്ധ്യാപകർ ആകാവൂ എന്നൊന്നും ഈ പറഞ്ഞതിന് അർത്ഥമില്ല.

ഒരുപാട് പറയാനുണ്ട്.എങ്കിലും ഒന്നുകൂടി പറഞ്ഞ് തൽക്കാലം സംതൃപ്തി അടയാം. ഇവിടുത്തെ അൺ എയിഡഡ് സ്കൂളുകളിൽ നക്കാപിച്ചാ ശമ്പളത്തിനു പഠിപ്പിക്കുന്ന യാതൊരു അംഗീകൃത യോഗ്യതകളും ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്ന കുട്ടികളുടെ നിലവാരം പൊതു വിദ്യാലയങ്ങളിലെ ബി.എഡുകാരും എം.എഡുകാരും സെറ്റുകാരും നെറ്റുകാരും പഠിപ്പിക്കുന്ന കുട്ടികൾക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ട്? നമ്മുടെ സർക്കാർ സ്കൂൾ അദ്ധ്യാപകർ അവരുടെ മക്കളെ അവരോളം വിദ്യാഭ്യാസയോഗ്യതകൾ ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ അയക്കുന്നതെന്തുകൊണ്ട്?

സുഹൃത്തേ വിദ്യാഭ്യാസവുമായി ബന്ധമുള്ള ഒരു ബ്ലോഗ് കണ്ടപ്പോൾ മനസിലുള്ള ചില കാര്യങ്ങൾ എഴുതി പോയെന്നേയുള്ളൂ. ഈ അഭിപ്രായങ്ങൾ ഈയുള്ളവൻ അവർകളുടെ കമന്റ് സംഭരണിയായി ഉപയോഗിക്കുന ബ്ലോഗിൽ ഇപ്പോൾ തന്നെ പ്രസിദ്ധീകരിക്കുകയുമാണ്.http://easajimabhiprayangal.blogspot.com. താങ്കൾക്ക് ഈ കമന്റ് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ താങ്കളുടെ ബ്ലോഗിൽ നിന്ന് ഇത് ഡിലീറ്റ് ചെയ്യവുന്നതല്ലെയുള്ളൂ!

main blog: http://easajim.blogspot.com

സ്നേഹപൂർവ്വം ബ്ലോഗിലെ ഒരു വഴിപോക്കൻ!


ഈയുള്ളവനവകൾ പിന്നീട് ഇട്ട കമന്റ് തഴെ


കലാധരൻ മാഷെ,

ഞാൻ അൺ എയ്ഡഡ് സ്കൂളിന്റെ വക്താവല്ല.രണ്ടുതരം മീഡിയം സമ്പ്രദായത്തെ നഖശിഖാന്തം എതിർക്കുന്ന ആളാണ്. ഇംഗ്ലീഷിനും മലയാളത്തിനും തുല്യപ്രാധാന്യമുള്ള വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്നൊരു സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് തീവ്രമായി തന്നെ വാദിക്കുകയും ചെയ്യുന്നു.അല്ലെങ്കിൽ പൊതുവിദ്യാലയങ്ങൾ മുഴുവൻ ഇംഗ്ലീഷ് മീഡിയം ആ‍ക്കിക്കൊണ്ട് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ദുർബലപ്പെടുത്തണം. കാരണം പൊതു വിദ്യാലയങ്ങളിൽ പഠനമാധ്യമം എന്ന നിലയ്ക്കല്ലാതെ തന്നെ മലയാള ഭാഷ നന്നായി പഠിപ്പിക്കാൻ സാധിക്കും.

പണ്ടൊക്കെ ഈ അൺ എയിഡഡ് സ്കൂളുകളിൽ വലിയ സമ്പന്നരും ഉന്നതോദ്യോഗസ്ഥരുമാണ് കുട്ടികളെ അയച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും അതിലും താഴെ വരുമാനമുള്ളവരും പോലും ഇംഗ്ലീഷ് മിഡിയം സ്കൂളുകളിലേയ്ക്കാണ് കുട്ടികളെ അയക്കുന്നത്. ഇത് കണ്ടില്ലെന്നു നടിച്ച് ആദർശം വിളമ്പി നടന്നാൽ ഭാവിയിൽ സർക്കാർ സ്കൂളുകൾ തകരും. തൽക്കാലം എല്ലാ സർക്കാർ സ്കൂളുകളിലും ഓരോ ഡിവിഷൻ എങ്കിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചുകൊണ്ട് ഈ വെല്ലുവിളിയെ അതിജീവിക്കണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇടത്തരക്കാരുടെ കുട്ടികളെയെങ്കിലും കുറച്ചൊക്കെ പൊതുവിദ്യാലയത്തിലേയ്ക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയും എന്ന് ചിലയിടങ്ങളിലെ അനുഭവങ്ങൾ തെളിയിക്കുന്നു. മറ്റൊരു മാറ്റം ചിലയിടങ്ങളിൽ ഇന്ന് പ്രകടമാണ്. പണ്ടത്തെ പോലെ അൺ എയിഡഡ് സ്കൂളുകളെകുറിച്ച് വലിയ മതിപ്പില്ല. എണ്ണം പെരുകിയപ്പൊൾ അവയുടെ ഗുണത്തിലും ഇടിച്ചിൽ ഉണ്ടായിരിക്കുന്നുവെന്ന് പരക്കെ അഭിപ്രായമുണ്ട്. പിന്നെ സ്വന്തം മക്കളെ സ്റ്റാറ്റസിന് അൺ എയിഡഡിൽ വിടുന്നവരാണ് നല്ലൊരുപങ്ക്‌!

മറ്റൊന്ന് ഞാൻ എടുത്ത് പറയട്ടെ; എന്റെ സുഹൃത്തുക്കളായ ചില അദ്ധ്യാപകർ ഇതു പറയുമ്പോഴാണ് മുഖംചുളിക്കുന്നത്. അതായത് പൊതു വിദ്യാലയത്തിൽ അവരുടെ കുട്ടികളെ അയക്കില്ല. ഇത് മാറണം. മാറ്റണം. സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്നത് അദ്ധ്യാപകരുടെ സർവീസ് റൂളിന്റെ ഭാഗമാക്കണം. നോ‍ക്കൂ, ആർക്കും സർക്കാർ വിദ്യാലയങ്ങൾ വേണ്ട, സർക്കാർ ആശുപത്രികൾ വേണ്ട, സർക്കാർ ബസുകൾ വേണ്ട, പക്ഷെ എല്ലാവർക്കും സർക്കാർ ജോലി വേണം. ഈ മനോഭാവം മാറിയേ പറ്റൂ. മലയാളം മീഡിയം സ്കൂളുകളിൽ മതിപ്പില്ലാത്തവർ പൊതു വിദ്യാലയങ്ങളിൽ ആദ്ധ്യാപകരാകാനും പാടില്ല എന്നു തന്നെ ഞാൻ പറയും. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. ഞാൻ പഠിച്ചതും സർക്കാർ സ്കൂളിൽ തന്നെ. സർക്കാർ സ്കൂളിൽ പഠിച്ചതുകൊണ്ട് ഭാവിതുലഞ്ഞു എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.

Saturday, November 20, 2010

പിണറായിയെ വില്ലനാക്കുന്നവര്‍

മനനം മനോമനന്റെ ബ്ലോഗിലിട്ട കമന്റ് .

ബന്ധപ്പെട്ട പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക!

തമാശയൊക്കെ തമാശയായി കാണാനുള്ള കലാബോധമൊക്കെ പിണറായിക്കുണ്ട്. മറ്റ് രാഷ്ട്രീയനേതാക്കളെ കളിയാക്കുന്നതുപോലെ പിണറായിയെയും കളി ആക്കുന്ന എത്രയോ കാർട്ടൂണുകളും മിമിക്രികളും ഒക്കെ വരുന്നു. അതിനെതിരെയൊന്നും പിണറായി കേസിനും മറ്റും പോയില്ലല്ലോ. ഇതിപ്പോൾ അതൊന്നുമല്ല. എങ്കില്പിന്നെ പിണറായി മാത്രമല്ലല്ലോ ഇവിടെ രാഷ്ട്രീയ നേതാവ്. വലതുപക്ഷത്തും ഇടതുപക്ഷത്തും ഒക്കെ എത്രയോ നേതാക്കൾ വേറെയുണ്ട്. പല യു.ഡി.എഫ് നേതാക്കന്മാരുടെയും പേരിൽ എത്രയയോ അഴികതി കേസുകളും നാറ്റകേസുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നു. അതിനെതിരെയൊന്നും ഒരു ആവിഷ്കാരസ്വാതന്ത്ര്യവും ആരും പുറത്തെടുത്ത് കാണുന്നില്ല. ആവിഷ്കാര സ്വാതംന്ത്ര്യം എന്നു പറഞ്ഞാൽ അത് സി.പി. (എം) നേയും അതിന്റെ നേതാക്കളെയും കുറിച്ച് എന്തും പ്രചരിപ്പിക്കാനുള്ള അവകാശം എന്നല്ലല്ലോ അർത്ഥം.

അഴിമതിയും അലവലാതിത്തരങ്ങളും കോൺഗ്രാസ്സ് യു.ഡി.എഫ് നേതാക്കളുടെ അവകാശമായി അംഗീകരിച്ചു കൊടുക്കുന്നവരാണ് പിണറായിക്കും സി.പി.എമ്മിനും എതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചു നടക്കുന്നത്. പിണറായി കേരള രാഷ്ട്രീയത്തിലെ ശക്തനായ ഒരു നേതവാ‍ണ്. ആരെടാ അവിടെ എന്നു ചോദിച്ചാൽ ഞാനെടാ ഇവിടെ എന്നു പറയാൻ ആർജ്ജവമുള്ള നേതാവ്. ഇപ്പോൾ സി.പി..എമ്മിന്റെ ഒരു ശക്തിശ്രോതസാണ് പിണറായി വിജയൻ . അതിന്റെ ഒരു വേവലാതി പിണറായി പാർട്ടി സെക്രട്ടറി ആയതുമുതൽ എതിരളികൾക്കുണ്ട്. അതുകൊണ്ടുതന്നെ സഖാവിനെ തകർക്കേണ്ടത് പാർട്ടി ശത്രുക്കളുടെ ആവശ്യമാണ്. പാർട്ടിയെ ക്ഷീണിപ്പിക്കുവാനും നശിപ്പിക്കാനും ഉള്ള ഒരു അവശ്യവസ്തുവാക്കി പിണറായിയെ അവർ ഉപയോഗിക്കുകയാണ്.അല്ലെങ്കിൽതന്നെ അല്പം പരുക്കൻ സ്വഭാവം അരോപിക്കാൻ കഴിയും എന്നതിനപ്പുറം എന്താണ് പിണറായിയിൽ കാണുന്ന ദോഷം? ചങ്കുറപ്പും ഉൾക്കരുത്തും ഉള്ള അടിയുറച്ച ഒരു കമ്മ്യുണിസ്റ്റാണദ്ദേഹം. പാർട്ടിക്കാർക്ക് അതറിയാം.

സിനിമയിലും മറ്റും കാണുന്ന നായക പ്രതിനായക സങ്കല്പങ്ങളിലെന്നപോലെ എല്ലാ തിന്മകളുടെയും പ്രതീകമായി സഖാവിനെയും ഏതാനും സി.പി..എം നേതാക്കളെയും ചിത്രീകരിക്കുകയാണ്. ഇതിന്റെ എല്ലാം ലക്ഷ്യം പാർട്ടിയെ നശിപ്പിക്കുക എന്നതാണ്. പാർട്ടിക്കോ അതിന്റെ നേതാക്കൾക്കോ കാലാകാലങ്ങളിൽ എടുക്കുന്ന നയ സമീപനങ്ങളിലോ പോരായ്മകൾ ഉണ്ടായിട്ടില്ലെന്ന് പാർട്ടി പോലും പറയുന്നില്ല. പിശകുകൾ സ്വയം തിരിച്ചരിഞ്ഞ് തെറ്റ് തിരുത്താനുള്ള ശ്രമങ്ങൾ എപ്പോഴും- ഇപ്പോഴും നടന്നു വരുന്നുമുണ്ട്. ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും പാളിച്ചകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒന്നും ചെയ്യാനില്ലാത്തവർക്ക് ഒരു തെറ്റും സംഭവിക്കില്ല. അങ്ങനെയല്ലല്ലോ സി.പി..(എം.). രഷ്ട്രീയം പാർട്ടിയ്ക്ക് ഗൌരവമുള്ള ഒരു സാമൂഹ്യ സേവനമാണ്. ഒരു പ്രതിരോധ പ്രസ്ഥാനം എന്ന നിലയിലാണ് അത് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും ഒക്കെ പാർട്ടി നടത്തുന്ന പോരാട്ടങ്ങളുടെഭാഗമാണ്. എന്തിനു ഭരണം പോലും ഒരു സമരമാണ്. ഭരണകൂടവും ഭരണീയരുമില്ലാത്ത അഥവാ അതിന്റെ ആവശ്യം പോലുമില്ലാത്തത്രയും സമ്പൂർണ്ണമായ ഒരു ലോകം സ്വപ്നം കണ്ടു നടക്കുന്നവരെ സംബന്ധിച്ചിടത്തോളം താൽക്കാലികമായി ലഭിക്കുന്ന ഭരണമൊന്നും പാ‍ർട്ടിയെ സംബന്ധിച്ച് ഗൌരവമുള്ള സംഗതികൾ അല്ല. ജനമധ്യത്തിലാണ് പാർട്ടിയുടെ പ്രവർത്തനം.

ലാവ്ലിൻ കേസ് പൊളിഞ്ഞപ്പോൾമുതൽ ഇനിയെന്തു വേണ്ടൂ എന്നു വിചാരിച്ച് വിഷമിച്ച് നടക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവരാ‍ണ് ഇപ്പോൾ -മെയിലു മായി നടക്കുന്നത്.മുമ്പ് പിണറായിയുടെ വീടെന്നു പറഞ്ഞ് ആരുടെയോ വീടിന്റെ പടം -മെയിലിൽ പ്രചരിപ്പിച്ച് സഖാവിനെ ആക്ഷേപിച്ചു. ഇപ്പോൾ ചില വിരുതന്മാർ കാർട്ടൂണുമായി ഇറങ്ങി. തമാശയാണത്രേ തമാശ! ഒരു കാര്യം നമുക്കുറപ്പിക്കാം. ഇത്തരം ദുഷ്പ്രചരണങ്ങളുടെ കുത്തൊഴുക്കില്പെട്ടൊന്നും പിണറായി വിജയനോ ഇപ്പോൾ അദ്ദേഹം നയിക്കുന്ന സി.പി..എമ്മോ തകരാനൊന്നും പോകുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി .എം പോലുള്ള പാർട്ടിയുടെ സാന്നിദ്ധ്യം അനിവാര്യമാണ് എന്നത് എതിർ രാഷ്ട്രീയക്കാരടക്കം സമ്മതിക്കുന്ന കാര്യമാണ്. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ഇത്രയധികം അങ്ങ് അധിക്ഷേപിക്കുവാൻ മാത്രം അത്ര മോശപ്പെട്ട പാർട്ടിയൊന്നുമല്ല ഇന്ത്യയിലെ സി.പി..(എം). ഉള്ളതിൽ ഏറ്റവും ഭേദപ്പെട്ട ഒരു പാർട്ടി തന്നെയാണ്. പാർട്ടിക്കെതിരെയും അതിന്റെ നേതാക്കന്മാർക്കെതിരെയും ദുരുദ്ദേശത്തോടും ദുരുപതിഷ്ടമായും നടക്കുന്ന പ്രചരണങ്ങളെ കണ്ടില്ലെന്നു നടിക്കാനോ അവഗണിയ്ക്കാനോ പാർട്ടിയെ സ്നേഹിക്കുന്നവർക്കു കഴിയില്ല. സ്.പി..എമ്മിനേക്കാൾ നല്ലൊരു രാഷ്ട്രീയ പാർട്ടിയെ ഇന്ത്യയിൽ ചൂണ്ടി കാണിച്ചിട്ട് വേണം അതിരുവിടുന്ന പരിഹാസങ്ങൾ ഒക്കെ സി.പി (എം) നെതിരെ ചൊരിയാൻ!

Wednesday, November 17, 2010

എസ.എം സാദിക്കിന്റെ ബ്ലോഗില്‍ ഇട്ട കമന്റ്

എസ.എം സാദിക്കിന്റെ ബ്ലോഗില്‍ ഇട്ട കമന്റ്
ക്ലിക്ക് ഹിയര്‍
ബന്ധപ്പെട്ട പോസ്റ്റ്‌ ഇതാണ്


ഇട്ട കമന്റ്

"ഞങ്ങൾ മക്കയിലെ വിശുദ്ധ ദേവാലയമായ കഅ`ബയുടെ നേരെ തിരിഞ്ഞ്നിൽക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മുസ്ലിമിന്റെ മുഖവും പ്രാർഥനാവേളകളിൽ ദേവാലയത്തിന് നേരെ തിരിഞ്ഞിരിക്കും. ഞങ്ങളെല്ലാം ഒരു ശരീരം പോലെയാണെന്നും ഞങ്ങളുടെയെല്ലാം ആലോചനകളുടെ മധ്യബിന്ദു ഒരേയൊരു ദൈവമാണെന്നും അർഥം."

നല്ല അറിവു പകരുന്ന ലേഖനം. ഞാൻ മതാശയങ്ങളെ ഇഷ്ടപ്പെടുകയും വിശ്വസികളെ ഏറെ ബഹുമാനിക്കുകയും യഥാർത്ഥ ദൈവവിശ്വാസികളുടെ നന്മകളെയും നൈർമ്മല്യത്തെയും ഇഷ്ടപ്പെടുകയും അവരോടൊക്കെയും സഹകരിക്കുകയും എന്നാൽ സ്വന്തമായി പ്രാർത്ഥനകളെയും ആചാരങ്ങളെയും പിൻപറ്റാതെയും ഇരിക്കുന്നു. ക്രിസ്ത്യാനികൾ യഥർത്ഥ ക്രിസ്ത്യാനികളായും മുസ്ലിങ്ങൾ യഥാർത്ഥ മുസ്ലിങ്ങളും ഹിന്ദുക്കൾ യഥർത്ഥ ഹിന്ദിക്കളും ഒന്നിലും വിശ്വസിക്കത്തവർ യഥാർത്ഥ മാനകിതതാ വാദികളയും ജീവിച്ചാൽ ശാന്തിയും സമാധാനവുമല്ലാതെ ലോകത്ത് ഒന്നുമുണ്ടാലില്ല. വിശ്വാസങ്ങളിൽ എത്ര മായം ചേർക്കപ്പെട്ടിരിക്കുന്നുവോ അത്രത്തോളമുള്ള പ്രശ്നങ്ങളാണ് ഇന്നും ലോകം നേരിടുന്നത്!

Saturday, November 13, 2010

ശ്രീനാഥന്റെ ബ്ലോഗിലെഴുതിയ കമന്റ്

ശ്രീനാഥന്റെ സർഗ്ഗസാങ്കേതികം എന്ന ബ്ലോഗിലെ കവിത അറിയാതെ പോകുന്ന കാമ്പസ് എന്ന പോസ്റ്റിനോടുള്ള പ്രതികരണം എന്ന നിലയിൽ എഴുതിയത് !

അല്പംചില കവിതക്കാര്യങ്ങൾ

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേയുമായി മധുസൂദനൻ നായർ രംഗപ്രവേശം ചെയ്ത ശേഷം ഒരുപാട് അനുകരണങ്ങൾ ഉണ്ടായി. ഒരുപക്ഷെ മധുസൂദനൻ നായർ അത് തുടങ്ങി വച്ചില്ലായിരുന്നെങ്കിൽ ചിലർ കവികൾ തന്നെ ആകുമായിരുന്നില്ല. കവിതയും സംഗീതവും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് കവിത ചൊല്ലിക്കേൾക്കുന്നത് ആസ്വാദ്യകരമായ ഒരനുഭൂതി തന്നെയാണ്. ചൊല്ല്ലൽ സാദ്ധ്യതയെ മുൻ നിർത്തി കവിത എഴുതുമ്പോൾ കവിതയ്ക്കുണ്ടാകേണ്ട മറ്റുഗുണങ്ങൾ ഇല്ലാതെ പോകും. അത് സ്വാഭാവികമാണ്. സംഗീതസംവിധായകന്റെ ഈണത്തിനൊപ്പിച്ച് സിനിമാ പാട്ടെഴുതും പോലെയാണ് അത്. എങ്കിലും കവിതയ്ക്ക് പുതിയൊരാസ്വാദക വിഭാഗത്തെ ഉണ്ടാക്കിയെടുക്കുവാൻ സി.ഡി കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്. മത്രവുമല്ല കവിതയ്ക്കും ഒരു വിപണിസാദ്ധ്യത കൈവന്നത് ഒരു കണക്കിന് ഗുണംതന്നെ.

സിനിമാപാട്ടും ആൽബം ഗാനങ്ങളും മാത്രമല്ല ചൊൽകവിതകൾക്കും ഇന്ന് ആസ്വാദകരുണ്ട് എന്നത് ആശ്വാസകരമാണ്. ബുദ്ധിജീവികളിൽ മാത്രം (അങ്ങനെ ധരിച്ചും ധരിപ്പിച്ചും നടക്കുന്നവർ) ഒതുങ്ങി നിന്നിരുന്ന കവിത ജനകീയവൽക്കരിക്കപ്പെട്ടതിൽ കാസറ്റ് കവികൾക്കും കവിതകൾക്കും ഒരു വലിയ പങ്കുണ്ട്. പക്ഷെ പിന്നീട് കാസറ്റ് കവികൾക്ക് കവിത വെറുമൊരു കച്ചവട വസ്തുവായും ആസ്വാദകർക്ക് അത് വെറുമൊരു ഉപഭോഗ വസ്തുവായും മാറി. കാസറ്റ് കമ്പനികൾക്ക് വേണ്ടി കൂലിക്കെഴുതുന്നവരും ചൊല്ലുന്നവരുമായി പല കവികളും മാറി. അങ്ങനെ സിനിമയിലെന്ന പോലെ കൊമേഴ്സ്യൽ- കവികളുംആർട്ട്കവികളും ഉണ്ടായിവന്നു. ചുരുക്കത്തിൽ ഒരു കവിയായി അംഗീകരിക്കപ്പെടണമെങ്കിൽ , കവിയരങ്ങുകൾക്കും മറ്റും ക്ഷണിക്കപ്പെടണമെങ്കിൽ സ്വന്തമായിട്ടെങ്കിലും ഒരു സി. ഡി. ഇറക്കണമെന്ന നിലയിലായി കര്യങ്ങൾ!

കാമ്പസുകളുടെ കാര്യം പറയുകയാണെങ്കിൽ കാസറ്റ് കവികൾ അടക്കം പല കവികളെയും വളർത്തി വലുതാക്കിയത് കാമ്പസുകൾ ആണ്. പക്ഷെ ഇന്ന് കാസറ്റ്കവികൾപോലും കാമ്പസുകളിലേയ്ക്ക് പോകുന്നില്ല. കാരണം കുട്ടികൾ വിളിക്കുന്നില്ല. ചൊല്ലുന്ന ഓരോ വരിഉകൾക്കും ഇത്ര രൂപാ എന്ന് ചൊൽകവി വിലപേശിയാൽ ആരു വിളിക്കും മഹാകവികളെ ? (പണ്ട് ടെലഗ്രാമിന് വാക്കൊന്നിന് ഇത്ര പൈസ എന്നു പറയുന്നതുപോലെയണ് ഇന്ന് പല കവികളും സാംസ്കാരിക സമ്മേളനങ്ങൾക്കു വിളിക്കുമ്പോൾ വില പറയുന്നത് ). എന്തൊക്കെയായാലും കവികതകൾക്ക് നല്ലൊരാരാസ്വാദക സമൂഹം ഉണ്ടായി വന്നിരിക്കുന്നു എന്നത് നല്ലതുതന്നെ. കലയുടെ എല്ലാ മേഖലകളും നല്ല സമ്പത്തുണ്ടാക്കാൻ ഉതകുന്ന രീതിയിലേയ്ക്ക് കാലം പുരോഗമിച്ചിരിക്കെ കവിത എഴുതുന്നവർക്കു മാത്രം കവിത എഴുത്തോ ചൊല്ലലോ വഴി പണമുണ്ടായിക്കൂടെന്ന് പറയുന്നതും ശരിയല്ല. സിനിമയോ മറ്റോ പോലെ അല്ലല്ലോ. കവിയരങ്ങുകളും സാംസ്കാരിക സമ്മേളനങ്ങളും ഒക്കെ വയ്ക്കുന്നവർ സമ്പന്നരായിരിക്കില്ലല്ലോ. പ്രയാ‍സപ്പെട്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

"പുതിയ കവികൾ കാമ്പസുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ വിമുഖരാണ്. കടമ്മനിട്ടയായാലും ബാലചന്ദ്രനായാലും ഒക്കെ ക്യാമ്പസിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു." എന്ന് ശ്രീനാഥ് തന്റ് ബ്ലോഗിൽ എഴുതിയിരിക്കുന്നു. ഇത് പറയുമ്പോൾ നാം ഓർക്കേണ്ടത്, ഇന്ന് കാമ്പസുകൾക്കാവശ്യം കവികളെയും കഥാകൃത്തുക്കളെയും ഒന്നുമല്ല വല്ല സീരിയൽ നടന്മാരെയോ മിമിക്രിക്കാരെയോ ഒക്കെയാണ്. സർഗ്ഗാത്മക കലാലയം എന്നൊന്ന് ഇന്നുണ്ടോ? പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നിടത്തേക്ക് മാത്രം വിദ്യാഭ്യാസം ചുരുങ്ങിക്കൊണ്ടിരിക്കുന്നതാണ് കാലം. ചിലർക്കാകട്ടെ വിദ്യാഭ്യാസം ഒരു അലങ്കാരമായി മാറിയിരിക്കുന്നു. അങ്ങനെയുള്ളിടത്ത് എന്ത് സർഗ്ഗാത്മക കലാലയം. ഇന്ന് കലാലയത്തിനു പുറത്ത് ഒരു വായനശാല കണ്ടിട്ടുള്ള എത്ര വിദ്യാർത്ഥികൾ കാണും, നമ്മുട കാമ്പസുകളിൽ ?

മറ്റൊന്ന്, ആനുകാലികങ്ങളിൽ വരുന്ന കവിതകൾ ഇന്ന് ആരാലും വായിക്കപ്പെടുന്നതേയില്ല. വളരെ കുറച്ചാളുകൾ മാത്രമാണ് ആനുകാലികങ്ങൾ വാങ്ങുന്നതുതന്നെ. അതാകട്ടെ മിക്കവരും അലങ്കാരത്തിന് വാങ്ങുന്നവരാണ്. മറ്റൊന്ന് ഇന്നും ചിലവിശിഷ്ടപദവിയുള്ള ആനുകാലികങ്ങളിൽ ആരുടെയെങ്കിലും സൃഷ്ടി -കവിതയായാലും മറ്റെന്തായാലും പ്രസിദ്ധീകരിക്കപ്പെട്ടാൽ മാത്രമേ അവർ സാഹിത്യകാരന്മാരായി തന്നെ അംഗീകരിക്കപ്പെടുന്നുള്ളൂ. സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട് അങ്ങനെയാണ്. പുസ്തകമാണെങ്കിലും വൻകിട പ്രസാധകർ ഇറക്കിയാൽ മാത്രമേ എഴുത്തുകാരന് സാമൂഹികാംഗീകാരം ലഭിക്കുന്നുള്ളൂ. സത്യത്തിൽ ഉന്നതനിലവാരത്തിലുള്ളതെന്നു പരക്കെ കരുതപ്പെടുന്ന വൻ കിട പ്രസിദ്ധീകരണങ്ങളിൽ വരുന്നതിനേക്കാൾ മികച്ച കൃതികൾ ചെറു പ്രസിദ്ധീകരണങ്ങളിൽ വരുന്നുണ്ട്. പുസ്തകങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വലിയ എഴുത്തുകാർ എഴുതുന്നവയേക്കാൾ മികച്ച കൃതികൾ പല എഴുത്തുകാരും സ്വന്തം നിലയിലും ചെറുകിട പ്രസാധകർ മുഖാന്തരവും പ്രസിദ്ധീകരിക്കുന്നുണ്ട്.

അതുപോലെ ബ്ലോഗുകളിൽ എല്ലാത്തരം രചനകളും വരുന്നുണ്ട്. ബ്ലോഗുകളിൽ വരുന്ന കവിതകൾ പലതും ഉയർന്ന നിലവാരത്തിലുള്ളവയാണ്. അവനവൻ പ്രസാധനം ആയതുകൊണ്ട് തീരെ നിലവാരം ഇല്ലാത്തവയും ബ്ലോഗുകളിൽ വരാം. പക്ഷെ എന്നുവച്ച് മികച്ചവയെ അവഗണിക്കുന്നത് ശരിയല്ല. കവിതാസ്വാ‍ദകരെ സംബന്ധിച്ച് കവിതകൾ മേയാൻ ഇന്ന് ഏറ്റവും പറ്റിയ ഒരു മേച്ചിൽ പുറമായി മാറിയിട്ടുണ്ട് ബ്ലോഗുകൾ. പക്ഷെ വായനയും എഴുത്തും ആഗ്രഹിക്കുന്ന നല്ലൊരു പങ്ക് ആളുകൾക്കും കമ്പെട്ടിയുടെയും തമ്മിൽവലയുടെയും ഉപയോഗം അറിയില്ലാ എന്ന കുറവ് ഇനിയും പരിഹരിക്കേണ്ടി ഇരിക്കുന്നു. കമ്പെട്ടിയുടെയും വലയുടെയും മേഖലയിൽ വ്യാപരിക്കാൻ അറിയാത്തത് സാഹിത്യ കുതുകികൾക്ക് വലിയ നഷ്ടമാണ്. ആരൊക്കെ അവഗണിച്ചാലും ബ്ലോഗുകൾ എഴുത്തിന്റെയും വായനയുടെയും മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാധ്യമമായി വളർന്നുകഴിഞ്ഞിരിക്കുന്നു; ഇപ്പോഴും വളർന്നുകൊണ്ടേയിരിക്കുകയും ചെയ്യൂന്നു. ബ്ലോഗുകൾ വഴി ഓരോ പൌരനും ജേർണലിസ്റ്റുകളും സാഹിത്യകാരൻമരും ആ‍ായിത്തീരുന്ന നിലയിലേയ്ക്ക് കാലം പുരോഗമിക്കുന്നു. ഇന്റെർനെറ്റ് സാക്ഷരത വർദ്ധിക്കുന്നതിനനുസരിച്ച് ബ്ലോഗുകളുടെയും മറ്റും എണ്ണം കൂടിക്കൊണ്ടിരിക്കും.


ഇനിയും കവിതകളെയെ പറ്റി കൂടുതൽ പറയുകയാണെങ്കിൽ നല്ല കവിതകൾ എക്കാലത്തും ഉണ്ടാകാറുണ്ട്. ഇപ്പോഴും നല്ല കവിതകൾ എഴുതപ്പെടുന്നുമുണ്ട്. ഒരു സാമൂഹ്യ സാഹചര്യം നിശ്ചയമായും ആവശ്യപ്പെടുകയും അങ്ങനെ കവിത ഉണ്ടാകുകയും അത് സാമൂഹ്യപരിവർത്തനത്തിന് കാരണമായി തീരുകയും ചെയ്യുമ്പോൾ മാത്രമാണ് കവിതയെന്നല്ല ഏതൊരു സാഹിത്യ സൃഷ്ടിയും ഒരു മഹാസംഭവവും ചരിത്രവും ഒക്കെ ആയി മാറുന്നത്. ആശാന്റെയും വള്ളത്തോളിന്റെയും മറ്റും കൃതികളുടെ ചരിത്രപ്രാധാന്യം കൊണ്ട് നമുക്ക് ഇതിനെ ഉദാഹരിക്കാം. ടാഗോറിന്റെ കൃതികൾ ദേശീയ സമരത്തെ ഉത്തേജിപ്പിച്ചുവെന്നതുപോലെ വേറെയും ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ എല്ലായ്പോഴും ഒരു സാഹിത്യ സൃഷ്ടി ഉണ്ടാകുമ്പോൾ അത് ഒരു ആവിഷ്കാരം എന്നതിനപ്പുറം സാമൂഹ്യ പ്രാധാന്യം നേടിക്കൊള്ളണം എന്നില്ല. അതുകൊണ്ട് കൃതികൾക്ക് മൂല്യമില്ലെന്നു വരുന്നില്ല. കലയും സാഹിത്യവും ഒക്കെ സമൂഹത്തെ സദാ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തുടർപ്രക്രിയയാണ്. കാലാകലങ്ങളിൽ നിലവാരമുള്ളതും ഇല്ലാത്തതുമായ രചനകൾ ഉണ്ടായിക്കൊണ്ടിരിക്കും. കവിതയും ഇതിൽ നിന്നു വ്യത്യസ്ഥമല്ല.

കവിതയ്ക്ക് വായനക്കാർ കുറയുന്നെങ്കിൽ അത് കവിതയിലെ യാഥാസ്ഥിതിക സ്വഭാവം മുറുകെ പിടിക്കുന്നതിനാലും, സങ്കീർണ്ണമായ വാക്യ ഘടനയും ബിംബങ്ങളും മറ്റും കോണ്ട് കവിതയെ ദുർഗ്രാഹ്യമാക്കി, ഭാഷാപരമായ പരിമിതികൾ ഉൾക്കൊള്ളുന്ന സാധാരണ വായനക്കാരെ പരീക്ഷിക്കുന്നതുകൊണ്ടുമാണ്. ദുർഗ്രാഹ്യമായി എഴുതുന്നതെന്തോ അതാണ് ചിലർക്ക് കവിത. ഇത് ഒരു തരം ബുദ്ധിജീവി ജാഡയാണ്. ആർക്കും മനസിലാകാത്ത വിധം കുറെ പദങ്ങൾ തോന്നുമ്പോലെ കടലാസിലോ ബ്ലോഗിലോ മറ്റോ പറക്കി ഒട്ടിച്ചുവച്ചാൽ അതാണ് കവിതയെന്ന അവകാശവാദം അംഗീകരിക്കുന്നിടത്ത് കവിത മരിച്ചു വീഴുന്നു. ഭാഷയിൽ ഡോക്ടറേറ്റെടുത്തവർക്ക് മാത്രം മൊത്തിക്കുടിക്കാനുള്ളതല്ല കവിത. അത് സാധാരണക്കാരന് അപ്രാപ്യമാക്കുന്നിടത്ത് സാഹിത്യം ലക്ഷ്യം തെറ്റുകയാണു ചെയ്യുന്നത്. കവിക്ക് തോന്നുന്നത് എഴുതുക; വായിക്കുന്നവന് തോന്നുന്ന അർത്ഥത്തിൽ വ്യാ‍ഖ്യാനിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നിടത്ത് കവിയും വായനക്കാരനും ഒരു പോലെ പരാജിതനാകുകയാണ് ചെയ്യുന്നത്.

എഴുത്തുകാരന്റെ നിലവാരത്തിലേയ്ക്ക് ഓരോ വായനക്കാ‍രനെയും വളർത്തിയെടുത്ത ശേഷം കൃതി വായിപ്പിക്കുക എന്നത് പ്രായോഗികമല്ല. ആനിലയിൽ കവിതയായാലും മറ്റു സാഹിത്യസൃഷ്ടികളായാലും വായനക്കാർ എന്ന സമൂഹത്തിലെ ഭൂരിപക്ഷ താല്പര്യത്തെ മാനിക്കാനുള്ള ജനാധിപത്യബോധം എഴുത്തുകാരിൽ ഉണ്ടാകണം. വായനാസമൂഹത്തിലെ ഭൂരിപക്ഷം എന്നു പറയുന്നത് ശരാശരി നിലവാരത്തിലും അതിനു താഴെയും ഉള്ളവരാണ്. അവർക്ക് മനസിലാകുന്നില്ലെങ്കിൽ, പ്രയോജനപ്പെടുന്നില്ലെങ്കിൽ പിന്നെ സാഹിത്യസൃഷ്ടിയുടെ ലക്ഷ്യം എന്താണ്? ഉയർന്ന ഭാഷാജ്ഞാനമുള്ള എഴുത്തുകാരുടെയും അങ്ങനെ തന്നെയുള്ള വായനക്കാരുടെയും ബുദ്ധിപരമായ വ്യായാമത്തിനുള്ളതാണ് സാഹിത്യരചനയെന്ന് കരുതുന്നവർക്ക് കവിതയെയും അങ്ങനെതന്നെ സമീപിക്കാം. അത് ഭാഷയുടെ നിലനില്പിനും വളർച്ച്യ്ക്കും സഹായകമായേക്കാം. പക്ഷെ സാഹിത്യകർമ്മം ഭാഷാപരമായ ധർമ്മങ്ങൾ മാത്രം ഉൾക്കൊള്ളുന്നതല്ലല്ലോ. എന്തായാലും കവിതയടക്കം ഓരോരുത്തരുടെയും സാഹിത്യ സങ്കല്പങ്ങൾ എന്തുതന്നെയയാലും നമുക്ക് നല്ല രചനകൾ ഉണ്ടാകട്ടെ!

Tuesday, November 9, 2010

ജാസ്മിക്കുട്ടിയുടെ മുല്ലമൊട്ടുകൾ എന്ന ബ്ലോഗിൽ ഇട്ട കമന്റ്

ജാസ്മിക്കുട്ടിയുടെ മുല്ലമൊട്ടുകൾ എന്ന ബ്ലോഗിൽ ഇട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റ് വയിക്കാൻ ഈ ലിങ്ക് വഴി പോവുക

ചിലത് അങ്ങനെയാണ്. മരുഭൂമിയിലെ മരുപ്പച്ച പോലെ!നമ്മൾ ആഗ്രഹിക്കിഉന്നിടത്തോ പ്രതീക്ഷിക്കിനിടത്തോ അവ കാണണമെന്നില്ല. തീരെ പ്രതീക്ഷിക്കാത്തിടത്ത് കാണുകയും ചെയ്യും. മായിക രാവിൽ മാനസ വൃന്താവനം ഉണരുമ്പോൾ മാമല നാട്ടിനെകുറിച്ച് ഓർക്കാതിരിക്കുന്നതെങ്ങനെ? മാദകഗന്ധം പടരാതിരിക്കുന്നതെങ്ങനെ? വേരുകൾ അവിടെയായിരിക്കുമ്പോൾ!പക്ഷെ നീലാകാശം വിരിയിച്ച നീലിമ അവിടെ കാണാതെ പോകുമ്പോഴാണല്ലോ, നിറങ്ങൾ ചാലിച്ച സായം സന്ധ്യതൻ അരുണാഭ കാണാതെ പോകുമ്പോഴാണല്ലോ നാം പുതിയ ആകാശങ്ങൾക്ക് കീഴിലേയ്ക്ക് പറിച്ചു നടപ്പെടുന്നത്. അതൊരു പക്ഷെ മരുഭൂമിയിലെയ്ക്കുമാകാം. അവിടെ മരുപ്പച്ചകളുണ്ടാകാം. പക്ഷെ മനസിലാകാത്തത് അതല്ല, അവിടെയും കവയിത്രി മരീചികകൾ തീർത്ത മരുപ്പച്ചയും അതിലെ നിഴലാട്ടങ്ങളും മാത്രം കാണേണ്ടി വരുന്നതെന്തുകൊണ്ടാണ്? ശരിക്കും അങ്ങനെ തന്നെയോ.....?

ഹംസ ആലുങ്ങലിന്റെ ബ്ലോഗ്പോസ്റ്റിൽ ഇട്ട കമന്റ്

ഹംസ ആലുങ്ങലിന്റെ ബ്ലോഗ്പോസ്റ്റിൽ ഇട്ട കമന്റ്

പോസ്റ്റിന്റെ ഒന്നാം ഭാഗം ഈ ലിങ്കുവഴിചെന്നാൽ ബൂലോകം ഓൺലൈനിൽ വായിക്കാം

ബ്ലോഗിൽ ഇട്ടതുകൊണ്ട് കമന്റെഴുതാൻ കഴിയുന്നു. നന്ദി! റിപ്പോർട്ട് ഞെട്ടിക്കുന്നതുതന്നെ. പക്ഷെ ഇതൊക്കെ എത്രയോ കാലങ്ങളായി നാട്ടിൽ അങ്ങോളം ഇങ്ങോളം നടക്കുന്നു. സാമൂഹ്യമായി അംഗീകരിക്കപ്പെട്ടത്പോലെയാണ് ഇതൊക്കെ നടക്കുന്നത്. കാരണം നമ്മുടെ നിയമപാലകരൊക്കെ സ്വയം തീർക്കുന്ന പരിമിതികൾക്കുള്ളിലാണ്. നിയമങ്ങൾക്കുമുണ്ട് പരിമിതികൾ. മുതലാളിത്ത സമൂഹത്തിൽ ഇത്തരം ജീർണ്ണതകൾ സംഭവിച്ചുകൊണ്ടേയിരിക്കും. ഇവിടെ പ്രശ്നം പൂച്ചയ്ക്കാര് മണികെട്ടും എന്നതുതന്നെ! ഭരണാർത്ത് വർഗ്ഗങ്ങൾ ഇതൊന്നും ശ്രദ്ധിക്കുകയുമില്ല. മുതലാളിത്തത്തിന്റെ ജീർണ്ണതകൾ ബാ‍ധിച്ച അവർ അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങളിലാണ് കൂടുതൽ തല്പരർ. മനുഷ്യസ്നേഹികൾ ഇതുപോലെ റിപ്പോർട്ടുകാൾ എഴുതും. പ്രതികരിക്കും. നമ്മൾ കമന്റെഴുതും. സാധാരണമനുഷ്യർക്ക് എന്താണ് ചെയ്യാൻ കഴിയുക! താങ്കൾ തൊഴിലിന്റെ ഇതു ചെയ്യുന്നു. നല്ല കാര്യം. മറ്റു മേഖലകളിൽ ഉള്ളവർ ഇതിലൊന്നും ശ്രദ്ധാലുക്കളും അല്ല. ഇവിടെ ഇതും ഇതിലപ്പുറവും നടക്കും. ആരുണ്ടിവിടെ ചോദിക്കാൻ?

രണ്ടാം ഭാഗത്തിന് ഇട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റ് ഈലിങ്കുവഴി ചെന്ന് ബൂലോകം ഓൺലൈനിൽ വായിക്കാം

നാണംകെട്ടും പണം നേടിയാൽ നാണക്കേടാ പണം മാറ്റിക്കൊള്ളും എന്നല്ലേ ചൊല്പ്രമാണം. നമ്മുടെ നാട്ടിൽ മാത്രമല്ല, കേരളത്തിനു പുറത്തും വിദേശത്തും ഒക്കെ അരുതാത്ത തൊഴിഉലുകൾ ചെയ്ത് സമ്പാദ്യങ്ങളുമായി നാട്ടിൽ വരുമ്പോൾ അവർ എങ്ങനെയും പണമുണ്ടാക്കാൻ മിടുക്കുള്ളവർ എന്ന നിലയിൽ മാനിക്കപ്പേടുന്നു. നാട്ടിൽ ചില്ലറ കൂലിപ്പണിയും ചെയ്ത് തട്ടിമുട്ടി ജീവിക്കുന്നവരോട് സമൂഹത്തിനു പുച്ഛമാണ്. കാരണം അവർക്ക് വലിയ സമ്പാദ്യങ്ങളില്ല. സമൂഹത്തിന്റെ ഇത്തരം മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകാത്തിടത്തോളം പണമുണ്ടാക്കാൻ എന്ത് മോശപ്പെട്ട പണിയും ചെയ്യാൻ ഒരു വിഭാഗം ആളുകൾ തയ്യാറാകും. ഗൾഫിൽ പോയി ചാരായം വാറ്റി പണമുണ്ടക്കിക്കൊണ്ടുവരുന്നവൻ ഇവിടെ മാന്യൻ. ഇവിടെ വയറ്റിപ്പിഴപ്പിനുവേണ്ടി ചാരായ ഷാപ്പിൽ ഒഴിച്ചു കൊടുക്കാൻ നിൽക്കുന്ന തൊഴിലാളിയ്ക്ക് ഒരു മാന്യതയും ഇല്ല താനും. നമുടെ സമൂഹത്തെ ഇന്നും അടക്കിവാഴുന്നത് ധനദുർദ്ദേവത!